ചിരി ആരോഗ്യത്തിന് ഹാനികരം  (പെണ്ണുങ്ങള്‍ക്കു മാത്രം)

Published : Jan 27, 2018, 04:10 PM ISTUpdated : Oct 04, 2018, 06:36 PM IST
ചിരി ആരോഗ്യത്തിന് ഹാനികരം  (പെണ്ണുങ്ങള്‍ക്കു മാത്രം)

Synopsis

മീന്‍ കിട്ടിയില്ലെന്ന് കരുതി ആരും ഫെമിനിസ്റ്റായ ചരിത്രമില്ലെന്നതാണ് പൂച്ചകളുടെ വാദം. ആചാരങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും വേലിക്കെട്ടുകള്‍ നീക്കി മാറ്റി, എല്ലാ സ്വാതന്ത്ര്യത്തോടും നില്‍ക്കുന്ന ഒരു പെണ്ണിനോട് ചോദിച്ചാല്‍ ഉറപ്പായും അവള്‍ക്കുണ്ടാകും ഒരു വറുത്ത മീനിന്റെയോ ഉറക്കെ ചിരിക്കാന്‍ അവകാശമില്ലാതിരുന്നതിന്റെയോ, മരം കേറാന്‍ പാടില്ലാത്തതിന്റെയോ, തീണ്ടാരി കുളിക്കാതെ സ്വന്തം വീടിന്റെ ഉമ്മറം കാണാന്‍ അനുവദിക്കാതിരുന്നതിന്റെയോ ഒക്കെ കഥ പറയാന്‍.. 

ഉണക്കമീന്‍ കാത്തിരുന്ന് നല്ല പച്ചമീന്‍ മസാല പുരട്ടി നെയ്യില്‍ പൊരിച്ചെടുത്ത്, അതിന്റെ നടുക്കഷ്ണം കിട്ടിയതിന്റെ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ പൂച്ചകള്‍. മസാല കുറഞ്ഞാല്‍ ഒന്ന് കൂടി പൊരിച്ചെടുക്കാന്‍ പറ്റിയ നല്ല ഇനം മോഡുലാര്‍ കിച്ചണുകള്‍ സ്വന്തമായുള്ള ഈ പൂച്ചക്കൂട്ടങ്ങള്‍, കിട്ടിയ നടുക്കഷ്ണം നൊട്ടിയും നുണഞ്ഞും ലോട്ടറി അടിച്ച അവസ്ഥയിലാണ്. 

ഒന്ന് തീരുമ്പോള്‍ മറ്റൊന്നെന്ന കണക്കില്‍ എങ്ങനെയെങ്കിലും ഇവര്‍ക്കുള്ള അന്നം കൃത്യമായി വായില്‍ വന്ന് വീഴുകയും ചെയ്യും. ചവച്ചരയ്ക്കാന്‍ പറ്റുന്ന ഐറ്റമല്ല വായിലോട്ട് എത്തിയത് എന്നതൊന്നും ഈ കണ്ടന്‍ പൂച്ചകളെ ബാധിക്കില്ല. നേരത്തേ പറഞ്ഞ നല്ലയിനം മോഡുലാര്‍ കിച്ചണില്‍ പൊള്ളിച്ചിങ്ങ് എടുക്കും. 

വരിയിലൂടെ വായിക്കേണ്ടതിനെ വളച്ചൊടിച്ചും തുറന്ന് പറച്ചിലുകളെ തിരിച്ചും മറിച്ചുമിട്ട് വെട്ടിക്കൂട്ടിയും മസാല പുരട്ടി ഓരോന്നായി പൊരിച്ചെടുക്കാന്‍ പറ്റിയ നല്ല ഇനം കുശിനിക്കാരെ പ്രത്യേകം തീറ്റിപ്പോറ്റി വളര്‍ത്തുന്നുമുണ്ട് ഇവരെല്ലാം...

മീന്‍ കഴിച്ചാലും കഴിച്ചില്ലെങ്കിലും മീന്‍ കഴിച്ച പാത്രം കഴുകി വെക്കേണ്ടി വരും.

വറുത്തമീനിലെ കാലന്‍ മുള്ളുകള്‍
വറുത്ത മീന്‍ ഇന്ന് ഒരു വലിയ ചോദ്യമാണ്. കൂട്ടുകാരെല്ലാം കളിയായി ഇപ്പോള്‍ ചോദിക്കുന്നത് 'എടിയേ നിനക്ക് വീട്ടില്‍ വറുത്തമീനൊക്കെ കിട്ടാറുണ്ടല്ലോ അല്ലേ' എന്നാണ്. കഷ്ടകാലമെന്ന് പറയട്ടെ ഞാന്‍ പൊതുവെ മീന്‍ കഴിക്കാറില്ല. അത് നന്നായെന്നാണ് പണ്ട് അനിയന്‍ പറഞ്ഞിരുന്നത്. അതിന് പങ്കുവേണ്ടല്ലോ...

മീന്‍ കഴിച്ചാലും കഴിച്ചില്ലെങ്കിലും മീന്‍ കഴിച്ച പാത്രം കഴുകി വെക്കേണ്ടി വരും. ഒട്ടു മിക്ക വീട്ടിലും മറിച്ചാണെന്ന് തോനുന്നില്ല. അച്ഛനും ആങ്ങളയും മൂത്തവരും ഇളയവരുമെല്ലാം കഴിച്ച പാത്രം കഴുകി വയ്ക്കുന്നത് എന്നും വീട്ടിലെ പെണ്ണുങ്ങളാണ്. 

തിന്ന് വായിലെ എച്ചിലുപോലും ചുറ്റും തുപ്പിയിട്ട് അത് കുറഞ്ഞത് പെറുക്കി ഒന്ന് പ്ലേറ്റിലേക്ക് എടുത്ത് ഇടുക പോലും ചെയ്യാതെ എഴുന്നേറ്റ് പോകും. അത് പിന്നെ അമ്മയ്ക്കുള്ളതാണ്. 'കുലീന'യായ ഒരു സഹോദരി വീട്ടിലുണ്ടെങ്കില്‍ പിന്നെ ആ പണികളൊക്കെ അവള്‍ക്കുള്ളത്. ഇനി അഥവാ എച്ചിലെടുക്കാന്‍ മടികാണിച്ചാല്‍ എത്രവലിയ കളക്ടറായാലും അടുക്കളയില്‍ കേറാതെ പറ്റുമോ, വീടുപണിയെടുക്കാന്‍ പഠിക്കണമെന്ന് ഉപദേശിക്കും. അനുസരിച്ചില്ലിങ്കില്‍ പണിപഠിക്കെടീ എന്ന് ശാസിക്കും. 

തുപ്പിയിട്ടതും നുള്ളിയിട്ടതും വാരിയെടുത്ത് കളയണം. അഴിച്ചിട്ട അടിവസ്ത്രം പോലും തെരഞ്ഞ് കണ്ടുപിടിച്ച് കഴുകിയിടണം. സ്വന്തം വസ്ത്രം കഴുകിയിടുന്ന ആമ്പിള്ളേര്‍ എത്ര പേരുണ്ട്. കുളിമുറിയിലെ അഴയില്‍ അടിവസ്ത്രം ഊരിയിട്ടിട്ട് പോകുന്നവരാണ്. അത് അമ്മയ്ക്കുള്ളതാണ്. അല്ലെങ്കില്‍ പെങ്ങളെടുത്ത് കഴുകിയിട്ടേക്കണം. എടീ അവന്റെതുകൂടിയെടുത്ത് കഴുകിയിടെടീ എന്ന് വിളിച്ച് പറയുന്ന അമ്മമാരുമുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഫെമിനിച്ചികളെന്ന പരിഹാസം തുളുമ്പുന്ന പുച്ഛരസങ്ങള്‍ വാരി വിതറുന്നവര്‍ എത്ര പേര്‍ സ്വന്തം അടിവസ്ത്രമെങ്കിലും അലക്കുകയും തിന്ന പാത്രം കഴുകുകയും ചെയ്യുന്നുണ്ട്. എന്താണ് നിങ്ങളുടെ ഇത്തരം ആവശ്യങ്ങള്‍ക്കുള്ളതാണോ നിങ്ങളുടെ ഭാര്യയും അമ്മയും സഹോദരിയും....

