ഐസിയുവിലെത്തിയ ദൈവം!

Published : Jun 07, 2017, 01:42 PM ISTUpdated : Oct 05, 2018, 03:48 AM IST
ഐസിയുവിലെത്തിയ ദൈവം!

Synopsis

ഐ.സി യു വില്‍ എനിക്കു ചുറ്റും ദൈവങ്ങളും മാലാഖമാരുമായിരുന്നു.

മനുഷ്യരില്‍ ഇത്രയേറെ നന്മയുണ്ടെന്ന് അവിടെ കിടന്നു കൊണ്ട് ഞാനറിഞ്ഞു. അവരെന്റെ വേദനകള്‍ക്ക് കൂട്ടിരുന്നു. എന്റെ വായിലേക്ക് മരുന്നും വെള്ളവും തണുത്ത പഴച്ചാറും  എത്തിച്ചു തന്നു. അവരെനിക്ക്  നേരെ ക്ഷമയും സഹനവും നീട്ടി. അവരെന്റെ അമ്മമനസ്സ് തൊട്ടറിഞ്ഞു. അവരെന്റെ മകള്‍ക്ക് സ്‌നേഹവും സാന്ത്വനവും കൊടുത്തു. അവരെന്റെ പ്രിയന് ധൈര്യവും സമാധാനവും കൊടുത്തു. അവരെന്നെ തിരിച്ചും മറിച്ചും കിടത്തി രാവിലേയും വൈകീട്ടും ശരീരം തുടച്ചു വൃത്തിയാക്കി.  അവരെന്റെ മലവും മൂത്രവും വെടുപ്പാക്കി. ആര്‍ത്തവരക്തം തുടച്ചു.

രോഗത്തെ കുറിച്ചോര്‍ത്ത്, മരണത്തെ കുറിച്ചോര്‍ത്ത് ഞാന്‍ കരഞ്ഞില്ല. പക്ഷെ നന്ദി കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു.

'ഐ ആം  സോറി' എന്നൊരു  വിങ്ങല്‍ മാത്രമായി തീര്‍ന്നു ഞാന്‍.

നിസ്സഹായതയുടെ പാരമ്യം ഞാനറിഞ്ഞു. പരാശ്രയത്വത്തിന്റെ വേദനയും പൊള്ളലും അറിഞ്ഞു.

'ഐ ആം  സോറി' എന്നൊരു  വിങ്ങല്‍ മാത്രമായി തീര്‍ന്നു ഞാന്‍.

ചുമരിലെ വെളുത്ത പ്രതലത്തില്‍ അവര്‍ നിത്യവും ദിവസവും തീയ്യതിയും കുറിച്ചിട്ടു. 'നീയിപ്പോള്‍ എവിടെയാണ് മായ?' എന്നും അവരെന്നോട് ചോദിച്ചു. എന്റെ  ബോധാബോധങ്ങളെ പരീക്ഷിച്ചു. ഐ.സി യൂ വില്‍ കിടക്കുന്നവര്‍ ബോധംകെട്ടു കിടക്കുകയാണ് ഭംഗിയെന്ന് എനിക്ക് തോന്നി. പൂര്‍ണ്ണ ഉണര്‍ച്ചയോടെ, പൂര്‍ണ്ണ തിരിച്ചറിവോടെ, പൂര്‍ണ്ണ ആശ്രയത്വത്തോടെയുള്ള കിടപ്പ്  അത് തീച്ചൂളയില്‍ വെച്ച പോലാണ്.

എങ്കിലും ദൈവത്തോട് എനിക്കൊരുപാട് സ്‌നേഹം തോന്നി. നന്ദി തോന്നി.

ഞങ്ങളില്‍ മൂന്ന് പേരില്‍ എന്നെ തിരഞ്ഞെടുത്തതിന്. നിസ്വാര്‍ഥത കൊണ്ടല്ല. സ്വാര്‍ഥത കൊണ്ട് തന്നെ.

