'നോട്ട' യുടെ കളികള്‍ ഇങ്ങനെ എത്രനാള്‍ കൂടി.?

By Vipin PanappuzhaFirst Published May 27, 2016, 7:26 PM IST
Highlights

നോട്ടയുടെ ഉത്ഭവം..

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുക എന്നതിനെക്കാള്‍ തനിക്ക് അനുയോജ്യരായി പ്രതിനിധികള്‍ ഇല്ലെന്ന് പ്രകടിപ്പിക്കാന്‍ ഒരു വോട്ടര്‍ക്ക് അവകാശം വേണം എന്ന വലിയ ആവശ്യത്തിന്‍റെ പരിണാമം ആയിരുന്നു നോട്ടയുടെ കടന്നുവരവ്. 

2013 ലാണ് ഇന്ത്യയില്‍ നോട്ട ആദ്യം ഇടം പിടിക്കുന്നത്. അന്ന് നടന്ന ദില്ലി, ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലായിരുന്നു. അന്ന് പോള്‍ ചെയ്ത നോട്ട മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ 1.5 ശതമാനത്തിന് അടുത്തായിരുന്നു. ഇത് എകദേശം 15 ലക്ഷത്തിന് അടുത്ത് വരും. വോട്ട് കണക്കില്‍ തന്നെ എടുത്താല്‍ കണക്ക് ഇങ്ങനെ

ദില്ലി - 50,000
ചത്തീസ്ഗഢ് - 3.56 ലക്ഷം
മധ്യപ്രദേശ് - 5.9 ലക്ഷം
രാജസ്ഥാന്‍ - 5.67 ലക്ഷം 

ഏതാണ്ട് പത്തുവര്‍ഷത്തിന് ശേഷം ഇന്ത്യയുടെ രാഷ്ട്രീയ ജാതകം മാറ്റി മോദി വേവ് ആഞ്ഞടിച്ച 2014 ല്‍ ആയിരുന്നു നോട്ടയുടെ അടുത്തഘട്ടം. അന്ന് രാജ്യത്ത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 1.1 ശതമാനം മാത്രമായിരുന്നു നോട്ട. എന്നാല്‍ ഇത് വോട്ട് കണക്കില്‍ എടുത്താല്‍ 60 ലക്ഷം വോട്ടിന് അടുത്ത് വരും. ഇത് അത്ര മോശം എന്ന് പറയാന്‍ സാധിക്കില്ല, ഏതാണ്ട് 21 ദേശീയ, പ്രദേശിക പാര്‍ട്ടികള്‍ എല്ലാം കൂടി നേടിയ വോട്ടിന് മുകളില്‍ വരും ആകെ നോട്ടയുടെ നേട്ടം. ഈ പാര്‍ട്ടികളില്‍ സിപിഐ, ജെഡിഎസ്, ജെഡിയു, എസ്എഡി എന്നിവ ഇടംപിടിക്കുന്നു. 

ഇനി കഴിഞ്ഞവര്‍ഷത്തെ ബിഹാര്‍ ഇലക്ഷനിലെ കണക്ക് നോക്കിയാല്‍ നോട്ട പിടിച്ചത് 947,276 വോട്ടുകളാണ്. ഇത് മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ 2.5 ശതമാനം വരും. ബിഹാറിലെ ബിജെപി സഖ്യകക്ഷിയായ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി എച്ച്.എ.എം (സെക്യുലറിന്) ഇതിലും കുറവ് വോട്ടാണ് ലഭിച്ചത്.  ഇത് മാത്രമോ മൂന്നാം മുന്നണിയായി മത്സരിച്ച സിപിഐ അടക്കമുള്ള ഇടത് പാര്‍ട്ടികള്‍, സമാജ്വാദിപാര്‍ട്ടി, ബിഎസ്പി, ജെഎംഎം എന്നിവരുടെ വോട്ട് ഷെയറും നോട്ടയ്ക്ക് പിന്നിലെ വരൂ. 

2016 ല്‍ കാര്യം മാറുന്നു..!

ഒരു ശതമാനം, രണ്ട് ശതമാനം എന്ന നിലയില്‍ നിന്നും 2016 ലെ ആസാം, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ മൊത്തം പോള്‍ ചെയ്ത വോട്ടില്‍ നോട്ടയുടെ വോട്ടിംഗ് ഷെയര്‍ 7.5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു.

