'ആ ഇരട്ടക്കൊലപാതക കേസ് ആയിരുന്നു ഏറ്റവും കഠിനം'- ഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്ടീവ് പറയുന്നു

By Web TeamFirst Published Oct 31, 2018, 3:20 PM IST
Highlights

പല കേസുകളും എന്നെ ഏല്‍പ്പിച്ചു. ഞാന്‍, മാധ്യമസ്ഥാപനങ്ങളെല്ലാം കയറിയിറങ്ങിത്തുടങ്ങി. ഞാനങ്ങനെ രാജ്യത്തെ ആദ്യത്തെ പ്രൈവറ്റ് ഡിറ്റക്ടീവായി. വീട്ടുകാര്‍ ആദ്യം ഇതൊന്നും അറിഞ്ഞിരുന്നില്ല. അച്ഛന്‍ ഒടുവില്‍ അറിഞ്ഞപ്പോള്‍, ഈ പ്രൊഫഷന്‍ എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയിരുന്നു. 

മുംബൈ: ഞാന്‍ ആദ്യത്തെ കേസ് പരിഹരിക്കുന്നത് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ്. പറയുന്നത്, ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് കുറ്റാന്വേഷക രജനി പണ്ഡിറ്റ്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് രജനിയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ കുറ്റാന്വേഷണത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ ഈ രംഗത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും, താന്‍ എങ്ങനെയാണ് ഒരു ഡിറ്റക്ടീവ് ആയിത്തീര്‍ന്നത് എന്നതിനെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. 

താന്‍ അന്വേഷണം നടത്തിയ ഒരു ഇരട്ടക്കൊലപാതക കേസിനെ കുറിച്ചും രജനി പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ആദ്യത്തെ കേസ് പരിഹരിക്കുന്ന സമയത്ത് ഞാന്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയാണ്. ഒരു ഓഫീസ് ക്ലര്‍ക്കായി ഞാനാ സമയത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവരുടെ വീട്ടില്‍ ഒരു കള്ളന്‍ കയറിയതിനെ കുറിച്ച് പറഞ്ഞു. പുതിയ മരുമകളെ ആയിരുന്നു അവര്‍ക്ക് സംശയം. പക്ഷെ, തെളിവുകളൊന്നും ഇല്ലായിരുന്നു. ഞാനവരോട് അതിനെക്കുറിച്ച് അന്വേഷിക്കാമെന്നു പറഞ്ഞു. 

എനിക്കെല്ലാ കാര്യത്തിലും ആകാംക്ഷയുണ്ടായിരുന്നു. അച്ഛന്‍ ഒരു സിഐഡി ആയിരുന്നുവെന്നതിനാല്‍ തന്നെ കുറ്റാന്വേഷണം എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ ആ സ്ട്രീറ്റിലെല്ലാം പരിശോധിച്ചു. ശരിക്കും അവരുടെ മകനായിരുന്നു മോഷ്ടിച്ചത്. ഞാനത് കണ്ടെത്തി. അവനെ ചോദ്യം ചെയ്തപ്പോള്‍ അവന്‍ കുറ്റം സമ്മതിച്ചു. അങ്ങനെയാണ് ഞാനെന്‍റെ കരീര്‍ തുടങ്ങുന്നത്. ഇരുപത്തിരണ്ടാമത്തെ വയസില്‍. 

പല കേസുകളും എന്നെ ഏല്‍പ്പിച്ചു. ഞാന്‍, മാധ്യമസ്ഥാപനങ്ങളെല്ലാം കയറിയിറങ്ങിത്തുടങ്ങി. ഞാനങ്ങനെ രാജ്യത്തെ ആദ്യത്തെ പ്രൈവറ്റ് ഡിറ്റക്ടീവായി. വീട്ടുകാര്‍ ആദ്യം ഇതൊന്നും അറിഞ്ഞിരുന്നില്ല. അച്ഛന്‍ ഒടുവില്‍ അറിഞ്ഞപ്പോള്‍, ഈ പ്രൊഫഷന്‍ എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയിരുന്നു. പക്ഷെ, ഞാന്‍ പിന്മാറിയില്ല. ഞാന്‍ വിവാഹം ചെയ്തതുപോലും എന്‍റെ ജോലിയെ ആയിരുന്നു. ഞാനെന്‍റെ ജോലിയുമായി മുന്നോട്ട് പോയി. 

എന്‍റെ ഏറ്റവും കഠിനമായ അന്വേഷണം ഒരു ഇരട്ടക്കൊലപാതകക്കേസായിരുന്നു. അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. ആര് ചെയ്തുവെന്നതിന് യാതൊരു തെളിവും അവശേഷിച്ചിരുന്നില്ല. . ആറ് മാസം കഴിഞ്ഞു. ഞാന്‍ അവിടെയുള്ള സ്ത്രീയെ സംശയിച്ചു. അവരുടെ കൂടെ വേലക്കാരിയായി നിന്നു. അവര്‍ക്ക് അസുഖം വന്നപ്പോഴൊക്കെ ഞാന്‍ അവരെ നന്നായി നോക്കി. അവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്തു. പക്ഷെ, ഒരിക്കല്‍ എന്‍റെ റെക്കോര്‍ഡറിലെ ക്ലിക്ക് ശബ്ദം അവര്‍ കേട്ടു. അതോടെ എന്നെ സംശയിച്ചു തുടങ്ങി. അവരെന്നെ പുറത്ത് വിടാതായി. ഒരിക്കല്‍ അവരെ കാണാന്‍ വാടക കൊലയാളിയെത്തി. ഞാനൊരു കത്തി കൊണ്ട് എന്‍റെ കാല്‍ മുറിച്ചു. എനിക്ക് ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞു പുറത്തിറങ്ങി. ഒരു എസ്.ടി.ഡി ബൂത്തില്‍ പോയി. എന്നെ അന്വേഷണം ഏല്‍പിച്ചവരെ വിളിച്ചു. പൊലീസിനേയും കൂട്ടിയെത്താന്‍ പറഞ്ഞു. അന്നുതന്നെ ആ സ്ത്രീയും വാടകക്കൊലയാളിയും അറസ്റ്റ് ചെയ്യപ്പെട്ടു. 

എണ്‍പതിനായിരത്തോളം കേസുകള്‍ ഞാനിതുവരെ പരിഹരിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങളെഴുതി. അവാര്‍ഡുകള്‍ കിട്ടി. ഒപ്പം തന്നെ ഭീഷണികളും. പക്ഷെ, ഞാന്‍ എന്‍റെ ജോലി നന്നായി ചെയ്യുന്നു.

ഒറ്റദിവസം കൊണ്ടുതന്നെ ആയിരത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കമന്‍റുകളുമുണ്ട്. ലേഡി ഷെര്‍ലക്ക് ഹോംസ് എന്നാണ് രജനിയെ അഭിസംബോധന ചെയ്യുന്നത്. 

click me!