മേലേരി തീ മാത്രം മലയോളം കത്തി നിന്നു...

By My beloved SongFirst Published Dec 8, 2018, 3:55 PM IST
Highlights

ആ വർഷത്തെ ഒറ്റക്കോലം കെട്ടിയത് നാട്ടിലെ പേരു കേട്ട തെയ്യക്കാരൻ കൃഷ്ണകുമാറിന്‍റെ മകനായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ഒറ്റക്കോലം. പതർച്ചകളില്ലാതെ തന്നെ അവൻ തെയ്യമായി മാറി. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

മൂന്നുകൊല്ലം കൂടുമ്പോഴാണ് അമ്മവീട്ടിനടുത്തുള്ള പൂമാലക്കാവിൽ കളിയാട്ടാരംഭം. ചില വർഷങ്ങളിൽ ഒറ്റക്കോലവുമുണ്ടാകും. 'തായത്തറേക്ക'(പള്ളിയറകളെ ചില സ്ഥലങ്ങളിൽ അറേക്ക എന്നും വിളിക്കും) തെയ്യം കൂടിയാൽ പിന്നെ അമ്മമ്മയ്ക്ക് വീട്ടിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല. വല്ല്യമ്മമാരും എളേമ്മമാരും അവരുടെ ഭർത്താക്കന്മാരും കുട്ടികളുമെല്ലാമായി മുറ്റം നിറയ്ക്കാനുള്ള ആളുകൾ വീട്ടിൽ തന്നെ ഉണ്ടാകും.

തെയ്യം കഴിയുന്നതു വരെ ഇരിപ്പിടം ആ മതിലാണ്     

 പാടത്തിന്‍റെ കരയിലാണ് കാവും അറയും. ചെണ്ടക്കൂറ്റ് കേൾക്കുന്നതിനു മുമ്പേ, എല്ലാവരും വീട്ടിൽ നിന്നിറങ്ങും. വീട്ടിലേയും അയൽപക്കങ്ങളിലേയും തല മൂത്ത കാരണവരിൽ തുടങ്ങി പിച്ചവെക്കാൻ തുടങ്ങാത്ത കുട്ടികൾ വരെയടങ്ങുന്ന സംഘങ്ങളായി നേരെ അറേക്കലേക്ക്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെയും കാവിന്‍റെയുള്ളിലൂടെയുമുള്ള ആ പോക്കാണ് 'കളിയാട്ട'ത്തിലെ പാട്ടു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക.
     
       "ഏഴിമലയോളം മേലേക്ക്
        ഏഴുകോലാഴം താഴേക്ക്
        കുന്നത്തുനാടിന്റെ വക്കോളം
        നാട്ടയരാലിന്‍റെ വേരുണ്ട്"
വടക്കിന്‍റെ മണ്ണിൽ പിറന്ന്, തെയ്യകാഴ്ചകൾ കണ്ട് വളർന്ന കൈതപ്രത്തിന്‍റെ വരികളും സംഗീതവും ശബ്ദവും.
          "വേരുതീണ്ടി ചെന്ന കാവിലെല്ലാം
           നാട്ടരങ്ങത്തെ പൊടിപ്പുണ്ട്
           ആലുത്തെഴുത്തേടം ആൽത്തറ-                 
          ക്കാവും വാളും വിളക്കും മതിലുമുണ്ട്"

