
ഇന്ന് നഴ്‌സസ് ദിനമാണ്. അഭിമാനത്തോടെ പറയുന്നു, ഞാനും അതില്‍ ഒരാളാണ്.
എണ്ണമറ്റ രോഗികളെ കണ്ട്,മനസ്സലിഞ്ഞോ അല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നോ ഉദ്ദേശിച്ചല്ല ആതുര സേവന രംഗത്തേക്ക് ഈ ഞാന്‍ കടന്നുവന്നത്.ഫ്‌ലോറന്‍സ് നൈറ്റിംഗേലിനെ കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു ഞാനന്നൊക്കെ.
ഒറ്റപ്പെട്ട ബാല്യം,വിരസതയുടെ കൗമാരം, ഇതെല്ലാം കൂടി യൗവനാരംഭത്തില്‍ ഒരുതരം ഒളിച്ചോട്ടത്തിന് മനസ്സ് സജ്ജമാക്കിയിരുന്നു,എങ്ങോട്ടെങ്കിലും പോയാല്‍ മതി എന്ന ആ ചിന്ത കൊണ്ട് ചെന്നെത്തിച്ചത് ഏതെങ്കിലും പ്രൊഫഷണല്‍ കോഴ്‌സിനു ചേരുക എന്ന തീരുമാനത്തിലായിരുന്നു. പക്ഷെ എങ്ങനെ എന്നൊന്നും അറിയില്ല,മുന്നോട്ടു നയിക്കാന്‍ ആള്‍ക്കാരും ഇല്ലായിരുന്നു.
അങ്ങനെയിരിക്കെ, ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്റെ ക്ലാസ്സ് മേറ്റ് ആയ കൂട്ടുകാരി എന്തൊക്കെയോ ഇരുന്നു പൂരിപ്പിക്കുന്നത് കണ്ടു.ഇടയ്ക്കു തവളയേയും,പാറ്റയെയും ഒക്കെ വീട്ടിലെ കുളത്തില്‍ നിന്നും മച്ചിലെ മൂലയ്ക്ക് നിന്നും ഒക്കെ പിടിച്ചു കൊണ്ട് പോയി കൊടുക്കുന്നത് കാരണം (സുവോളജി ആയിരുന്നു.കീറി പഠിക്കണ്ടേ ) മൂപ്പത്തി എന്റെ ഒരു അഭ്യുദയകാംക്ഷിയും കൂടെ ആയിരുന്നു.അങ്ങനെ എന്നോട് കാര്യങ്ങള്‍ വിശദീകരിച്ചു. കോഴിക്കോട് ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാനുള്ള ഫോം ആയിരുന്നു അത്.
എന്റെ തലയില്‍ ബള്‍ബ് കത്തി. അന്നൊക്കെ തീരെ കഞ്ഞികുടിക്കാന്‍ വകയില്ലാത്തവര്‍ മാത്രം തിരഞ്ഞെടുക്കുന്നഒരു ജോലി ആയിരുന്നു നഴ്‌സിംഗ്. ഇതേപ്പറ്റി വീട്ടില്‍പറഞ്ഞാല്‍ അഭിമാനികളായ വീട്ടുകാര്‍ എതിര്‍ക്കും എന്നും അറിയാം. ഒടുവില്‍ ഈ കൂട്ടുകാരി വഴി ഞാനും ഒരു ഫോം പൂരിപ്പിച്ച് അയച്ചു.
.മനുഷ്യന്‍ എന്ന സാധനം എത്ര നിസ്സാരനെന്നു മനസ്സിലായത് ആ കാലഘട്ടത്തിലാണ്.പലവിധ രോഗങ്ങളുമായി മല്ലിടുന്ന പാവം മനുഷ്യര്‍. പതിയെ ഞാനും കണ്ണ് തുറക്കുകയായിരുന്നു.
കൂടിക്കാഴ്ച്ചക്കുള്ള അറിയിപ്പ് വന്നപ്പോഴാണ് വിവരം വീട്ടില്‍ അറിഞ്ഞത്. ഞാനേതോ അന്യമതക്കാരനെ പ്രണയിക്കുന്ന, അല്ല, കല്ല്യാണം കഴിച്ച വിവരം കേട്ട പോലെ പ്രക്ഷുബ്ധം ആയിരുന്നു രണ്ടു ദിവസത്തേക്ക് എന്റെ വീട്ടിലെ അന്തരീക്ഷം. (ഇന്നിപ്പോള്‍ ആ കാലമൊക്കെ മാറി കേട്ടോ.ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഈ തൊഴിലിന് ഇന്ന് പൊന്നും വിലയാണ്. ബി.എസ്.സി നഴ്‌സിംഗ്, എംഎസ്.സി നഴ്‌സിംഗ്. അങ്ങനെ പടര്‍ന്ന് പന്തലിച്ചു കിടക്കുന്നു ആതുര സേവന രംഗവും.
