കേരളത്തിലെ 'ഐഎസ്' അക്രമങ്ങളെ ആര് തടുക്കും?

By ജിമ്മി ജെയിംസ്First Published Jul 30, 2016, 8:54 AM IST
Highlights

കഴിഞ്ഞ ആഴ്ച ഒരു ചെറുപ്പക്കാരനെ ബസ് കാത്തുനില്‍ക്കേ ചിലര്‍ തല്ലി ഇഞ്ചപ്പരുവമാക്കി. പാലക്കാട് തൃത്താലയില്‍. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ കഥ എഴുതിയതായിരുന്നു പ്രകോപനം. അതേ പേരില്‍ ഒരു കഥാ സമാഹാരം പുറത്തിറങ്ങാനിരിക്കുകയുമായിരുന്നു.

പടച്ചോന്റെപേര് ഉപയോഗിക്കുമോടാ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. പത്രങ്ങളും ചാനലുകളും ആദ്യം സംഭവം ഗൗനിച്ചില്ല. പക്ഷെ നവമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി. എസ്എഫ്‌ഐ ജിംഷാറിന് പിന്തുണ പ്രഖ്യാപിച്ചു. തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം ആശുപത്രിയിലെത്തി. പക്ഷെ നാഴികക്ക് നാല്‍പതുവട്ടം സ്വാതന്ത്യം, ഫാസിസ്റ്റ് വിരുദ്ധം എന്നൊക്കെ പറയുന്ന ഒരൊറ്റ മുസ്ലിം സംഘടനയേയും ആ വഴിക്ക് കണ്ടില്ല. ഒറ്റവരി പ്രസ്താവന പോലും ഒരു നേതാവും ഇറക്കിയില്ല.

ജിംഷാറിന്‍േറത് പുസ്തകം വില്‍ക്കാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറയുന്നവരുണ്ട്. ഇനി അതാണ് സത്യമെന്ന് തന്നെ ഇരിക്കട്ടെ. ജിംഷാര്‍ പറയുന്നതാണ് ശരിയെങ്കില്‍ അതിനെ അപലപിക്കുന്നു എന്ന് പറയാമല്ലോ. കാരണം, നടന്നതായി ആരോപിക്കുന്നത് അതീവ ഗുരുതരമായ ഒരു കാര്യമല്ലേ? പക്ഷെ ആരും അനങ്ങിയില്ല.

 

ഇതാദ്യത്തെ സംഭവമല്ല. ഏഴ് മാസം മുന്‍പ് ഡിസംബര്‍ 26ന് കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ കത്തിച്ചു. കടയുടമ റഫീഖ്, വാട്ട് ഈസ് ഇസ്‌ലാം എന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകള്‍ തട്ടമിടുന്നതിനെ വിമര്‍ശിച്ചതായിരുന്നു പ്രകോപനം. അതും സമുദായ നേതാക്കളെല്ലാം കണ്ടില്ലെന്ന് നടിച്ചു.

മറ്റേതോ നാട്ടില്‍ നടക്കുന്ന ഐ എസിന്റെ ക്രൂരകൃത്യങ്ങളെ ഇവിടെയിരുന്ന് വിമര്‍ശിക്കും. വേണമെങ്കില്‍ സ്റ്റേജ് കെട്ടി, മൈക്ക് വച്ച് വിമര്‍ശിക്കും. പക്ഷെ നാട്ടില്‍ നടക്കുന്നതിനെതിരെ കമാന്നൊരക്ഷരം മിണ്ടില്ല. അപ്പോള്‍ ആ മൗനത്തിന്റെ പൊരുള്‍ എന്താണ്?

