ഗ്ലാസ്റ്റൺബറിയിൽ നിന്നുള്ള 19-കാരനായ ജോർജ്ജ് ഗാരറ്റ്, തൻ്റെ പേര് നിയമപരമായി മാറ്റി. സുഹൃത്തുക്കളുമായുള്ള തമാശയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാർവൽ, ഡിസി കോമിക്സുകളിലെ സൂപ്പർഹീറോകളുടെ പേരുകൾ ചേർത്താണ് 'ക്യാപ്റ്റൻ ഫന്‍റാസ്റ്റിക് ഫാസ്റ്റർ ദാൻ...' എന്ന് തുടങ്ങുന്ന നീണ്ട പേര് സ്വീകരിച്ചത്. ഈ അസാധാരണ പേരുമാറ്റം വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിക്ക കൗമാരക്കാരും ഹെയർസ്റ്റൈലുകൾ, ഫാഷൻ അല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിലെ പേരുകൾ എന്നിവയിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഗ്ലാസ്റ്റൺബറിയിൽ നിന്നുള്ള 19 -കാരൻ ജീവിതത്തിൽ കൂടുതൽ നാടകീയമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. ജോർജ്ജ് ഗാരറ്റ് എന്നായിരുന്നു ആ 19 -കാരന്‍റെ പേര്. സ്വന്തം പേര് തന്നെ മാറ്റിത്തുടങ്ങാമെന്ന് ജോർജ്ജ് ഗാരറ്റ് കരുതി. പിന്നെ ഒന്നും നോക്കിയില്ല. ഡീഡ് പോൾ വഴി തന്‍റെ പേര് നിയമപരമായി മാറ്റി, ഇപ്പോൾ 'ക്യാപ്റ്റൻ ഫന്‍റാസ്റ്റിക് ഫാസ്റ്റർ ദാൻ സൂപ്പർമാൻ സ്പൈഡർമാൻ ബാറ്റ്മാൻ വോൾവറിൻ ദി ഹൾക്ക് ആൻഡ് ദി ഫ്ലാഷ് കമ്പൈൻഡ്' എന്നാക്കി.

അതെ, അത് തന്നെയാണ് നിയമപരമായ മുഴുവൻ പേര്

യുകെയിൽ നിയമപരമായി അംഗീകരിക്കപ്പെട്ട ഒരു ഡീഡ് പോൾ സർവീസ് വഴിയാണ് അസാധാരണമായ പേര് മാറ്റം നടത്തിയത്. പിന്നാലെ വിചിത്രമായ പേര് വലിയ ശ്രദ്ധ പിടിച്ചുപറ്റി. ജോർജ്ജ് ഗാരറ്റ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത് ഒരു ചിരിയിൽ നിന്നാണ്. പുതിയ പേരിനായി അദ്ദേഹം ഒരു സൂപ്പർഹീറോ തീം തന്നെ തെരഞ്ഞെടുത്തു, സുഹൃത്തുക്കൾ ഓരോ പുതിയ പേരുകൾ നിർദ്ദേശിക്കുമ്പോഴും അത് അദ്ദേഹം തന്‍റെ പുതിയ പേരിനൊപ്പം കൂട്ടിചേർത്തു കൊണ്ടേയിരുന്നു. സുഹൃത്തുക്കളും അതൊരു തമാശമാത്രമായാണ് കണ്ടെത്. എന്നാൽ, ജോർജ്ജ് ഗാരറ്റിന് അതൊരു തമാശയായിരുന്നില്ല. അദ്ദേഹം അത് തന്‍റെ യഥാർത്ഥ ഐഡന്‍റിറ്റിയാക്കി മാറ്റി. അതുല്യവും അവിസ്മരണീയവുമായ എന്തെങ്കിലും വേണമെന്ന് തോന്നി. അതിനാലാണ് അത്തരമൊരു പേര് സ്വീകരിച്ചതെന്ന് ജോർജ്ജ് ഗാരറ്റ് പിന്നീട് പറഞ്ഞു. നിലവിൽ സംഗീത വിദ്യാർത്ഥിയാണ് 'ക്യാപ്റ്റൻ ഫന്‍റാസ്റ്റിക് ഫാസ്റ്റർ ദാൻ സൂപ്പർമാൻ സ്പൈഡർമാൻ ബാറ്റ്മാൻ വോൾവറിൻ ദി ഹൾക്ക് ആൻഡ് ദി ഫ്ലാഷ് കമ്പൈൻഡ്'.

എല്ലായിടത്തും ചർച്ച

സുഹൃത്തുക്കൾ ഒടുവിൽ പേര് ചുരുക്കി. 'ക്യാപ്റ്റൻ' എന്നാക്കി. ഒന്നുമില്ലെങ്കിലും പരിചയപ്പെടുമ്പോൾ ശ്വാസം വിടാൻ എളുപ്പമാകുമെന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം. തന്‍റെ അസാധാരണ നർമ്മബോധത്തെ കുറിച്ച് തികഞ്ഞ അറിവുള്ളത് കൊണ്ടാകാം പുതിയ പേര് കേട്ട് വീട്ടുകാർ ഞെട്ടിയില്ലെന്ന് ക്യാപ്റ്റൻ പറയുന്നു. എന്നാൽ, കേട്ടവരിൽ ഭൂരിപക്ഷം ആളുകളും ആദ്യം പരിഹാസമാണെന്ന് കരുതിയെന്നും ക്യാപ്റ്റൻ പറയുന്നു. പക്ഷേ, എവിടെ പോയാലും അവിടെയെല്ലാം തന്‍റെ പേര് ഒരു ചർച്ചാ വിഷയമാകുന്നതിൽ സന്തോഷമുണ്ടെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

അഭിനന്ദനവും പരിഹാസവും

സൂപ്പർഹീറോ എന്ന പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ പുതിയ പേരിൽ മാർവൽ, ഡിസി കോമിക്സ് എന്നീ രണ്ട് കോമിക്സുകളിലെ കഥാപാത്രങ്ങളായ സൂപ്പർമാൻ, സ്പൈഡർ മാൻ, ബാറ്റ്മാൻ, വോൾവറിൻ, ദി ഹൾക്ക്, ദി ഫ്ലാഷ് എന്നിവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നായകന്മാരെയെല്ലാം ഒന്നിച്ചുചേർത്താൽ ദി ഫ്ലാഷ് മാത്രമുള്ളതിനേക്കാൾ വേഗതയേറിയവരാകുമോ എന്ന് ഓൺലൈനിൽ കോമിക് പുസ്തക ആരാധകർ ചോദിക്കുന്നു. അതേസമയം പുതിയ പേര് കേട്ട് ചിരിച്ചവരും കുറവല്ല. മറ്റ് ചിലർ ഇത്തരം പേരുകൾ സ്വീകരിക്കാൻ വല്ലാത്തൊരു ആത്മവിശ്വാസം ആവശ്യമാണെന്ന് എഴുതി. അതേസമയം തങ്ങൾക്ക് വിചിത്രമായ പേരുകൾ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ പതിവായി ലഭിക്കുന്നെന്ന് ദി ലീഗൽ ഡീഡ് പോൾ സർവീസിന്‍റെ വക്താവ് പറയുന്നു.