ഒരു മഴ കാടായ വിധം!

Published : Jul 29, 2016, 04:07 PM ISTUpdated : Oct 05, 2018, 12:42 AM IST
ഒരു മഴ കാടായ വിധം!

Synopsis

'ഹം സഫര്‍ തു ഹേ മെരാ
സാഥ് ചോടൂ ന തേരാ...' 

കാറിനുള്ളിലെ ഗസലിനൊപ്പിച്ച് പുറത്ത് മഴ, പാട്ട്. പ്രണയ ദിനങ്ങള്‍ വലിയ തുള്ളികളായി ഓര്‍മ്മ ചില്ലില്‍ വന്ന് പതിച്ച് തെറിച്ചു പോയി. സെന്റ് ഏലിയാസ് മലനിരകളുടെ സൗന്ദര്യ ലഹരിയില്‍ മുഴുകി, നിത്യഹരിത വനത്തിന് നടുവിലൂടെ പാതിരാസൂര്യന്റെ നാട്ടിലേക്കുള്ള യാത്രയില്‍ പ്രണയവും മഴയും തോരാതെ പെയ്യുകയാണ്. 

അലാസ്‌കയില്‍ നിന്ന് കാനഡയിലെ യുകോണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ വൈറ്റ്‌ഹോര്‍സിലേക്കാണ് ഞങ്ങളുടെ യാത്ര. മഴ വെള്ളം ഒലിച്ചിറങ്ങുന്ന ഹെയര്‍പിന്‍ വളവുകളിലൂടെ കാട്ടിലെ മഴയെ നോക്കി രസിച്ചിരിക്കുകയാണ്. കാടിന് മാത്രം അറിയുന്ന മഴപ്പാട്ട് കേള്‍ക്കാന്‍ കൊതിച്ച്. പ്രത്യേക താളത്തിലും ഈണത്തിലുമാണ് മഴയുടെ തുടികൊട്ട്.  ഈണമറിഞ്ഞ് താളം പിടിക്കുന്ന കാറ്റും, പൈന്‍, സ്പ്രൂസ്ബിര്‍ച്ച് മരങ്ങളുടെ ഇലകളും. എനിക്കത് കാണാം... ആ സന്തോഷ പെരുമ!

മലമുകളിലെ ഐസ് ഉരുകി വെള്ളപൊക്കത്തിനുള്ള സാധ്യത കൂടുതലാണെന്ന വാര്‍ത്ത രാവിലെ പുറപ്പെടുമ്പോള്‍ കേട്ടിരുന്നെങ്കിലും  അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കൈയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പോരായിരുന്നു. എപ്പോഴും പുറംലോകത്ത് നിന്ന് 'ഔട്ട് ഓഫ് റേഞ്ചായിട്ടാണല്ലോ യാത്രകള്‍. ഇതും അതെന്നെ സ്ഥിതി, പുതുമയില്ല. അതൊന്നും ആലോചിക്കാതെ  കൊതിപ്പിക്കുന്ന, കാട്ടിലെ മഴയെനിക്ക് നനയണം. നനഞ്ഞാല്‍ പോരാ മണക്കണം!

സ്പ്രൂസും ബിര്‍ച്ചും കത്തി കരിഞ്ഞ കുറ്റികളായി നില്‍ക്കുന്നു. പണ്ടെങ്ങോ കത്തിയതിന്റെ ദൃശ്യങ്ങളാണ്. ജീവന്‍ ചോര്‍ന്ന് കരിഞ്ഞവയെല്ലാം ഒരിക്കല്‍ ഭൂമിയുടെ സമ്പത്തായിരുന്നു. ചിലയിടത്ത് വീണു കിടക്കുന്ന മരങ്ങള്‍ക്ക് ചുറ്റും പുതു ജീവന്റെ തുടിപ്പുകള്‍.

കാട്ടിലെ മഴയ്‌ക്കൊരു മദിപ്പിക്കുന്ന മണമുണ്ട്. മണ്ണിന്റെ മാദക ഗന്ധം... എനിക്കതാണ് മണക്കേണ്ടത്. ആവശ്യം ശക്തമായിരുന്നു. കൂടെയുള്ളയാള്‍ ഇതൊക്കെയെത്ര കേട്ടാതായെന്ന ഭാവത്തില്‍ കാറോടിക്കുന്നു. 'ഗ്ലാസ് താഴ്ത്തിയിട്ട് മണത്തോ... ഫ്‌ലഡ് വാണിംഗിന്റെ അപ്‌ഡേറ്റ് എന്താണെന്ന് അറിയില്ല'. മഴ മണക്കാന്‍ ഗ്ലാസ് താഴ്ത്തി ഞാന്‍ തല പുറത്തേക്ക് നീട്ടി... എനിക്കറിയുന്ന കാടിന്റെ മണമല്ല, എരിയുന്ന വിറകടുപ്പില്‍ വെള്ളമൊഴിച്ചത് പോലെ... കാട് കത്തി കരിയുന്ന മണം!