ഒടുവില്‍ എന്റെ വാശി ജയിച്ചു.കൂടിക്കാഴ്ചയില്‍, ഉയരം കുറഞ്ഞുപോയി എന്ന കാരണത്താല്‍, എന്നെ സഹായിച്ച കൂട്ടുകാരി പുറംതള്ളപ്പെട്ടു, കറക്റ്റ് ഉയരം ഉള്ളതോണ്ട് ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അങ്ങനെ ഞാന്‍ നഴ്‌സിംഗ് പഠനം തുടങ്ങി .ആദ്യമാദ്യം ആശുപത്രി മണവും, രോഗികളുടെ പഴുത്തളിഞ്ഞ വ്രണങ്ങളും എന്നില്‍ ഓക്കാനം വരുത്തിയിട്ടുണ്ട്. എത്രയോ ദിനങ്ങളില്‍ ആഹാരം കഴിക്കാന്‍ വയ്യാതെ ഇറങ്ങിപ്പോയിട്ടുണ്ട്. എത്രയോ തവണ എന്നെക്കൊണ്ടീ വൃത്തികെട്ട പണി ചെയ്യാന്‍ വയ്യ, മതിയാക്കാം എന്നും പറഞ്ഞു മുഖം തിരിച്ചിരുന്നിട്ടുണ്ട്.
രോഗ തീവ്രതയില്‍ നിസ്സഹായരായ രോഗികളുടെ ദൈന്യ മുഖം അന്നൊന്നും മനസ്സില്‍ തറഞ്ഞുകയറിയിട്ടേ ഇല്ല.പക്ഷെ വര്‍ഷങ്ങള്‍ പോകവേ,മെഡിക്കല്‍ കോളജിലും മാനസിക ആരോഗ്യകേന്ദ്രങ്ങളിലും പകര്‍ന്നു കിട്ടിയ പരിശീലനം എന്നെ പാടെ മാറ്റി മറിച്ചു.മനുഷ്യന്‍ എന്ന സാധനം എത്ര നിസ്സാരനെന്നു മനസ്സിലായത് ആ കാലഘട്ടത്തിലാണ്.പലവിധ രോഗങ്ങളുമായി മല്ലിടുന്ന പാവം മനുഷ്യര്‍. പതിയെ ഞാനും കണ്ണ് തുറക്കുകയായിരുന്നു.
പൊട്ടിയൊലിക്കുന്ന,പുഴുവരിക്കുന്ന വ്രണങ്ങള്‍ കഴുകി വൃത്തിയാക്കിയിട്ടുണ്ട്, മടുപ്പൊന്നും കൂടാതെ. പലവിധ ആക്‌സിഡന്റുകള്‍ കണ്ടുകണ്ണ് തഴമ്പിച്ചിട്ടുണ്ട്. കാലറ്റവര്‍,കൈയറ്റവര്‍,നട്ടെല്ല് തകര്‍ന്നവര്‍, ഹെഡ് ഇഞ്ചുറി സംഭവിച്ചവര്‍.ജീവന്റെ അവസാന പിടച്ചിലും അവസാനിച്ച്,ഉറ്റവരുടെയും ഉടയവരുടെയും നിലവിളികള്‍ക്കിടയില്‍,താടിയും തലയും കൂട്ടിക്കെട്ടി ,കൈവിരല്‍ തുമ്പുകള്‍ ചേര്‍ത്തു കെട്ടി ഒടുവില്‍ ഒരു ഐ.ഡി ടാഗ് ഇരു കാലുകളിലേയും പെരുവിരലില്‍ ചേര്‍ത്തു കെട്ടി, മോര്‍ച്ചറിയിലേക്ക് യാത്രയാക്കിയിട്ടുണ്ട്. നമുക്കാരുമല്ലാഞ്ഞും അവരുടെ ബന്ധുക്കളുടെ കൂടെ ഉള്ളുകൊണ്ട് കരഞ്ഞിട്ടുണ്ട്..
ഇനി ഒരു വിഭാഗം ആളുകള്‍, എന്തിലും ഏതിലും പരാതിയുമായ് നടക്കുന്നവര്‍, ഞങ്ങളെ ക്രൂശിക്കാനും പരിഹസിക്കാനും ആവതു ശ്രമിക്കാറുണ്ട്. എല്ലാം ദൈവകരങ്ങളില്‍ അര്‍പ്പിച്ചു ഇതും ജോലിയുടെ ഭാഗം എന്ന നിലയില്‍ നിര്‍വികാരമായ് എതിരേല്‍ക്കും അതിനേയും. ഏതു ജോലിയിലും പറയിപ്പിക്കാനായി, ആ ജോലിയുടെ പവിത്രത കളയാനായി കുറേപ്പേര്‍ ഉണ്ടാകും. ഞങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക് കണ്ടുമുട്ടാം അങ്ങനെ ഉള്ളവരെ.
