വീഡിയോ: രക്ഷിതാക്കളേ, കണ്ടുപഠിക്കണം ഈ കുഞ്ഞുങ്ങളെ

By Web DeskFirst Published Jul 17, 2018, 5:57 PM IST
Highlights
  • അങ്ങനെ അധ്യാപകരേയും രക്ഷിതാക്കളേയും ഞെട്ടിച്ചുകൊണ്ട് ഇവര്‍ കൈപിടിച്ച് ഓടി. ഒരുമിച്ച് ഫിനിഷിങ്ങ് പോയിന്‍റിലെത്തി. കൂടിനിന്നവരാരും അത് പ്രതീക്ഷിച്ചിരുന്നില്ല. 

തോറ്റുപോയതിന്‍റെ പേരില്‍ കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. 'നീ തന്നെ മുന്നിലെത്തണം' എന്ന് ഓരോ രക്ഷിതാവും സ്വന്തം കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ ഈ കുഞ്ഞുങ്ങളെ കണ്ട് പഠിക്കണം. 

ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ് ഈ കുഞ്ഞുങ്ങളുടെ വീഡിയോ. യു.കെയിലെ ഒരു സ്കൂളിലാണ് സംഭവം. നാല് ആണ്‍കുട്ടികള്‍. പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. വെറും നാല് വയസാണ് പ്രായം. അവിടെയൊരു ഓട്ടമത്സരം വച്ചു. നാല് പേരും പങ്കെടുത്തു. ജയിച്ചതും അവര്‍ നാല് പേരും ഒരുമിച്ച്. 

സാം ബെല്‍, ജെയിംസ് ഹഡ്സണ്‍, ഡൈലന്‍ ഗഡ്ഡാര്‍ഡ്, ബെന്‍ എന്നിവരാണ് ആ നാല് കുട്ടികള്‍. ഓരോ വര്‍ഷവും ഇവര്‍ നാലുപേരും ഓട്ടമത്സരത്തില്‍ പങ്കെടുക്കാറുണ്ട്. ബെന്‍, അല്ലെങ്കില്‍ സാം, ഇവര്‍ രണ്ടുപേരുമായിരുന്നു ഓരോ തവണയും വിജയിച്ചിരുന്നത്. ജെയിംസും ഡൈലനും പിറകിലാകാറാണ് പതിവ്. പക്ഷെ, ഈ വര്‍ഷം എല്ലാവരും ഒരുമിച്ച് ഓടണമെന്നും ഒരുമിച്ച് ജയിക്കണമെന്നും നേരത്തേ തീരുമാനിച്ചിരുന്നു ഇവര്‍.

അങ്ങനെ അധ്യാപകരേയും രക്ഷിതാക്കളേയും ഞെട്ടിച്ചുകൊണ്ട് ഇവര്‍ കൈപിടിച്ച് ഓടി. ഒരുമിച്ച് ഫിനിഷിങ്ങ് പോയിന്‍റിലെത്തി. കൂടിനിന്നവരാരും അത് പ്രതീക്ഷിച്ചിരുന്നില്ല. 

ബെന്നിന്‍റെ അമ്മ പറയുന്നു, '' ഓരോ തവണയും ബെന്‍ ജയിക്കാറുണ്ട്. അവനാണെങ്കില്‍ ജയിക്കണമെന്ന് വാശിയുള്ള കുട്ടിയുമാണ്. ഇത്തവണ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് അവനെന്നോട് പറഞ്ഞിരുന്നു. ജെയിംസും ഡൈലനും ഇതുവരെ വിജയിച്ചിട്ടില്ല. അതുകൊണ്ട് സാമും അവനും മെല്ലെ ഓടിയാലോ എന്ന് കരുതുന്നുണ്ട് എന്ന്. '' എങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും കുട്ടികളുടെ സൌഹൃദം തന്നെ വല്ലാതെ അഭിമാനം കൊള്ളിക്കുന്നുവെന്നും അവര്‍ പറയുന്നു.

സ്കൂളിലെ അധ്യാപിക ഡോന്ന പറയുന്നത്, 'കുട്ടികളുടെ പ്രവൃത്തി തങ്ങളെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ സൌഹൃദത്തിന് നല്‍കുന്ന പ്രാധാന്യമാണ് അത് കാണിക്കുന്നത്' എന്നുമാണ്. 
 

click me!