കാമുകന്‍ എന്ന നിലയില്‍ ഐന്‍സ്‌റ്റെന്റെ ജീവിതം

സ്മിത ഹരിദാസ് |  
Published : Jun 25, 2018, 03:07 PM ISTUpdated : Jun 29, 2018, 04:18 PM IST
കാമുകന്‍ എന്ന നിലയില്‍ ഐന്‍സ്‌റ്റെന്റെ ജീവിതം

Synopsis

സ്മിത ഹരിദാസ് എഴുതുന്നു

പ്രണയലേഖനത്തിന്റെ കാര്യത്തില്‍മാത്രം ഐന്‍സ്‌റ്റൈന്റെ സാറാമ്മയായിരുന്നു മാരി (Marrie). മാരിക്ക് ആദ്യ പ്രണയലേഖനമെഴുതുമ്പോള്‍ ഐന്‍സ്‌റ്റൈനു പ്രായം 16. അവള്‍ക്ക് 18. മികച്ച സാങ്കേതിക വിദ്യാഭ്യാസം തേടി സൂറിച്ചിലെ ETH എന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയപ്പോഴാണ് മാരിയെ അദ്ദേഹം പരിചയപ്പെടുന്നത്. മാരിയുടെ വീട്ടിലാണ് അക്കാലത്ത് ഐന്‍സ്‌റ്റൈന്‍ താമസിച്ചിരുന്നത്. 


'പ്രിയ മധുരഭാജനമേ,

മധുരവും വശ്യവുമായ ആ കൊച്ചു കുറിമാനത്തിനു വളരെ നന്ദി. അതെന്നെ സന്തോഷിപ്പിച്ചതിനു കണക്കില്ല. രണ്ടു മോഹനനയനങ്ങള്‍ പ്രേമപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കേ, കോമളമായ കൈകള്‍ കടലാസിലൂടെ അങ്ങോട്ടുമിങ്ങോട്ടും നിരങ്ങിനീങ്ങി പകര്‍ത്തിയ എഴുത്ത് ആരുടെ ഹൃദയത്തിലേക്കാണ് പതിഞ്ഞു ചേരാത്തത്. എന്റെ കൊച്ചു മാലാഖപ്പെണ്ണേ, തനിച്ചു കഴിയുന്നതിന്റെ ആധി ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. ആധികൊണ്ടുള്ള വേദന എനിക്കറിയാന്‍ കഴിയും, എന്നാല്‍ ഈ സ്‌നേഹം അതിലുമേറെ സന്തോഷം നല്‍കുന്നുണ്ട്. നിന്നെ അറിയില്ലെങ്കില്‍പ്പോലും എന്റെ അമ്മയും നിന്നെ ഹൃദയത്തിലേറ്റിയിട്ടുണ്ട്. നിന്റെ മനോഹരമായ രണ്ടു ചെറിയ എഴുത്തുകള്‍ ഞാനമ്മയെ കാണിച്ചിരുന്നു. ഒരു പെണ്ണിനോടും മുന്‍പ് ഇതുപോലെ പരിചയപ്പെട്ടിട്ടില്ലാത്ത എന്റെ അവസ്ഥയോര്‍ത്ത് അവര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഈ ലോകത്തില്‍ മറ്റാരും ഇന്നേവരെ പ്രവേശിച്ചിട്ടില്ലാത്ത എന്റെ അന്തരാത്മാവില്‍ നിറയെ ഇപ്പോള്‍ നീ മാത്രം' ...
(ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍: ജീവിതം ശാസ്ത്രം ദര്‍ശനം എന്ന പുസ്തകത്തില്‍നിന്ന്...)

പ്രണയലേഖനത്തിന്റെ കാര്യത്തില്‍മാത്രം ഐന്‍സ്‌റ്റൈന്റെ സാറാമ്മയായിരുന്നു മാരി (Marrie). മാരിക്ക് ആദ്യ പ്രണയലേഖനമെഴുതുമ്പോള്‍ ഐന്‍സ്‌റ്റൈനു പ്രായം 16. അവള്‍ക്ക് 18. മികച്ച സാങ്കേതിക വിദ്യാഭ്യാസം തേടി സൂറിച്ചിലെ ETH എന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയപ്പോഴാണ് മാരിയെ അദ്ദേഹം പരിചയപ്പെടുന്നത്. മാരിയുടെ വീട്ടിലാണ് അക്കാലത്ത് ഐന്‍സ്‌റ്റൈന്‍ താമസിച്ചിരുന്നത്. 

'നിത്യതയോളം, പ്രിയനെ ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു' എന്ന് മാരിയുടെ ഹൃദയം പകര്‍ത്തി അവള്‍ എഴുതിനല്‍കിയെങ്കിലും പ്രണയം അധികകാലം തുടര്‍ന്നുകൊണ്ടുപോകാന്‍ ഐന്‍സ്‌റ്റൈന്‍ താല്‍പര്യപ്പെട്ടില്ല. ബൗദ്ധികപ്രണയത്തിനായി മിലേവ മാരിക് ഹൃദയത്തില്‍ കൂടുവച്ചതായിരുന്നു അതിനു കാരണം.

 

അവള്‍ക്കു പ്രായം ഐന്‍സ്‌റ്റൈനേക്കാള്‍ 4 വയസ്സു കൂടുതല്‍. മിലേവ ഹൈഡന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഐന്‍സ്‌റ്റൈന്‍ തനിച്ചായി. മിലേവയുടെ കത്തിലൂടെ ഐന്‍സ്‌റ്റൈന്‍ വിരഹദു:ഖമകറ്റി. അനന്തമായ സന്തോഷം ആസ്വദിക്കുവാന്‍ കഴിയുന്നവനാണു മനുഷ്യന്‍ എന്നെഴുതിയ മിലേവയുടെ സ്‌നേഹത്തിന്റെ അനന്തസൗന്ദര്യം ഐന്‍സ്‌റ്റൈന്‍ ആവോളമാസ്വദിച്ചു. ആപേക്ഷികത സിദ്ധാന്തത്തിന്റെ ആദ്യരൂപം അദ്ദേഹം ചര്‍ച്ചചെയ്തത് മിലേവയുമായിട്ടായിരുന്നു. ഡോളിയെന്നും ജോണിയെന്നുമാണ് അവര്‍ കത്തുകളില്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. ജോണി കാമുകിക്കെഴുതിയ ഒരു കൊച്ചുകവിത വായിക്കുക.

'Oh my ! That Johnnie boy
So crazy with desire
While thinking of his Dollie
His pillow catches fire'

ഐന്‍സ്‌റ്റൈ'െന്റ സിദ്ധാന്തങ്ങള്‍ക്കു പിന്നില്‍ മിലേവയുടെ കരസ്പര്‍ശമുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. ഒടുക്കം മിലേവ തന്റെ ഉദരത്തില്‍ ഐന്‍സ്‌റ്റൈന്റെ കുഞ്ഞിനെ പേറുന്നുണ്ടെന്നറിയിച്ചപ്പോഴും മറുപടിക്കത്തുകളില്‍ ഭൗതികശാസ്ത്രത്തില്‍ അദ്ദേഹമപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെക്കുറിച്ചായിരുന്നു വിശേഷങ്ങള്‍. മിലേവ പ്രസവിക്കുന്നത് ഒരു പെണ്‍കുഞ്ഞിനെയായിരിക്കുമെന്നും അവള്‍ക്ക് ലീസേറല്‍(Lieserl) എന്നു പേരിടണമെന്നും ഐന്‍സ്‌റ്റൈന്‍ ആഗ്രഹിച്ചു.

മിലേവ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ലീസേറലിന്റെ ജീവചരിത്രം ഇന്നും അജ്ഞാതമാണ്. വിവാഹപൂര്‍വ്വ ബന്ധത്തിലുണ്ടായ കുട്ടിയെക്കുറിച്ച് പുറത്തറിയുന്നത് അഭിമാനപ്രശ്‌നമായി ഐന്‍സ്‌റ്റൈന്‍ കരുതിയിരിക്കണം. അവരുടെ വിവാഹം നടന്നത് 1903ലാണ്. അതിനുശേഷവും ആദ്യസന്താനത്തെ ഒപ്പം കൂട്ടുന്നതിന് ഐന്‍സ്‌റ്റൈന്‍ തയ്യാറായില്ല. ആ ദമ്പതികള്‍ക്ക് പിന്നീട് രണ്ടു പുത്രന്മാര്‍ ജനിച്ചു.

ഐന്‍സ്‌റ്റൈന്റെ പൂര്‍വ്വകാമിനിമാരില്‍ ഒരാളായ അന്നയാണ് മിലേവയുമായുള്ള വിവാഹബന്ധം ഉലയുന്നതിനു കാരണക്കാരിയായത്.

