
താൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ ജനങ്ങൾക്ക് കൊടുക്കുന്ന വാഗ്ദാനങ്ങളെപ്പറ്റി എട്ടുവയസ്സുകാരിയെഴുതിയ കുറിപ്പ് വൈറലാവുന്നു. അമ്മയോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വേണ്ടി കാത്തിരിക്കവേ, മേശപ്പുറത്തുണ്ടായിരുന്ന പിസാ മെനുവിന്റെ പിൻവശത്ത് പർപ്പിൾ ക്രയോൺസ് കൊണ്ടാണ് അവള്‍ കുറിപ്പെഴുതിയത്.
താഴെപ്പറയുന്നവയാണ് ആ കൊച്ചുകുഞ്ഞിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ
1. എല്ലാവർക്കും സൗജന്യ ചികിത്സ
2. എല്ലാവർക്കും വീട്
3. ഒരാൾക്കും വിശന്നിരിക്കേണ്ടി വരില്ല
4. എല്ലാവർക്കും സ്വാഗതം
5. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിചരണം
6. എല്ലാവർക്കും വിദ്യാഭ്യാസം
7. കൃഷിക്കാർക്ക് നല്ല പ്രതിഫലം
8. എല്ലാവരോടും സഹാനുഭൂതിയോടുള്ള പെരുമാറ്റം
9. ലൈബ്രറികളിൽ പുസ്തകം തിരിച്ചേൽപ്പിക്കാൻ വൈകിയാൽ ചുമത്തുന്ന ഫൈനിൽ ഇളവ്
10. എല്ലാകുട്ടികൾക്കും അവർക്കിഷ്ടമുള്ളത് ആവാനുള്ള സ്വാതന്ത്ര്യം
കുട്ടിയുടെ അമ്മയാണ് Allison Crapo എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നും ഈ വാഗ്ദാനങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്തത്. കുട്ടിയുടെ നിഷ്കളങ്കതയെയും സഹാനുഭൂതിയെയും സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
"നമ്മുടെ പ്രസിഡന്റായിരുന്ന ബഫൂണിനേക്കാൾ നന്നായി ആ സ്ഥാനത്തിന്റെ കർത്തവ്യങ്ങൾ അറിയാവുന്ന എട്ടുവയസ്സുകാരിയെ അടുത്ത പ്രസിഡന്റായി നോമിനേറ്റ് ചെയ്യുന്നു' എന്നാണ് ഒരാൾ തന്റെ ട്വീറ്റിൽ കുറിച്ചത്.