സാമൂഹ്യ ബഹിഷ്കരണം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ

By അനില്‍കുമാര്‍ പിവിFirst Published Jan 19, 2017, 1:59 PM IST
Highlights

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍, വിശിഷ്യാ ആര്‍ട്‌സ് ഏന്‍ഡ് സയന്‍സ് കോളേജുകളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം എത്തിച്ചേര്‍ന്നിട്ടുള്ള പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുവാനാണീ കുറിപ്പ്. ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന പഠനമാധ്യമം എന്ന രീതിയിലും, സ്വയം ഒരു മാനവികവിഷയം എന്ന രീതിയിലും ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് ഭാഷാപഠനവും രൂക്ഷമായ അസ്തിത്വ പ്രശ്‌നം നേരിടുന്നുണ്ട്. ഈ പ്രതിസന്ധിയ്ക്ക് ആശയതലത്തിലും പ്രായോഗികതലത്തിലും വളരെ ആഴത്തിലുള്ള കാരണങ്ങളുമുണ്ട്.

ആശയാധിഷ്ഠിതമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍, അതായത്, 'ഇംഗ്ലീഷ് വിദ്യാഭ്യാസം എന്തിന്?' ''ഇംഗ്ലീഷ് വിദ്യാഭ്യാസം എങ്ങനെ വേണം?' എന്നിങ്ങനെയുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍, ഈ കുറിപ്പിന്റെ പരിധിക്കു പുറത്തു കടന്നുകൊണ്ടുള്ള വളരെ വിശദമായ ഒരു ചര്‍ച്ച ആവശ്യമാണ്. അത്തരം ചര്‍ച്ചയില്‍ നമ്മുടെ കൊളോണിയല്‍ ഭൂതകാലവും, ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായ സംഗതികളും, ഇന്ന് നിലനില്‍ക്കുന്ന ആഗോളീകൃത ലോകക്രമത്തിന്റെ ബലതന്ത്രങ്ങളുംവരെ വളരെ തുറന്ന നിലയില്‍  യുക്ത്യാധിഷ്ഠിതമായി  വിശകലം ചെയ്യപ്പെടേണ്ടതാണ്. അത്തരം ആഴത്തിലുള്ള വിശകലനത്തിലേക്കു കടക്കാതെ തന്നെ ഒരു ഇംഗ്ലീഷ് അധ്യാപകന്‍ എന്ന നിലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രായോഗികതലത്തില്‍ ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ള സന്ദിഗ്ധാവസ്ഥയെക്കുറിച്ചു ബോധ്യപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ചുരുക്കത്തില്‍ ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിവിടെ ചര്‍ച്ച ചെയ്യുന്നത്.

ഏതൊരു ബിരുദധാരിക്കും പഠിപ്പിക്കാവുന്ന ഒരു വിഷയമായിട്ടാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷകന്മാര്‍ ഇംഗ്ലീഷ് ബോധനം വിഭാവനം ചെയ്തിട്ടുള്ളത്!

ആര്‍ക്കും പഠിപ്പിക്കാവുന്ന വിഷയം
ചരിത്രപരമായിത്തന്നെ സമൂഹത്തിലെ മര്‍ദ്ദിത/പ്രാന്തവല്‍കൃത ജനവിഭാഗങ്ങളുടെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ഗുണപരമായ അവഗണന നേരിട്ട/നേരിടുന്ന ഒരു മേഖലയാണ്. നമ്മുടെ സര്‍ക്കാര്‍/സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രസ്തുത വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരുന്നെങ്കില്‍, ഇംഗ്ലീഷിന്റെ കാര്യം വ്യത്യസ്തമായിരുന്നു.  ഏതൊരു ബിരുദധാരിക്കും പഠിപ്പിക്കാവുന്ന ഒരു വിഷയമായിട്ടാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷകന്മാര്‍ ഇംഗ്ലീഷ് ബോധനം വിഭാവനം ചെയ്തിട്ടുള്ളത്! ഇംഗ്ലീഷ് ഭാഷയോട് വേണ്ടത്ര ആഭിമുഖ്യമോ അതില്‍ വേണ്ടത്ര ഗ്രഹണശേഷിയോ ഇല്ലാതിരുന്ന നല്ലൊരു ശതമാനം അധ്യാപകരും ചേര്‍ന്ന് പകര്‍ന്നു നല്‍കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം തലമുറകളെ സംബന്ധിച്ചിടത്തോളം വലിയൊരു ദുരന്തം തന്നെയായിരുന്നു. 