പിന്നീടദ്ദേഹം തന്റെ അമ്മയുടെ സഹോദരി പൗളിന്റെ മകള്‍ എല്‍സയുമായി അടുപ്പത്തിലായി. എല്‍സയ്ക്ക് 3 വയസ്സ് മൂപ്പുകൂടും. ഐന്‍സ്‌റ്റൈന്‍ എല്‍സയുടെ ഇളയ സഹോദരി പൗള (Paula)യുമായി ശൃംഗരിക്കുമായിരുന്നു. അക്കാര്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും ക്രമേണ എല്‍സ- ഐന്‍സ്‌റ്റൈന്‍ അനുരാഗം ദൃഢതരമായി വളര്‍ന്നു.

'എനിക്കു സ്‌നേഹിക്കാന്‍, എന്നെ സ്‌നേഹിക്കാന്‍ ഒരാള്‍ വേണം. അല്ലെങ്കില്‍ ജീവിതം ദുരിതമാവും'..

ഐന്‍സ്‌റ്റൈന്‍ എല്‍സയ്‌ക്കെഴുതി. എങ്ങനെയോ ആ കത്ത് മിലേവക്കു കിട്ടി. ഐന്‍സ്‌റ്റൈന്‍- മിലേവ ബന്ധത്തില്‍ വിള്ളല്‍ കൂടിക്കൂടിവന്നു. അവസാനം അവര്‍ രണ്ടാണ്‍ മക്കളുമൊത്ത് സൂറിച്ചിലേക്കു മടങ്ങി. വിവാഹബന്ധം വേര്‍പെടുത്തുന്നത് പിന്നെയും കുറേ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. ഭാര്യയുമായി പിരിഞ്ഞെങ്കിലും മക്കളായ ഹാന്‍സ്, എഡ്വേര്‍ഡ് എന്നിവരെ അദ്ദേഹം സംരക്ഷിച്ചു.

ഭാര്യയുമായി പിരിഞ്ഞെങ്കിലും മക്കളായ ഹാന്‍സ്, എഡ്വേര്‍ഡ് എന്നിവരെ അദ്ദേഹം സംരക്ഷിച്ചു.

 

എല്‍സയുടെ ആദ്യ വിവാഹത്തില്‍ അവര്‍ക്കു രണ്ടു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. യൗവനത്തിലെത്തിയ മാര്‍ഗോട്ടും ഇല്‍സിയും. എല്‍സയുമായുള്ള ഐന്‍സ്‌റ്റൈന്റെ രഹസ്യബന്ധം പരസ്യമായി തുടങ്ങിയപ്പോള്‍ മിലേവയില്‍നിന്ന് വിവാഹമോചനം കാംക്ഷിച്ചെങ്കിലും പുനര്‍വിവാഹ നിര്‍ദേശത്തെ മിലേവ എതിര്‍ത്തു. മികച്ച സാമ്പത്തിക സുരക്ഷ ഐന്‍സ്‌റ്റൈന്‍ മിലേവക്കു നല്‍കി. അവസാനം തന്റെ 1922 ലെ നോബല്‍ സമ്മാനത്തുകയും മിലേവക്കു കൊടുത്തു. മിലേവക്കു വിവാഹത്തിലൂടെ ലഭിച്ച 'മിലേവ ഐന്‍സ്‌റ്റൈന്‍' എന്ന പേര് എക്കാലവും നിലനിറുത്താനും അവകാശം കിട്ടി. 

1919ല്‍ ഐന്‍സ്‌റ്റൈന്‍ എല്‍സയെ വിവാഹംചെയ്തു. ഭര്‍ത്താവിന്റെ ആപേക്ഷികത സിദ്ധാന്തം ഭാര്യയ്ക്കു പിടികിട്ടിയിട്ടുണ്ടോയെന്ന കുസൃതിച്ചോദ്യം ഒരാള്‍ എല്‍സയോടു ചോദിച്ചു. 'പലതവണ പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, സംതൃപ്തമായ കുടുംബജീവിതത്തിന് അതുവളരെ അത്യാവശ്യമല്ല' എന്നായിരുന്നു മറുപടി.

സ്ത്രീവിഷയത്തില്‍ ഐന്‍സ്‌റ്റൈന്‍ മാത്രമല്ല. റിച്ചാര്‍ഡ് ഫൈന്‍മാന്‍, എര്‍വിന്‍ ഷ്‌റോഡിങര്‍ തുടങ്ങി അനേകം പ്രമുഖരും ഒട്ടും മോശമായിരുന്നില്ല. 

പ്രതിഭ വേറെ, സ്വകാര്യജീവിതം വേറെ...

(In collaboration with FTGT Pen Revolution)

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്