ഒന്നോര്‍ക്കുക. പണ്ട് സത്യന്‍, പ്രേംനസീര്‍ സിനിമകളില്‍ ഒരു റൗണ്ട്‌സ് ബോര്‍ഡും പിടിച്ച്, കുട്ടിയുടുപ്പിട്ടു, മരം ചുറ്റി ഡോക്ടര്‍മാരെ പ്രേമിച്ചു നടന്നിരുന്ന നഴ്‌സ്മാരുടെ കാലത്തില്‍ നിന്നും നഴ്‌സിംഗ് ഒട്ടേറെ മുന്നോട്ട് പോയിരിക്കുന്നു.
എങ്കിലും അടച്ച്,അധിക്ഷേപിക്കാതിരിക്കുക. ഒരു ഡോക്ടര്‍,നിങ്ങള്‍ക്കുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തു പോവുകയേ ഉള്ളൂ.അത് കൃത്യമായി,അണുവിമുക്തമായി നിങ്ങളുടെ രക്തത്തിലേക്കോ,ആമാശയത്തിലേക്കോ എത്തിക്കുക എന്ന വലിയ ചുമതല ഞങ്ങളിലാണ്. നിങ്ങളുടെ അടുത്ത് ആദ്യം ഓടിയെത്തുക ഞങ്ങളായിരിക്കും. ആശുപത്രിയില്‍ എത്തുന്ന നിങ്ങളുടെ ടെന്‍ഷന്‍ കുറക്കാന്‍ ''പേടിക്കാനൊന്നുമില്ല ,ഒക്കെ ശരിയാകും എന്ന് ആശ്വാസവാക്ക് ഓതാന്‍ മടിക്കുന്ന നഴ്‌സുമാരെ കാണാനാകില്ല. ഇന്‍ജക്ഷന്‍ എടുക്കാന്‍ വരുന്ന നിങ്ങളോട് ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ 'എന്ന കള്ളം' പറയുന്ന നഴ്‌സുമാരെ നിങ്ങള്‍ കാണും
ഒന്നോര്‍ക്കുക. പണ്ട് സത്യന്‍, പ്രേംനസീര്‍ സിനിമകളില്‍ ഒരു റൗണ്ട്‌സ് ബോര്‍ഡും പിടിച്ച്, കുട്ടിയുടുപ്പിട്ടു, മരം ചുറ്റി ഡോക്ടര്‍മാരെ പ്രേമിച്ചു നടന്നിരുന്ന നഴ്‌സ്മാരുടെ കാലത്തില്‍ നിന്നും നഴ്‌സിംഗ് ഒട്ടേറെ മുന്നോട്ട് പോയിരിക്കുന്നു.ഇപ്പോള്‍ നല്ല ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നല്ല അച്ചടക്കബോധമുള്ള,വിവര സാങ്കേതികയുടെ സാധ്യതകള്‍ അറിയാവുന്ന ന്യൂ ജനറേഷന്‍ കുട്ടികളാണ് ഈ രംഗത്ത്. അവര്‍ ഓരോ ദിവസവും അപ്പ് ഡേറ്റഡ് ആണ്. നൂതന ചികിത്സാ രീതികളെ കുറിച്ച് ,മരുന്നുകളെ കുറിച്ച് നിങ്ങള്‍ക്കവരെ അഭിനന്ദിക്കാന്‍ മടിയുണ്ടെങ്കില്‍ അവഹേളിക്കാതെയെങ്കിലും ഇരിക്കാമല്ലോ...!
ചിലര്‍ പുച്ഛത്തോടെ ഞങ്ങളെ കാണുന്നു.ചിലര്‍ ആദരപൂര്‍വ്വം കാണാറുണ്ട്. മൃത്യു ലോകത്ത് എത്തി നോക്കി തിരികെയെത്തുന്ന ചിലര്‍ ഞങ്ങളെ മറക്കാറേയില്ല.കാരണം അവരെ ഡോക്ട്ടര്‍ ഓടിയെത്തും മുന്നേ മൃത്യുവിന്റെ കൈകളില്‍ നിന്നും എമര്‍ജെന്‍സി മെഡിസിന്‍ വഴി വീണ്ടെടുക്കുന്നത് ഞങ്ങളാണല്ലോ. ജോലിസമയത്ത് ആള്‍ക്കാര്‍ സ്‌നേഹപൂര്‍വ്വം ഞങ്ങളെ സിസ്റ്റര്‍ എന്ന് വിളിക്കുന്നു .അതായത് സഹോദരി. നിങ്ങളുടെ പിടയുന്ന വേദനകളില്‍ മരുന്നുമായെത്തുന്ന നിങ്ങളുടെ സ്വന്തം സഹോദരി. അസുഖം മാറി നിങ്ങള്‍ ആശുപത്രി വിടും മുന്നേ കൈമാറുന്ന ഒരു പുഞ്ചിരി തന്നെ ഞങ്ങള്‍ക്ക് ധാരാളം.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം