
എങ്കെ വീട്ട് മാട്, ഉനക്കെന്നാ കേട്'. ജല്ലിക്കെട്ട് പ്രക്ഷോഭത്തിനായി ചെന്നൈ മറീന ബീച്ചിലും തമിഴ്‌നാട്ടിലെ തെരുവോരങ്ങളിലും ഉയര്‍ന്നു കേട്ട അനേകം മുദ്രാവാക്യങ്ങളില്‍ ഒന്നാണിത്. പച്ചമലയാളത്തില്‍ ഒന്നു വിശദീകരിച്ചാല്‍ ഇത്രയേ ഉള്ളൂ. 'ഞങ്ങളുടെ വീട്ടില്‍ പോറ്റിവളര്‍ത്തുന്ന കാളയെ കൊണ്ട് ജല്ലിക്കെട്ട് നടത്തുന്നതിന് നിനക്കൊക്കെ എന്തിന്റെ കേടാ' എന്ന്. പ്രതിസ്ഥാനത്ത് നില്ക്കുന്നത് 'പെറ്റ'യാണ്. (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്). ജല്ലിക്കെട്ട് നിരോധിക്കുന്നതിനു വേണ്ടി സുപ്രീംകോടതിയില്‍ പോരാടി അനുകൂലമായ വിധി സമ്പാദിച്ച, അമേരിക്ക ആസ്ഥാനമായ, മൃഗസംരക്ഷണത്തിനു വേണ്ടിയുള്ള അന്തര്‍ദ്ദേശീയ സംഘടന.
ഈ സമരത്തെ എതിര്‍ത്ത് ഒരു മണല്‍ത്തരി പോലും കൈ പൊക്കുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ സവിശേഷത
മുദ്രാവാക്യങ്ങള്‍ പറയുന്നത്
തങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഒരു വൈദേശികശക്തി കൈ കടത്തിയതിന്റെ മുഴുവന്‍ അമര്‍ഷവും ഈ മുദ്രാവാക്യത്തിലുണ്ട്. നൂറ്റാണ്ടുകളായി തമിഴ്മക്കള്‍ പിന്തുടര്‍ന്നു വരുന്ന ആചാരങ്ങള്‍ വേണ്ടെന്നു പറയാന്‍ അതിനെക്കുറിച്ച് ഒന്നുമറിയാത്തവര്‍ ഇടപെട്ടതിലെ അതൃപ്തി മറീനയിലെത്തുന്ന ഓരോ കറുത്ത വേഷധാരിയിലും ഉണ്ട്. സംസ്‌കാരത്തിനു വേണ്ടി എല്ലാം മറന്ന് രംഗത്തിറങ്ങിയ മറീനയിലെ വിദ്യാര്‍ത്ഥി കൂട്ടത്തിന് പിന്തുണയേകി മറീനബീച്ചിലെ മണല്‍ത്തരി പോലുമുണ്ട്. ഈ സമരത്തെ എതിര്‍ത്ത് ഒരു മണല്‍ത്തരി പോലും കൈ പൊക്കുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ സവിശേഷതയും. മറീനയിലെ സമരത്തിന് പിന്തുണയേകി സംസ്ഥാനത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ തമിഴ്മക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഇതൊരു സാധാരണ സമരമല്ല!
പ്രത്യേകമായി നേതാക്കള്‍ ഇല്ലെങ്കിലും കൈമെയ് മറന്ന്, രാഷ്ട്രീയം മറന്ന്, മതം മറന്ന് തമിഴകം ഈ സമരത്തിനു പിന്നില്‍ ഒറ്റക്കെട്ടായി നില്ക്കുകയാണ്. സമരത്തിന് പിന്തുണയേകി മറീനയില്‍ എത്തുന്നവര്‍ക്ക് നേരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു വാക്കോ നോട്ടമോ പോലും ഇല്ല. സംഘടനകളും വ്യക്തികളും രാഷ്ട്രീയപാര്‍ട്ടികളും നല്‍കുന്ന ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ സ്വയം വോളണ്ടിയര്‍മാരാകുന്ന യുവത്വം. വാഹനങ്ങള്‍ക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വഴിയൊരുക്കുന്നു. മാലിന്യങ്ങള്‍ നീക്കാന്‍ സ്വയം തുനിഞ്ഞിറങ്ങുന്നവര്‍.
