മയക്കുമരുന്ന് ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കും, ആംബുലൻസ് ഡ്രൈവർമാരോട് സൈറൺ മുഴക്കരുതെന്ന് ഇറ്റാലിയൻ മാഫിയ

By Web TeamFirst Published Feb 4, 2021, 1:00 PM IST
Highlights

ഇനി മാഫിയയുടെ ഭീക്ഷണിയ്ക്ക് വഴങ്ങി സൈറൺ നിർത്തിയാലോ, രോഗികളുടെ ബന്ധുക്കൾ വെറുതെ വിടുമോ? ചിലപ്പോൾ സൈറൺ മുഴക്കാതെ പോകുന്നതിന്റെ പേരിൽ വൈകിയായിരിക്കും ആശുപത്രിയിൽ എത്തുക.

ഇറ്റാലിയൻ മാഫിയ നേപ്പിൾസിലെ ആംബുലൻസ് ഡ്രൈവർമാരോട് സൈറണുകളും കറങ്ങുന്ന ലൈറ്റുകളും ഉപയോഗിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരിക്കയാണ്. അത് മയക്കുമരുന്ന് ഇടപാടുകാരെ ആശയക്കുഴപ്പത്തിലാക്കുന്നു എന്നതാണ് കാരണം. ഒച്ചയും ബഹളവും ഒക്കെ കേൾക്കുമ്പോൾ അവരെ പിന്തുടരുന്നത് പൊലീസാണെന്നവർ തെറ്റിദ്ധരിക്കും പോലും... കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും, സത്യത്തിൽ അത്ര നിസ്സാരമല്ല കാര്യം. ആംബുലൻസ് ഡ്രൈവർമാർക്കും സ്വന്തം ജീവനിൽ ഭയമുണ്ട്. ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ എങ്ങാനും അവർ സൈറണുകളും ലൈറ്റുകളും ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത് കുറ്റവാളികളുടെ ശ്രദ്ധയിൽ പെട്ടാൽ, കഥ തീർന്നത് തന്നെയെന്നാണ് പറയുന്നത്. പിന്നെ, ചിലപ്പോൾ ഡ്രൈവറുടെ ശവശരീരമായിരിക്കും ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരിക.  

കഴിഞ്ഞ ആഴ്ച ഒരു രോഗിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ഉദ്ദേശിച്ച് തിരക്കേറിയ റോഡിലൂടെ സൈറൺ മുഴക്കി പോയതിന് ഒരു ഡ്രൈവറെ രണ്ട് ഗുണ്ടാസംഘങ്ങൾ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ഒടുവിൽ ഭയന്ന് അയാൾ പിന്നീടുള്ള ദൂരം സൈറൺ അണച്ചിട്ടാണ് വണ്ടി ഓടിച്ചത്. ഈ സൈറണുകൾ കേൾക്കുമ്പോൾ പൊലീസ് വരുന്നതായി കരുതുന്നുവെന്നും, ഇത് കാരണം അവരുടെ ബിസിനസ് തടസ്സപ്പെടുന്നുവെന്നും, ഇത് ഉപഭോക്താക്കളെ ഭയപ്പെടുത്തുന്നുവെന്നും ഗുണ്ടാസംഘങ്ങൾ പറയുന്നു. പ്രാദേശിക മാഫിയകൾ ഇനി ഉപദ്രവിക്കാതിരിക്കാൻ നേപ്പിൾസിലെ ആംബുലൻസ് ഡ്രൈവർമാർ ഇപ്പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കയാണ്.  

മറ്റൊരു സന്ദർഭത്തിൽ, ഒരു മെഡിക്കൽ വർക്കർ സൈറൺ മുഴക്കി ആംബുലൻസ് ഓടിക്കുന്നതിനിടയിൽ, രണ്ടുപേർ ഒരു വലിയ മോട്ടോർ ബൈക്കിൽ വന്ന് വണ്ടി തടഞ്ഞതായി ടൈംസ് റിപ്പോർട്ട് ചെയ്തു. അവർ ആംബുലൻസിന്റെ വിൻഡോയിൽ അടിക്കുകയും, ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ഇവിടെ സൈറൺ ഉപയോഗിക്കാൻ പാടില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ? അത് ഓഫ് ചെയ്യ് അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ വെടിവച്ചുകൊല്ലും’ അവരിൽ ഒരാൾ മുന്നറിയിപ്പ് നൽകി. സംഭവത്തിനുശേഷം, പരിഭ്രാന്തനായ മെഡിക്കൽ വർക്കർ പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിലേക്ക് പോയത്.  

ഇനി മാഫിയയുടെ ഭീക്ഷണിയ്ക്ക് വഴങ്ങി സൈറൺ നിർത്തിയാലോ, രോഗികളുടെ ബന്ധുക്കൾ വെറുതെ വിടുമോ? ചിലപ്പോൾ സൈറൺ മുഴക്കാതെ പോകുന്നതിന്റെ പേരിൽ വൈകിയായിരിക്കും ആശുപത്രിയിൽ എത്തുക. അതിന്റെ പേരിൽ രോഗികൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആംബുലൻസ് ജീവനക്കാർക്ക് അടി കിട്ടുന്നത് രോഗിയുടെ ബന്ധുക്കളിൽ നിന്നുമായിരിക്കും. ഒരു ദശലക്ഷം ആളുകൾ താമസിക്കുന്ന അവിടെ ആകെയുള്ളത് 17 ആംബുലൻസുകളാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, നേപ്പിൾസിൽ 300 ആക്രമണ സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നേപ്പിൾസിലെ മാഫിയക്കെതിരെയുള്ള പോരാട്ടം കാര്യമായി പരിഗണിക്കണമെന്ന് പ്രാദേശിക എംപിയായ അലസ്സാൻഡ്രോ അമിത്രാനോ സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമത്തിന് അതീതരാണെന്ന് വിശ്വസിക്കുന്ന ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും, ആംബുലൻസ് ഡ്രൈവർമാർക്ക് അധിക പരിരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

click me!