നമ്മുടെ പൊതു വിദ്യാഭ്യാസം ഇംഗ്ലീഷ് അറിയാത്ത ഒരു തലമുറയെ സൃഷ്ടിച്ചു എന്ന് അലമുറയിടുന്ന നമ്മുടെ ധാര്‍മ്മിക വരേണ്യത സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നതാണ് നമ്മുടെ സര്‍ക്കാര്‍/സ്വകാര്യ എയ്ഡഡ് സ്‌കൂളുകളില്‍ ഇനിയും പൂര്‍ണമായും പരിഹരിക്കപ്പെടാത്ത ഈ അടിസ്ഥാന പ്രശ്‌നം. ഇന്ന് പ്രസ്തുത സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപനത്തിനായി ഇംഗ്ലീഷില്‍ ഐച്ഛിക ബിരുദം നേടിയവരെയാണ് നിയമിക്കുന്നതെങ്കിലും, ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇംഗ്ലീഷ് ഭാഷാധ്യാപനത്തിനുള്ള  ജോലിസമയം  കൂടി കണക്കാക്കി നിയമിക്കപ്പെട്ടവരുമായ നിലവിലുള്ള അധ്യാപകര്‍ പൂര്‍ണമായും സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ മാത്രമായിരിക്കും ഈ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുക. അതായത് മര്‍ദിതരും പ്രാന്തവല്കൃതരുമായ ജനവിഭാഗങ്ങളുടെ ആശ്രയമായ സര്‍ക്കാര്‍/സ്വകാര്യ എയ്ഡഡ് സ്‌കൂളുകളിലെ ഇംഗ്ലീഷ് ഭാഷാധ്യാപനവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം അടുത്തൊന്നും പരിഹരിക്കപ്പെടില്ല എന്ന് ചുരുക്കം.

കേട്ടാല്‍ തോന്നുക സര്‍ക്കാര്‍ അധ്യാപകരുടെ മക്കള്‍ സര്‍ക്കാര്‍ സ്‌കൂളിലും കോളേജിലും പഠിച്ചാല്‍ തീരുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ എന്നാണ്.

നഗ്‌നമായ നീതിനിഷേധം 
സാമൂഹ്യമായി അരികുവല്‍ക്കരിക്കപ്പെട്ട  വിഭാഗങ്ങളിലെ പുതുതലമുറക്ക് ഇത്തരം അവഗണന നിറഞ്ഞ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുമ്പോള്‍ തന്നെ, ICSE, CBSE, അന്തര്‍ദേശീയ സിലബസ്സുകള്‍ പിന്തുടരുന്ന, ഉന്നത ഫീസ് നല്‍കുവാന്‍ കഴിവുള്ളവരുടെ മക്കള്‍ക്ക് മാത്രം  പ്രാപ്യമായ, ഇംഗ്ലീഷ് ബിരുദധാരികള്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മറ്റൊരു വിദ്യാഭ്യാസവും നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ആധുനിക ഭരണകൂടങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഈ ഘടനാപരമായ പ്രശ്‌നത്തെ; പ്രാന്തവല്കൃത ജനവിഭാഗങ്ങളോട് കാണിക്കുന്ന ഈ നഗ്‌നമായ നീതി നിഷേധത്തിനെ ഭരണകൂടങ്ങള്‍ സമര്‍ത്ഥമായി മറച്ചുപിടിക്കുന്നത് സര്‍ക്കാര്‍ അധ്യാപകരുടെ മക്കള്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കണം തുടങ്ങിയ ഗിമ്മിക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ്. കേട്ടാല്‍ തോന്നുക സര്‍ക്കാര്‍ അധ്യാപകരുടെ മക്കള്‍ സര്‍ക്കാര്‍ സ്‌കൂളിലും കോളേജിലും പഠിച്ചാല്‍ തീരുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ എന്നാണ്.

ഇത്തരം ഗിമ്മിക്കിലൂടെ മറച്ചുപിടിക്കുന്ന മറ്റൊരു വസ്തുതകൂടി ഉണ്ട്. കോളേജ് അധ്യാപകനായ ഒരു സുഹൃത്ത് ചോദിച്ചത് പോലെ, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശോച്യാവസ്ഥക്കു കാരണം അധ്യാപകര്‍ മാത്രമാണോ? അതില്‍ കേരളത്തിലെ രാഷ്ട്രീയ ഉന്നത ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് അല്പം പോലും പങ്കില്ലേ? അവര്‍ക്കും പങ്കുണ്ടെങ്കില്‍ അവരുടെ മക്കളുടെ പഠനവും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ തന്നെ ആക്കേണ്ടതല്ലേ? ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ നാലോളം സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായ ഈ ലേഖകന്‍, അവിടങ്ങളിലൊന്നും മരുന്നിനു പോലും ഒരു സിവില്‍ സര്‍വീസുകാരന്റെയോ ജനപ്രതിനിധിയുടെയോ മക്കളെ കണ്ടിട്ടില്ല എന്നുള്ള  രസകരമായ ഒരു വസ്തുതയും ഇതിനോടൊപ്പം അറിയിക്കട്ടെ! എന്തുകൊണ്ട് അവരതിനു തയ്യാറാവുന്നില്ല?

വരേണ്യവിഭാഗങ്ങള്‍ക്ക് ഒരു തരം ഇംഗ്ലീഷ് വിദ്യാഭ്യാസം, പ്രാന്തവല്‍കൃതര്‍ക്ക് മറ്റൊരു വിധം എന്നിങ്ങനെ ശ്രേണീകൃതമായ (graded) അസമത്വം നിറഞ്ഞ വിദ്യാഭ്യാസം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?

