ഒറ്റപ്പെട്ടു പോവാതിരിക്കാം, ഇവ ശ്രദ്ധിക്കണം

By Web TeamFirst Published Aug 16, 2018, 3:36 PM IST
Highlights

ഒന്നിൽ അധികം ആളുകൾ ഉണ്ടെങ്കിൽ അതിൽ ഒന്നോ രണ്ടോ പേരുടെ മൊബൈൽ ഒഴികെ ബാക്കി സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കുക. പിന്നീട് ഈ ഫോണിലെ ബാറ്ററി തീരുമ്പോൾ മറ്റു ഫോണുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് ആരെയും ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടു പോകുവാൻ സാധ്യതയുണ്ട്

ഇതുവരെ നേരിട്ടിട്ടില്ലാത്തൊരു സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. പലര്‍ക്കുമിപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയായിട്ടില്ല. ചിലരൊക്കെ അമ്പരപ്പിലാണ്. ജാഗ്രതയോടെ ഇരിക്കുക. ഒരുമിച്ചുനിന്ന് അതിജീവിക്കുക എന്നതാണ് ഇനിയുള്ള വഴി. അഞ്ജലി പാണ്ഡ അനില്‍ കുമാര്‍ ദുരന്തസ്ഥലത്ത് നിന്ന് പറയുന്നത് ശ്രദ്ധിക്കൂ. ഫേസ്ബുക്കിലൂടെയാണ് അഞ്ജലി വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒന്നും തള്ളിക്കളയാനുള്ളതല്ല. ഒരുമിച്ചുനിന്ന് പോരാടാം. 

 ഫേസ്ബുക്ക് പോസ്റ്റ്: ദയവു ചെയ്തു താമസിക്കുന്ന വീട്ടിലോ സമീപ പ്രദേശത്തോ വെള്ളം നിറയുമ്പോൾ കഴിവതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. ഓർക്കുക, വഴിയിൽ വെള്ളം നിറഞ്ഞു. പക്ഷെ, വീട്ടിൽ വെള്ളം കേറിയിട്ടില്ല അതുകൊണ്ടു കുഴപ്പമില്ല എന്നു കരുതരുത്. മണിക്കൂറുകൾക്കുള്ളിൽ വീടിനകത്തും വെള്ളമെത്താൻ സാധ്യത ഏറെയാണ് അതിനാൽ നിങ്ങൾ ഒറ്റപ്പെട്ടു പോകുവാൻ സാധ്യത അധികമാണ്. പ്രത്യേകിച്ചു രാത്രികാലങ്ങളിൽ നിങ്ങൾ അകപ്പെട്ടു പോയാൽ രക്ഷാപ്രവർത്തനം വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടു കഴിവതും സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അവശ്യ വസ്തുക്കൾ മാത്രമെടുത്തു മാറുക.

ഒന്നിൽ അധികം ആളുകൾ ഉണ്ടെങ്കിൽ അതിൽ ഒന്നോ രണ്ടോ പേരുടെ മൊബൈൽ ഒഴികെ ബാക്കി സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കുക. പിന്നീട് ഈ ഫോണിലെ ബാറ്ററി തീരുമ്പോൾ മറ്റു ഫോണുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് ആരെയും ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടു പോകുവാൻ സാധ്യതയുണ്ട്.

പ്രളയാബാധിത പ്രദേശങ്ങളിലേക്ക് സുരക്ഷിത സ്ഥാനത്തുള്ളവർ ഒരു കാരണവശാലും പോകാതിരിക്കുക. ദീർഘദൂര യാത്രകൾ പൂർണമായും ഒഴിവാക്കുക.

അനാവശ്യമായ ഭീതിപരത്തുന്ന വാർത്തകൾ പ്രൊമോട്ട് ചെയ്യാതിരിക്കുക. ഉദാ: കേരളം മൊത്തം ഇരുട്ടിലാവാൻ പോകുന്നു, ഡാമുകൾ എല്ലാം ബലക്ഷയം നേരിടുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിവതും ഷെയർ ചെയ്യാതിരിക്കുക.

വീടിന്‍റെ മുകളിൽ കയറി ഇരിക്കുന്നത് ഒരിക്കലും സുരക്ഷിത മാർഗമല്ലെന്നു മനസിലാക്കുക. അതുകൊണ്ടു അറിയിപ്പ് കിട്ടി തുടങ്ങുമ്പോൾ തന്നെ വഴികളെല്ലാം വെള്ളം കയ്യേറും മുൻപേ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. Isolated area ആയി കഴിഞ്ഞാൽ രക്ഷാപ്രവർത്തനം ദുസ്സഹമാണ്. നിങ്ങളിലേക്ക് ഓടിയെത്താൻ ഞങ്ങൾക്ക് മാർഗ്ഗമൊന്നുമില്ല.

അവസാനമായി പറയാനുള്ളത് പലരും മണിക്കൂറുകളായി കുടുങ്ങി കിടക്കുകയാണെന്നു അറിയാം സുരക്ഷാ ഉദ്യോഗസ്ഥർ ദിവസങ്ങളായി നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അവരുടെ ജീവൻ പണയം വെച്ചാണ് ഓടിയെത്തുന്നത്. വരാൻ വൈകിയേക്കാം. പക്ഷെ, ഈ അവസ്ഥയിൽ ഒരിക്കലും ഒരാൾ പോലും വരാതിരിക്കില്ല!! എല്ലാവരിലേക്കും എത്തിപ്പെടാൻ അവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടു സഹകരിക്കുക! അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ജാഗ്രത പുലർത്തുക.

click me!