അറിയാമോ, ഒരു ബലാല്‍സംഗ  ഇരയുടെ ജീവിതം?

Published : Jul 13, 2017, 01:21 PM ISTUpdated : Oct 05, 2018, 02:21 AM IST
അറിയാമോ, ഒരു ബലാല്‍സംഗ  ഇരയുടെ ജീവിതം?

Synopsis

റേപ്പിനിരയാക്കപ്പെട്ട ഒരു സ്ത്രീയുടെ കണ്ണിലെ ദൈന്യത നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവരുടെ ശബ്ദമില്ലായ്മ, വാക്കുകളില്ലായ്മ അറിഞ്ഞിട്ടുണ്ടോ? ഒരിടത്തും ഫോക്കസ് ചെയ്യാത്ത അവരുടെ നോട്ടം; ശൂന്യത തളം കെട്ടി നില്‍ക്കുന്ന അവരുടെ നോട്ടം, നിങ്ങള്‍ കണ്ടിട്ടുണ്ടോ?

നിങ്ങളില്‍ ആരെങ്കിലും ബലാല്‍സംഗം എന്ന ക്രൂരകൃത്യത്തിന് ഇരയായിട്ടുണ്ടോ ? 

അല്ലെങ്കില്‍, രജസ്വലയായിരിക്കുന്ന കാലഘട്ടത്തില്‍ ലൈംഗിക വൈകൃതത്തിന് ഇരയായിട്ടുണ്ടോ?

വേണ്ട. ഇരയാകണ്ട. ഇരയാകാതിരിക്കട്ടെ.

ഇരയാക്കപ്പെട്ട ഏതെങ്കിലും സ്ത്രീയോട് സംസാരിച്ചിട്ടുണ്ടോ? 

അവരെ അടുത്തറിഞ്ഞിട്ടുണ്ടോ? അവര്‍ കടന്ന് പോകുന്ന മാനസികാവസ്ഥകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?

ഇല്ല എന്നാവും മിക്കവരുടെയും ഉത്തരം.

റേപ്പിനെയും ലൈംഗിക വൈകൃതങ്ങളേയും ഒരു തരത്തിലും മാപ്പ് കൊടുക്കാനാകാത്ത കാര്യങ്ങളുടെ പട്ടികയിലാണ് നമ്മള്‍ പെടുത്തിയിരിക്കുന്നത്. എങ്കില്‍ പോലും, ആ അവസ്ഥ എന്തെന്ന് അതില്‍ കൂടെ കടന്ന് പോയ ഒരാള്‍ക്കേ അറിയൂ; അല്ലെങ്കില്‍ അവരുടെ അടുത്ത് നിന്ന് കണ്ടറിയുന്ന ഒരാള്‍ക്ക്.

ഈ കുറിപ്പിനാധാരം കഴിഞ്ഞ ദിവസം ഇരക്കൊപ്പം നിന്ന് ഒരു  ഓണ്‍ലൈന്‍ മാധ്യമം എഴുതിയ ഒരു ലേഖനത്തിലെ ഒരു വരിയാണ്.

'ഇന്ന് ആ കുട്ടി സുഖമായുറങ്ങും'. ഇതായിരുന്നു ആ വരി.

നമ്മുടെ പൊതുബോധം പോലും ചിന്തിക്കുന്നത്, സ്ത്രീക്കൊപ്പം നില്‍ക്കുന്നു എന്ന് പറയുന്നവര്‍ പോലും ചിന്തിക്കുന്നത് ഇങ്ങനെയാണോ എന്ന സന്ദേഹം അതെന്നിലുണര്‍ത്തി.

ഡെറ്റോള്‍ ഇട്ട് കുളിച്ചാല്‍ തീരണം ഒക്കെ എന്ന് ഞാനുള്‍പ്പടെയുള്ള സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഒരു വൃത്തികെട്ട സംഭവമാണത്, എന്നൊക്കെയുള്ള ചിന്ത നിലനില്‍ക്കെ തന്നെ ഒന്ന് രണ്ട് കാര്യങ്ങള്‍ നിങ്ങളുടെ ചിന്തയിലേക്ക് വയ്‌ക്കേണ്ടതുണ്ട്.

റേപ്പിനിരയാക്കപ്പെട്ട ഒരു സ്ത്രീയുടെ കണ്ണിലെ ദൈന്യത നിങ്ങള്‍ കണ്ടിട്ടുണ്ടോ?

അവരുടെ ശബ്ദമില്ലായ്മ, വാക്കുകളില്ലായ്മ അറിഞ്ഞിട്ടുണ്ടോ?