തട്ടുംവെള്ളാട്ടം കാണാൻ അറയുടെ തെക്കുകിഴക്കേ ഭാഗത്തായി, അങ്ങനെയുള്ളൊരു നാട്ടരയാലിന്‍റെ കീഴിലെ മതിലിലാണ് ഇരിക്കുക. തെയ്യം കഴിയുന്നതു വരെ ഇരിപ്പിടം ആ മതിലാണ്. അക്കൊല്ലം കളിയാട്ടത്തിനു പിന്നാലെയാണ് ഒറ്റക്കോലം വന്നത്. കനലെരിയുന്ന നെരിപ്പിലേക്ക്(മേലേരി) മുന്നും പിന്നും നോക്കാതെ ചാടുന്ന വിഷ്ണുമൂർത്തി(തീച്ചാമുണ്ഡി)... തെയ്യത്തിന്‍റെ ആവേശത്തെ തടയാൻ നിൽക്കുന്ന വാല്യക്കാർ...'ഗോവിന്ദാ ഗോവിന്ദാ' വിളികൾ... ആ ഒറ്റക്കോലയോർമകളെയെല്ലാം പുതുക്കിയെടുക്കുന്നത് ഈയൊരൊറ്റ പാട്ടിലൂടെയാണ്. പാട്ടും വരികളും തോറ്റംപാട്ടിന്റെ ഈരടികളും തെയ്യത്തിന്റെ ഉരിയാട്ടവും ചെണ്ടക്കൊട്ടുമെല്ലാം തെയ്യപ്പറമ്പിനെ മനസ്സിലേക്കെത്തിക്കും.

ആ വർഷത്തെ ഒറ്റക്കോലം കെട്ടിയത് നാട്ടിലെ പേരു കേട്ട തെയ്യക്കാരൻ കൃഷ്ണകുമാറിന്‍റെ മകനായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ഒറ്റക്കോലം. പതർച്ചകളില്ലാതെ തന്നെ അവൻ തെയ്യമായി മാറി. ആഴിയാകുന്ന കനലിലേക്ക് തെയ്യം ആർത്തലറിയടുത്തു. 'മലയൻപണിക്കന്‍റെ കരിമെയ്യിലേക്ക് തീചാമുണ്ഡി കയറിയിറങ്ങിയപ്പോൾ' ദൈവവും മനുഷ്യനും ഒന്നാവുകയായിരുന്നു. 'തകിടതകതിമി വലതുറഞ്ഞ'പ്പോഴും 'ഇടതുറഞ്ഞ'പ്പോഴും 'കനൽക്കുന്നത്തുറഞ്ഞലറി'യപ്പോഴും പൊള്ളിയത് തെയ്യക്കാരന്‍റെ ഉടലു മാത്രമായിരുന്നില്ല, കാഴ്ചക്കാരുടെ ഉള്ളം കൂടിയായിരുന്നു. 'ഗോവിന്ദാ ഗോവിന്ദാ' വിളികൾക്കിടയിൽ മുങ്ങി പോവുന്ന തേങ്ങലുകൾ ചുറ്റിലുമുണ്ടെന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ. തീയിലേക്ക് പാഞ്ഞടുക്കുമ്പോൾ ദൈവമായി മാറുന്നുവെന്ന വിശ്വാസം നെഞ്ചേറ്റുമ്പോഴും തെയ്യക്കാരന്‍റെ ശരീരത്തെ വിസ്മരിക്കാൻ സാധിക്കില്ലൊരിക്കലും.

തേങ്ങലുകൾ ചുറ്റിലുമുണ്ടെന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ

കാഴ്ചക്കാരന്‍റെ ആവേശത്തിനൊപ്പം തെയ്യക്കാരന്‍റെ നോവുകളും പകർത്താൻ കഴിയുന്നുവെന്നത് തന്നെയാണ് കൈതപ്രത്തിന്‍റെ പാട്ടിനെ ഇത്രമേൽ ഹൃദ്യമാക്കുന്നത്.  അതുകൊണ്ടൊക്കെ തന്നെയാകണം വടക്കൻ ജനതയുടെ മനസ്സിൽ കളിയാട്ടയോർമകൾക്കൊപ്പം ആ പാട്ടും ഇടം നേടുന്നത്.
         തെയ്യകാലത്ത് നാട്ടിലില്ലാതിരിക്കുമ്പോൾ, ഫോണിലെ മ്യൂസിക് പ്ലെയറിൽ കൈതപ്രം പാടിക്കൊണ്ടിരിക്കുന്നുണ്ട്...
       "മേലേരി തീ മാത്രം മലയോളം കത്തി നിന്നു"

click me!