ജാഗ്രത വേണം, സുരക്ഷിതരാണെന്ന് കരുതി അപകടത്തില്‍ പെടരുത്

By Web TeamFirst Published Aug 16, 2018, 2:43 PM IST
Highlights

പലയിടത്തും കറണ്ടില്ലാത്ത അവസ്ഥയാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെയും കറണ്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വീടിനു ചുറ്റും വെള്ളമായിക്കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങുകയും അസാധ്യമായിത്തീരും. 

വീടിന്‍റെ ഒന്നാം നിലയില്‍ വെള്ളം കയറുമ്പോഴും സാരമില്ല രണ്ടാം നിലയില്‍ സുരക്ഷിതരാണെന്ന് കരുതിയിരിക്കുകയാണ് പലരും. ഫേസ്ബുക്കിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഒട്ടേറെപ്പേര്‍ ഇത് പറഞ്ഞുകഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമൊപ്പം മാറാന്‍ പലരും വിസമ്മതിക്കുകയാണ്. എന്നാല്‍, ഇത് അപകടം വിളിച്ചുവരുത്തുകയാണ്. വെള്ളം കയറിത്തുടങ്ങിയാല്‍ ഒരിടവും സുരക്ഷിതമാണെന്ന് കരുതരുത്. വെറും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീട് മുഴുവന്‍ മുങ്ങിയേക്കാം. ആ സമയത്ത് ഒരുപക്ഷെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ രക്ഷയ്ക്ക് എത്താന്‍ കഴിയണമെന്നില്ല. ഗതാഗാത സംവിധാനങ്ങള്‍ താറുമാറായിരിക്കാം. പലയിടത്തും ശക്തമായ ഒഴുക്കാണ് വെള്ളത്തിന്.

പലയിടത്തും കറണ്ടില്ലാത്ത അവസ്ഥയാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെയും കറണ്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വീടിനു ചുറ്റും വെള്ളമായിക്കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങുകയും അസാധ്യമായിത്തീരും. കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാം. ഭക്ഷണം തീര്‍ന്നുപോകാം. ആ സാഹചര്യത്തില്‍ എത്രനേരം തുടരേണ്ടി വരുമെന്ന് പറയുക സാധ്യമല്ല.

മാത്രമല്ല ഒഴുക്കില്‍ ഇഴജന്തുക്കളും മറ്റും കയറിവരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ മാറാനുള്ള സാഹചര്യമാണെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറുക. ഈ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരുമെല്ലാം ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിജീവനത്തിന്‍റേതാണ്. ഓരോ മനുഷ്യരുടേയും രക്ഷയ്ക്കാണ്. അതുകൊണ്ട്, എത്രയും പെട്ടെന്ന് സുരക്ഷിതയിടങ്ങളിലേക്ക് മാറുക. ഒരുമിച്ച് നിന്ന് അതിജീവിക്കേണ്ട നേരമാണിത്. 
 

click me!