
ഒരു സ്‌കൂളില്‍ ജോലി നോക്കുമ്പോള്‍ ഉണ്ടായ സംഭവമാണ്.
ഡെസ്‌കില്‍ മുഴുവന്‍ ആ സ്‌കൂളിലെ ഒരു ടീച്ചറിനെ പറ്റി പച്ച തെറി അഭിഷേകം. ലൈംഗികത നിറഞ്ഞ തെറി. വായിച്ചിട്ട് ഞങ്ങള്‍ക്ക് ചര്‍ദ്ദിക്കാന്‍ വരുന്നു. ആ ടീച്ചര്‍ കാണും മുമ്പ്, അത് മായ്ച്ചു കളഞ്ഞു.
എന്നിട്ട് അവരോടു കാര്യം പറഞ്ഞു.
പിറ്റേന്ന് മുതല്‍, അതാരാണ് എന്ന് അന്വേഷിച്ചു തുടങ്ങി. അത്രയേറെ വൈരാഗ്യം ഉള്ള കുട്ടി. അവസാനം ഒരു ഒമ്പതാം ക്ലാസ്സുകാരന്‍ കുറ്റം സമ്മതിച്ചു. എന്തിനു ഇത് ചെയ്തു എന്ന ചോദ്യത്തിന് അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞ മറുപടി ഇതായിരുന്നു: 'അവര്‍ക്കു വേണമെങ്കില്‍ എന്നെ തല്ലാമായിരുന്നു. പക്ഷെ അത് ചെയ്യാതെ എന്നെ വലിച്ചു കൊണ്ട് പോയി ക്ലാസിനു പുറത്തു നിര്‍ത്തി. പെണ്‍പിള്ളേരൊക്കെ ചിരിച്ചു കളിയാക്കി'
എല്ലാരും പോയപ്പോള്‍ , അവനോടു ഞാന്‍ മാത്രമായി സംസാരിച്ചു. ഇത്ര ചെറുപ്രായത്തില്‍ ഇത്രയേറെ തെറി മോന്‍ എവിടെ നിന്ന് പഠിച്ചു...?
എന്റെ മുഖത്തു നോക്കാതെ അവന്‍ കുറെ നേരം നിന്നു. പൊതുവെ അവനൊരു സ്ത്രീ വിദ്വേഷി എന്നാണ് ഞാന്‍ അറിഞ്ഞത്.
'എന്റെ അമ്മയെ കുറിച്ച് നാട്ടുകാര്‍ മതിലില്‍ എഴുതി വെച്ചത് ഞാന്‍ വായിച്ചിട്ടുണ്ട്'-വിമ്മി കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു.
അച്ഛന്‍ ഉപേക്ഷിച്ച അമ്മ!
കൂടുതല്‍ ഞാന്‍ അവനോടു ചോദിച്ചില്ല. കുറെ നാള്‍ അവന്‍ തുടര്‍ച്ച ആയി എന്നെ കാണാന്‍ എത്തുമായിരുന്നു. അമ്മയെ കുറിച്ചുള്ള മനസ്സിലെ വൈരാഗ്യം കുറെ ഒക്കെ മാറി.
ഇത്ര ചെറുപ്രായത്തില്‍ ഇത്രയേറെ തെറി മോന്‍ എവിടെ നിന്ന് പഠിച്ചു...?
ഇപ്പോള്‍, ഇത് ഓര്‍ക്കാന്‍ കാര്യം. പുരുഷന്‍ മറ്റു സ്ത്രീകളോട് പെരുമാറുന്നത്, അവന്‍ പെണ്ണുങ്ങളോട് അസഭ്യം പറയുന്നതും ചീത്ത വിളിക്കുന്നതും, അവന്റെ മാതാവിനോടുള്ള ബഹുമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ ഇരിക്കും.
കുടുംബത്തിലെ സ്ത്രീകള്‍ നല്ലതെന്നു ഉത്തമ ബോധം ഉണ്ടെങ്കില്‍, അവന്‍ കാണുന്ന സ്ത്രീകളെ, കാണാത്ത സ്ത്രീകളെ ഒന്നും വാക്കും നോക്കും കൊണ്ട് വ്രണപ്പെടുത്തില്ല.
സ്ത്രീയെ എങ്ങനെ കാണണം എന്ന് അമ്മ വേണം അവനെ മനസ്സിലാക്കാന്‍. ചില സംഭവങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. പുരുഷന്മാരുടെ ചില വാക്കുകള്‍ ഉണ്ടാക്കുന്ന മുറിവുകള്‍. ഫേസ് ബുക്ക് ഉള്‍പ്പടെ ഉള്ള ഇടങ്ങളില്‍ നിന്നുണ്ടാകുന്ന ദുരനുഭവങ്ങള്‍. വാക്കും നോക്കും കമന്റുകളും. മ്ലേച്ഛമായ ഭാഷയില്‍ സ്ത്രീയെ എങ്ങനെ ഒക്കെ തേജോവധം ചെയ്യാമോ അങ്ങനെ ഒക്കെ.
സങ്കടം തോന്നും. പെണ്‍ മക്കളെ കൂട്ടിലിട്ടും തല്ലിയും വളര്‍ത്തുന്നത് മാത്രമല്ല അമ്മ ചെയ്യേണ്ട കടമ. ആണ്‍മക്കളോട് പറഞ്ഞു കൊടുക്കണം. 'മോനെ, നീ പുറംലോകത്തെ ഓരോ സ്ത്രീയോടും ബഹുമാനത്തോടെ പെരുമാറണം. കാരണം, നീ അവരെ നോക്കുന്ന നോട്ടത്തിലും പറയുന്ന ദൂഷ്യത്തിലും ഒക്കെ 'അമ്മ ആണ് അപഹസിക്കപ്പെടുന്നത്, അപമാനിക്കപ്പെടുന്നത്. ഞാന്‍ എന്താണോ അതാണ് നീ മറ്റു സ്ത്രീകളെ കുറിച്ച് പറയുന്നത്. സ്ത്രീ എന്നാല്‍ ഒരു ഭോഗവസ്തു അല്ലായെന്നു നീ മനസ്സിലാക്കിയില്ലെങ്കില്‍, എന്റെ മാനം ആണ് മോനെ പോകുന്നത്..'
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.