ഇനി മറ്റു ചിലരുണ്ട്. പലപ്പോഴും പെണ്ണിന്റെ ശത്രുക്കള്‍ പെണ്ണുങ്ങള്‍തന്നെയാണെന്നത് പച്ചപരമാര്‍ത്ഥമാണെന്ന് തോന്നും ഇക്കൂട്ടരുടെ പ്രവൃത്തി കണ്ടാല്‍. 'മകന് വെച്ചുണ്ടാക്കി മടുത്തു. അവന് അലക്കി കൊടുത്ത് നടുവൊടിഞ്ഞു. വീട്ടിലെ പണി തീര്‍ന്നിട്ട് ഇരിക്കാന്‍ നേരമില്ല...'' പോം വഴി അവനെക്കൊണ്ടൊരു പെണ്ണുകെട്ടിക്കുകയാണ്. കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്ണ് ആണിന് വിടുവേല ചെയ്യാനുള്ളതാണെന്ന് പറയുന്നവര്‍...

'നിനക്ക് നല്ല ഭക്ഷണം വേണേല്‍, അലക്കി തേച്ച വസ്ത്രമിടണേല്‍ നീ ഒരു പെണ്ണുകെട്ടിക്കോ' എന്ന് മക്കളെ ഉപദേശിക്കുന്നവര്‍...

ഇക്കൂട്ടര്‍ സമൂഹത്തോട് ചെയ്ത ചതിയാണ് ഇന്ന് മീന്‍ മുള്ള തൊണ്ടേല്‍ കുടുങ്ങിക്കിടന്ന് കാറുന്ന പൂച്ചക്കുഞ്ഞുങ്ങള്‍. സ്ത്രീയെ ബഹുമാനിക്കാനും സമൂഹത്തില്‍ തുല്യരെന്ന് പറഞ്ഞ് പഠിപ്പിക്കാനും കഴിയാതെ പോകുന്ന വീടകങ്ങള്‍തന്നെയാണ് പെണ്ണിന്റെ ശത്രുക്കള്‍. സ്വന്തം മകന്‍, മകള്‍ ആരായാലും തുല്യ നീതി കിട്ടേണ്ടവരാണെന്ന് പരസ്പരം പറഞ്ഞ് പഠിപ്പിക്കേണ്ടത് ആദ്യം അവരുടെ രക്ഷാകര്‍ത്താക്കള്‍ തന്നെയാണ്...

കല്യാണം കഴിക്കുന്നതിനെ വാഷിംഗ് മെഷീന്‍ വാങ്ങുകയെന്ന് തമാശയ്‌ക്കെങ്കിലും പറഞ്ഞ് നടക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിയ്ക്ക്. അവനിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വറുത്ത മീന്‍ കിട്ടാത്ത പെമ്പിള്ളേരെ തേടി നടക്കുകയാണ്.... സദാചാരം പഠിപ്പിക്കാന്‍. അവരുടെ പ്ലേറ്റിലേക്ക് കുഞ്ഞന്‍ മത്തി എറിഞ്ഞ് കൊടുക്കാന്‍.

അവനിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വറുത്ത മീന്‍ കിട്ടാത്ത പെമ്പിള്ളേരെ തേടി നടക്കുകയാണ്

വീടകങ്ങളിലെ തീന്‍മേശകള്‍
ഞാനും എന്റെ അമ്മയും അച്ഛനും അനിയനും ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് കഴിക്കറാറ്. അമ്മ വരുന്നത് വരെ അനിയന്‍ അമ്മയെ കാത്തിരിക്കാറുമുണ്ട്.

എന്നാല്‍ ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ പല കുടുംബങ്ങളും ഇന്നും ഇങ്ങനെയല്ല.  വീട്ടിലെ തീന്‍മേശയില്‍ പെണ്ണുങ്ങളുണ്ടാകാറില്ല. വിശക്കുന്നുവെന്ന് പറഞ്ഞാലും മുതിര്‍ന്നവര്‍ കഴിക്കട്ടെ എന്ന് പറയും. ഇതില്‍ മുതിര്‍ന്ന സ്ത്രീകളുണ്ടാകാറുണ്ടോ... ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആണുങ്ങള്‍ക്ക് വേണ്ടതെല്ലാം വിളമ്പി അവരെ ഊട്ടി, അവരുടെ എച്ചിലും പെറക്കി, പാത്രവും കഴുകിയതിന് ശേഷമാണ് വീട്ടിലെ പെണ്ണുങ്ങള്‍ ഉണ്ണാനിരിക്കുന്നത്. ചിലപ്പോള്‍ കൂട്ടാന്‍ കഴിഞ്ഞിരിക്കും. തോരനും പപ്പടവും തീര്‍ന്നിരിക്കും.  വിവാദമായ വറുത്ത മീനിന്റെ മുള്ളും പൊടിയും മാത്രമായിരിക്കും ബാക്കി. ചോറുതീര്‍ന്ന് കഞ്ഞിവെള്ളമോ പച്ചവെള്ളമോ കുടിയ്ക്കും.

ഉറങ്ങാന്‍ നേരം ആണിന് കട്ടിലും പെണ്ണിന് നിലത്തെ കീറപ്പായും നല്‍കും. ഇതൊക്കെ ഈ കാലത്തോ എന്ന് മൂക്കില്‍ വിരല്‍വയ്ക്കാം... അതേ ഈ കാലത്ത് എന്ന് തന്നെയാണ് മറുപടി. 

മീന്‍ കിട്ടിയില്ലെന്ന് കരുതി ആരും ഫെമിനിസ്റ്റായ ചരിത്രമില്ലെന്നതാണ് പൂച്ചകളുടെ വാദം. ആചാരങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും വേലിക്കെട്ടുകള്‍ നീക്കി മാറ്റി, എല്ലാ സ്വാതന്ത്ര്യത്തോടും നില്‍ക്കുന്ന ഒരു പെണ്ണിനോട് ചോദിച്ചാല്‍ ഉറപ്പായും അവള്‍ക്കുണ്ടാകും ഒരു വറുത്ത മീനിന്റെയോ ഉറക്കെ ചിരിക്കാന്‍ അവകാശമില്ലാതിരുന്നതിന്റെയോ, മരം കേറാന്‍ പാടില്ലാത്തതിന്റെയോ, തീണ്ടാരി കുളിക്കാതെ സ്വന്തം വീടിന്റെ ഉമ്മറം കാണാന്‍ അനുവദിക്കാതിരുന്നതിന്റെയോ ഒക്കെ കഥ പറയാന്‍.. 

വേലിക്കുള്ളില്‍ തളച്ചിടപ്പെട്ടവര്‍ മിണ്ടില്ല. ഇറങ്ങിപ്പോകാന്‍ വഴിയില്ലാത്തവര്‍ മൗനം പാലിക്കും. ഒപ്പം നീന്തുകയല്ലാതെ മറ്റ് വഴിയില്ലെന്ന ഗതികേടുള്ളവര്‍ പൂച്ചകള്‍ക്കൊപ്പം തലയാട്ടി, കൊടുക്കുന്ന കുഞ്ഞന്‍ മത്തി തിന്ന്, മത്തിയെങ്കിലും കിട്ടിയല്ലോ എന്ന് വീരം പറയും. ചിലര്‍ പൂച്ചകളുടെ ബാക്കി എറിഞ്ഞു കിട്ടുന്നതാണ് പുണ്യമെന്ന തത്വത്തില്‍ വാചാലരാകും... സ്വാഭാവികം....