അവരിലൊരാള്‍ വീണു പോയാല്‍ അതു താങ്ങുവാനുള്ള  ധൈര്യവും ശക്തിയുമെനിക്കില്ല. അതിലുമെത്രയോ നല്ലതാണീ മുറിവുകള്‍. ഈ വേവലുകള്‍.

ഞാനവിടെ കിടന്ന് ഓര്‍മ്മകളെ കുറിച്ചോര്‍ത്തു. മരണത്തേക്കാള്‍ ഭയങ്കരമാണ് ഓര്‍മ്മകളില്ലാതാകുന്നത്. വിശേഷിച്ച് ഓര്‍മ്മകളെ  ശ്വസിച്ചും ഭക്ഷിച്ചും ജീവിക്കുന്ന എന്നെ പോലൊരാളില്‍ നിന്നും ഓര്‍മ്മയുടെ ഒരേട് ചീന്തി കളഞ്ഞാല്‍ അതെങ്ങനെയാകും? ആശുപത്രിയിലെത്താന്‍ രണ്ട് ദിവസം കൂടെ വൈകിയിരുന്നെങ്കില്‍ അങ്ങനൊക്കെ സംഭവിച്ചേനെ എന്നോര്‍ക്കേ ഞാന്‍ വീണ്ടും നന്ദി കൊണ്ട് നിറഞ്ഞു.

അല്ലെങ്കിലും നന്ദി കൊണ്ട് കഴുകി ഞാന്‍ എന്നെ തന്നെ നിര്‍മ്മലമാക്കിയ ദിവസങ്ങളായിരുന്നു അത്.

ആ ദിവസങ്ങള്‍ എനിക്ക് പുതിയൊരു ലോകം കാണിച്ചു തന്നു. ജീവിതത്തിന്റെ സൗന്ദര്യം മുഴുവനും കാണിച്ചു തന്നു.  എനിക്ക്  ചുറ്റുമുള്ള സ്‌നേഹത്തെ കുറിച്ചെന്നെ ഓര്‍മ്മപ്പെടുത്തി. ശരിക്കുമെന്റെ മിത്രങ്ങളാരെന്നും പൊയ്ചിരികള്‍ ആരുടെതെന്നും പറഞ്ഞു തന്നു. 

ഇതിനകം കുറെ അക്കങ്ങളായി കഴിഞ്ഞിരുന്നു ഞാന്‍. രണ്ട് നേരം രക്തം പരിശോധിക്കും. പ്ലാസ്മഫെറസിസ് പുരോഗമിക്കവേ എന്റെ അക്കങ്ങള്‍ മാറാന്‍ തുടങ്ങി. എല്‍ ഡി എച്ചിലും പ്ലേറ്റ്‌ലെറ്റിലും  ഹീമൊഗ്ലോബിനിലും വരുന്ന നേരിയ മാറ്റങ്ങള്‍  വലിയ സന്തോഷ വാര്‍ത്തകളായി എന്റെ മുറിയിലേക്ക് കുതിച്ചു വന്നു. നഴ്‌സുമാര്‍  കയ്യടിച്ച് ആഹ്‌ളാദം പ്രകടിപ്പിച്ചു.

ആ ദിവസങ്ങള്‍ എനിക്ക് പുതിയൊരു ലോകം കാണിച്ചു തന്നു.

ഡോ. ഡേവിഡ് ബാര്‍ത്
ആശുപത്രിയിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ പ്ലാസ്മഫെറസിസ് നടന്നു കൊണ്ടിരിക്കുമ്പോഴാണ്  ഡോക്ടര്‍ ഡേവിഡ് ബാര്‍ത് എന്റെ മുന്നിലാദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ടൊറന്‍േറാ ജനറലിലെ ഹീമറ്റോളജിസ്റ്റാണ് അദ്ദേഹം. ടിടിപി രോഗികളെ ചികിത്സിച്ച് പരിചയ സമ്പന്നനായ ഡോക്ടര്‍. വിളറി വെളുത്ത മുഖവും കറുകറുത്ത തലമുടിയുടെ പിന്നില്‍ ചെറിയ തൊപ്പിയുമണിഞ്ഞ ചെറുപ്പക്കാരനായ ഇസ്രായേല്‍ക്കാരന്‍.

