അച്ചടക്കനടപടിയെ പേടിച്ച് നിശബ്ദമാകുന്ന ഒരു സമൂഹം ക്രിസ്തുവിന്റെ സഭയല്ല

By Web TeamFirst Published Sep 22, 2018, 6:25 PM IST
Highlights

ഒന്നിന്റെയും കാര്യകാരണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കാതെ എല്ലാ പ്രതിസന്ധികൾക്കും വിശ്വാസിയെ പ്രതികൂട്ടിൽ നിർത്തി അധികാരി ഏകപക്ഷിയമായി പുറപ്പെടുവിക്കുന്ന വിശദീകരണങ്ങളും, തീർപ്പുകളും, മാർഗ്ഗനിർദ്ദേശങ്ങളും വരും കാലം ഉൾക്കൊണ്ടെന്ന് വരില്ല. 

സഭ ദരിദ്രന്റേതും ദുർബലന്‍റേതുമെന്ന് ബോധ്യപ്പെടുത്താൻ സഭയ്ക്ക് ഒരു പുനർജ്ജന്മം തന്നെ വേണ്ടിവരും. എത്രയാണ് സഭയെന്ന സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ആസ്തി! വെറുതെയൊന്ന് ചിന്തിച്ചാൽ മതി- സഭയെന്ന സ്ഥാപനം മനസ്സുവെച്ചാൽ നവകേരളസൃഷ്ടി തന്നെ എത്ര സുഗമായിരിക്കുമെന്ന്. പണപ്പിരിവ് പോലും വേണ്ട, നിലവിൽ ഉള്ള ആസ്തികൾ ഇല്ലാത്തവനുമായി പങ്കുവെക്കാൻ ഒരു മനസ്സുണ്ടായാൽ മാത്രം മതി.

പുറത്ത് പ്രതിഷേധത്തിന്‍റെ ശബ്ദത്തിന് തീവ്രത കൂടിവരികയാണ്. കേള്‍ക്കണമെങ്കില്‍ വാതിലുകളും ജാലകങ്ങളും അടച്ചിരുന്നാല്‍ പോരാ. അരമനകളുടേയും പള്ളിമേടകളുടേയും ജാലകങ്ങള്‍ തുറന്നിടണം, ഒരിക്കല്‍ വത്തിക്കാനില്‍ ഒരു മഹായിടയന്‍ ചെയ്തതുപോലെ. തെരുവ് കലുഷിതമാകുന്നുണ്ട്. ആട്ടിത്തെളിക്കപ്പെടാന്‍ ഇനി ഞങ്ങള്‍ നിന്നുതരില്ലെന്ന് അവര്‍ അലമുറയിടുന്നുണ്ട്. അവര്‍ തന്ന ആദരവും അനുസരണവും അജപാലകന്റെ 'ശുശ്രൂഷ'യ്ക്കായിരുന്നു. ഇനിമേല്‍ ഞങ്ങളുടെ ജീവിതങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്ന നിലയില്‍ വ്യക്തമായും ആടുകളുടെ ചൂരുപേറിയും അജപാലനം അനുഭവവേദ്യമാകുവോളം നിങ്ങൾക്ക് ആദരവില്ല എന്ന് കാലം വ്യക്തമായി പറഞ്ഞുതുടങ്ങി. ഇന്നോളം എല്ലാറ്റിനും പഴി പറഞ്ഞത് ജനത്തെയാണ്; ഇനിയെങ്കിലും അപചയങ്ങളുടെ കാര്യകാരണങ്ങൾ ആദ്യം ഉള്ളിൽ തന്നെ തേടിത്തുടങ്ങണം.

സഭ ഒരു സ്ഥാപനമല്ല, ക്രിസ്തീയമൂല്യങ്ങൾ ജീവിക്കുന്ന ഒരു സമൂഹമാണ്

ഒന്നിന്റെയും കാര്യകാരണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കാതെ എല്ലാ പ്രതിസന്ധികൾക്കും വിശ്വാസിയെ പ്രതികൂട്ടിൽ നിർത്തി അധികാരി ഏകപക്ഷിയമായി പുറപ്പെടുവിക്കുന്ന വിശദീകരണങ്ങളും, തീർപ്പുകളും, മാർഗ്ഗനിർദ്ദേശങ്ങളും വരും കാലം ഉൾക്കൊണ്ടെന്ന് വരില്ല. ഇന്നും ഒരു സാമ്രാജ്യത്വസ്ഥാപനമായി നിലകൊള്ളുന്ന സഭ തൊലിപ്പുറത്തെ ചികിത്സകൊണ്ട് സുഖപ്പെട്ടെന്ന് വരില്ല. തിരുത്തലുകൾ ആരംഭിക്കേണ്ടത് ഇങ്ങനെ ചില വഴികളിലാണ്:

