
മുസൂറി: കനത്ത മഴയില്‍ മുസൂറിയിലെ പ്രശസ്തമായ വെള്ളച്ചാട്ടം റോഡിലേക്ക് പ്രവഹിക്കുംവിധം പ്രക്ഷുബ്ധമായതോടെ ടൂറിസ്റ്റുകള്‍ പേടിച്ചോടി. ഉത്തരാഖണ്ഡിലെ പ്രശസ്തമായ കെംപ്തി വെള്ളച്ചാട്ടമാണ് വിനോദ സഞ്ചാരികളെ ഭയപ്പെടുത്തിയത്. കുത്തിയൊലിച്ചെത്തിയ വെള്ളം പുറത്തേക്ക് വാര്‍ന്ന് അടുത്തുണ്ടായിരുന്ന കടകളിലും മറ്റും വെള്ളം നിറഞ്ഞു.
വെള്ളച്ചാട്ടം കാണാന്‍ എത്തിയവര്‍ ആദ്യം ഒന്നമ്പരന്നു. പിന്നെ, പലരും േപടിച്ചോടി. പൊലീസ് എത്തി മറ്റുള്ളവരെ സ്ഥലത്തുനിന്നും മാറ്റി.
ഇന്നലെ മുസൂറിയില്‍ കനത്ത മഴയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയായിരുന്നു. ഇതിനിടെയാണ്, വെള്ളച്ചാട്ടം ഭീതിപരത്തിയത്.
കഴിഞ്ഞ ജൂലൈ മാസവും ഇത്തരത്തില്‍ വെള്ളച്ചാട്ടം പ്രക്ഷുബ്ധമായിരുന്നു. അന്ന് 40 അടി ഉയരത്തിലാണ് ജലനിരപ്പ് ഉയര്‍ന്നത്. തുടര്‍ന്ന് ഇവിടേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് തടഞ്ഞിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാസം വീണ്ടും സഞ്ചാരികള്‍ക്കായി വെള്ളച്ചാട്ടം തുറന്ന് കൊടുത്തു.
ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ 16 പേരാണ് മരിച്ചത്.
ഉത്തര്‍ഖണ്ഡിലെ തെഹ്രി ഗഡ്‌വാള്‍ ജില്ലയിലെ തെക്കന്‍ കെംപ്തിയിലാണ് നാല്‍പ്പതടി ഉയരമുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഒരോ വര്‍ഷവും വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്.