ആദ്യമായി ഞാനന്ന് ഒരു മരിച്ച ശരീരത്തില്‍ തൊട്ടു, അത്രയേറെ വിറയലോടെ

By Hospital DaysFirst Published Dec 8, 2018, 5:13 PM IST
Highlights

കുട്ടി നഴ്സുമാരുടെ സംരക്ഷണയിലാണ്. ഡിസ്ചാർജ് ചെയ്യുമ്പോഴേ നമ്മുടെ കയ്യിൽ കിട്ടുകയുള്ളൂ. വേണമെങ്കിൽ അവിടെ പോയി  അവനെ കാണാം. വാപ്പയോടൊപ്പം ഞാൻ പോയി നോക്കി‌. വേറെയും ഒരുപാടു കുഞ്ഞുങ്ങളോടൊപ്പം ദാ കിടക്കുന്നു, എന്‍റെ രണ്ടാമത്തെ അനിയൻ.

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

ഓപ്പറേഷൻ തിയേറ്ററിനു മുന്നിലിരുന്ന് ഉമ്മ കരഞ്ഞുകൊണ്ടിരുന്നു. "നാലെണ്ണം നോർമലായി പ്രസവിച്ചതു പോലെ അഞ്ചാമത്തേതും നോർമൽ ആവുമല്ലോ ഡോക്ടർ..." ഉമ്മയുടെ ന്യായങ്ങളൊന്നും ഡോക്ടർ ചെവിക്കൊണ്ടില്ല. കുഞ്ഞിന്‍റെ ഹാർട്ട്ബീറ്റിൽ കുറവുണ്ട്. 

ഒരു മണിക്കൂറിനുള്ളിൽ വേദന വന്നില്ലെങ്കിൽ, അവർ കത്രിക കൊണ്ട് മുറിക്കുന്നതു പോലെ ആംഗ്യം കാണിച്ചു. കരച്ചിലിനു ആക്കം കൂടി. നാട്ടിലേക്കു വിളിച്ച് ഉമ്മയെ ആശ്വസിപ്പിക്കാൻ മൊബൈൽ ചാർജ് ചെയ്യാൻ വേണ്ടി വാപ്പ പുറത്തു പോയ സമയത്ത് അവർ ഉമ്മയെ കൊണ്ടുപോയി. തിയേറ്ററിന്‍റെ വാതിലിനോടൊപ്പം ഉമ്മയുടെ കരച്ചിലടഞ്ഞു.  പതിമൂന്നുകാരിയായ ഞാൻ  അനിയനെ ഒക്കത്തുവെച്ച് അവിടെ പകച്ചു നിന്നു. 

ബോധമില്ലാത്ത ഉമ്മയെ വെളളപ്പുതപ്പ് കഴുത്തോളം മൂടി സ്ട്രെച്ചറിൽ തള്ളിക്കൊണ്ടുവരുമ്പോൾ ഒരു മയ്യത്തിനെപ്പോലെ ശരീരം ഇളകിയാടുന്നത് ഉൾപ്പേടിയോടെ ഞാൻ കണ്ടു നിന്നു. "കുട്ടിക്ക് ജീവനുണ്ടോ?" ബോധം തെളിഞ്ഞയുടൻ ഉമ്മ ആദ്യമായി ചോദിച്ചതിതാണ്. "പിന്നെ... സാധാരണ കുട്ടികൾ  ജീവനില്ലാതെയാണോ പിറക്കാറ്"  തമാശ കലർത്തി വാപ്പ മറുപടി കൊടുത്തു. 

വാപ്പയോടൊപ്പം ഞാൻ പോയി നോക്കി‌

കുട്ടി നഴ്സുമാരുടെ സംരക്ഷണയിലാണ്. ഡിസ്ചാർജ് ചെയ്യുമ്പോഴേ നമ്മുടെ കയ്യിൽ കിട്ടുകയുള്ളൂ. വേണമെങ്കിൽ അവിടെ പോയി  അവനെ കാണാം. വാപ്പയോടൊപ്പം ഞാൻ പോയി നോക്കി‌. വേറെയും ഒരുപാടു കുഞ്ഞുങ്ങളോടൊപ്പം ദാ കിടക്കുന്നു, എന്‍റെ രണ്ടാമത്തെ അനിയൻ.

ആദ്യത്തെ അനിയൻ 'കുഞ്ഞു' നല്ല വികൃതിയാണ്. അവനെ തണുപ്പിക്കാൻ വേണ്ടി ഹോസ്പിറ്റൽ റിസപ്ഷന്‍റെ മുന്നിൽ പോയി ആളുകളെ നോക്കിയിരിക്കലായിരുന്നു എന്‍റെ പ്രധാന ജോലി. ഹോസ്പിറ്റൽ വാസത്തിന്‍റെ രണ്ടാം ദിവസം, "നമുക്കിവനു അബ്ദുറഹ്മാൻ എന്നു പേരിടാം." ആ പേര് എനിക്കത്ര പിടിച്ചില്ല. 
"കൊറച്ചുമ്പാടെ സ്റ്റൈലുള്ള പേരിടാം വാപ്പാ... അബ്ദുറഹ്മാൻ ഒക്കെ നാട്ടിലെ വയസ്സന്മാരുടെ പേരാണ്‌."
"നിങ്ങൾക്കൊക്കെ പേരു വിളിച്ചു നടക്കാൻ ഇവൻ ഉണ്ടാകുമെന്നാണോ ഇജ്ജ് കരുതിയത്"

ഒരുതരം മുഖഭാവത്തോടെ വാപ്പ പെട്ടെന്ന് അവിടുന്നു പോയി‌‌. ഒന്നും മനസ്സിലായില്ലെനിക്ക്. മൂന്നാം നാൾ, റിസപ്ഷനടുത്തിരുന്ന് ആളുകളെ വായ്നോക്കി മടുത്ത്,   'കുഞ്ഞു'വിനെയും കൊണ്ട് ഉമ്മയുടെ അടുത്തെത്തി. ഉമ്മയുടെ മുഖം വല്ലാതെയായിരിക്കുന്നു. 
"നീ കുട്ടിയെ പോയി കണ്ടോ..?"
"ഇല്ല."
"എന്നാൽ ഒന്നു പോയി കാണ്.."