പൊലീസുകാരുമായി പോലും ചങ്ങാത്തം സ്ഥാപിച്ചാണ് ഈ സമരം മുന്നോട്ട് പോകുന്നത്, പൊലീസിന്റെ പിന്തുണയുമുണ്ട് വിദ്യാര്‍ത്ഥികൂട്ടത്തിന്. ഒന്നു പോയാല്‍, പിന്നെയും പിന്നെയും ആ സമരക്കൂട്ടത്തിലേക്ക് പോകാന്‍ മനസ്സ് കൊതിക്കും. കാരണം, അത് അത്രയേറെ ഉല്‍കൃഷ്ടവും അതിലേറെ ആകൃഷ്ടവുമാണ്.എങ്ങനെ മഹനീയമാകാതിരിക്കും, കാരണം അവര്‍ പോരാടുന്നത് അവരുടെ സംസ്‌കാരം മുറുകെ പിടിക്കാനാണ്, പാരമ്പര്യം കൈമോശം വന്ന് പോകാതിരിക്കാനാണ്, തമിഴന്റെ 'ജല്ലിക്കെട്ട്' എന്ന വികാരം സാധ്യമാകുന്നതിനു വേണ്ടിയാണ്. കാരണം, പൊങ്കലും ജല്ലിക്കെട്ടും അവര്‍ക്ക് അത്രമേല്‍ ഇഴചേര്‍ന്നതാണ്.
പൊങ്കല്‍ പാരമ്പര്യം
തമിഴ്‌നാട്ടിലെ കര്‍ഷകരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ നാലു ദിവസങ്ങളായാണ് നടക്കുന്നത്. മാര്‍ഗഴി മാസത്തിന്റെ അവസാനദിവസം 'ബോഗി'. അന്ന്, മാലിന്യങ്ങളെല്ലാം നശിപ്പിക്കുന്ന ദിവസമാണ്. 'തൈ'മാസത്തെ വരവേല്‍ക്കുന്നതിനു വേണ്ടി വീടും പരിസരവും എല്ലാം ശുദ്ധിയാക്കുന്നു. 'തൈ'മാസം ആരംഭിക്കുന്നത് കര്‍ഷകരുടെ വിളവെടുപ്പോടെയാണ്. അന്ന് വിളവെടുക്കുന്ന അരിയില്‍ 'പൊങ്കല്‍' പാചകം ചെയ്യുന്നു. അതിനാല്‍, തൈപൊങ്കല്‍ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.
മൂന്നാമത്തെ ദിവസമാണ് മാട്ടുപൊങ്കല്‍. കര്‍ഷകരുടെ ജീവിതത്തിന്റെ ഭാഗമാണ് ഓരോ മാടുകളും. ട്രാക്ടര്‍ ഒക്കെ വരുന്നതിനും മുമ്പുള്ള കാലത്ത് പാടം ഉഴുതാനും സാധനങ്ങള്‍ കൊണ്ടുപോകാനും തുടങ്ങി കര്‍ഷകരെ സഹായിച്ചിരുന്നത് കാളകള്‍ ആയിരുന്നു. അങ്ങനെ കര്‍ഷകജീവിതത്തിന്റെ ഭാഗമായ എല്ലാ മാടുകളെയും ആരാധിക്കുന്ന ദിവസമാണ് മാട്ടുപൊങ്കല്‍. അന്ന് മാടുകള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണം നല്കും. തങ്ങളുടെ കര്‍ഷകവൃത്തിക്ക് സഹായിച്ചതിനുള്ള മാടുകള്‍ക്ക് നന്ദി പറയുന്ന രീതി കൂടിയാണ് ഇത്. മാട്ടുപൊങ്കല്‍ ദിനത്തിലാണ് 'ജല്ലിക്കെട്ട്' നടക്കുക.
എന്താണ് ജല്ലിക്കെട്ട് ?
വീര്യമുള്ള കാളയെ കണ്ടെത്തുന്നതിനുള്ള വീരവിളയാട്ട് ആണിത്. മഞ്ചു വിരട്ട് (മഞ്ചു എന്നാല്‍ കാള), വാടി മഞ്ചു വിരട്ട്, വടം മഞ്ചു വിരട്ട് എന്നിങ്ങനെ പ്രധാനമായും മൂന്നുവിധത്തിലാണ് ജല്ലിക്കെട്ടുകള്‍. വീര്യമുള്ള കാളയെ കീഴടക്കുന്ന വീരനായ പോരാളിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. അതേസമയം, ആര്‍ക്കും കാളയെ കീഴടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാളയുടെ ഉടമസ്ഥനാണ് സമ്മാനം. തന്റെ രാശി തെളിഞ്ഞ സന്തോഷത്തില്‍ അയാള്‍ കൂടുതല്‍ ഉത്സാഹത്തോടെ വിജയശ്രീലാളിതനായ കാളയെയും മറ്റ് ആടുമാടുകളെയും പോറ്റി വളര്‍ത്തുന്നു.
