ഉടമയുടെ 66,000 രൂപ അകത്താക്കി ഒരു ആട്..!

By Web DeskFirst Published Jun 8, 2017, 9:30 AM IST
Highlights

കാണ്‍പൂര്‍: ആട് ഒരു ഭീകരജീവിയാണോ, ആണെന്ന് പറയും കാണ്‍പൂര്‍ സ്വദേശി സര്‍വേശ് കുമാര്‍പാല്‍. കാണ്‍പൂരില്‍ വിശന്നു വലഞ്ഞ ആട് തിന്നത് സര്‍വേശിന്‍റെ 66,000 രൂപ. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ സിലുവാപൂര്‍ ഗ്രാമത്തില്‍ സര്‍വേശ് കുമാര്‍ പാല്‍ എന്നയാള്‍ നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണമാണ് ആട് കടിച്ചു തിന്നത്. 

തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ആടിന്റെ വയറ്റിലായത് പുതിയ 2000 ന്റെ 31 നോട്ടുകളായിരുന്നു. വീടുപണിക്കായി കട്ടവാങ്ങാന്‍ സൂക്ഷിച്ചിരുന്ന പണമായിരുന്നു ഇത്. ആട് നോട്ടുകള്‍ ചവച്ചു തിന്നുന്നത് കണ്ട് ഓടിയെത്തിയ സര്‍വേശ് പാലിന് ഇതില്‍ നിന്നും തിരിച്ചു കിട്ടിയത് 2000 ന്റെ രണ്ടു നോട്ടുകള്‍ മാത്രമായിരുന്നു. അതാകട്ടെ കീറിപ്പറിഞ്ഞും പോയി. 2000 ന്റെ 31 നോട്ടുകള്‍ ഇതിനകം ആടിന്റെ വയറ്റില്‍ ചെന്നിരുന്നു. 

പണം പോക്കറ്റിലിട്ട് നിക്കര്‍ ആടിന് സമീപം വെച്ച് കുളിക്കാന്‍ പോയതായിരുന്നു സര്‍വേശ്.  സാധാരണ പേപ്പര്‍ ഉള്‍പ്പെടെ ഇഷ്ടമുള്ളവയെല്ലാം തിന്നാറുള്ള ആട് പണം തിന്നുന്നത് സര്‍വേശ് കണ്ടില്ല.  ഒരു കുഞ്ഞിനെ പോലെ സ്‌നേഹിക്കുന്ന ആട് പണം തിന്നുപോയി എന്തു ചെയ്യാനാണെന്ന് സര്‍വേശ് ചോദിക്കുന്നു. 

ആടിന്റെ ഉമിനീര്‍ പറ്റിയ രണ്ടു നോട്ട് ഇയാള്‍ ഉണക്കിയെടുത്തെങ്കിലും അതും കീറിപ്പറിഞ്ഞിരുന്നു. പണം തിരിച്ചെടുക്കാന്‍ അനേകം നിര്‍ദേശങ്ങളാണ് ഗ്രാമീണരില്‍ നിന്നും ഉണ്ടാകുന്നത്. വയറിളക്കാനും ഛര്‍ദ്ദിക്കാനുമുള്ള മരുന്ന് കൊടുത്ത് പണം തിരിച്ചെടുക്കാനാണ് ചിലര്‍ പറഞ്ഞ ഉപായം. മറ്റ് ചിലര്‍ ദൗര്‍ഭാഗ്യം കൊണ്ടുവന്ന ആടിനെ കശാപ്പുകാരന് വില്‍ക്കാനാണ് പറഞ്ഞത്. 

ഗൗരവതരമായ കുറ്റകൃത്യം ചെയ്ത ആടിനെ പോലീസിന് കൈമാറാന്‍ പറഞ്ഞവരും ഉണ്ട്.  ആടിനെ കാണാന്‍ ഇപ്പോള്‍ അനേകരാണ് സര്‍വേശിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പലരും ആടിനൊപ്പം നിന്ന് സെല്‍ഫിയും എടുക്കുന്നുണ്ട്.

click me!