പണിയെടുത്തിട്ടും ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിന് മുമ്പില്‍ കൈനീട്ടേണ്ട ഗതികേടുള്ളവര്‍

ശമ്പളത്തില്‍നിന്ന് ഒരു രൂപ പോലുമെടുക്കാന്‍ കഴിയാത്ത പെണ്ണുങ്ങള്‍
അടുക്കളയിലെ അഭ്യാസങ്ങളെല്ലാം കഴിഞ്ഞ് അന്തിയോളം ഓഫീസിലെ പണിയും തീര്‍ത്ത് തിരിച്ച് വീട്ടിലെത്തി വീണ്ടും പണിയെടുത്ത് തളര്‍ന്ന് കിടന്നൊന്ന് കണ്ണടയ്ക്കുമ്പോഴേക്കും പകലായി. ഇങ്ങനെ മാസം മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ചെയ്യുന്ന ജോലിയ്ക്ക് കിട്ടുന്ന ശമ്പളം സ്വന്തം കയ്യില്‍ സൂക്ഷിക്കാന്‍ അവകാശമില്ലാത്ത സ്ത്രീകളുമുണ്ട് നമ്മുടെ പൂച്ചകളുടെ സമത്വ സുന്ദര നാട്ടില്‍. അറിയുമോ അവര്‍ക്ക് അത്തരക്കാരെ.

ശമ്പളത്തില്‍നിന്ന് ഒരു രൂപപോലുമെടുക്കാന്‍ കഴിയാത്ത പെണ്ണുങ്ങള്‍. പണിയെടുത്തിട്ടും ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിന് മുമ്പില്‍ കൈനീട്ടേണ്ട ഗതികേടുള്ളവര്‍. ഒരു നിമിഷമെങ്കിലും അവള്‍ ഫെമിനിസ്റ്റ് ആകാതിരുന്നിരിക്കുമോ. ഒരു നിമിഷമെങ്കിലും എന്തിന് ജോലി ചെയ്യണം എന്തിന് ഇങ്ങനെ ഒരു കുടുംബം എന്ന് ചിന്തിക്കാതിരുന്നിരിക്കുമോ. കുടുംബത്തിന്റെ കെട്ടുപാടുകളും മക്കളുടെ ഭാവിയുമോര്‍ത്ത് മാത്രം കൊടുങ്കാറ്റാകാതെ ആറിത്തണുത്ത എത്ര ഓഖിയും വില്‍മയും റീത്തയും നമ്മുടെ ഒക്കെ വീടിനകത്തുനിന്ന് തന്നെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടാകാമെന്ന് അറിയുമോ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക്.

എവിടെയായിരിക്കും അവള്‍ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടാകുക

ഇഷ്ടങ്ങള്‍ നമ്മുടെ നഷ്ടങ്ങള്‍
പലരുടെയും ഇഷ്ടങ്ങള്‍ നഷ്ടങ്ങളാണ്. പരിശ്രമിച്ച് വിജയിക്കാതെ പോയതല്ല, ചിറകരിഞ്ഞിട്ടത് വഴി തളര്‍ന്ന് വീണതാണ്. ഞാന്‍ ഇന്ന് ഒരു മാധ്യമപ്രവര്‍ത്തകയായി. എന്നാല്‍ ആദ്യമായി ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അംഗീകരിക്കപ്പെട്ട ദിവസം ഞാന്‍ ഓര്‍ത്തത് എന്റെ കൂട്ടുകാരിയെ കുറിച്ചാണ്. എന്നേക്കാള്‍ ആവേശമായിരുന്നു അവള്‍ക്ക് മാധ്യമപ്രവര്‍ത്തനം. എന്നേക്കാള്‍ മോഹമായിരുന്നു അവള്‍ക്ക് മാധ്യമപ്രവര്‍ത്തകയാകുകയെന്നത്. എന്തുകൊണ്ടും എന്നേക്കാള്‍ എത്രയോ മികച്ച ഒരു മാധ്യമപ്രവര്‍ത്തക അവള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. 