'കാങ്കേയം' ഇനത്തില്‍പ്പെട്ട കാളകളെയാണ് ജല്ലിക്കെട്ടിനായി പരിപാലിച്ചു വളര്‍ത്തുന്നത്. മികച്ച പ്രത്യല്പാദന ശേഷിയുള്ള വിത്തുകാളകളാണ് കാങ്കേയം കാളകള്‍. അതിനാല്‍ തന്നെ കരുത്തും ശക്തിയുള്ള മാടുകളുടെ പുതിയ തലമുറയ്ക്ക് കാങ്കേയം കാളകള്‍ അനിവാര്യമാണ്. ഈ ഇനത്തില്‍പ്പെട്ട കാളകളെ ഉത്പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന സേനാപതി കാങ്കേയം കാറ്റില്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍. മറ്റ് കാളകളെ അപേക്ഷിച്ച് ഉയന്ന വില നല്കിവേണം ഇത്തരം കാളകളെ സ്വന്തമാക്കാന്‍. 'ജല്ലിക്കെട്ട്' ഒരു പാഷനായി കൊണ്ടുനടക്കുന്ന തമിഴര്‍ മികച്ച കാളകളെ സ്വന്തമാക്കുകയും അതിനെ പരിപാലിച്ച് ജല്ലിക്കെട്ടിനായി ഒരുക്കുകയും ചെയ്യുന്നു.
പൊലീസുകാരുമായി പോലും ചങ്ങാത്തം സ്ഥാപിച്ചാണ് ഈ സമരം മുന്നോട്ട് പോകുന്നത്, പൊലീസിന്റെ പിന്തുണയുമുണ്ട് വിദ്യാര്‍ത്ഥികൂട്ടത്തിന്.
ജല്ലിക്കെട്ട് സമരം എന്തിന് ?
തമിഴരുടെ കര്‍ഷകസംസ്‌കാരത്തിന്റെ ഭാഗമാണ് 'ജല്ലിക്കെട്ട്'. അത് വിദേശത്ത് ജനിച്ച ഒരു സംഘടനയുടെ പരാതിയില്‍ നിരോധിക്കപ്പെടേണ്ടത് അല്ലെന്നാണ് തമിഴ്മക്കള്‍ പറയുന്നത്. നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികളെക്കുറിച്ചും തമിഴ്‌യുവത്വം ബോധവാന്മാരാണ്. 1960ലെ 'Prevention of cruetly to animals Act' ഭേദഗതി വരുത്തണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. സെക്ഷന്‍ 11 എന്‍, സെക്ഷന്‍ 11/3 എന്നിവയില്‍ മാറ്റം വേണമെന്നാണ് ആവശ്യം. മൃഗങ്ങളുടെ പോരാട്ടമായതിനാല്‍ ജല്ലിക്കെട്ട് പാടില്ല എന്നുള്ളതാണ് സെക്ഷന്‍ 11 എന്‍. എന്നാല്‍, ഇത് ഒരു മാടുകള്‍ തമ്മിലുള്ള യുദ്ധമല്ലെന്ന് സമരക്കാര്‍ പറയുന്നു. സെക്ഷന്‍ 11/3ല്‍ ആചാരപരവും സംസ്‌കാരപരവുമായ കാര്യങ്ങളില്‍ മാടുകളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് പറയുന്നത് മാറ്റണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
ജല്ലിക്കെട്ട് ഇല്ലാതാകുന്നതോടെ സ്വദേശികളായ മികച്ച കാളകളെ വളര്‍ത്തിയെടുക്കാനുള്ള ആവേശം ജനങ്ങളില്‍ പകുതിയായി കുറയും. ഇങ്ങനെ വരുന്നതോടെ പ്രത്യുല്പാദനത്തിനായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കാളകളെ ആശ്രയിക്കേണ്ടിവരും. എന്നാല്‍, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മാടുകളുടെ പാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ചുരുക്കത്തില്‍ 'ജല്ലിക്കെട്ടി'നെ പിഴുതെറിയുമ്പോള്‍ തമിഴര്‍ക്ക് നഷ്ടമാകുന്നത് അവരുടെ സംസ്‌കാരവും പാരമ്പര്യവും മാത്രമല്ല, സ്വദേശികളായ മികച്ച മാടുകളെ കൂടിയായിരിക്കും. 'ജല്ലിക്കെട്ടി'നു വേണ്ടി തെരുവിലിറങ്ങാന്‍ തമിഴ് യുവത്വത്തെ പ്രേരിപ്പിച്ചതും ഈ ചിന്ത തന്നെയാണ്.
(ഫേസ്ബുക്ക് പോസ്റ്റ്)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം