മഹേഷിന്റെ പ്രതികാരം തോല്‍ക്കും  കുമാറിന്റെ  പ്രതികാരത്തിനു മുന്നില്‍!

By Web DeskFirst Published May 28, 2016, 7:00 AM IST
Highlights

തിരുവനന്തപുരം: പട്ടിയെപ്പോലെ തല്ലിയവനെ തിരിച്ചു തല്ലുംവരെ  ചെരിപ്പിടില്ല. 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമ കറങ്ങുന്നത് മഹേഷ് നടത്തുന്ന ഈ പ്രതിജ്ഞയ്ക്കു ചുറ്റുമാണ്. അത് സിനിമാക്കഥ. എന്നാല്‍, കുമാറിന്റെ പ്രതികാരം സിനിമാക്കഥയല്ല. ഏത് സിനിമയെയും തോല്‍പ്പിക്കുന്ന യഥാര്‍ത്ഥ കഥയാണ് അത്. 

ആ പ്രതിജ്ഞ ചെയ്തത് ഒരു മലയാളിയാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന് അധോലോക രാജാവായി മാറിയ ഒരു മലയാളി.  മുംബൈ പൊലീസ് ഏറെ നാളായി തിരയുന്നതിനിടെ സിംഗപ്പൂരില്‍ ഈയിടെ പിടിയിലായ കുമാര്‍ കൃഷ്ണ പിള്ള. പിതാവിനെ വെടിവെച്ചു കൊന്ന ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘാംഗങ്ങളോട് പ്രതികാരം ചെയ്യുംവരെ ചെരിപ്പിടില്ല എന്നായിരുന്നു കുമാര്‍ കൃഷ്ണ പിള്ളയുടെ പ്രതിജ്ഞ. ആ പ്രതിജ്ഞ അയാള്‍ നിറവേറ്റി. എന്നാല്‍, അതിനു നല്‍കേണ്ടി വന്നത് വലിയ വിലയായിരുന്നു. സഹായത്തിനായി അധോലോകത്തേക്ക് ഇറങ്ങിയ ആ കെമിക്കല്‍ എഞ്ചിനീയര്‍ക്ക് പിന്നീട് ഒരിക്കലും സാധാരണ ജീവിതം ഉണ്ടായിരുന്നില്ല. അയാളൊരു കൊടും ക്രിമിനലായി മാറി. 

 

ആ പ്രതിജ്ഞ
സിനിമയേക്കാള്‍ സിനിമാറ്റിക്കാണ് കുമാര്‍ കൃഷ്ണപിള്ളയുടെ കഥ. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു കുമാറിന്റെ പിതാവ് കൃഷ്ണ പിള്ള.  ബോംബെയിലേക്ക് കുടിയേറിയ കൃഷ്ണ പിള്ള പൊതുകാര്യ പ്രസക്തനായിരുന്നു. വിക്രോളി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള  ഹരിയാലി നഗറിലായിരുന്നു ബിസിനസുകാരനായ കൃഷ്ണപിള്ളയുടെ കുടുംബം. അവിടെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിര്‍മിച്ചത് അദ്ദേഹമായിരുന്നു. ഒരു ക്ഷേത്രവും അദ്ദേഹം അവിടെ നിര്‍മിച്ചു. നാട്ടുകാരുമായി നല്ല അടുപ്പമായിരുന്നു കൃഷ്ണ പിള്ളയെന്ന് അവിടത്തുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. മൂന്ന് മക്കളായിരുന്നു കൃഷ്ണ പിള്ളയ്ക്കും ഭാര്യ കമലയ്ക്കും. കേശവ്, കുമാര്‍, ജ്യോതി. കുമാര്‍ മിടുക്കനായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ അയാള്‍ നല്ല കായിക താരവുമായിരുന്നു. സ്ഥലത്തെ റോക്കി ബൈക്ക് ഗ്യാങ്ങിലെ അംഗമായിരുന്നു കുമാര്‍.

സന്തോഷകരമായ ജീവിതത്തിനിടെയാണ് കുമാറിന്റെ ജീവിതം മാറ്റിയ ആ സംഭവം. നിര്‍മാണ രംഗത്തുള്ളവരെ ഭീഷണിപ്പെടുത്തി ഹഫ്ത വാങ്ങിയിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി കൃഷ്ണ പിള്ള ഉടക്കി. വൈകിയില്ല, ദാവൂദ് സംഘത്തിലെ ലാല്‍ സിംഗ് ചവാന്റെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ഒരു ചായക്കടക്കു പുറത്തു ഇരിക്കുകയായിരുന്ന കൃഷ്ണപിള്ളയെ വെടിവെച്ചു കൊന്നു. ഇത് കുമാറിനെ ഉലച്ചു കളഞ്ഞു. അയാള്‍ പ്രതികാര ദാഹിയായി. പിതാവിനെ കൊന്നവര്‍ക്കെതിരെ പകരം വീട്ടാതെ താനിനി ചെരിപ്പിടില്ല എന്നയാള്‍ പ്രഖ്യാപിച്ചു. 