- സഭ ഒരു സ്ഥാപനമല്ല, ക്രിസ്തീയമൂല്യങ്ങൾ ജീവിക്കുന്ന ഒരു സമൂഹമാണ് എന്ന് കാഴ്ച്ചപ്പാടിൽ പൊളിച്ചെഴുത്ത് കൂടിയേതീരൂ.
- സഭയെന്ന സമൂഹത്തിന്റെ അധികാരിയല്ല പുരോഹിതൻ ശുശ്രൂഷകൻ ആണെന്ന പഠനം സങ്കൽപ്പമായി നിർത്താതെ പ്രയോഗികമാക്കി കാണിക്കാൻ സഭ പുനർനവീകരണത്തിന്റെ നൂതന വഴികൾ തേടണം.
- ക്രിമിനലുകൾക്ക് പോലും വൈദികനാകാൻ കഴിയുന്ന രീതിയിൽ ആണ് നിലവിലെ സെമിനാരിപരിശീലനം എന്ന് കാലം തെളിയിച്ചു (ഉദാ: ബാംഗ്ലൂർ സെമിനാരി റെക്ടർ വധം, ബാലികാപീഡനങ്ങൾ, റെക്ടർ വൈദികവിദ്യാർത്ഥിയെ പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്, ബിഷപ്പിന്റെ സ്ത്രീപീഡനം....). അച്ചടക്കത്തിന്റെ മിലിട്ടറിക്രമവും മസ്തിഷ്ക്കകോരിക്കൊടുക്കലും (mental spoon feeding), അനുഷ്ഠാനങ്ങളുടെ കർമ്മവിധികൾ പഠിപ്പിക്കലും മാത്രമായി സെമിനാരിപരിശീലനം മാറിയയിടത്തിൽ നിന്നുതന്നെ തിരുത്തലുകൾ ആരംഭിക്കണം.

സഭ ദരിദ്രന്റേതും ദുർബലന്‍റേതുമെന്ന് ബോധ്യപ്പെടുത്താൻ സഭയ്ക്ക് ഒരു പുനർജ്ജന്മം തന്നെ വേണ്ടിവരും

- ഇത് നസ്രത്തിലെ തച്ചന്റെ സഭയാകാൻ സാമ്രാജ്യത്വഘടനയുടെ ഇന്നും പേറിനടക്കുന്ന വിഴുപ്പുകൾ സഭ മെല്ലെമെല്ലെ പൊഴിച്ചുകളഞ്ഞേ മതിയാകൂ (രാജകുമാരന്മാരും അരമനയും പള്ളിമേടയും ഷെവലിയറും ശുശ്രൂഷകൻ നടന്നുവരുന്ന വഴികളിലെ വരവേൽപ്പും പുഷ്പ്പവൃഷ്ടിയും.... അങ്ങനെ എത്രയെത്രെ ആഡംബര-അധികാര ചിഹ്നങ്ങൾ!).
- നിഷ്പക്ഷതയല്ല നിലപാടാണ് ക്രിസ്തീയതയെന്ന് സമൂഹത്തിന് കൃത്യമായി ബോധ്യപ്പെടണം. അച്ചടക്കനടപടിയെ പേടിച്ച് നിശബ്ദമാകുന്ന ഒരു സമൂഹം ക്രിസ്തുവിന്റെ സഭയല്ല; അത് മറ്റ് പലതുമാകാം.
- സഭ ദരിദ്രന്റേതും ദുർബലന്‍റേതുമെന്ന് ബോധ്യപ്പെടുത്താൻ സഭയ്ക്ക് ഒരു പുനർജ്ജന്മം തന്നെ വേണ്ടിവരും. എത്രയാണ് സഭയെന്ന സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ആസ്തി! വെറുതെയൊന്ന് ചിന്തിച്ചാൽ മതി- സഭയെന്ന സ്ഥാപനം മനസ്സുവെച്ചാൽ നവകേരളസൃഷ്ടി തന്നെ എത്ര സുഗമായിരിക്കുമെന്ന്. പണപ്പിരിവ് പോലും വേണ്ട, നിലവിൽ ഉള്ള ആസ്തികൾ ഇല്ലാത്തവനുമായി പങ്കുവെക്കാൻ ഒരു മനസ്സുണ്ടായാൽ മാത്രം മതി. പക്ഷെ ഈ പങ്കുവെപ്പിന്റെ മറുവശം മറ്റൊന്നുണ്ട്- അതിന് ശേഷം സഭ ഇന്നത്തെ സഭയാവില്ല, സ്വാധീനിക്കാൻ കഴിവില്ലാത്ത, രാഷ്ട്രിയ വിലപേശൽ നടത്താൻ ത്രാണിയില്ലാത്ത ഒരു വിശ്വാസസമൂഹമാകും. അത് ദുർബലന്റെ സഭയാകും. അത് നിലവിൽ സഭയെന്ന സ്ഥാപനത്തിന് താങ്ങാൻ ആവുന്നതിന് അപ്പുറമാണ്, ക്രിസ്തുവെന്ന വ്യക്തിയെ താങ്ങാൻ കഴിയാത്ത പോലെ.

പക്ഷേ, ഈ സമൂഹത്തിന് ഒരു നസ്രായൻ കൂടിയേതീരൂ; ആർക്കും കുത്തകയല്ലാത്ത ഒരു നസ്രായൻ.

click me!