എത്ര ഡെറ്റോളൊഴിച്ച് കുളിച്ചാലും പോകാത്ത മലയാളിയുടെ ജാതീയത...

Published : Jun 07, 2017, 06:01 PM ISTUpdated : Oct 04, 2018, 05:35 PM IST
എത്ര ഡെറ്റോളൊഴിച്ച് കുളിച്ചാലും പോകാത്ത മലയാളിയുടെ ജാതീയത...

Synopsis

അയിത്തവും ജാതീയതയും കേരളത്തിലോ ? മൂക്കത്ത് വിരല്‍ വച്ച് ആശ്ചര്യം പൂകുന്ന വലിയൊരു വിഭാഗം ഇന്നുണ്ട് എന്നതൊഴിച്ചാല്‍  കേരളത്തില്‍ ജാതീയത ഒരു ഫിക്ഷനല്ല. ജാതി കേരളത്തിലില്ലെന്നും, ജാതിയെക്കുറിച്ച് പറയുന്നവര്‍ ജാതി വാദികളാവുകയും കുറ്റാരോപിതരാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്ന്.

ജാതിയോ, ഇവിടെയോ എന്ന് കസവു നേര്യതും മുണ്ടും ചുളിവ് നിവര്‍ത്തി നെറ്റി ചുളിക്കുന്നവര്‍. എന്തൊരു അശ്ലീലമാണത്.

എന്നാല്‍ ജാതിരഹിത കേരളമെന്ന കാപട്യത്തിന് മേല്‍ ദളിത് കുട്ടികള്‍ പഠിക്കുന്നു എന്ന കാരണത്താല്‍ സര്‍ക്കാര്‍ സ്‌കൂളിനോട് പ്രദേശവാസികളുടെ അയിത്തവും പാലക്കാട് ഗോവിന്ദാപുരത്ത് അംബേദ്കര്‍ കോളനിയിലുള്ള ചക്കിലിയ സമുദായത്തില്‍പ്പെട്ട വരുടെ ദുരവസ്ഥയും വാര്‍ത്തകളാകുന്നു. അതേ, സാക്ഷരത കേരളത്തില്‍ ഒളിഞ്ഞു കിടന്നിരുന്ന ജാതീയത തെളിഞ്ഞ് വരികയാണ്.

ദളിത് കുട്ടികള്‍ പഠിക്കുന്നു എന്ന കാരണത്താലാണ്  കോഴിക്കോട് പേരാമ്പ്ര ഗവണ്‍മെന്റ് വെല്‍ഫയര്‍ എല്‍പി സ്‌കൂളിനോട് നാട്ടുകാര്‍ക്ക് അയിത്തം. യുപിയിലോ, മഹാരാഷ്ട്രയിലോ നടന്ന സംഭവത്തെക്കുറിച്ചല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തിലെ അവസ്ഥയെപ്പറ്റി തന്നെയാണ് പറയുന്നത്. സ്ഥലം എംല്‍എയും മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ നേരിട്ട്  നാട്ടുകാരുടെ യോഗം വിളിച്ചിട്ടും  ദളിത് വിദ്യാര്‍ത്ഥികളല്ലാത്ത ആരും ഇത്തവണയും പ്രവേശനത്തിനെത്തിയില്ല.

അരികുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അംബ്ദേക്കര്‍ കോളനിക്കാരുടെ വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ പുറം ലോകമറിഞ്ഞു. അയിത്തവും തൊട്ടുകൂടായ്മയും നേരിട്ട് ജാതീയതയുടെ അതിരിനുള്ളില്‍ ജീവിക്കുന്ന പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിവാസികള്‍. ഒരു സമുദായത്തില്‍ ജനിച്ചതുകൊണ്ടുമാത്രം പ്രത്യേകം പലചരക്കുകടയും കുടിവെള്ളടാപ്പും ബാര്‍ബര്‍ ഷോപ്പും വരെയുള്ളവര്‍. ജാതീയമായ അധിക്ഷേപവും തൊട്ടുകൂടായ്മയും മൂലം തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനായി സ്വന്തമായി ക്ഷേത്രം വരെ നിര്‍മ്മിച്ചു ഇവര്‍.