കേരള രാഷ്ട്രീയവും സാമൂഹികാവസ്ഥകളും അറിയുന്നതും ചര്‍ച്ച ചെയ്യുന്നതും അവളില്‍നിന്നുമായിരുന്നു. അവളോടായിരുന്നു. എന്നാല്‍ ഇന്ന് അവള്‍ എവിടെയുമില്ല. എവിടെയുമെത്തിയില്ല. ആഗ്രഹങ്ങളെ എന്നിലുപേക്ഷിച്ച് മാമൂലുകളിലേക്ക് ഒതുങ്ങി. അവള്‍ക്ക് ആ സ്വപ്നം വെറും സ്വപ്നം മാത്രമായി. പഠിക്കാന്‍ ഒരുപാട് ആഗ്രഹിച്ച് അവള്‍ പെണ്ണായതുകൊണ്ട് മാത്രം 20 തികയുന്നതോടെ ഭാര്യയായി. വീട്ടുകാരിയായി. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയുമായി.

ചിലപ്പോള്‍ നാളെ ബിഎഡ് എടുത്ത് ഏതെങ്കിലും സ്‌കൂളില്‍ ടീച്ചറാകുമായിരിക്കും. എപ്പോഴും ഞാനോര്‍ക്കും എവിടെയായിരിക്കും അവള്‍ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടാകുക. ഒരിക്കലെങ്കിലും ആ സ്വപ്നങ്ങളെ കുഴിമാന്തി അവള്‍ നോക്കാതിരിക്കുമോ.. അന്ന് അവള്‍ ഒരു നിമിഷ നേരമെങ്കിലും ഫെമിനിസ്റ്റാകാതിരിക്കുമോ. പൊട്ടിച്ചെറിഞ്ഞ് പോകാനാകാത്ത വിധം കുടുംബ ബന്ധങ്ങളാല്‍ കൂട്ടിക്കെട്ടിയിരിക്കുന്ന എന്റെ കൂട്ടുകാരി ഒരിക്കലും ചിറകുകള്‍ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുമായിരിക്കില്ല, അത് അവളുടെ ഔദാര്യം മാത്രമാണ്...

ഉറക്കെ ചിരിക്കാന്‍ അവകാശമില്ലാത്തവര്‍
ചിരി ആരോഗ്യത്തിന് ഗുണകരമാണ്. ആയുസ്സ് കൂട്ടും. എന്നാല്‍ പെണ്‍കുട്ടികളെ സംബന്ധിച്ച് ഉറക്കെയൊന്ന് ചിരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മുതിര്‍ന്നവരുടെ കയ്യിലിരിക്കുന്നതും വായിലിരിക്കുന്നതും വേണ്ടുവോളം കിട്ടും തീര്‍ച്ച. ഉറക്കെ ഒന്ന് ചിരിച്ചാല്‍, ഉറക്കെ ഉറക്കെ വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ കേള്‍ക്കാം ആ വാക്കുകള്‍. പെണ്ണാണെന്ന ഓര്‍മ്മ വേണം. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും. എന്താ ഇത്ര അട്ടഹസിക്കാന്‍. ശബ്ദം വീടിനുള്ളില്‍നിന്ന് പുറത്ത് കേള്‍ക്കരുത്. 