ഭരണകൂടങ്ങളുടെ ഉള്ളിലിരിപ്പ് 
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ പൊതു പ്രശ്‌നങ്ങളായ, ആവശ്യത്തിനുള്ള ക്ലാസ്മുറികളുടെ അഭാവം, ക്ലാസ്മുറികളിലെ വെളിച്ചത്തിന്റെ അഭാവം, വൈദ്യുതിയുടെ അഭാവം, ശുദ്ധ ജലത്തിന്റെ ദൗര്‍ലഭ്യം, വൃത്തിയുള്ള ടോയ്‌ലെറ്റുകളുടെ അഭാവം, അവ വൃത്തിയാക്കുവാന്‍ വേണ്ടത്ര ജോലിക്കാരുടെ അഭാവം, മറ്റുള്ളവരുടെ ആട്ടും തുപ്പും അനുഭവിക്കാതെ കുട്ടികള്‍ക്ക് യാത്ര ചെയ്യുവാന്‍ വേണ്ട സ്‌കൂള്‍/കോളേജ് ബസുകളുടെ അഭാവം, നിലവാരമുള്ള ഹോസ്റ്റല്‍/ക്വാര്‍ട്ടേഴ്‌സുകളുടെ അഭാവം, മാനേജബിള്‍ ആയ അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിന്റെ അഭാവം എന്നിങ്ങനെ  എത്രയോ പ്രശ്‌നങ്ങളുണ്ട്. അവയെല്ലാം അധ്യാപകരുടെ കുഴപ്പം കൊണ്ടും ഉഴപ്പു കൊണ്ടും മാത്രം സംഭവിച്ചിട്ടുള്ളതും, ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തിന് അല്പം പോലും പങ്കില്ലാത്തതുമായ പ്രശ്‌നങ്ങളാണെന്നും അധ്യാപകരുടെ മക്കളെല്ലാം സര്‍ക്കാര്‍ സ്‌കൂളില്‍  പഠിച്ചാല്‍ അവയെല്ലാം സ്വയമേവ അപ്രത്യക്ഷമാകുമെന്നും കണ്ടുപിടിക്കുന്ന വലിയ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ കാലത്തു ജീവിക്കിക്കാന്‍ കഴിഞ്ഞ നമ്മളെയെല്ലാം വലിയ ഭാഗ്യവാന്മാര്‍ എന്നല്ലാതെ എന്താണ് പറയുക?

വരേണ്യവിഭാഗങ്ങള്‍ക്ക് ഒരു തരം ഇംഗ്ലീഷ് വിദ്യാഭ്യാസം, പ്രാന്തവല്‍കൃതര്‍ക്ക് മറ്റൊരു വിധം എന്നിങ്ങനെ ശ്രേണീകൃതമായ (graded) അസമത്വം നിറഞ്ഞ വിദ്യാഭ്യാസം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം 'മെറിറ്റി'ന്റെ' സ്വാഭാവിക' ഘടകമായി പരിഗണിക്കുന്ന, കൊളോണിയല്‍ അപകര്‍ഷതബോധം പേറുന്ന ഒരു ജനസമൂഹത്തില്‍ ഇത്തരം വിദ്യാഭ്യാസം പ്രാന്തവല്‍കൃതരായ ജനങ്ങളെ കൂടുതല്‍ ഓരങ്ങളിലേക്കു തള്ളി മാറ്റുവാന്‍ സഹായിക്കുന്ന വളരെ തന്ത്രപരമായ ഒരു മെക്കാനിസം ആയി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇപ്രകാരം ശ്രേണിനിബന്ധമായ വിദ്യാഭ്യാസം നല്‍കിയാണ് ആധുനിക ജനാധിപത്യ ഭരണസംവിധാനങ്ങള്‍ വളരെ തന്ത്രപരമായി ചിലരെ പുറംതള്ളുന്നതും വരേണ്യരുടെ 'ജാത്യാലുള്ളതും' 'തൂത്താല്‍ പോകാത്ത'തുമായ ഗുണമായി മെറിറ്റിനെ സുസ്ഥിരപ്പെടുത്തിയെടുക്കുന്നതും. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റും ഫ്യൂഡല്‍ സാമൂഹ്യവ്യവസ്ഥിതിയില്‍ സാമൂഹ്യ തിന്മകള്‍ എന്നതിലുപരി, വിഭവത്തിന്റെയും മൂലധനത്തിന്റെയും സന്തുലിതമായ വിതരണം തടസപ്പെടുത്തുവാനായി സൃഷ്ടിച്ചിട്ടുള്ള ഉപാധികളായിരുന്നു എന്ന് മനസ്സിലാക്കുകയാണെങ്കില്‍, ആധുനിക ഭരണസംവിധാനങ്ങള്‍ ശ്രേണീബദ്ധമായ അസമത്വം (graded inequaltiy) എന്ന ജാതിയുക്തി നടപ്പാക്കുന്നത് വിദ്യാഭ്യാസം എന്ന വളരെയധികം കൊണ്ടാടപ്പെടുന്ന മറ്റൊരു തന്ത്രത്തിലൂടെയാണ് എന്നും മനസ്സിലാക്കാന്‍ കഴിയും. അന്തോണിയോ ഗ്രാംഷിയുടെ (Antonio Gramsci) ഹെജമണി (hegemony) എന്ന ആശയം കടമെടുത്തു പറയുകയാണെങ്കില്‍, പ്രാന്തവല്‍കൃത ജനങ്ങള്‍ അല്പം പോലും സംശയിക്കുകയില്ലല്ലോ 'ജാതി പണി' ചെയ്യുവാന്‍ മാത്രമേ സ്‌കൂള്‍കോളേജ് വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കൂ എന്ന്!

പലപ്പോഴും രണ്ടും മൂന്നും ബിരുദ ക്ലാസുകള്‍ ഒരുമിച്ചു ചേര്‍ത്താണ് (combined class) ഇംഗ്ലീഷ് അധ്യാപകര്‍ ക്‌ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.

കോളജിലും ഇതേ അവസ്ഥ!
പ്രാന്തവല്‍കൃതജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ഇംഗ്ലീഷ് വിദ്യഭ്യാസത്തിനോടുള്ള  ഭരണകൂടത്തിന്റെ ഈ വ്യവസ്ഥാപിതമായ (systematic) അവഗണന സ്‌കൂള്‍ തലത്തില്‍ മാത്രം നിലനില്‍ക്കുന്നതല്ല. അത് കൃത്യമായും കോളേജ് വിദ്യാഭ്യാസത്തിലേക്കും വ്യാപനം (metastasis) ചെയ്യപ്പെട്ടിട്ടുണ്ട്, കാന്‍സര്‍ പോലെ. സ്‌കൂളുകളില്‍ അവഗണന കുറേക്കാലം ഉറപ്പുവരുത്തിയത് ഇംഗ്ലീഷ് ബിരുദധാരികള്‍ക്ക് ജോലി നല്‍കാതെയാണെങ്കില്‍, കോളേജുകളില്‍ ഇത് സാധ്യമാക്കുന്നത് ഇംഗ്ലീഷ് അധ്യാപകര്‍ക്ക് മാനേജ് ചെയ്യുവാന്‍ കഴിയാത്ത വിധമുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ക്ലാസ് മുറികളില്‍ സൃഷ്ടിച്ചുകൊണ്ടാണ്. നമ്മുടെ കോളേജുകളില്‍ നടപ്പു രീതി അനുസരിച്ച് ഐച്ഛിക വിഷയമായി എടുത്തിട്ടുള്ള മെയിന്‍ ക്‌ളാസ്സുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:24 മുതല്‍ 1:60 വരെ ആണെങ്കില്‍, പലപ്പോഴും ഒന്നാം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായി പഠിക്കേണ്ട ഇംഗ്ലീഷിന്, ക്ലാസ്മുറികളിലെ അധ്യാപകവിദ്യാര്‍ത്ഥി അനുപാതം 1: 75 മുതല്‍ 1: 120 വരെയാണ്. 

പലപ്പോഴും രണ്ടും മൂന്നും ബിരുദ ക്ലാസുകള്‍ ഒരുമിച്ചു ചേര്‍ത്താണ് (combined class) ഇംഗ്ലീഷ് അധ്യാപകര്‍ ക്‌ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. അതായത്, രണ്ടോ മൂന്നോ ഇംഗ്ലീഷ് അധ്യാപകര്‍ പഠിപ്പിക്കേണ്ട സ്ഥാനത്ത്, ഒരു ഇംഗ്ലീഷ് അധ്യാപകന്‍/അധ്യാപിക ആണ് ക്‌ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത് ഇംഗ്ലീഷ് അധ്യാപകരുടെ ജോലിഭാരം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, പാവപ്പെട്ടവരുടെ മക്കളുടെ ആശ്രയമായ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ഗുണമേന്മ ഗണ്യമായി കുറയുന്നുണ്ട് എന്ന് വളരെ സിസ്റ്റമാറ്റിക് ആയി ഉറപ്പ് വരുത്തുന്നുമുണ്ട്.

2 ഏക്കര്‍ പാടം ഉഴാനുള്ള തൊഴിലാളികളെ വെച്ച് അതിനു കണക്കാക്കിയ സമയത്തിനുള്ളില്‍ 3 ഏക്കര്‍ പാടം ഉഴുതെടുപ്പിക്കുന്ന കലാപരിപാടിയാണ് ഇന്നത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം.

19 അധ്യാപകര്‍ വേണ്ടിടത്തു 13 അധ്യാപകര്‍
ഇതിന്റെ രൂക്ഷത ഒരു കോളേജിലെ അനുഭവം മുന്‍നിര്‍ത്തി കുറച്ചുകൂടി വ്യക്തമാക്കാം. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജില്‍ ഇംഗ്ലീഷ് അധ്യാപനത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ എണ്ണം 13 ആണ്. നിലവിലുള്ള നിയമം അനുശാസിക്കുന്നത് ഒരു അധ്യാപകന്‍/അധ്യാപിക ആഴ്ചയില്‍ 16 മണിക്കൂര്‍ പഠിപ്പിക്കണം എന്നാണ് (അതിനോടൊപ്പം ശ്രദ്ധിക്കേണ്ട വസ്തുതയാണ് പിജി ക്ലാസുകളിലെ ഒരു മണിക്കൂര്‍ അധ്യാപനം, ഒന്നര മണിക്കൂര്‍ അധ്യാപന സമയം ആയി പരിഗണിക്കും എന്നത്). ഈ കണക്കു പ്രകാരം ഒരാഴ്ചയില്‍ 13 ഇംഗ്ലീഷ് അധ്യാപകരും മൊത്തത്തില്‍ പഠിപ്പിക്കേണ്ട ക്ലാസ് സമയം 13X16 ആയ 208 മണിക്കൂറുകള്‍ ആണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇത്രയും ക്ലാസ് സമയം കൊണ്ട് തീര്‍ക്കാവുന്ന വിദ്യാര്‍ത്ഥികള്‍ ആണോ വിക്ടോറിയ കോളേജില്‍ ഇംഗ്ലീഷ് പഠനത്തിനായി വരുന്നത്? നമുക്ക് പരിശോധിക്കാം.

ഡിഗ്രി പിജി ഭേദമില്ലാതെ  അഞ്ചു മണിക്കൂര്‍ ആണ് കോളേജുകളില്‍ അധ്യാപനത്തിനായി ഒരു ദിവസം ഉപയോഗിക്കുന്നത്. അങ്ങനെ കണക്കാക്കുമ്പോള്‍, ആഴ്ചയില്‍ 115 മണിക്കൂറുകള്‍ ആണ് ഇംഗ്ലീഷ് ഐച്ഛിക വിഷയമായി എടുത്തിട്ടുള്ള ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളുടെ മെയിന്‍ കോഴ്‌സുകളുടെ അധ്യയനത്തിനു വേണ്ടി വരുന്ന മൊത്തം സമയം (ഒന്നാം വര്‍ഷ ഡിഗ്രി 6 + രണ്ടാം വര്‍ഷ ഡിഗ്രി 9 + മൂന്നാം വര്‍ഷ ഡിഗ്രി 25 + ഒന്നാം വര്‍ഷ പിജി 37. 5 + രണ്ടാം വര്‍ഷ പിജി 37. 5 = 115). ഇത് കൂടാതെ ഇംഗ്ലീഷ് അധ്യാപകര്‍ മറ്റു ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്നിട്ടുള്ള ഒന്നാം വര്‍ഷ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബിരുദ കോഴ്‌സിന് ആഴ്ചയില്‍ 14 മണിക്കൂര്‍ എന്ന കണക്കിന് (ഒന്നാം വര്‍ഷം 9 മണിക്കൂര്‍ + രണ്ടാം വര്‍ഷം 5 മണിക്കൂര്‍) പഠിപ്പിക്കേണ്ടതായും വരുന്നുണ്ട്. 

ഇതിനൊരു അപവാദമായി വരുന്നത് രണ്ടാം വര്‍ഷത്തില്‍ ഇംഗ്ലീഷ് പഠനം ആവശ്യമില്ലാത്ത ബികോം, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളും ബികോം ഓണേഴ്‌സും ആണ്. ആദ്യത്തെ രണ്ടു കോഴ്‌സുകള്‍ക്കും ആഴ്ചയില്‍ 9 മണിക്കൂര്‍ ആണ് ഇംഗ്ലീഷ് ക്‌ളാസുകള്‍ എങ്കില്‍, ഓണേഴ്‌സിന് അത് 5 മണിക്കൂര്‍ ആണ്. മൊത്തം 15 ഡിഗ്രി പ്രോഗ്രാമുകള്‍ ഉള്ള വിക്ടോറിയ കോളേജില്‍, ജനറല്‍ ഇംഗ്ലീഷ് ക്‌ളാസുകള്‍ കൈകാര്യം ചെയ്യുവാന്‍ 191 മണിക്കൂറുകള്‍ ഒരാഴ്ചയില്‍ ആവശ്യമായി വരും (12 ഡിഗ്രി കോഴ്‌സുകള്‍ക്ക് 14 മണിക്കൂറ് വെച്ച് 168 മണിക്കൂറും, ബികോമിനും ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സിനും 9 മണിക്കൂര്‍ വെച്ച് 18 മണിക്കൂറും, ബികോം ഓണേഴ്‌സിന് 5 മണിക്കൂറും. (അതായത് 12 X 14 + 2 X 9 + 5 = 191).

കണക്കുകളുടെ രത്‌നച്ചുരുക്കം ഇതാണ്. സാധൂകരിക്കാവുന്ന അധ്യാപകവിദ്യാര്‍ത്ഥി അനുപാതം മാറ്റിവെച്ചുകൊണ്ട്, ഒരു ക്‌ളാസ്സില്‍ ഒരു അധ്യാപകന്‍/അധ്യാപിക എന്ന നിലയില്‍ വിലയിരുത്തിയാലും ഒരാഴ്ചയില്‍ ഇംഗ്ലീഷ് പഠനത്തിനായി 306 മണിക്കൂറുകള്‍ (115 + 191) കൈകാര്യം ചെയ്യാനുള്ളത്ര ഇംഗ്ലീഷ് അധ്യാപകരെ വിക്ടോറിയ കോളേജില്‍ ആവശ്യമുണ്ട്. പക്ഷെ ലഭ്യമായതോ 208 മണിക്കൂര്‍ മാത്രം പഠിപ്പിക്കുവാനുള്ള അധ്യാപകരും! 306ല്‍ നിന്ന് 208 കിഴിച്ചാല്‍ ബാക്കി ലഭിക്കുന്ന 98 മണിക്കൂറുകള്‍ പഠിപ്പിക്കാന്‍ 6 അധ്യാപകര്‍ ഇനിയും ആവശ്യമുണ്ട്. അതായത്, 19 അധ്യാപകര്‍ വേണ്ടിടത്തു 13 അധ്യാപകര്‍ ആണ് ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നത്. അതിന്റെ ഫലമാണ് 30-40 വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടിടത്ത് 100-120 വിദ്യാര്‍ത്ഥികള്‍ക്കായി മൈതാനപ്രസംഗം നടത്തി കുട്ടികളെ ഓര്‍ത്ത് പരിതപിച്ചും സ്വയം ശപിച്ചും ഇംഗ്ലീഷ് അധ്യാപകര്‍ കൃതാര്‍ത്ഥരാവുന്നത്. 

പാലക്കാടിന്റെ ആത്മാവായ കൃഷിയുമായി സാദൃശ്യപ്പെടുത്തുകയാണെങ്കില്‍, 2 ഏക്കര്‍ പാടം ഉഴാനുള്ള തൊഴിലാളികളെ വെച്ച് അതിനു കണക്കാക്കിയ സമയത്തിനുള്ളില്‍ 3 ഏക്കര്‍ പാടം ഉഴുതെടുപ്പിക്കുന്ന കലാപരിപാടിയാണ് ഇന്നത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം. ഇത്തരം അടിമപ്പണി ഒരു വശത്ത് കൂടി നടക്കുമ്പോള്‍ തന്നെയാണ്, ലോകോത്തര നിലവാരമുള്ള സെന്റര്‍ ഓഫ് എക്‌സെലന്‍സിനെക്കുറിച്ചൊക്കെ നാം സ്വപ്നം കാണുന്നത്! അസാമാന്യ ആത്മവിശ്വാസമുള്ള ഒരു ജനതയാണ് മലയാളികള്‍ എന്നതിന് ഇതിലും വലിയ തെളിവ് വേണോ?

ഇത്തരം ക്‌ളാസ്സുകളെ ഇന്ന് വളരെ സങ്കീര്‍ണമാക്കുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും മൂല്യനിര്‍ണയത്തെക്കുറിച്ചും ഉള്ള സമകാലീന കാഴ്ചപ്പാടുകള്‍ ആണ്.

2
ഇതിലെന്താണിത്ര പുതുമ എന്ന് ഒരു പക്ഷെ പഴയ തലമുറയിലെ അഭ്യസ്തവിദ്യരായ വ്യക്തികള്‍ അത്ഭുതം കൂറിയേക്കാം. കാരണം അവരില്‍ പലരും ഇംഗ്ലീഷ് പഠിച്ചത് നൂറും അതിനു മേലേയും വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പ്രീ ഡിഗ്രി, ഡിഗ്രി ക്ലാസ്സുകളില്‍ ആയിരുന്നല്ലോ. എന്നാല്‍ ഇത്തരം ക്‌ളാസ്സുകളെ ഇന്ന് വളരെ സങ്കീര്‍ണമാക്കുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും മൂല്യനിര്‍ണയത്തെക്കുറിച്ചും ഉള്ള സമകാലീന കാഴ്ചപ്പാടുകള്‍ ആണ്. ഡിഗ്രി സെമസ്റ്ററൈസേഷന് കാരണമായ പ്രധാന കാഴ്ചപ്പാടുകളില്‍ ഒന്ന് വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃതമാകാതെ (teacher cetnric) വിദ്യാര്‍ത്ഥി കേന്ദ്രികൃതമാകണം (student cetnric) എന്നതാണ്. പഴയത് പോലെ ഒരു വലിയ ആള്‍ക്കൂട്ടത്തെ വ്യക്തിതാല്പര്യമില്ലാതെ (impersonal) അഭിമുഖീകരിച്ച്, മുന്‍കൂട്ടി തയ്യാര്‍ ചെയ്ത അര്‍ത്ഥവും ആശയവും ഏകമാനത്തില്‍ (one dimensional) വിശദീകരിച്ച് പോകുന്ന അധ്യാപകന്‍ എന്നത് വളരെ പഴഞ്ചനായ ഒരു സങ്കല്പം ആണിന്ന്. ഇന്നത്തെ അധ്യാപികയുടെ ജോലി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ നല്‍കി, അവരെ പാഠവുമായി (text) തദ്വാര ലോകവുമായി ബന്ധപ്പെടുത്തി അപഗ്രഥനാത്മകമായ, വിമര്‍ശനാത്മകമായ, സ്വതന്ത്രമായ ഒരു മനസ്സും കാഴ്ച്ചപ്പാടും അവരില്‍ വളര്‍ത്തുവാനായി കൂടെ യാത്ര ചെയ്യുക എന്നതായിട്ടുണ്ട്. 

തിങ്ങി നിറഞ്ഞ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ മുഖമോ പേരോ പോലും ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ പാടുപെടുന്ന അധ്യാപകരോടാണ്, വിദ്യാര്‍ത്ഥികേന്ദ്രിതമായ വിദ്യാഭ്യാസം നടപ്പിലാക്കുവാന്‍ ആവശ്യപ്പെടുന്നത്!

അപ്പോള്‍ വ്യക്തിഗത ശ്രദ്ധയോ?
ഈ പറഞ്ഞതിന്റെ അര്‍ത്ഥങ്ങളില്‍ ഒന്ന് ഓരോ കുട്ടിയും പാഠത്തെക്കുറിച്ചു ചിന്തിക്കുന്നതെന്തെന്നറിയുക എന്നത് ആധുനിക കാലത്തെ അധ്യാപകരുടെ മൗലിക ധര്‍മ്മമാണ് എന്നതാണ്. തന്റെ ചിന്തകളെ ഒരു മൈതാനപ്രസംഗം കണക്കെ അവതരിപ്പിച്ചു പോകുന്ന  അധ്യാപകനെയല്ല ഇന്നത്തെ ക്ലാസ്സ്മുറികള്‍ക്ക് ആവശ്യം, മറിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആശയങ്ങളും അര്‍ത്ഥങ്ങളും സ്വീകരിക്കുവാന്‍ ബാധ്യതപ്പെട്ട, പാഠങ്ങളെയും പാഠഭേദങ്ങളെയും ബഹുസ്വര കാഴചപ്പാടുകളെയും ഉള്‍കൊള്ളാനും അപഗ്രഥിക്കാനും തയ്യാറായ, തുറന്ന മനസുള്ള അധ്യാപകനെയാണ് ഇന്നത്തെ ക്ലാസ്സ്മുറികള്‍ക്കു ആവശ്യം.

ഒരു ഉദാഹരണത്തിലൂടെ മേല്‍ സൂചിപ്പിച്ച ചിത്രം കുറേകൂടി വ്യക്തമാക്കാം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള ഉപന്യാസങ്ങളില്‍ ഒന്ന് പ്രശസ്ത ആഫ്രിക്കന്‍ എഴുത്തുകാരനായ ചിനുവാ അച്ചേബെ (Chinua Achebe) എഴുതിയ 'മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഏന്‍ഡ് ആഫ്രിക്ക' ആണ്. കൊളോണിയല്‍ കാഴ്ചപ്പാടുകളെയും മൂല്യവ്യവസ്ഥിതിയെയും പരോക്ഷമായി പരാമര്‍ശിക്കുന്ന പ്രസ്തുത ഉപന്യാസത്തില്‍, അച്ചേബെ ആഫ്രിക്കന്‍ അടിമ കച്ചവടത്തിനെക്കുറിച്ച് എഴുതിയ യൂറോപ്യന്‍ ചരിത്രമെഴുത്തിന്റെ (അക്കാദമികവും അല്ലാത്തതുമായ) മുന്‍വിധികളെയും പക്ഷപാതനിലപാടുകളെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഒരു പഴയകാല അധ്യാപകന്‍ പ്രസ്തുത ഉപന്യാസത്തിന് ഏകശിലാത്മകമായ അര്‍ത്ഥവ്യാഖ്യാനം നല്‍കി, തന്റെ രാഷ്ട്രീയസൗന്ദര്യാത്മക കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ഉപന്യാസം നല്ലതാണോ ചീത്തയാണോ എന്ന് എം. കൃഷ്ണന്‍നായര്‍ മട്ടില്‍ ഒരു തീര്‍പ്പു കല്‍പ്പിച്ചു പോകാമായിരുന്നു. പക്ഷെ അത്തരം ഇരുമ്പുലക്ക മാതിരിയുള്ള തീര്‍പ്പുകള്‍ അല്ല സമകാലീന അധ്യാപകനില്‍ നിന്നും അക്കാദമികലോകം പ്രതീക്ഷിക്കുന്നത്. സ്വത്വത്തെക്കുറിച്ചും (identtiy) പ്രതിനിധാനത്തിനെക്കുറിച്ചും (representation) ചരിത്രമെഴുത്തിനെക്കുറിച്ചും (historiography) പല പുതിയ കാഴ്ചപ്പാടുകളും പരിചിതരായിട്ടുള്ള സമകാലിക അധ്യാപകര്‍ക്ക്, ഇത്തരം അവസരങ്ങളില്‍ ചരിത്രമെഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും വസ്തുനിഷ്ഠ (objective) പഠനങ്ങളിലെ ആത്മനിഷ്ഠാ (subjective) വ്യാപാരങ്ങളെക്കുറിച്ചും കുട്ടികളുമായി സംവാദത്തില്‍ ഏര്‍പ്പെടേണ്ടി വരും. കാരണം കുട്ടികളുടെ കാഴ്ചപ്പാടുകള്‍ അടുത്തറിയേണ്ടതും സ്വയം പുതുക്കേണ്ടതും വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ഒരു ബോധനസമ്പ്രദായത്തില്‍ അകപ്പെട്ട ഒരു അധ്യാപകന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്.

വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ഇത്തരം ബോധനസമ്പ്രദായങ്ങള്‍ ക്ലാസ്മുറികളില്‍ ആവിഷ്‌കരിക്കണമെങ്കില്‍, ഒരു ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പരമാവധി മുപ്പതെങ്കിലും ആയി നിജപ്പെടുത്തണം. ആ സ്ഥാനത്താണ് അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടവിധമില്ലാത്ത 100-120 വിദ്യാര്‍ത്ഥികളാല്‍ തിങ്ങി നിറഞ്ഞ ക്ലാസ്മുറികള്‍ ഉള്ളത്! ഇത്തരം തിങ്ങി നിറഞ്ഞ ക്ലാസ്മുറികളിലാണ് ആധുനിക ബോധനസമ്പ്രദായത്തിന്റെ ആവശ്യഘടകങ്ങളായ അസൈന്‍മെന്റുകള്‍, സെമിനാറുകള്‍, ഗ്രൂപ് ഡിസ്‌കഷനുകള്‍, ഇന്റേണല്‍ പരീക്ഷകള്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സവിശേഷമായ അറിവും കഴിവും വ്യക്തിപരമായി കോളേജ് തലത്തില്‍ തന്നെ വിലയിരുത്തുവാനായി രൂപകല്പനചെയ്തിട്ടുള്ള സംഗതികള്‍ നടപ്പിലാക്കേണ്ടത്.

തിങ്ങി നിറഞ്ഞ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ മുഖമോ പേരോ പോലും ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ പാടുപെടുന്ന അധ്യാപകരോടാണ്, വ്യക്തിപരമായി ശ്രദ്ധ നല്‍കി വിദ്യാര്‍ത്ഥികേന്ദ്രിതമായ വിദ്യാഭ്യാസം നടപ്പിലാക്കുവാന്‍ ആവശ്യപ്പെടുന്നത്!

അപകര്‍ഷതാബോധവും പേറി തിങ്ങി നിറഞ്ഞ വിദ്യാര്‍ത്ഥി കേന്ദ്രികൃത ക്ലാസ്മുറിയിലേക്കു വരുന്ന ദരിദ്രരുടെ, ബഹിഷ്‌കൃത ജനതയുടെ മക്കള്‍ എന്ത് ചെയ്യണം?

ബഹിഷ്‌കൃത ജനതയുടെ മക്കള്‍ എന്ത് ചെയ്യണം?
സത്യം പറഞ്ഞാല്‍, വര്‍ഷങ്ങളായി നമ്മുടെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വളരെയേറെ പുറകോട്ടുവലിക്കുന്ന ഈ മൃഗീയ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പരിഹരിക്കുന്നതിന്, ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാന്‍ കച്ചമുറുക്കി ഇറങ്ങിയിട്ടുള്ള ഉദ്യോഗസ്ഥരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരു താല്‍പര്യവും ഇല്ല. ഓരോ വര്‍ഷവും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ വര്‍ദ്ധിപ്പിക്കാതെ എങ്ങനെ കൂടുതല്‍ കുട്ടികളെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലേക്കു അയച്ച് എങ്ങനെ വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കാം എന്ന് ഗവേഷണം ചെയ്യുന്നവരാണ് ഇവരില്‍ പലരും. ദോഷം പറയരുതല്ലോ, കുട്ടികളുടെ ഭാവിയെ കരുതി  ഡിജിറ്റലൈസേഷന്‍, ഓട്ടോമേഷന്‍, അപ്‌ഗ്രെയ്ഡഷന്‍, അടിസ്ഥാന സൗകര്യ വികസനം എന്നീ ഓമന പേരുകളില്‍ വര്‍ഷതോറും മിക്കവാറും കോളേജുകളില്‍ ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി കൂട്ടാന്‍ ധാരാളം പണം ലഭിക്കുന്നുണ്ട്! 

ജാംബവാന്റെ കാലത്തെ ഇലക്ട്രിഫിക്കേഷന്‍ നിമിത്തവും മെയിന്റനന്‍സിനു തുക അനുവദിക്കാത്തതു നിമിത്തവും  ഉപകരണങ്ങളില്‍ നല്ലൊരു ശതമാനവും വളരെ പെട്ടന്ന് തന്നെ അകാല ചരമം പ്രാപിക്കാറുമുണ്ട്. ഒരു എക്കണോമിസ്‌റ് അല്ലാത്തതു കൊണ്ടോ എന്തോ ആരെ സഹായിക്കാനാണ് ഈ വാങ്ങിക്കൂട്ടാല്‍ മഹാമഹമെന്ന് എന്നെപ്പോലുള്ള ആര്‍ക്കും തന്നെ ഇതുവരെ മനസ്സിലായിട്ടില്ല!

ഇത്തരം 'ആഴത്തിലും പരപ്പിലും ഉള്ള ഉദാത്തമായ വിദ്യാഭ്യാസം' ലഭിച്ചിട്ടും നമ്മുടെ കുട്ടികള്‍ക്ക് 'എംപ്ലോയബിലിറ്റി'ക്കുതകും വിധം ഇംഗ്ലീഷ് ഭാഷ കൈവശം വന്നില്ലെങ്കില്‍ എന്ത് ചെയ്യും? അതിനും പരിഹാരം ഉന്നതങ്ങളില്‍ കണ്ടുപിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ അല്പം ഭേദം എന്ന് തോന്നുന്ന കുറച്ചെണ്ണത്തിനെ തിരഞ്ഞെടുത്ത്, കോടികള്‍ ഒഴുക്കി അവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് ആ തന്ത്രം. അവര്‍ പഠിക്കട്ടെ! അവര്‍ നന്നാവട്ടെ! തിരഞ്ഞെടുപ്പില്‍ ബഹിഷ്‌കൃതരായി അപകര്‍ഷതാബോധവും പേറി തിങ്ങി നിറഞ്ഞ വിദ്യാര്‍ത്ഥി കേന്ദ്രികൃത ക്ലാസ്മുറിയിലേക്കു വരുന്ന ദരിദ്രരുടെ, ബഹിഷ്‌കൃത ജനതയുടെ മക്കള്‍ എന്ത് ചെയ്യണം? ഉത്തരം ലളിതമാണ്: പ്ലാവിലയില്ലേ നാട്ടില്‍, കുമ്പിള്‍ കുത്തിക്കൂടേ?

ഇങ്ങനെയൊക്കെയാണ് ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസം നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍ മെനക്കെട്ട് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
 

click me!