Latest Videos

വയലും, പുഴയും, സ്നേഹമുള്ള മനുഷ്യരുമുണ്ടായിരുന്ന ആ നല്ല നാട് എവിടെ? രശ്മി സതീഷ് പാടുന്നു

By Web TeamFirst Published Sep 22, 2018, 1:54 PM IST
Highlights

നിറയെ വെള്ളമുള്ള പുഴയും, അതില്‍ നിറയെ മീനും, വയലും വയലില്‍ നിറയെ കതിരും ആ കതിരു കൊത്താനെത്തുന്ന കിളികളുമൊക്കെയാണ് കവിതയില്‍. ആരും കൊതിക്കുന്നൊരു നാടിനെ മുഴുവനതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ നരകച്ചൂടില്ലാത്ത, മഴ പെയ്യുന്ന കാലം. വീടുകള്‍ക്കൊന്നും മതിലുകളില്ലാത്ത എന്തിനും ഏതിനും അടുത്തുള്ളവരോടിയെത്തുന്ന ഒരു നാട്.

രശ്മി സതീഷിന്‍റെ ശബ്ദത്തിന് ഒരുതരം പൊള്ളലുണ്ട്. അത് നമ്മളെ വന്ന് വല്ലാതെ തൊട്ടിട്ടുപോകും. എന്താണോ പാടിപ്പറയാനുദ്ദേശിച്ചത് അതപ്പാടെ അനുഭവിപ്പിക്കും. രശ്മി സതീഷ് പാടിയ ഒരു പാട്ടാണ് നവമാധ്യമങ്ങളിലിപ്പോള്‍ വൈറലാവുന്നത്. 'പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ...' എന്ന് തുടങ്ങുന്ന പാട്ട് അത്രയേറെ തറച്ചുകയറും വിധമാണ് രശ്മി പാടിയിരിക്കുന്നത്. 

നിറയെ വെള്ളമുള്ള പുഴയും, അതില്‍ നിറയെ മീനും, വയലും വയലില്‍ നിറയെ കതിരും ആ കതിരു കൊത്താനെത്തുന്ന കിളികളുമൊക്കെയാണ് കവിതയില്‍. ആരും കൊതിക്കുന്നൊരു നാടിനെ മുഴുവനതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഈ നരകച്ചൂടില്ലാത്ത, മഴ പെയ്യുന്ന കാലം. വീടുകള്‍ക്കൊന്നും മതിലുകളില്ലാത്ത എന്തിനും ഏതിനും അടുത്തുള്ളവരോടിയെത്തുന്ന ഒരു നാട്. അന്നും പല മതമുണ്ടായിരുന്നു, നിന്‍റെ പടച്ചവനെന്നും എന്‍റെ പടച്ചവനെന്നും ഇല്ലായിരുന്നു. ആ നാട് ഇന്നെവിടെയാണ്? അത് മരിച്ചുപോയോ എന്നും കവിതയില്‍ ചോദിക്കുന്നു. 

പാട്ട് വന്ന വഴിയേ കുറിച്ചും രശ്മി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് യു.എ.ഇയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരന്‍ ഷംസുവാണ് പാട്ടിന്‍റെ ഓഡിയോ അയച്ചുതന്നത്. രചയിതാവിനെ അന്വേഷിച്ചിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഒരുപാട് പേര്‍ അതിനുശേഷം ഈ പാട്ട് പാടിയിട്ടുണ്ട്. പിന്നീട്, അന്ന് യു.എ.ഇയിൽ ഒരു എഫ്.എമ്മിൽ ക്രിയേറ്റീവ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഹാദ് വെമ്പായമാണ് ഇത് എഴുതിയത് എന്നും, സെബി നായരമ്പലം സംഗീതം ചെയ്തതാന്നും അറിയാൻ കഴിഞ്ഞുവെന്നും രശ്മി എഴുതിയിരിക്കുന്നു.

കവിത:
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ, പൊഴ നെറയെ മീനൊണ്ടാര്‍ന്നേ മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ, അന്നവിടൊരു വയലൊണ്ടാര്‍ന്നേ, വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ, കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ, ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ, മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ, മരമൂട്ടില്‍ കളിചിരി പറയാന്‍ ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ, നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്നേ, നരകത്തീച്ചൂടില്ലാര്‍ന്നേ, തീവെട്ടിക്കളവില്ലാര്‍ന്നേ, തിന്നണതൊന്നും വെഷമല്ലാര്‍ന്നേ, ഒരുവീട്ടിലടുപ്പ് പുകഞ്ഞാ മറുവീട്ടിലു പശിയില്ലാര്‍ന്നേ, ഒരു കണ്ണു കലഞ്ഞു നിറഞ്ഞാലോടിവരാന്‍ പലരുണ്ടാര്‍ന്നേ, നാടെങ്ങും മതിലില്ലാര്‍ന്നേ, നടവഴിയിടവഴി നൂറുണ്ടാര്‍ന്നേ, നാലുമണിപ്പൂവുണ്ടാര്‍ന്നേ, നല്ലോര്‍ ചൊല്ലിനു വിലയൊണ്ടാര്‍ന്നേ, അന്നും പല മതമുണ്ടാര്‍ന്നേ, അതിലപ്പുറമണ്‍പുണ്ടാര്‍ന്നേ, നിന്റെ പടച്ചോനെന്റെ പടച്ചോനെന്നുള്ളൊരു തല്ലില്ലാര്‍ന്നേ, ആ നാടിനെ കണ്ടവരുണ്ടോ, എങ്ങോട്ടത് പോയ് അറിവുണ്ടോ, ആ നാട് മരിച്ചേ പോയോ, അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ? അതൊ വെറുമൊരു കനവാരുന്നോ?

(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക് പേജ്, രശ്മി സതീഷ്)

click me!