
ചെറിയ ചില കരുതലുകള്‍ മതി വലിയ ആശ്വാസവും സന്തോഷവും കൊണ്ടുവരാന്‍. ഇവിടെ വിശാല്‍ എന്ന യുവാവിനും സുഹൃത്തിനും കരുതല്‍ കൊണ്ട് ആശ്വാസമേകിയത് ഇന്ത്യന്‍ റെയില്‍വേ ആണ്. അതും ഒറ്റ ട്വീറ്റിലൂടെ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം, വിശാല്‍ എന്ന യുവാവാണ് തന്‍റെ ഒരു കൂട്ടൂകാരിക്ക് സഹായമെത്തിക്കാനായി ട്വീറ്റ് ചെയ്തത്. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധ നേരിട്ട് ട്വീറ്റിലൂടെ ക്ഷണിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ആര്‍ത്തവമെത്തിയ തന്‍റെ സുഹൃത്തിന് വയറുവേദനയ്ക്കുള്ള ഗുളികകളും സാനിറ്ററി പാഡുകളും എത്തിക്കാമോ എന്നായിരുന്നു വിശാലിന്‍റെ ട്വീറ്റ്. വിശാലിന്‍റെ ട്വീറ്റ് കാണുക മാത്രമല്ല റെയില്‍വേ ചെയ്തത് ആവശ്യമുള്ള സഹായമെല്ലാം എത്തിക്കുകയും ചെയ്തു.
ബംഗളൂരു ബല്ലാരി ഹോസ്പെട്ട് ട്രെയിനിലായിരുന്നു വിശാലിന്‍റെ സുഹൃത്ത് സഞ്ചരിച്ചുകൊണ്ടിരുന്നത്. ട്രെയിന്‍ വിട്ടയുടനെ ആര്‍ത്തവമായി. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ എടുക്കുന്നത് രാത്രി 10.15 നാണ്. ബല്ലാരിയിലെത്തുന്നത് പിറ്റേന്ന് രാവിലെ 9.40നും.
ബല്ലാരിയിലേക്കുള്ള യാത്രക്കിടെ തനിക്ക് പ്രതീക്ഷിക്കാതെ ആര്‍ത്തവമുണ്ടായതായി അവള്‍ വിശാലിനെ അറിയിക്കുകയായിരുന്നു. കലബുര്‍ഗിയിലുള്ള വിശാല്‍ ഹൈദ്രാബാദിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. സുഹൃത്തിന്‍റെ അവസ്ഥ മനസിലായതോടെ ഇന്ത്യന്‍ റെയില്‍വേ സേവയില്‍ നിന്ന് സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു.
11 മണിക്ക് ട്രെയിന്‍ യശ്വന്ത്പൂര്‍ വിടുമ്പോഴാണ് വിശാല്‍ ട്വീറ്റ് ഇടുന്നത്. '' ഇത് ഒരു അടിയന്തിരാവശ്യമാണ്. എന്‍റെ ഒരു സുഹൃത്ത് .... (ട്രെയിന്‍ നമ്പര്‍, കോച്ച്, സീറ്റ് നമ്പര്‍) യാത്ര ചെയ്യുന്നു. അവള്‍ക്ക് അത്യാവശ്യമായി മെഫ്താല്‍ ഗുളികയും സാനിറ്ററി നാപ്കിനും ആവശ്യമാണ് '' എന്നായിരുന്നു ട്വീറ്റ്.
റെയില്‍വേയുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. രാത്രി 11. 06 ന് ഒരു ഓഫീസര്‍ വിശാലിന്‍റെ സുഹൃത്തിന്‍റെ അടുത്തെത്തുകയും എന്തൊക്കെയാണ് അവള്‍ക്ക് വേണ്ടതെന്നും മറ്റും ചോദിച്ചറിഞ്ഞ് പോവുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിക്ക് ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ മൈസൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ അവള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. വിശാല്‍ പറയുന്നു.
പാഡുകളും ഗുളികകളുമാണ് ഉദ്യോഗസ്ഥരെത്തിച്ചു നല്‍കിയത്. മറ്റൊരു ട്വീറ്റിലൂടെ വിശാല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 138 ല്‍ വിളിക്കുകയോ ട്വിറ്ററിലൂടെയോ കാര്യങ്ങളറിയിച്ചാല്‍ സഹായത്തിന് റെയില്‍വേയുണ്ടാകുമെന്ന് ഉദ്യോഗസ്ഥരും പറയുന്നു.