അധോലോകത്തിലേക്ക് 
ദാവൂദിന്റെ എതിരാളികളായിരുന്ന അമര്‍ നായിക്കിന്റെ സംഘത്തില്‍ കുമാര്‍ ചേര്‍ന്നു. വൈകാതെ, വിക്രോളി റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ച് കുമാറും സംഘവും ലാല്‍ സിംഗ് ചവാനെ വെടിവെച്ചു കൊന്നു. പിതാവിനെ കൊന്ന സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടു പേരെയും വൈകാതെ അവര്‍ വധിച്ചു. ഇതോടെ കുമാര്‍ ഒളിവില്‍ പോയി. എന്നാല്‍, പൊലീസും ദാവൂദ് സംഘവും അയാളെ തേടി നടക്കുന്നുണ്ടായിരുന്നു. അയാള്‍ അധോലോകത്തിന്റെ ഇരുണ്ട ജീവിതത്തിലേക്ക് പൂര്‍ണ്ണമായും ലയിച്ചു. അമര്‍ നായിക്കിന്റെ ക്രിമിനല്‍ സംഘത്തിലെ പ്രധാനിയായി അയാള്‍ മാറി. കെട്ടിട നിര്‍മാതാക്കളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തി വന്‍ തുക തട്ടുകയായിരുന്നു നായിക്കിന്റെ സംഘത്തിന്റെ പ്രധാന പരിപാടി. നിരവധി കേസുകളില്‍ കുമാര്‍ പ്രതിയായി. അമര്‍ നായിക്ക് മാറി അശ്വിന്‍ നായിക്ക് സംഘത്തലവനായപ്പോഴേക്കും അയാള്‍ അധോലോക നേതാവായി. പിന്നീട് കുമാര്‍ സ്വന്തം സംഘം രൂപവല്‍കരിച്ചു. 

കുമാര്‍ ഗ്യാങ്ങ് 
കുമാര്‍ ഗ്യാങ്ങും ഭീഷണിപ്പെടുത്തി പണം തട്ടലിലായിരുന്നു ശ്രദ്ധിച്ചത്. നിരവധി കൊലക്കേസുകളിലും ഈ സംഘം പ്രതികളായി. അനില്‍ രാം സേവക് പാണ്ഡേ, അക്ബര്‍ പിരാനി, പ്രമോദ് പട്ടേല്‍ എന്ന പമ്യ, ജൂഡ് മസ്‌കരാനസ് എന്ന അവി സതോസ്‌കര്‍, അമിത് ബോഗ്‌ലെ, അനില്‍  എന്ന ഹരിയോം എന്നിവരായിരുന്നു സംഘത്തിലെ പ്രമുഖര്‍. ഇവരെല്ലാം വിവിധ കേസുകളില്‍ പൊലീസിന്റെ അറസ്റ്റിലായി.  മുംബൈയില്‍ നില്‍ക്കാന്‍ കഴിയില്ല എന്നറിഞ്ഞതോടെ കുമാറും സംഘവും സ്ഥലം വിട്ടു. ശ്രീലങ്ക, ബ്രിട്ടന്‍,  സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ അയാള്‍ ഒളിച്ചു താമസിച്ചു. അവിടെ നിന്നും അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിനിടെ, എല്‍.ടി.ടി.ഇക്കാര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുത്തു എന്ന കേസില്‍ അയാളും സംഘവും അറസ്റ്റിലായി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം 1983ല്‍ മുങ്ങിയ കുമാര്‍ പിള്ളയെ പിന്നീടാരും കണ്ടിട്ടില്ല. അവിടെ നിന്ന്  കുമാര്‍ ഹോങ്കോംഗിലേക്ക് കടന്നതായാണ് മുംബൈ പൊലീസിലെ ക്രൈം ബ്രാഞ്ച് നല്‍കുന്ന വിവരം.   2013 ലാണ് അവസാനമായി കുമാര്‍ ഗ്യാങ്ങിനെ കുറിച്ചു കേട്ടത്.  കുമാറിന്റെ തട്ടകമായ വിക്രോളിയില്‍  കെട്ടിട നിര്‍മാണം നടത്തുന്ന മങ്കേഷ് സിംഗ്ലെ എന്ന എം.എല്‍.എയോട് കുമാറും സംഘവും 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനിടെ കുമാര്‍ ഗ്യാങ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായി. നിരവധി ബിസിനസുകാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും കൊല ചെയ്ത സംഭവങ്ങളിലും അയാളെ പൊലീസ് തെരയുകയായിരുന്നു.

സിബിഐ പുറത്തിറക്കിയ വാണ്ടഡ് ലിസ്റ്റില്‍ കുമാര്‍ കൃഷ്ണ പിള്ള

വീണ്ടും അറസ്റ്റ്
അതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിംഗപ്പൂരില്‍ കുമാര്‍ അറസ്റ്റിലായി. അവിടെ ഒരു റസ്‌റ്റോറന്റ് നടത്തുകയായിരുന്നു കുമാര്‍. സിംഗപ്പൂര്‍ കേന്ദ്രമായി അധോലേക പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടായിരുന്നു. ഒരു മാസമായി മുംബൈ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കുമാര്‍. മുംബൈ പൊലീസ് നല്‍കിയ വിവര പ്രകാരമാണ് കുമാറും ഭാര്യയും അറസ്റ്റിലായത്. ഇവരെ ഇന്ത്യയ്ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ കോടതി അതിന് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ആദ്യ വാരത്തില്‍ കുമാറിനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറയുന്നു.  ഇതിനായി എത്തിയ മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ സിംഗപ്പൂരിലുണ്ട്. 

click me!