ജാതീയമായ വേര്‍തിരിവ് നേരിടുന്ന ചക്കിലിയ സമുദായത്തിന് ഫണ്ട് അനുവദിക്കാത്ത പഞ്ചായത്ത് നടപടി കൂടി അറിയുമ്പോഴാണ് ഭരണവര്‍ഗത്തിനടക്കം ദളിതന്‍ ഇന്നും എത്രമാത്രം വെറുക്കപ്പെട്ടവനാണെന്ന് തിരിച്ചറിയുന്നത്. ഇന്നും ദളിതര്‍ക്ക് അയിത്തമുള്ള സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കലിലെ ക്ഷേത്രം.

ദളിതനോട് മുഖം തിരിക്കുന്ന ഇടതും വലതും ബിജെപിയും. 

അയ്യങ്കാളിയുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ''വെറുമൊരു ദളിതന്റെ'' വീട്ടില്‍ നിന്ന് ദോശയും ചമ്മന്തിയും കഴിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും, കേരളത്തില്‍ ജാതീയത ഇല്ലെന്ന് ട്വീറ്റ് ചെയ്യുന്ന ശശി തരൂര്‍ എംപിയും പുലയന്റെ പരിപാടിക്ക് പങ്കെടുക്കില്ലെന്ന് ആക്രോശിച്ച സിപിഐ നേതാവുമെല്ലാം അധികാര, രാഷ്ട്രീയ വര്‍ഗത്തിലെ ജാതീയതയുടെ അടയാളങ്ങളാണ്.

ഉത്തരേന്ത്യയിലെ ജാതീയ അതിക്രമങ്ങളോട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത ഷെയര്‍ ചെയ്ത് രോക്ഷം കൊള്ളുന്ന മലയാളികള്‍ തങ്ങളെക്കുറിച്ച് തന്നെ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഇതുവരെ പിന്നിട്ട സാംസ്‌കാരിക മുന്നേറ്റങ്ങളെ ഒന്നുമല്ലാതാക്കി കേരളം പിന്നോട്ട് നടക്കുകയാണ്.

നിരവധി സാക്ഷ്യപത്രങ്ങളുണ്ട് നമ്മുക്ക് മുന്നില്‍.  മനുഷ്യനെ മനുഷ്യനായി കാണാന്‍ പറ്റാത്ത അംഗന്‍വാടികള്‍ തൊട്ട് കുഞ്ഞുങ്ങള്‍ക്കിടയില്‍ പോലും ജാതീയ വേര്‍തിരുവ് കാട്ടുന്ന സമൂഹമായി കേരളം വളരുകയാണ്. 

തമ്പികണ്ണന്താനം സംവിധാനം ചെയ്ത  ഭൂമിയിലെ രാജാക്കന്‍മാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഒരു രംഗമുണ്ട്. ഇലക്ഷന് മത്സരിക്കാനിറങ്ങിയ രാജകുടുംബത്തിലെ അംഗമായ നായകന്‍ ദളിതന്റെ മകനെ ഒക്കത്തിരുത്തുന്നതും പിന്നീട് ഡെറ്റോള്‍ ഒഴിച്ച് ചൂടു വെള്ളത്തില്‍ കുളിക്കുന്നതും.  ഇന്നും ആ രംഗം കണ്ട് ഊറി ചിരിക്കുന്ന കയ്യടിക്കുന്നവരുണ്ട് എന്നത് ഫിക്ഷനല്ല, യാഥാര്‍ത്ഥ്യമാണ്.

എത്ര ഡെറ്റോളൊഴിച്ച് കുളിച്ചാലും പോകാത്ത വിധം ജാതീയത മനസില്‍ പതിഞ്ഞ് കിടക്കുന്ന മലയാളികള്‍.

എങ്ങിനെ ജാതീയത ഒരു സമൂഹം കുഞ്ഞുങ്ങളില്‍ പോലും അടിച്ചേല്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് '''ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ കാസ്റ്റ്'' എന്ന ഡോക്യുമെന്‍ററി. വീഡിയോ കാണുക

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