ബ്ലോഗിലും, ഏഷ്യാനെറ്റ് ദേശാന്തരത്തിലും പ്രസിദ്ധീകരിച്ച 'കാടെരിയുമ്പോള്‍' എന്ന പോസ്റ്റ് എഴുതുമ്പോള്‍ കുറെ ദൂരെ ഞാന്‍ കാണാത്തൊരിടത്ത് ഏക്കറു കണക്കിന് കാടിനെയും ഒരു നഗരത്തേയും അഗ്‌നി വിഴുങ്ങുകയായിരുന്നു. കാട്ടുതീയെ കുറിച്ച് അവിടെനിന്ന് കിട്ടിയ റിപ്പോര്‍ട്ടുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലെഴുതിയ കുറിപ്പ്. രണ്ട് മാസങ്ങള്‍ക്ക് ശേഷം അതനുഭവിക്കാന്‍ 5500 കിലോമീറ്റര്‍ അകലെ മറ്റൊരു കാട്ടിലെത്തണമെന്നത് നിയോഗമായിരിക്കാം.

ആറു ദിവസത്തെ വേനലവധിക്ക് തിരഞ്ഞെടുത്തത് കാനഡയുടെ അങ്ങേയറ്റത്ത് കിടക്കുന്ന യുകോണ്‍ ടെറിട്ടറിയാണ്. യുകോണിന്റെ തലസ്ഥാനമായ വൈറ്റ്‌ഹോര്‍സ് വരെയെത്തിയത് ഏഴ് മണിക്കൂര്‍ നീളുന്ന വിമാനയാത്രക്ക് ശേഷം. പിന്നെ മൂവായിരം കിലോമീറ്റര്‍ കാറില്‍ അലാസ്‌കയിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമൊരു റോഡ് ട്രിപ്പ്. 

അലാസ്‌കയില്‍ നിന്ന് തിരികെ വരുന്നത് ക്ലോണ്ടിക് ഹൈവേയിലൂടെയാണ്. ചാറ്റല്‍ മഴയ്ക്ക് ശക്തി കൂടിയത് കാനഡയുടെ അതിര്‍ത്തിയില്‍ വച്ചാണ്. കാറില്‍ ഞാനിരിക്കുന്ന ഭാഗത്തെ ചില്ല് താഴ്ത്തിയപ്പോഴാണ് പുറത്തെ കരിഞ്ഞ മണം കാറിനുള്ളിലെത്തിയത്. വേഗത കുറച്ച് കാടിനെ നോക്കി..മരങ്ങളുടെ പച്ചപ്പുണ്ട്. ഒപ്പം, വിറകെരിയുന്ന മണം. മുന്നോട്ട് പോകവേ മുമ്പെഴുതിയ വരികളെല്ലാം മുന്നില്‍ വന്നുനിന്നു കത്തി. 

സ്പ്രൂസും ബിര്‍ച്ചും കത്തി കരിഞ്ഞ കുറ്റികളായി നില്‍ക്കുന്നു. പണ്ടെങ്ങോ കത്തിയതിന്റെ ദൃശ്യങ്ങളാണ്. ജീവന്‍ ചോര്‍ന്ന് കരിഞ്ഞവയെല്ലാം ഒരിക്കല്‍ ഭൂമിയുടെ സമ്പത്തായിരുന്നു. ചിലയിടത്ത് വീണു കിടക്കുന്ന മരങ്ങള്‍ക്ക് ചുറ്റും പുതു ജീവന്റെ തുടിപ്പുകള്‍. എന്നാലും ഏക്കറോളം കാട് പച്ച പിടിച്ചിട്ടില്ല. ആരോടൊക്കെയോ പ്രതിഷേധിക്കുന്നത് പോലെ കാട് പിണങ്ങി പിന്തിരിഞ്ഞ് നില്‍ക്കുന്നു. ദൂരെയെവിടെയോ, ഞങ്ങളുടെ കണ്ണുകള്‍ക്ക് കാണാനാവാത്ത സ്ഥലത്ത് ചെറിയൊരു കാട്ടുതീ പുതിയതായി ഉണ്ടായിട്ടുണ്ടാകും. ആകാശത്ത് ഹെലിക്കോപ്റ്ററിന്റെ മുരള്‍ച്ച കേട്ടപ്പോള്‍ സംഗതി ഉറപ്പായി.  