ഡോക്ടര്‍ അരികില്‍ വരുമ്പോള്‍ പ്ലാസ്മഫെറസിസ് നടക്കുകയായിരുന്നു. സ്റ്റിറോയ്ഡും കൂടിയ തോതിലുള്ള ബനാഡ്രില്ലും  കൂടി എന്നെ ഒരേ  സമയം മയങ്ങാനും  പറക്കാനും വിട്ടിരിക്കുകയായിരുന്നു. കൂടാതെ ശക്തമായി  രക്തമോടിയിറങ്ങുന്നതിന്റെ പിടച്ചില്‍ ഞാനറിയുകയായിരുന്നു.

'മായ..ഞാന്‍ ഡോക്ടര്‍ ഡേവിഡ് ബാര്‍ത്. ഇപ്പോള്‍ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍. ഇന്നലെ മുതല്‍ ഞാന്‍ നിങ്ങളുടെ ടെസ്റ്റ്  റിസല്‍ട്ടുകള്‍ പഠിക്കുകയായിരുന്നു'. 

അപ്പോള്‍ ഇന്നലെ മുതല്‍ എന്റെ മുന്നില്‍ വന്നു നിന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു മെഡിക്കല്‍ സ്റ്റാഫ് എല്ലാം ഡോക്ടര്‍ ബാര്‍തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വന്നവരായിരുന്നു.

'ഞാനറിഞ്ഞത് നിങ്ങള്‍ക്കൊരു ചെറിയ മകളുണ്ടെന്നാണ്. ഒന്നു കൊണ്ടും വിഷമിക്കേണ്ട, അവള്‍ക്ക് ഈ അസുഖം വരാന്‍ സാധ്യതയില്ല. നിങ്ങളുടേത് ഒരു ജനിതക തകരാറല്ല'. ഡോക്ടര്‍ ബാര്‍ത് ആദ്യം പറഞ്ഞത് അതാണ്.

ഡോക്ടര്‍ പിന്നെ പലതും ചോദിച്ചു.  പക്ഷെ എന്റെ നാവു വഴങ്ങാതെ കുഴഞ്ഞു കുഴഞ്ഞു പോയി. കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയി.

'മായ..മായ..ആര്‍ യൂ ഓക്കെ..?'

അബോധത്തിലേക്ക് വഴുതി വീഴും മുന്‍പ് 'yes I'm okay.'  എന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു.

എന്റെ നാവു വഴങ്ങാതെ കുഴഞ്ഞു കുഴഞ്ഞു പോയി. കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയി.

പിറ്റേന്നും പ്ലാസ്മഫെറസിസ് നടക്കുമ്പോള്‍ ഡോക്ടര്‍ വന്നു. 'മായ....എന്നെ ഓര്‍മ്മയില്ലേ. ഇന്നലെ ഞാന്‍ വന്നിരുന്നു'. 

ഞാന്‍ മന്ദഹസിച്ചു. എനിക്ക് കുറച്ചു കൂടെ സംസാരിക്കാമെന്നായി. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മയങ്ങിയുമുണര്‍ന്നും ഞാന്‍ മറുപടികള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ചിന്താമഗ്‌നമായ കണ്ണുകള്‍ എന്റെ മുഖത്ത് പറ്റി നിന്നു. അപ്പോള്‍ ദൈവമാണ് എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് എനിക്ക് തോന്നി.

ഐ.സി.യുവില്‍ നിന്നും പത്താം നിലയിലെ മുറിയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ അപൂര്‍വ്വ രോഗിയെ കാണാന്‍ പ്രൊഫസറോടൊത്ത് റസിഡന്റുമാര്‍ വന്നു. വെള്ളി തലമുടിയുള്ള ഡോക്ടര്‍ അദ്ധ്യാപകന്‍ എന്നോട് പറഞ്ഞു. 'ഡോക്ടര്‍ ബാര്‍ത്, അയാള്‍ ദൈവമാണ്. നിന്റെ മേല്‍ അയാള്‍ കാണിക്കാന്‍ പോകുന്ന മായാജാലം കാണാന്‍ ഞങ്ങളൊക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'

പക്ഷെ ഡേവിഡ് ബാര്‍ത് സാധാരണക്കാരനില്‍ സാധരണക്കാരനെ പോലെ എന്റെ മുന്നില്‍ നിന്നു. നാട്ടില്‍ ഞാനിങ്ങനെയൊരു ഡോക്ടറെ  കണ്ടിട്ടില്ല.
അവിടെ ഡോക്ടര്‍മാരെല്ലാം രാജാക്കന്മാരെ പോലെയായിരുന്നു. അവര്‍ക്കു ചുറ്റും ആജ്ഞാനുവര്‍ത്തികളായി കുറെ പേര്‍. രോഗികള്‍ പ്രജകള്‍.

കാനഡയിലെത്തിയപ്പോള്‍ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഈ ഡോക്ടര്‍ രോഗി ബന്ധത്തിലെ വ്യത്യാസമാണ്  ഡോ. ബാര്‍ത് അതിലെറെ അത്ഭുതപ്പെടുത്തുന്നു.

അത്ഭുതപ്പെടുത്തിയത് ഈ ഡോക്ടര്‍ രോഗി ബന്ധത്തിലെ വ്യത്യാസമാണ്  

ഓരോ തവണ എന്നെ അന്വേഷിച്ച് അദ്ദേഹം വന്നപ്പോഴും. എഫരിസിസ് യൂണിറ്റില്‍ വെച്ചു കണ്ടു മുട്ടിയപ്പോഴും അദ്ദേഹം അസാമാന്യമായ ക്ഷമയും ശ്രദ്ധയും കാരുണ്യവും എനിക്ക് നേരെ നീട്ടി. രോഗിയെ ഒരു സിംഹാസനത്തിലിരുത്തി  അദ്ദേഹം ആജ്ഞാനുവര്‍ത്തിയെ പോലെ അരികില്‍ നിന്നു. ഞങ്ങളുടെ എല്ലാ ആശങ്കകള്‍ക്കും മടുപ്പിക്കുന്ന ചോദ്യങ്ങള്‍ക്കും സൗമ്യനായി മറുപടി പറഞ്ഞു.

'അമ്മയെ നീ നന്നായി നോക്കുന്നില്ലേ' -മകളോട് അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ചോദിക്കും. ഉവ്വെന്ന് അവള്‍ അഭിമാനപൂര്‍വ്വം തലകുലുക്കും. 'എനിക്ക്  ഡോ. ബാര്‍തിനെപ്പോലെ വലിയൊരു ഡോക്ടറാകണം'.-മകള്‍ അവളുടെ പുതിയ കൗതുകം ഡോക്ടറെ അറിയിച്ചു.

'എന്നെപ്പോലെയോ. എന്നെ പോലെ ആവുകയേ വേണ്ട. എന്റെ മക്കളോടും ഞാനതാണ് പറയുന്നത്'. അദ്ദേഹം പൊട്ടിച്ചിരിച്ചു.

പിന്നെ അവളെ കണ്ടപ്പോഴൊക്കെ 'ആഹാ വളര്‍ന്നല്ലോ. വേഗം തന്നെ ഡോക്ടറായി നീ ഈ ആശുപത്രിയിലേക്ക് വരുമെന്ന് തോന്നുന്നു'. എന്ന് തമാശ പറയും.
 

ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!

രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!

മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍

നാലാം ഭാഗം: അരികെ നില്‍ക്കുന്നത് മരണമാണോ?
 

അടുത്ത ഭാഗം നാളെ

(കടപ്പാട്: സംഘടിത മാസിക)

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