ഒരിടത്തും ഫോക്കസ് ചെയ്യാത്ത അവരുടെ നോട്ടം; ശൂന്യത തളം കെട്ടി നില്‍ക്കുന്ന അവരുടെ നോട്ടം, നിങ്ങള്‍ കണ്ടിട്ടുണ്ടോ?

അലറിക്കരയുന്ന ശബ്ദത്തിലെ ഇടര്‍ച്ചയും വിങ്ങലും ഒരു തരിമ്പെങ്കിലും മനസ്സിലാക്കാനായിട്ടുണ്ടോ?

ഇലയനക്കമോ നിശ്വാസമോ കേട്ടാല്‍ പോലും ഞെട്ടിവിറക്കുന്ന, അവസ്ഥ അറിഞ്ഞിട്ടുണ്ടോ?

അവര്‍ക്ക് തന്നെയും നിയന്ത്രിക്കാനാകാത്ത, കൈവിട്ട് പോകുന്ന ഒരു മനസ്സാണുള്ളതെന്നറിയാമോ?

ലോകത്തിലൊരു മനുഷ്യനെയും ഇനി വിശ്വസിക്കാനാകില്ല എന്ന തിരിച്ചറിവ് അവര്‍ക്ക് കൊടുക്കുന്ന ഞെട്ടല്‍ അറിയാമോ?

താനെത്ര നിസ്സഹായയാണെന്ന തിരിച്ചറിവില്‍ ഉള്ള നിലവിളി കേട്ടിട്ടുണ്ടോ?

തന്റെ സമ്മതമില്ലാതെ ചില കൈകള്‍ തന്നെ മൂടുകയും തന്നിലേക്ക് ഒരു പുരുഷാവയവമോ മറ്റെന്തിങ്കിലുമോ കടന്ന് കയറുകയും ചെയ്യുമ്പോഴത്തെ അങ്ങേയറ്റത്തെ നിസ്സഹായതയും മാനസിക വ്യഥയും അറിഞ്ഞിട്ടുണ്ടോ?

ആത്മാവിലെ ശൂന്യത, തണുപ്പ് ഒക്കെ തിരിച്ചറിയാനാകുമോ?

ഉറക്കം പോട്ടെ, അഗാധമായ മയക്കത്തില്‍ പോലും അവരുടെ മനസ്സില്‍ ഉണ്ടാകുന്ന ചിത്രങ്ങളും, അവയുടെ വ്യഥയില്‍ ഒരു നിലവിളിയോടെ പിടഞ്ഞുണരുന്നതും കണ്ടിട്ടുണ്ടോ ?

ഞാന്‍ കണ്ടിട്ടുണ്ട്.

എനിക്കറിയാം അങ്ങനൊരുവളെ.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഉറക്കത്തില്‍ ആരെങ്കിലും തൊട്ടാല്‍ അലറിക്കരഞ്ഞെഴുന്നേല്‍ക്കുന്ന ഒരുവളെ.

ലൈഗീകാക്രമണം, റേപ്പ് എന്ന വാക്ക് കണ്ടാല്‍ പോലും ഇപ്പോഴും അഗാധമായി മുറിവേല്‍പ്പിക്കുകയും ഡിപ്രഷനിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഒരുവളെ.

മറ്റ് പല അവസ്ഥകളിലും കൂടി കടന്ന് പോകുന്ന ഒരുവളെ.

പക്‌ഷെ ഇതിലപ്പുറം പറയാന്‍ വയ്യ. ഞാന്‍ തന്നെ തളര്‍ന്ന് പോകുന്നു..

അതുകൊണ്ട്, പ്രിയമുള്ളവരെ,

ആ കുട്ടി ഇന്ന് സുഖമായുറങ്ങും എന്നൊക്കെ പറയുമ്പോള്‍ ഒന്നോര്‍ക്കുക.

അങ്ങനെയൊരവസ്ഥയില്ല.

ഇനി അഥവാ അത്തരമൊരവസ്ഥയിലേക്ക് ആ കുട്ടിയോ, ലൈംഗിക വൈകൃതത്തിനോ റേപ്പിനോ ഇരയാക്കപ്പെട്ട ആരെങ്കിലുമോ എത്തണമെങ്കില്‍ ഒരുപാട് ഒരുപാട് വര്‍ഷങ്ങള്‍ കഴിയണം.

ആഗ്രഹമില്ലാഞ്ഞല്ല സുഹൃത്തേ; അവര്‍ക്ക് കഴിയാഞ്ഞിട്ടാണ്.

അവര്‍ അത്രമേല്‍ നിസ്സഹായരാണ്.

അവരുടെ മനസ്സ് അത്രമേല്‍ ശൂന്യമാണ്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?