അബ്ദുറഹ്മാനെ നഴ്സുമാരിലൊരാൾ ഡ്രസിടീക്കുകയാണ്. പാമ്പേർസ് ഇട്ട്, പുതിയ കുഞ്ഞു കുപ്പായമിട്ട്, ഒരു വെള്ള ടർക്കിയിൽ പൊതിയുന്നു‌. പക്ഷേ, ഇവരെന്താണു മുഖം കൂട്ടി പൊതിയുന്നത് ? 'സിസ്റ്ററേ.. അവനു ശ്വാസം കിട്ടില്ല.'  പറയാൻ വന്നതാണ്. അപ്പോഴേക്കും ആ നഴ്സ് ഇങ്ങോട്ട് ചോദിച്ചു;
"കുഞ്ഞിനെ 'അടക്കാൻ' കൊണ്ടുപോകാൻ എപ്പോഴാണു മോളുടെ ഉപ്പ വരുന്നത്? "
അപ്പോൾ, 
"ഇവിടൊന്ന് പിടിക്കണേ.."
അവനെ ചുറ്റിപ്പൊതിയുന്നതിന്‍റെ ഇടക്ക് നഴ്സ് എന്നോടൊരു കൈ  സഹായം ചോദിക്കുകയാണ്. ജീവിതത്തിൽ ആദ്യമായാണു മരണപ്പെട്ട ഒരു ശരീരത്തിൽ, വസ്ത്രത്തിനു മേലെക്കൂടെയാണെങ്കിൽ പോലും, തൊടുന്നത്. അടിമുടി ഒരു  വിറയൽ അനുഭവപ്പെട്ടു. ഈ ചെറിയ പൊതിക്കെട്ടിനുള്ളിൽ എന്‍റെ അനിയനാണ്‌! എന്‍റെയുമ്മ പത്തു മാസം പ്രതീക്ഷയോടെ ചുമന്നു പ്രസവിച്ച എന്‍റെ കുഞ്ഞനിയൻ - അബ്ദുറഹ്മാൻ.

ഉമ്മ പിന്നെയും കരഞ്ഞുകൊണ്ടിരുന്നു. ശാരീരിക പ്രശ്നങ്ങളുള്ള അവൻ മരിച്ചു പോകുന്നതാണ് രണ്ടുലോകത്തേക്കും ഖൈർ എന്നു പറഞ്ഞ് പലരും ഉമ്മയെ വീണ്ടും വീണ്ടും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഉമ്മാക്ക് കരച്ചിലടക്കാൻ കഴിയാതിരുന്നതിന്‍റെ യഥാർത്ഥ പൊരുൾ ഞാനും ഒരു ഉമ്മയായപ്പോഴാണെനിക്ക് മനസ്സിലായത്. 

ചിലർക്ക്  കുഞ്ഞുങ്ങൾ പോലും തീവ്രവാദിയാണ്

ആവുന്ന ചികിത്സകൾ കൊടുത്തിട്ടും മരിച്ചുപോവുകയാണെങ്കിൽ, വേറെ നിവൃത്തിയില്ലെന്നും അതു വിധിയാണെന്നും ഉമ്മമാർക്ക് സമാധാനിക്കാം. മറിച്ച് ഒരുകൂട്ടം മനുഷ്യരുടെ ക്രൂരത കാരണം കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ഉമ്മമാർ എങ്ങനെ ആശ്വസിക്കും? 

ഉത്തർപ്രദേശിൽ, റോഹിങ്ക്യയിൽ, ലോകത്തിന്‍റെ നാനായിടങ്ങളിൽ മരിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങൾ കേവലം സംഖ്യകൾ മാത്രമാണു നമുക്ക്. മരണപ്പെടുന്ന/ കൊല്ലപ്പെടുന്ന ഓരോ കുഞ്ഞിനും ഇതുപോലെ ഒരുമ്മയുണ്ടാകും, ഉപ്പയും ഇത്താത്തമാരുമുണ്ടാകും. ഓരോ കുഞ്ഞിനും ഇതിലും വലിയ കഥകളുമുണ്ടായിരിക്കും.

ചിലർക്ക്  കുഞ്ഞുങ്ങൾ പോലും തീവ്രവാദിയാണ്. സ്വന്തം കക്ഷിയിൽപ്പെട്ടവരല്ലെങ്കിൽ മരണവാർത്തയവർക്ക് സന്തോഷമാണ്. കുഞ്ഞുങ്ങളുടെ കൊലപാതകങ്ങളെപ്പോലും ന്യായീകരിക്കുന്ന, മറ്റു ക്രൂരതകളോട് തുലനം ചെയ്യുന്ന ദുഷ്ടന്മാർ ഒരുമ്മയുടെ വയറ്റിൽ നിന്ന് വന്നതായിരിക്കില്ല. അത്തരക്കാരിൽ നിന്ന് കുഞ്ഞുങ്ങളുടെ തലമുറ പിറക്കാതിരിക്കട്ടെ.
 

click me!