വിചിത്രമായ ഒരു മതില്‍, നിര്‍മ്മിച്ചിരിക്കുന്നത് പഴയ ടെലിവിഷനുകള്‍ കൊണ്ട്...

By Web TeamFirst Published Jun 24, 2020, 12:24 PM IST
Highlights

400 ടി വി സെറ്റുകൾ ഉപയോഗിച്ചാണ് ഈ മതിൽ തീർത്തിട്ടുള്ളത്. "ഞാൻ കുറച്ച് സമയം എടുത്താണ് ഇത് നിർമ്മിച്ചത്. പഴയ ഉപയോഗമില്ലാത്ത ടിവി സെറ്റുകൾ അന്വേഷിച്ച് കുറെ ഞാൻ അലഞ്ഞിട്ടുണ്ട്," വീട്ടുടമസ്ഥനായ ഹാങോ പറഞ്ഞു.

ഇന്നത്തെ കാലത്ത് ഉപയോഗശൂന്യമായ വസ്‍തുക്കളിൽ നിന്നും ഉപയോഗമുള്ള പല സാധനങ്ങളും ഉണ്ടാക്കാറുണ്ട്. കുപ്പികളിൽ നിന്ന് ഫ്ലവർ പോട്ടുകളും, പ്ലാസ്റ്റിക്ക്, ടയർ എന്നിവയിൽ നിന്ന് മേശയും കസേരയും, അങ്ങനെ പലതും. വിയറ്റ്നാമീസ് ദ്വീപായ ഹോൺ തോമിലെ ഒരു ചെറിയ വീടിന്‍റെ മതിലുകളും ഇത്തരത്തിൽ ഉപയോഗശൂന്യമായ ഒരു വസ്‍തു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, അതുപക്ഷേ ഇതുവരെ നമ്മളാരും ചിന്തിക്കാത്ത ഒരു വസ്‍തുവാണ്. പഴയ ടെലിവിഷൻ സെറ്റുകളിൽ നിന്നാണ് വീടിന്റെ മതിലുകൾ അവർ ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്‍റെ ചിത്രങ്ങള്‍ മുൻപ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.  

ഹോൺ തോം കേബിൾ കാറിലേക്കുള്ള വഴിയിലാണ് ഈ അസാധാരണമായ വീട് സ്ഥിതിചെയ്യുന്നത്. ശക്തമായ കാറ്റിലും നാശനഷ്‍ടങ്ങളിലും ആ പഴയ ടി വി സെറ്റുകൾ തകരാത്തത് ഇപ്പോഴും ഒരു രഹസ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ വന്നപ്പോൾ പലരും പ്രതികരിച്ചത് പല രീതിയിലാണ്. ചിലർ വീട്ടുടമസ്ഥന്റെ കഴിവിനെ അഭിനന്ദിച്ചപ്പോൾ മറ്റുള്ളവർ പഴയ ടിവി സെറ്റുകൾ ഉപയോഗിച്ച് വേലി നിർമ്മിക്കുന്നത് അത്ര നല്ല ആശയമാണോ എന്ന് ചോദിക്കുന്നു. അവ ചെറിയ കുട്ടികൾക്കും പരിസ്ഥിതിക്കും ഒരുപോലെ അപകടമാണ് എന്നവർ പ്രസ്‍താവിച്ചു. ഉദാഹരണത്തിന്, ഒരു കുട്ടി അബദ്ധത്തിൽ അവയിലേതെങ്കിലുമൊന്ന് അടച്ച് തകർക്കുകയാണെങ്കിൽ, അത് വലിയ അപകടമായിരിക്കും ഉണ്ടാക്കുക. കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കാം. കൂടാതെ, ഈ പഴയ സെറ്റുകളിൽ അടങ്ങിയിരിക്കുന്ന വിഷഘടകങ്ങളായ മെർക്കുറി, ഈയം എന്നിവ മഴ പെയ്യുമ്പോൾ ഭൂമിയിലേയ്ക്ക് ഇറങ്ങുന്നത് പരിസ്ഥിതിയ്ക്ക് ദോഷകരമാണ്.  

400 ടിവി സെറ്റുകൾ ഉപയോഗിച്ചാണ് ഈ മതിൽ തീർത്തിട്ടുള്ളത്. "ഞാൻ കുറച്ച് സമയം എടുത്താണ് ഇത് നിർമ്മിച്ചത്. പഴയ ഉപയോഗമില്ലാത്ത ടി വി സെറ്റുകൾ അന്വേഷിച്ച് കുറെ ഞാൻ അലഞ്ഞിട്ടുണ്ട്"  വീട്ടുടമസ്ഥനായ ഹാങോ പറഞ്ഞു. ഒരു ടിവി റിപ്പയർ കട നടത്തുകയാണ് ഹാങോയുടെ മകൻ. സ്പെയർ പാര്‍ട്‍സിനായി പഴയ സെറ്റുകൾ മകൻ ശേഖരിക്കുമായിരുന്നു. നാല് വർഷമെടുത്താണ് അദ്ദേഹം മതിലിനാവശ്യമായ സെറ്റുകൾ ശേഖരിച്ചത്. ഇതിന്‍റെ നിർമ്മാണരീതിയും വ്യത്യസ്‍തമാണ്. ടി വി സെറ്റുകൾ അടുക്കി വയ്ക്കുകയും അവയ്ക്കിടയിൽ കുമ്മായം പൂശുകയും ഒരു മെറ്റൽ റോഡുകൊണ്ട് പരസ്‍പരം ബന്ധിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. കുറച്ച് വർഷങ്ങളായി ഇതിന്റെ നിർമ്മാണം പൂർത്തിയായിട്ട്. പക്ഷേ, ആരും ഇതിനെക്കുറിച്ച് ഇതുവരെ പരാതിപ്പെട്ടിട്ടില്ല എന്ന് ഹാങോ പറഞ്ഞു. കൂടാതെ പലരും ഇത് കാണാനും ചിത്രങ്ങൾ എടുക്കാനും ഇവിടെ വരുന്നുമുണ്ട്.   

click me!