തന്റെ ഒന്നാം പിറന്നാളിന് ലക്ഷപ്രഭുവായി ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള ശിവായ് എന്ന ഒരു വയസ്സുകാരൻ. ഭൂമി, 11 ലക്ഷം രൂപ, സ്വർണ്ണം, വെള്ളി എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങളാണ് കുഞ്ഞിന് ലഭിച്ചത്. 

സാധാരണ കുട്ടികൾ ഒന്നാം പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും കിട്ടി സന്തോഷിക്കുമ്പോൾ, ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള ഒരു വയസ്സുകാരൻ ശ്രദ്ധേയനാകുന്നത് മുതിർന്നവർ പോലും കൊതിക്കുന്ന ആസ്തികൾ സ്വന്തമാക്കിക്കൊണ്ടാണ്. ശിവായ് എന്ന് പേരുള്ള ഈ കുഞ്ഞിന്റെ ആദ്യ ജന്മദിന ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കുഞ്ഞിന്റെ അമ്മാവനായ അഖിലേഷ് ചൗഹാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ അപൂർവ്വ സമ്മാനവിവരങ്ങൾ പുറംലോകമറിഞ്ഞത്. കുടുംബാംഗങ്ങൾ ഓരോരുത്തരായി കുഞ്ഞിന് നൽകുന്ന സമ്മാനങ്ങൾ മൈക്കിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു അത്. ശിവായ്ക്ക് ലഭിച്ച പ്രധാന സമ്മാനങ്ങളിൽ ഭൂമിയും സ്വർണ്ണവും പണവുമൊക്കെ ഉൾപ്പെടുന്നു

അലിഗഡ്-ആഗ്ര ഹൈവേയിൽ ഒരു സ്ഥലമാണ് ഒരു ബന്ധു കുഞ്ഞിന് സമ്മാനമായി നൽകിയത്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത പലരിൽ നിന്നായി 11 ലക്ഷം രൂപ പണമായി ലഭിച്ചു. 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാല, അരക്കിലോ വെള്ളി പാത്രങ്ങൾ, ലക്ഷ്മി-ഗണേശ വിഗ്രഹങ്ങൾ, വെള്ളി വളകൾ എന്നിവയും സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ വിലകൂടിയ വസ്ത്രങ്ങളും ഒട്ടനവധി കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു സമ്മാനക്കൂട്ടത്തിൽ.

കുഞ്ഞിന് പുറമെ കുടുംബത്തിലെ മറ്റുള്ളവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിച്ചു. ശിവായുടെ അമ്മയ്ക്ക് 35 ഗ്രാം സ്വർണ്ണ മാലയും മറ്റ് ആഭരണങ്ങളും ലഭിച്ചു. കൂടാതെ, ആഘോഷത്തിൽ പങ്കെടുത്ത ബന്ധുക്കൾക്കായി 101 സാരികളും 101 സെറ്റ് വസ്ത്രങ്ങളുമാണ് കുഞ്ഞിന്റെ കുടുംബം വിതരണം ചെയ്തത്.

View post on Instagram

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നടന്നു തുടങ്ങാൻ മാത്രം പ്രായമായ ഒരു കുട്ടിക്ക് ഇത്രയും വലിയ സാമ്പത്തിക സുരക്ഷിതത്വം ഒരുക്കി നൽകിയതിനെപ്പറ്റി വലിയ ചർച്ചകളാണ് നടക്കുന്നത്. 'ഒരു വയസ്സുകാരൻ മുതിർന്നവരേക്കാൾ വലിയ ആസ്തികളുടെ ഉടമയായിരിക്കുന്നു' എന്ന കുറിപ്പോടെയാണ് വാർത്ത പ്രചരിക്കുന്നത്.