ഹൈവേയോട് ചേര്‍ന്ന തടാക കരയില്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി. കാറില്‍നിന്നിറങ്ങി കാലു കുത്തിയതൊരു ദുരന്ത ഭൂമിയിലാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. കാടിനുള്ളിലേക്ക് നീണ്ടു കിടക്കുന്ന മരപ്പാലം കണ്ടപ്പോള്‍ അതിലൂടെ നടന്നു നോക്കിയതാണ്. സോപ്പ് ബെറികള്‍ കായ്ച്ച് നില്‍ക്കുന്നതിനിടയിലൂടെ നടന്ന് ഞങ്ങളെത്തിയത് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളിലേക്കാണ്. മഴ നനഞ്ഞ് ആ സ്മാരക ഫലകങ്ങളിലെഴുതിയത്  വായിക്കുമ്പോള്‍ ദേഹമാസകലം ചുട്ടുപൊള്ളുന്നത് പോലെ. 

വെള്ള സ്പ്രൂസ് മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന കാട് ഇപ്പോള്‍ കറുത്തിട്ടാണ്. അന്ന് കാട്ടുതീ അണക്കാനെത്തിയ നാല് ഓഫീസര്‍മാര്‍ തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷനേടാനായി തണുത്ത തടാകത്തിലേക്ക് എടുത്തുചാടി. തിരിച്ചു കയറാനാകാതെ അവരതില്‍ തണുത്ത് വിറങ്ങലിച്ചു പോയി.

1998ല്‍ നടന്ന ദുരന്തത്തിന് പതിനെട്ട് വയസ്സായി... തളിര്‍ത്ത് നില്‍ക്കുന്ന ഇളം മരങ്ങള്‍ പടര്‍ന്ന് പന്തലിക്കാന്‍ ഇനിയെത്രകാലം കഴിയണം. ഏതോ ഒരാളുടെ അശ്രദ്ധയില്‍ കത്തിപ്പോയത് 45,000 ഹെക്ടര്‍ വനഭൂമിയാണ്. ക്യാമ്പ്ഫയര്‍ നന്നായി അണക്കാതെ പോയവര്‍ അറിഞ്ഞിരുക്കുമോ ഈ ദുരന്തം? 

നൂറും ഇരുന്നൂറും വര്ഷം പഴക്കമുള്ള മരങ്ങളെ ചരമാക്കാന്‍ കാറ്റിനും അധിക സമയമൊന്നും വേണ്ടി വന്നില്ല. വെള്ള സ്പ്രൂസ് മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന കാട് ഇപ്പോള്‍ കറുത്തിട്ടാണ്. അന്ന് കാട്ടുതീ അണക്കാനെത്തിയ നാല് ഓഫീസര്‍മാര്‍ തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷനേടാനായി തണുത്ത തടാകത്തിലേക്ക് എടുത്തുചാടി. തിരിച്ചു കയറാനാകാതെ അവരതില്‍ തണുത്ത് വിറങ്ങലിച്ചു പോയി. മൂന്ന് മില്യണ്‍ ഡോളറാണ് തീ കെടുത്താന്‍ അന്ന് സര്‍ക്കാറിന് ചിലവായത്. താളംതെറ്റിയ പരിസ്ഥിതിയെ എന്ത് വിലകൊടുത്താലാണ് തിരിച്ച് കിട്ടുക.

കാടിന്റെ മക്കളായ ഫസ്റ്റ് നേഷന്‍സിന്റെയും പരിസ്ഥിതിവാദികളുടെയും സംരക്ഷണത്തിലാണ് ഈ സ്ഥലം. അവരുടെ കണക്ക് പ്രകാരം കാട് കാടാവാന്‍ അമ്പതുവര്‍ഷമോ അതിലധികമോ വേണ്ടി വരുമെന്നാണ്. പുതിയ മരങ്ങള്‍ വച്ച് പിടിപ്പിച്ചും, തളിര്‍ക്കുന്നവയെ അതീവ ശ്രദ്ധയോടെ പരിപാലിച്ചും അവര്‍ ആരുടെയോ തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയാണ്. ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായി ജാഗ്രതയോടെ കാവലിരിക്കുന്നു. 

മഴയുടെ ആരവം ശമിച്ചു... മൂക്കടഞ്ഞ്, ചെവികള്‍ കൊട്ടിയടച്ച്, മഴ നനഞ്ഞ വഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ ഉള്ളിലുണ്ടായിരുന്ന മഴ കൊതിക്ക് മേല്‍ കറുപ്പ് നിറം പടര്‍ന്നിരുന്നു.  

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം