ഈ ജെല്ലിക്കെട്ട് കാള  കുതറിയോടുന്നത് എങ്ങോട്ട്?

By വിവേക് പൂവ്വഞ്ചേരിFirst Published Jan 20, 2017, 5:33 PM IST
Highlights

തമിഴന്റെ രാഷ്ട്രീയ മനസ്സ് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ മൈതാനമധ്യത്തേക്ക് അഴിച്ച് വിട്ട ജെല്ലിക്കെട്ട് കാളയെപ്പോലയാണ്. അതിന് യജമാനനെ നഷ്ടമായിരിക്കുന്നു. പണത്തിനും അധികാരത്തിനും  വേണ്ടി തന്നെ കടന്നുപിടിക്കാനും കീഴ്‌പ്പെടുത്താനും കുതിച്ചെത്തുന്ന അധികാരിവര്‍ഗത്തിന് പിടികൊടുക്കാതെ അത് കുതറിയോടുകയാണ്.

സ്വാതന്ത്ര്യസമര കാലത്തെ അനവധി സമരങ്ങള്‍ക്കും തുടര്‍ന്ന് സ്വാതന്ത്ര്യാനന്തരം ഭാഷാ പ്രക്ഷോഭം പോലെ തമിഴ് മണ്ണിലെ അനവധി രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കുരുക്ഷേത്ര സമാനമായ ഭൂമിയാണ് മറീന ബീച്ച്. തന്തെ പെരിയോര്‍ അണ്ണാ ദുരെ, എംജിആര്‍ ഒടുവില്‍ ഇപ്പോള്‍ ജയലളിതയും അങ്ങനെ രാഷ്ട്രീയ പടക്കളത്തില്‍ പൊരുതി ജയിച്ചവരുടേയും പാതി വഴിയില്‍ വീണവരുടേയും ഓര്‍മ്മകള്‍ കല്ലില്‍ കൊത്തിവച്ച ഇടം.

അവിടം കഴിഞ്ഞ ദിവസങ്ങളില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ സമാനതകളേതുമില്ലാത്ത ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. യാതൊരു രാഷ്ട്രീയ കക്ഷിയുടെയും പിന്‍ബലമില്ലാതെ പതിനായിരക്കണക്കിന് യുവാക്കള്‍ അവിടെ ഒത്തുകൂടി.ജെല്ലിക്കെട്ട്  നിരോധനത്തിനെതിരായി മധുരയിലും തമിഴ്‌നാടിന്റെ മറ്റ് ഉള്‍നാടന്‍ ഗ്രാമങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നവരായിരുന്നു അവര്‍.

അങ്ങനെ ലക്ഷങ്ങള്‍ രാഷ്ട്രീയം മറന്ന് ജാതിമത വേര്‍ത്തിരിവുകളില്ലാതെ തമിഴന്‍ എന്ന ഒറ്റ വികാരത്തിന് കീഴില്‍ അണിനിരന്നു.

എന്നാല്‍ അധികം വൈകാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രായമായവരും  പതിയെ അവിടേക്ക് വന്നു ചേര്‍ന്നു.അങ്ങനെ ലക്ഷങ്ങള്‍ രാഷ്ട്രീയം മറന്ന് ജാതിമത വേര്‍ത്തിരിവുകളില്ലാതെ തമിഴന്‍ എന്ന ഒറ്റ വികാരത്തിന് കീഴില്‍ അണിനിരന്നു.അവര്‍ ഒത്തു ചേര്‍ന്ന്  ജെല്ലിക്കെട്ടിനായി മുദ്രാവാക്യങ്ങള്‍ വിളിച്ചു. നിഷ്‌ക്രിയരായ രാഷ്ട്രീയ നേതൃത്വത്തെ പരിഹസിച്ച് പാട്ടുകള്‍ പാടി. ജെല്ലിക്കെട്ട് നിരോധിക്കാതെ പിരിഞ്ഞു പോകില്ലെന്ന് യുദ്ധപ്രഖ്യാപനവും നടത്തി.

രാഷ്ട്രീയ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ തരിച്ചു നിന്നു. റിപ്പോര്‍ട്ട് ചെയ്യാന്‍ ആദ്യം മടിച്ചു നിന്ന മാധ്യമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ജനസഞ്ചയത്തില്‍ സ്തബ്ധരായി ക്യാമറകളും മൈക്കുമായി അവിടെ തമ്പടിച്ചു. സമരമുഖത്തേക്ക് വിലക്കുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കള്‍ സമരമുഖത്തിന് ചുറ്റും പരുന്തിനെപ്പോലെ  വട്ടം കറങ്ങി. 'കഞ്ചിത്തണ്ണി'യില്ലാതെ 'പോരാട്ടം'  നടത്തുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് സഹായവും പിന്തുണയുമായി സിനിമ പ്രവര്‍ത്തകരും NGO കളും മുന്നോട്ടുവന്നു. സിനിമാ സാമൂഹ്യ പ്രവര്‍ത്തകര്‍ പലരും ജെല്ലിക്കെട്ടിനനുകൂലമായി നിലപാടെടുക്കാന്‍ നിര്‍ബന്ധിതരായി.

നാലു നാളായി തുടരുന്ന ഈ സമരത്തിലൂടെ തമിഴ് ജനത പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്:

നാലു നാളായി തുടരുന്ന ഈ സമരത്തിലൂടെ തമിഴ് ജനത പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്: 'ഞങ്ങള്‍ക്ക് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ യജമാനനെ നഷ്ടമായിരിക്കുന്നു. നയിക്കാനോ ഭയക്കാനോ ഞങ്ങള്‍ക്കിനി ആരുമില്ല. അതിനാല്‍ ഞങ്ങള്‍ സ്വയം മുന്നോട്ട് വരുന്നു. ജയലളിതയുടെ അപ്രതീക്ഷിതമായ മരണം അത്രത്തോളം അരക്ഷിതമാക്കിയിട്ടുണ്ട് തമിഴ് രാഷ്ട്രീയത്തെ'.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും തമിഴന്‍ തലയുയര്‍ത്തിപ്പിടിച്ചേ നിന്നിട്ടുള്ളൂ കേന്ദ്രത്തില്‍ ഏത് മുന്നണി ഭരിച്ചാലും അവര്‍ക്ക് വേണ്ടത് അവര്‍ ചോദിച്ച് വാങ്ങിയിട്ടുണ്ട്. അനിഷ്ടങ്ങള്‍ മുഖമുയര്‍ത്തിപ്പിടിച്ച് തന്നെ വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്. 

നോട്ട് നിരോധനത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ വസതിയില്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും അറിയാതെ  റെയ്ഡ് നടന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുറിപ്പെട്ടത് തമിഴന്റെ ആത്മാഭിമാനത്തിനാണ്. ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് നടക്കില്ലെന്ന് ചീഫ് സെക്രട്ടറി റാം മോഹന റാവു മാത്രമല്ല തമിഴര്‍ ഒന്നടങ്കം പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ വസതിയില്‍ മുഖ്യമന്ത്രി പോലും അറിയാതെ  റെയ്ഡ് നടന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുറിപ്പെട്ടത് തമിഴന്റെ ആത്മാഭിമാനത്തിനാണ്.

പിന്‍ഗാമികളേതുമില്ലാതെയാണ് ജയലളിത യാത്രയായത്. അമ്മയുടെ കസേരയില്‍ ചിന്നമ്മയായി സ്വയം അവരോധിച്ച് മുന്നോട്ടുവന്ന ശശികലയോട് തമിഴര്‍ക്കുള്ള 'സ്‌നേഹം' എന്തെന്നറിയാന്‍ ഒരു തിരഞ്ഞെടുപ്പിന് വേണ്ടി കാത്തു നില്‍ക്കണമെന്നില്ല നാട്ടുകാര്‍ വലിച്ചു കീറിയിട്ട അമ്മ ചിന്നമ്മ കോംബോയിലുള്ള പോസ്റ്ററുകളുടെ കണക്ക് എടുത്താല്‍ മാത്രം മതി. 

ഒ പി എസ് എന്ന് വിളിക്കുന്ന മുഖ്യമന്ത്രി, ഓ പനിനീര്‍ശെല്‍വം, പലരുടേയും കണ്ണില്‍ വെറും കളിപ്പാവ മാത്രമാണ്. ചരട് ശശികലയുടേയും 'മധ്യ അരസ്' ആയ ബിജെപിയുടെയും കൈകളിലാണെന്ന് ജനം വിശ്വസിക്കുന്നു.

വൃദ്ധനെങ്കിലും കലൈജ്ഞറില്‍ തമിഴര്‍ തങ്ങളുടെ അഭിമാനവും സ്വത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷിയുള്ള ഒരു നേതാവിനെ കണ്ടിരുന്നു.എന്നാല്‍ അദ്ദേഹം വാര്‍ദ്ധക്യാരിഷ്ടതകള്‍ കാരണം കഴിഞ്ഞ മാസം പാര്‍ട്ടി ചുമതല പൂര്‍ണ്ണമായും മകന്‍ സ്റ്റാലിനെ ഏല്‍പ്പിച്ച് സജീവ രാഷ്ട്രീയത്തില്‍ നിന്നും അവധിയെടുത്തു. സ്റ്റാലിനാണെങ്കില്‍ കരുണാനിധിയുടെ നിഴലില്‍ നിന്ന് മാറി സ്വന്തം കഴിവ് തെളിയിക്കാന്‍ ഒരു അവസരം പോലും ഇതുവരെ കൈവന്നിട്ടില്ല. കൂടുവിട്ടു കൂടുമാറല്‍ മാത്രം രാഷ്ട്രീയ ആയുധമാക്കിയ മറ്റുകക്ഷികളില്‍ തല്‍ക്കാലം  പ്രതീക്ഷക്കും വകയില്ല.

മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും തമിഴന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ജയയുടെ വിടവാങ്ങലോടെ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് തങ്ങള്‍ ഏറെ നാളായി കണ്ണു വെക്കുന്ന തമിഴ് മണ്ണിലേക്കുള്ള വഴികള്‍ ഒന്നുകൂടി സുഗമമായി എങ്കിലും മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും തമിഴന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മാത്രമല്ല ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ഒട്ടും ആത്മാര്‍ത്ഥമില്ലാത്തതാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്നബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണ് സമരത്തിനിടെ  പ്രക്ഷോഭകാരികളുടെ 'ചെരുപ്പടി' ഏറെ വാങ്ങേണ്ടി വന്ന നേതാവ്. സമരം ചെയ്യുന്നവരെക്കുറിച്ച് സ്വാമി നടത്തിയ മോശം പരാമര്‍ശമാണ് ഇതിലേക്ക് വഴിവച്ചത്. ജെല്ലിക്കെട്ട് നിരോധനത്തിനായി കോടതിയെ സമീപിച്ച 'PETA'യുടെ ഭാരവാഹികളും സ്വാമിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സമരക്കാര്‍ ആരോപിക്കുന്നു. 

ഞങ്ങള്‍ ഇനി പഴയതുപോലെയായിരിക്കില്ല എന്ന താക്കീത് നല്‍കാന്‍ ഈ ജെല്ലിക്കെട്ട്  സമരത്തിനായി എന്നതാണ് സത്യം. 

ഇതു വരെ അക്രമണ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും സമരത്തിന് കിട്ടുന്ന അസാധാരണമായ ജനപിന്തുണ ഭയന്ന് ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉടനടി പുറത്ത് വരികയും സമരക്കാര്‍ പിരിഞ്ഞ് പോകുകയും ചെയ്‌തേക്കാം.

എന്നാല്‍ തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം കൂടി എഴുതി ചേര്‍ത്താണ് ജെല്ലിക്കെട്ടിന് വേണ്ടി ഒത്തുകൂടിയവര്‍ പിരിഞ്ഞു പോവുക. പൂജിക്കാനൊ പ്രശ്‌നങ്ങള്‍ പറഞ്ഞ് കുമ്പിടാനൊ  വിഗ്രഹങ്ങള്‍ ഒന്നും ഇനി ബാക്കിയില്ലാത്തതിനാല്‍ ഞങ്ങള്‍ സ്വന്തം ശക്തിയില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.അതിനാല്‍ ഞങ്ങള്‍ ഇനി പഴയതുപോലെയായിരിക്കില്ല എന്ന താക്കീത് നല്‍കാന്‍ ഈ ജെല്ലിക്കെട്ട്  സമരത്തിനായി എന്നതാണ് സത്യം. 

click me!