 

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളം അദ്ധ്യാപകന്റെ കൈവെട്ടിയടുത്തത് ഓര്‍മ്മയുണ്ടാവുമല്ലോ. എന്നാല്‍ കൈവെട്ടിന് മുന്‍പ് പല മുസ്ലിം സമുദായ സംഘടനകളും ചില മാധ്യമങ്ങളും ടി ജെ ജോസഫ് സാറിന്റെ  അറസ്റ്റിന് വേണ്ടി മുറവിളി കൂട്ടിയതോ? അറസ്റ്റ് പേടിച്ച് ഒളിവില്‍ പോയ അദ്ധ്യാപകന്റെ മകനെ പോലീസ് കൊല്ലാക്കൊല ചെയ്തതും ആരും ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

ചോദ്യപേപ്പറിലെ വ്യാകരണ ചിഹ്നങ്ങള്‍ക്കുള്ള ചോദ്യത്തില്‍ പടച്ചോനും മുഹമ്മദും തമ്മിലുള്ള സംഭാഷണത്തിലെ നായിന്റെ മോനെ എന്ന പ്രയോഗമായിരുന്നല്ലോ പ്രകോപനം. മുഹമ്മദ് വെറും ഒരു പേരാണെന്ന് പറഞ്ഞിട്ട് ആരും സമ്മതിച്ചില്ല. വ്യാകരണം പഠിപ്പിക്കുമ്പോള്‍ 'രാമന്‍ പാമ്പിനെ കൊന്നു' എന്ന ഉദാഹരണം ദൈവമായ ശ്രീരാമനെ ഉദ്ദേശിച്ചല്ലല്ലോ എന്ന ലളിതമായ യുക്തിയും ആരും കേട്ടില്ല. ജോസഫ് സാറിന്റെ ചോരയ്ക്കായിരുന്നു മുറവിളി. ഒടുവില്‍ ഒരു സംഘം തീവ്രവാദികള്‍ അതുചെയ്തപ്പോള്‍ കാര്യം മാറി. എല്ലാവരും കളം മാറ്റി ചവിട്ടി.

ജോസഫ് സാറിന്റെ ചോരയ്ക്കായിരുന്നു മുറവിളി. ഒടുവില്‍ ഒരു സംഘം തീവ്രവാദികള്‍ അതുചെയ്തപ്പോള്‍ കാര്യം മാറി. എല്ലാവരും കളം മാറ്റി ചവിട്ടി.

ഇപ്പോഴും സ്വകാര്യ സംഭാഷണങ്ങളില്‍  ജോസഫ് സാറിനോട് ചെയ്തത് മാത്രമല്ല ജോസഫ് സാര്‍ ചെയ്തതും ശരിയായില്ലെന്ന് പറയുന്ന മതനേതാക്കളെ എനിക്കറിയാം. ഇവരാണ് എംഎഫ് ഹുസൈന്‍  ഹിന്ദുതീവ്രവദികളെ പേടിച്ച് നാടുവിട്ടതില്‍ കണ്ണീരൊഴുക്കിയത്.  അദ്ദേഹത്തിന്റെ ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ നശിപ്പിച്ചതിനെ അപലപിച്ചത്. ഇവരുടെ അസഹിഷ്ണുത അറിയാവുന്നതുകൊണ്ടാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തിയവരെ പോര്‍ക്ക് ഫെസ്റ്റിവല്‍ കൂടി നടത്താന്‍ സംഘികള്‍ വെല്ലുവിളിച്ചത്. (ആ ആവശ്യത്തിന് ഒരു പ്രസക്തിയും ഇല്ലാതിരുന്നിട്ടും)

ബീഫ് വിവാദം കത്തിനിന്ന സമയത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ 'പോയിന്റ് ബ്ലാങ്കില്‍' കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോട് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വന്തം മതം പ്രചരിപ്പിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും നല്‍കേണ്ടതല്ലേ എന്ന് ചോദ്യമുണ്ടായി. അത് പറ്റില്ലെന്നായിരുന്നു മറുപടി. കാരണം അവിടുത്തെ ഭരണഘടന അങ്ങനെയാണത്രെ.

ഇപ്പോള്‍ വിവാദത്തിലായ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ, ഇതേ ചോദ്യത്തിനുള്ള മറുപടി, ഒന്നും ഒന്നും മൂന്നാണെന്ന് പറയുന്ന കുട്ടിയെ നമ്മള്‍ തിരുത്തുമോ അതോ അത് അംഗീകരിക്കുമോ എന്നായിരുന്നു!!!

മതതീവ്രവാദികള്‍ ഒന്നേ ഉള്ളു. ഹിന്ദു തീവ്രവാദിയും മുസ്ലിം തീവ്രവാദിയും ഇല്ല.

click me!