ഇത്രയുമൊക്കെ കേട്ടാല്‍ ചിന്തിക്കാന്‍ ബോധമുളള ഏത് പെണ്ണും തിരിച്ച് ചോദിച്ചു പോകും എന്താ ഞാന്‍ ഉറക്കെ ചിരിച്ചാല്‍ ഭൂമി ഇടിഞ്ഞ് വീഴുമോ.. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങുന്നത് ഇത്തരം ചെറിയതെന്ന് മറ്റുള്ളവര്‍ കരുതുന്ന നിമിഷങ്ങളില്‍നിന്ന് തന്നെയാണ്. ഞാനും ചോദിച്ചിട്ടുണ്ട്, എനിക്ക് ഉറക്കെ വര്‍ത്താനം പറഞ്ഞൂടാ അനിയന് അലറിപ്പൊളിക്കാം അല്ലേ എന്ന്...

എന്താ ഞാന്‍ ഉറക്കെ ചിരിച്ചാല്‍ ഭൂമി ഇടിഞ്ഞ് വീഴുമോ?

ഒന്നിനാത്രം പോന്ന പെണ്ണൊരുത്തി
നാട്ടിന്‍പുറത്തൊക്കെ സ്ഥിരമായി കേള്‍ക്കുന്നതാണ് 'ആ ഓള് ഒന്നിനാത്രം പോനൂന്ന്..'' പെണ്ണ് വയസ്സറിയിച്ച് കഴിഞ്ഞാല്‍ പിന്നെ ആണിന് പിടിച്ചുകൊടുക്കാന്‍ പാകമായെന്ന് പറയാതെ പറയുന്ന ഒരു ഗ്രാമീണ പ്രയോഗം. 

എന്തിനെയും എതിര്‍ക്കാന്‍ ഉപയോഗിക്കുന്ന, ഒരു കൗമാരക്കാരി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാചകങ്ങള്‍. കൂട്ടുകാരോടൊത്ത് പറമ്പിലേക്ക് കളിക്കാനിറങ്ങിയാല്‍, മാങ്ങ പറിയ്ക്കാന്‍ മാവിലേക്കൊന്ന് വലിഞ്ഞ് കയറിയാല്‍, ഒന്ന് ഓടി നടന്നാല്‍, കാല് നിവര്‍ത്തിയിരുന്നാല്‍, മലര്‍ന്ന് കിടന്നാല്‍, ഉറക്കെ ചിരിച്ചാല്‍, ഉറക്കെ കരഞ്ഞാല്‍, ഇഷ്ടമുള്ള അത്ര ഉറങ്ങിയാല്‍, അവര്‍ക്ക് പറയാനുണ്ട്... 'ഒന്നിനാത്രം പോന്ന പെണ്ണാണത്രെ കാട്ടുന്നത് കണ്ടില്ലേ'' എന്ന്. ഒന്ന് അമര്‍ന്ന് നടക്കാന്‍ പാടില്ല, പെണ്‍ നടത്തം ഭൂമി അറിയരുത് പോലും. മതില് ചാടാന്‍ പാടില്ല, തോന്ന്യാസമാകുമത്രേ. കാല് വിടര്‍ത്തി ഇരിക്കാന്‍ പാടില്ല, അശ്രീകരമാണത്രേ. 

ഇത്രയുമൊക്കെ കേട്ടിട്ടും അനുഭവിച്ചിട്ടും നിങ്ങളൊരു ഫെമിനിസ്റ്റ് ആയില്ലെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് തീര്‍ച്ച...

(ഇതിനെല്ലാം വിപരീതമായി പരസ്പരം ബഹുമാനത്തോടെ ജീവിക്കുന്ന ഒരുപാട് സ്ത്രീ പുരുഷന്‍മാരുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഈ കുറിപ്പ്. ഉദ്ദേശം ഇത്തരത്തിലുള്ള ജീവിതങ്ങളുമുണ്ട് ഈ ലോകത്ത് എന്ന് ചിലരെങ്കിലും മനസ്സിലാക്കണമെന്നത്.)

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം