
എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയ ക്യാമ്പസ്. എല്ലാവരുടെ മനസിലും കാണും ആ ക്യാമ്പസ് കാലത്തെ കുറിച്ചുള്ള പലവിധ ഓര്‍മ്മകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ക്യാമ്പസിലേക്ക് മകന്‍റെ കയ്യും പിടിച്ച് നടന്നു കയറുന്ന ഒരാളുടെ മനസില്‍ എന്തൊക്കെ ഓര്‍മ്മകള്‍ കടന്നു വന്നിരിക്കാം. ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലത്തെ എങ്ങനെയായിരിക്കും അവര്‍ ഉള്ളില്‍ അടയാളപ്പെടുത്തിയിരിക്കുക... അത് മഹാരാജാസ് പോലെയൊരു ക്യാമ്പസാണെങ്കിലോ...
കെ.എസ് സുധിയാണ് ഫേസ്ബുക്കില്‍, അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയേയും കൊണ്ട് പഠിച്ച ക്യാമ്പസില്‍ ചെന്ന അനുഭവം എഴുതിയിരിക്കുന്നത്.
"ഈച്ചരവാര്യർ സർ ആയിരുന്നു ഡിപ്പാർട്ട്‌മെന്റ് ഹെഡ്," ഏറെ ആയാസപ്പെട്ടു വീണ്ടും പടികൾ കയറി ഡിപ്പാർട്ട്‌മെന്റിനു മുന്നിൽ എത്തിയപ്പോൾ കിതപ്പടക്കി അമ്മ പറഞ്ഞു.
ഈച്ചരവാര്യർ... അടിയന്തിരാവസ്ഥയുടെ രക്തസാക്ഷി രാജന്റെ അച്ഛൻ. അമ്മ വീണ്ടും മുന്നോട്ടു നടന്നു. ഒന്നാം വർഷം, രണ്ടാം വർഷം... അടഞ്ഞു കിടന്ന ക്ലാസ്സുമുറികളിലെ ബോർഡുകൾ നോക്കി അരനൂറ്റാണ്ട് മുൻപത്തെ ആ വിദ്യാർത്ഥിനി അൽപ്പം ഉറക്കെ വായിച്ചു. പിന്നെ അൽപ്പനേരം ജനലിനു പുറത്തേക്കു നോക്കി നിന്നു. അപ്പോഴും അമ്മയൊന്നും പറഞ്ഞില്ല എന്നും സുധി എഴുതിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: അമ്പതു വർഷങ്ങൾക്കു ശേഷം ആദ്യമായി മഹാരാജാസിൽ തിരികെയെത്തിയ അമ്മയുടെ മനസ്സിൽ എന്തെന്തു ഓർമ്മകൾ പടികൾ കടന്നു വന്നിട്ടുണ്ടാകും? തന്റെ പഴയ കോളേജിലൂടെ നടക്കുമ്പോൾ അമ്മയൊന്നും പറഞ്ഞില്ല. ഓഡിറ്റോറിയത്തിനു മുന്നിലൂടെ കാമ്പസ്സിൽ പ്രവേശിച്ചു ഇംഗ്ളീഷ് വിഭാഗത്തിലൂടെ നടന്നു പടികൾ കയറുമ്പോൾ പഠിച്ച കോളേജിൽ വീണ്ടുമെത്തി എന്നുമാത്രം പതുക്കെ പറഞ്ഞു.
കൗമാരകാലത്തു പഠിച്ച കോളേജിലെ പടികൾ, വീണ്ടും അര നൂറ്റാണ്ടിന് ശേഷം കയറുമ്പോൾ അമ്മയുടെ ചുവടുകൾ ഇടറിപ്പോകാതിരിക്കാൻ ഞാൻ അമ്മയുടെ കൈകൾ പിടിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല അമ്മ. പേരക്കുട്ടി ഒരു മത്സരത്തിൽ പങ്കെടുക്കുന്നത് കാണാൻ വന്നതായിരുന്നു അമ്മ മഹാരാജാസിൽ വീണ്ടും. ചരിത്ര വിഭാഗത്തിൽ ആയിരുന്നു അമ്മയുടെ ഡിഗ്രി പഠനം. ഹിന്ദി ആയിരുന്നു പഠിച്ച ഉപഭാഷ. ഹിന്ദി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒന്നു പോകണം, അമ്മ പതുക്കെ പറഞ്ഞു.
അവിടേക്കുള്ള വഴിയറിയാതെ നിൽക്കുമ്പോൾ ഒരു ഫ്രീക്കൻ യുവാവ് മുന്നിൽ വന്നുപെട്ടു. ഹിന്ദി ഡിപ്പാർട്ട്‌മെന്റ്... അയാളോട് ഞാൻ ചോദിച്ചു. നേരെ പടി കയറിച്ചെല്ലുന്നത് അവിടേക്കാണ്, മുകളിലേക്ക് വിരൽചൂണ്ടി വഴി പറഞ്ഞു തന്നിട്ട് അയാൾ അമ്മയെ ഒന്നു നോക്കി. ഇവിടെ പഠിച്ചതാണോ? അതെയെന്ന് അമ്മ പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ തിളക്കമുള്ള ഒരു ചിരി വിടർന്നു. ഏറ്റവും പുതിയ തലമുറയിലെ ഒരു മഹാരാജാസുകാരൻ മറ്റൊരു പഴയ തലമുറയിലെ മഹാരാജാസ്സുകാരിക്കു നൽകിയ സ്നേഹാഭിവാദനം.
"ഈച്ചരവാര്യർ സർ ആയിരുന്നു ഡിപ്പാർട്ട്‌മെന്റ് ഹെഡ്," ഏറെ ആയാസപ്പെട്ടു വീണ്ടും പടികൾ കയറി ഡിപ്പാർട്ട്‌മെന്റിനു മുന്നിൽ എത്തിയപ്പോൾ കിതപ്പടക്കി അമ്മ പറഞ്ഞു.
ഈച്ചരവാര്യർ... അടിയന്തിരാവസ്ഥയുടെ രക്തസാക്ഷി രാജന്റെ അച്ഛൻ. അമ്മ വീണ്ടും മുന്നോട്ടു നടന്നു. ഒന്നാം വർഷം, രണ്ടാം വർഷം... അടഞ്ഞു കിടന്ന ക്ലാസ്സുമുറികളിലെ ബോർഡുകൾ നോക്കി അരനൂറ്റാണ്ട് മുൻപത്തെ ആ വിദ്യാർത്ഥിനി അൽപ്പം ഉറക്കെ വായിച്ചു. പിന്നെ അൽപ്പനേരം ജനലിനു പുറത്തേക്കു നോക്കി നിന്നു. അപ്പോഴും അമ്മയൊന്നും പറഞ്ഞില്ല.
തിരികെ നടക്കുമ്പോൾ തൊട്ടടുത്തു കണ്ട ചുവരിലെ ചിത്രമെഴുത്തിൽ വിരലോടിച്ചു ഒരു നിമിഷം നിന്നു. ഓർക്കുന്നുവോ നിങ്ങൾ ആ പെണ്കുട്ടിയെ, അൻപതു കൊല്ലം മുമ്പ് ഇതുവഴിയൊക്കെ ചിരിച്ചുല്ലസിച്ചു നടന്ന ആ ദാവണിക്കാരിയെ എന്നു വിരൽ സ്പർശത്താൽ കോളേജിനോട് ചോദിച്ചതാവുമോ അമ്മ? അമ്മയൊന്നും പറഞ്ഞില്ല, തിരികെ പടികളിറങ്ങുമ്പോൾ.
ഒരുകാലം ഉള്ളിൽ വന്നിങ്ങനെ തിങ്ങി വിങ്ങി നിന്ന നിമിഷങ്ങളിൽ വാക്കുകൾ കളഞ്ഞു പോയതാവുമോ അമ്മക്ക്? മുളവുകാട്ടെ (ബോൾഗാട്ടി) വീട്ടിൽ നിന്ന് ബോട്ടിൽ കയറി പഠിക്കാൻ മഹാരാജാസിൽ വന്ന കഥ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. മഹാരാജാസിൽ പഠിച്ച ആ പഴയ ദാവണിക്കാരിക്കു ഇപ്പോൾ ഓർമ്മകൾ നിരതെറ്റി തുടങ്ങി. കാലം വെള്ളിവരകൾ കൊണ്ടു മുടിക്കറുപ്പ് എന്നോ മറച്ചു കഴിഞ്ഞു. മറവിയുടെ മാറാല മൂടുന്നു ഓർമ്മകളിൽ, ഇടക്കിടെ. അമ്മ പറഞ്ഞ കാമ്പസ് കഥകളിൽ അക്കാലത്തെ വിദ്യാർത്ഥി നേതാക്കളായിരുന്ന വയലാർ രവിയും എ കെ ആന്റണിയും ഒക്കെയുണ്ട്. പിന്നെ ഓമനക്കുട്ടൻ സാറും സലിലം ചിറ്റയും വേറെ ഒന്നുരണ്ടു കൂട്ടുകാരികളും. പണ്ട് ഒപ്പം പഠിച്ചിരുന്ന ചിലരുടെ പേരുകൾ അമ്മ ഇടക്കൊക്കെ പറഞ്ഞിരുന്നു. പിന്നീട് ആ പേരുകളൊക്കെയും അമ്മയും അമ്മയെ അവരും മറന്നു പോയിട്ടുണ്ടാകണം.
എന്റെ കൈപിടിച്ചു കോളേജിന്റെ പ്രധാന കവാടം കടന്നു പുറത്തേക്കു നടക്കുമ്പോൾ അമ്മ ഒരു പ്രാവശ്യം തിരിഞ്ഞുനോക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഇല്ല. അമ്മ തിരിഞ്ഞുനോക്കിയതേയില്ല. അമ്മ ഒന്നും പറഞ്ഞതുമില്ല.