 

ചിത്രം കടപ്പാട്- IndiaTimes

822 മണ്ഡലങ്ങളിലാണ് ഈ അഞ്ച് സംസ്ഥാനങ്ങിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 62 മണ്ഡലങ്ങളില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതലാണ് നോട്ടയുടെ എണ്ണം എന്നതാണ് കണക്കുകള്‍ പറയുന്നത്. 17 ലക്ഷത്തോളം പേരാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലും നോട്ട ചെയ്തത്. 

നോട്ടയെക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമുള്ള 62 മണ്ഡലങ്ങളില്‍ വിജയിച്ചവരുടെ കണക്ക് ഇങ്ങനെയാണ്.

എഡിഎംകെ - 17
കോണ്‍ഗ്രസ് -10
തൃണമൂല്‍ കോണ്‍ഗ്രസ് - 10
ഡിഎംകെ - 7
സിപിഎം- 5
കോണ്‍ഗ്രസ് - 3
ആര്‍എസ്പി - 3

ഇതില്‍ ആര്‍എസ്പി അഞ്ച് സംസ്ഥാനങ്ങളിലും കൂടി ആകെ നേടിയത് 3 സീറ്റാണ്, ഈ മൂന്നിലും അവരുടെ ഭൂരിപക്ഷത്തെക്കാള്‍ മുന്നില്‍ നോട്ടയാണ്. 

നോട്ട അരാഷ്ട്രീയമോ?

നോട്ടയില്‍ വോട്ടര്‍മാര്‍ എറിയും കുറഞ്ഞും ആവേശം കാണിക്കുന്നു എന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നാല്‍ നമ്മുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ ഒരു മാറ്റത്തിന്‍റെ ചിഹ്നമായി നോട്ട മാറുന്നില്ലെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയത്തെയും ഇഷ്ടപ്പെടാതെ നഷ്ടപ്പെട്ടുപോകുന്ന ഒന്നോ, രണ്ടോ, അഞ്ചോ ശതമാനം വോട്ടുകള്‍ ശരിയായ രാഷ്ട്രീയം മനസിലാക്കാത്ത അരാഷ്ട്രീയ വോട്ടുകളായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. 

ഏതെങ്കിലും മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെ നോട്ട ബാധിക്കുന്നു എന്ന് കൃത്യമായ കണക്ക് നമ്മുക്ക് ഈ മൂന്ന് വര്‍ഷത്തില്‍ ലഭ്യമല്ല. പ്രധാനമായും ഭരണകൂടത്തിന് എതിരായി പ്രതിഷേധമാണ് നോട്ട എന്നതിനാല്‍ ഭരണവിരുദ്ധ വികാരത്തിന്‍റെ ആനുകൂല്യം പറ്റി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം  വര്‍ദ്ധിപ്പിക്കാന്‍ നോട്ട കാര്യമാകുന്നു എന്നതും ചില കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. 

നോട്ട കുറച്ചുകൂടി ജനനിര്‍ണ്ണയത്തെ തീരുമാനിക്കണമെങ്കില്‍ ഒരു സീറ്റില്‍ നോട്ട വോട്ട് 25 ശതമാനത്തില്‍ കൂടുതല്‍ ആയാല്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പിന്‍വലിക്കണം എന്ന നിയമം വരണം.

ഇന്ത്യയിലെ പൊതുചിത്രം എന്നും നാം തെരഞ്ഞെടുപ്പിന് മുന്‍പ് അനുഭവിക്കുന്ന അഴിമതിയും, ദുരിതവും മറികടക്കാന്‍ ഒരു രക്ഷകനെ തേടുന്നു എന്നതാണ്, അവിടെ നോട്ടയെ പലരും ശ്രദ്ധിക്കാറില്ല. അതിനാല്‍ തന്നെ നോട്ടയുടെ ഇന്നത്തെ രൂപത്തില്‍ മാറ്റങ്ങള്‍ വരണം, കൂടുതല്‍ അപകടകാരിയാണ് ഒരു പോളിംഗ് യന്ത്രത്തിന് അടിയിലെ NOTA എന്ന ബട്ടണ്‍ എന്ന ബോധം ജനിച്ചാല്‍ തന്നെ, ജനാധിപത്യത്തിലെ വലിയ തിരുത്തലുകളില്‍ ഒന്നായിരിക്കും അത്.
 

click me!