Latest Videos

2000 വര്‍ഷം പഴക്കമുള്ള മമ്മിയുടെ തലച്ചോറിന്റെ ഭാഗങ്ങള്‍ ഇപ്പോഴും പഴയതുപോലെ

By Web DeskFirst Published Apr 29, 2016, 11:11 AM IST
Highlights

ഹൈദരാബാദ്: 2000 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മിയുടെ തലച്ചോറിന്റെ പലഭാഗങ്ങളും മരിക്കുന്ന സമയത്ത് എങ്ങനെയായിരുന്നോ അതുപോലെതന്നെ നിലനില്‍ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. മമ്മിയുടെ മസ്തിഷ്കത്തിന്റെ നാലില്‍ ഒരുഭാഗം ഇപ്പോഴും തലയോട്ടിക്കകത്ത് അതുപോലെതന്നെയുണ്ട്. ഇതിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് തെലുങ്കാന സര്‍ക്കാരിന്റെ കീഴിലുള്ള പുരാവസ്തു സംരക്ഷണ വിഭാഗം കണ്ടെത്തിയത്. പരിശോധനയില്‍ മ്മിയുടെ വാരിയെല്ലു തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ മസ്ത്കിഷത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

നിലവില്‍ രാജ്യത്തുള്ള ആറു മമ്മികളില്‍ ഒന്നാണിത്. ഈജിപ്ഷ്യൻ രാജകുമാരി നിഷുഷുവിന്റേതാണ് ഈ മമ്മി. 1920ലാണ് ഹൈദരാബാദിന്റെ ആറാമത്തെ ഭരണധികാരിയായ നിസാം മിര്‍ മെഹബൂബ് അലി ഖാന്‍ മമ്മി ഇന്ത്യയിലെത്തിച്ചത്. 1930ല്‍ അദേഹത്തിന്റെ മകനായ നിസാം മിര്‍ ഉസ്മാന്‍ അലിഖാന്‍ ഇത് മ്യൂസിയത്തിനു കൈമാറുകയായിരുന്നു. ബിസി 300നും ബിസി 100നു ഇടയില്‍ 16ാം വയസിലാണ് നിഷുഷു രാജകുമാരി മരിച്ചതെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാല്‍ മമ്മികളില്‍ അപൂര്‍വമായി മാത്രം നടത്തുന്ന സിടി സ്കാനിലൂടെയുും എക്സറേ പരിശോധനകളിലൂടെയും നിഷുഷു രാജകുമാരിക്ക് മരിക്കുമ്പോള്‍ 25 വയസുണ്ടായിരുന്നുവെന്ന് പുരാവസ്തു വിഭാഗം സ്ഥിരീകരിച്ചു.

പുരാവസ്തുവകുപ്പിന്റെ പരിശോധനയിലും സിടി സ്കാനിലും മമ്മിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും നട്ടെല്ലിന് സ്ഥാനചലനം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് എല്ലുകള്‍ക്കോ തലയോട്ടിക്കോ പല്ലിനോ കേടുപാടൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നറിയാനായി ബ്രിട്ടീഷ് മ്യൂസിയവുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ കൈവശം ഇത്തരംസംഭവങ്ങളുടെ രേഖകളൊന്നുമില്ലെന്ന് മ്യൂസിയം ഡയറക്ടര്‍ എന്‍ വിശാലാക്ഷി പറഞ്ഞു.

അന്തരീക്ഷ താപനിലയിലെ വ്യതിയാനവും അതുമൂലമുണ്ടാകുന്ന സുക്ഷ്മജീവികളുടെ ആക്രമണവുമാണ് മമ്മിയുടെ നാശത്തിന് ഇടയാക്കിയതെന്ന് പദ്ധതിയുടെ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ ഉപദേശകനായ വിനോദ് ഡാനിയേല്‍ പറഞ്ഞു. മമ്മിയുടെ സംരക്ഷണത്തിനായി കേടുവന്ന ഭാഗങ്ങള്‍ ലോഹകവചം കൊണ്ട് പൊതിഞ്ഞ് ഓക്സിജന്‍രഹിത ലോഹകൂടിലേക്ക് മാറ്റാനാണ് പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സൂഷ്മ ജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്.

 

click me!