ദുരന്തങ്ങളിലും പരാജയങ്ങളിലും തളരാതെ പോരാട്ടം; ഒടുവില്‍ ബൈഡനെ തേടി വിജയമെത്തുമ്പോള്‍...

By Web TeamFirst Published Nov 8, 2020, 1:51 PM IST
Highlights

പതുക്കെ അദ്ദേഹം ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ തുടങ്ങി. കണ്ണാടിയിൽ നോക്കി ഐറിഷ് കവിതകൾ ഉറക്കെ ചൊല്ലിക്കൊണ്ട് അദ്ദേഹം ആ വിക്കിനെ അതിജീവിച്ചു.

ജോ ബൈഡൻ, ഡൊണാൾഡ് ട്രംപിനെതിരായ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം നേടിയിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ അദ്ദേഹത്തിന്റെ ഈ യാത്ര പക്ഷേ ഒട്ടും സുഖരമായ ഒന്നായിരുന്നില്ല. ഒരുപാട് നഷ്‍ടങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയ അദ്ദേഹത്തിന്‍റെ ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത് ഇടറിവീഴുമ്പോഴും കൂടുതൽ ആർജ്ജവത്തോടെ എഴുന്നേറ്റ് നടക്കാനാണ്. ജീവിതത്തിൽ ഭാര്യയുടെയും കുഞ്ഞിന്‍റെയും അപ്രതീക്ഷിത വിയോഗം, മൂത്തമകന്‍റെ മരണം, വൈറ്റ് ഹൗസിലേക്കുള്ള മത്സരങ്ങളിലെ പരാജയങ്ങൾ തുടങ്ങി ഒരുപാട് ദുരന്തങ്ങളും പരാജയങ്ങളും അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല, ഇന്ന് അമേരിക്കയുടെ 46 -ാമത്തെ പ്രസിഡന്റായി ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ മാറുമ്പോൾ, ദുരന്തങ്ങളെയെല്ലാം പോരാടി തോൽപിച്ച ഒരു മനസ്സിന്റെ വിജയമായി അതിനെ നമുക്ക് കാണാം.   

1942 -ൽ പെൻ‌സിൽ‌വാനിയയിലെ സ്‌ക്രാന്‍റണിൽ ജനിച്ച ബൈഡൻ അമ്മയുടെ കഠിനമായ ശിക്ഷണത്തിലാണ് വളർന്നത്. അവർ മകനോട് എപ്പോഴും പറയുന്ന ഒരു വാചകം ഇതായിരുന്നു: “നീ മറ്റാരെക്കാളും മികച്ചവനല്ല, എന്നാൽ നിന്നെക്കാൾ മികച്ചവനായി മറ്റാരുമില്ല.” പിന്നീട് 1953 -ൽ ഡെലവെയറിലെ വിൽമിംഗ്‍ടണിലേക്ക് കുടുംബം താമസം മാറിയപ്പോൾ, കുടുംബത്തെ സഹായിക്കാനായി സ്‍കൂളിന്റെ ജനാലകൾ തുടച്ചും, പൂന്തോട്ടങ്ങൾ വൃത്തിയാക്കിയും അദ്ദേഹം പണമുണ്ടാക്കുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജോ സീനിയറിന് അവിടെ ബോയിലറുകൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു. എന്നാൽ, ബൈഡനെ സംബന്ധിച്ചിടത്തോളം, അത് വളരെ വിഷമകരമായ ഒരു സമയമായിരുന്നു. അദ്ദേഹത്തിന് അക്കാലത്ത് സംസാരിക്കുമ്പോൾ വിക്കുണ്ടായിരുന്നു. സഹപാഠികൾ അതിന്‍റെ പേരിൽ അദ്ദേഹത്തെ കളിയാക്കുകയും ചെയ്യുമായിരുന്നു. ഒരുദിവസം ഇതിന്റെ പേരിൽ അദ്ദേഹം കളിസ്ഥലത്ത് കൂട്ടുകാരുമായി അടിയുണ്ടാക്കി. "ആ ദിവസം ഞാൻ അനുഭവിച്ച ഭയവും, നാണക്കേടും, ദേഷ്യവും ഇന്നും ഓർക്കുന്നു" ബൈഡൻ പിന്നീട് പറയുകയുണ്ടായി. ഒരിക്കൽ ഒരു അധ്യാപികയും അദ്ദേഹത്തെ 'Mr. Bu-bu-bu-Biden' എന്ന് വിളിച്ചു കളിയാക്കിയിരുന്നു. അദ്ദേഹത്തിന് അത് സഹിക്കാനായില്ല. വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞപ്പോൾ തന്‍റെ മകന് വേണ്ടി അവർ അധ്യാപികയെ കാണാൻ വന്നു. ഇനി ഒരു പ്രാവശ്യം കൂടി ഇങ്ങനെ പറഞ്ഞാൽ, നിങ്ങൾ വിവരം അറിയുമെന്ന് ആ അമ്മ അധ്യാപികയോട് പറഞ്ഞു. 

പതുക്കെ അദ്ദേഹം ആത്മവിശ്വാസം തിരിച്ച് പിടിക്കാൻ തുടങ്ങി. കണ്ണാടിയിൽ നോക്കി ഐറിഷ് കവിതകൾ ഉറക്കെ ചൊല്ലിക്കൊണ്ട് അദ്ദേഹം ആ വിക്കിനെ അതിജീവിച്ചു. ഒരിക്കൽ വിക്കിവിക്കി വാക്കുകൾ പോലും പറയാൻ സാധിക്കാതിരുന്ന അദ്ദേഹം അങ്ങനെ നല്ലൊരു പ്രാസംഗികനായി. പിന്നീട് കോളേജിൽ ഫുട്ബോൾ താരമായി തിളങ്ങി. അഭിഭാഷകനാകാൻ ഡെലവെയർ സർവകലാശാലയിൽ നിന്നും സിറാക്കൂസ് ലോ സ്‌കൂളിൽ നിന്നും ബിരുദവും നേടി. അവിടെ വച്ചാണ് അദ്ദേഹം ആദ്യ ഭാര്യയായ നീലിയ ഹണ്ടറിനെ കണ്ടുമുട്ടുന്നത്. പിന്നീട് 1966 -ൽ അദ്ദേഹത്തിന്റെ വിവാഹം. ഭാര്യ നീലിയ ഹണ്ടറിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ടായി. 

അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം നടക്കുന്നത് 29 -ാമത്തെ വയസ്സിൽ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടായിരുന്നു. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ വിജയം പെട്ടെന്നുതന്നെ ഒരു വലിയ ദുരന്തത്തിൽ മുങ്ങിപ്പോയി. വാഷിംഗ്‍ടണിൽ ഒരു ഓഫീസ് കെട്ടിപ്പടുക്കാനുള്ള തിരക്കിലായിരിക്കുമ്പോഴാണ് അദ്ദേഹത്തെ ആ ദുഃഖവാർത്ത തേടിവന്നത്. ക്രിസ്‍മസ് ഷോപ്പിംഗിനായി പുറത്തുപോയ കുടുംബത്തിന്‍റെ കാറിലേക്ക് ഒരു ട്രക്ക് ഇടിച്ച് കയറി എന്നതായിരുന്നു അത്. ഭാര്യ നീലിയയയും മകളായ നവോമിയും അവിടെ വച്ച് തന്നെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മക്കളായ ബ്യൂവിനും ഹണ്ടറിനും ഗുരുതരമായി പരിക്കേറ്റു. മക്കൾക്ക് വേണ്ടി ആദ്യം രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചെങ്കിലും, പിന്നീട് അത് ഏറ്റെടുക്കുക തന്നെ ചെയ്‍തു. അങ്ങനെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ മക്കളുടെ ആശുപത്രി കിടക്കയ്ക്ക് അരികിലിരുന്നാണ് സത്യപ്രതിജ്ഞ നടത്തിയത്. അഞ്ചുവർഷക്കാലം, തന്റെ സഹോദരി വലേരിയുടെയും കുടുംബത്തിന്റെയും സഹായത്തോടെ ബ്യൂവിനെയും ഹണ്ടറിനെയും അദ്ദേഹം വളർത്തി.  

എന്നാൽ, പിന്നീട് 1975 -ൽ അദ്ദേഹം ജിൽ ജേക്കബ്‍സിനെ കണ്ടുമുട്ടുകയും, 1977 -ൽ അവർ വിവാഹിതരാവുകയും ചെയ്‍തു. ഈ ദമ്പതികൾക്ക് 1981 -ൽ ആഷ്‌ലി എന്നൊരു മകളുമുണ്ടായി. 1987 -ലാണ് ബൈഡൻ ആദ്യമായി പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അന്നത്തെ ലേബർ പാർട്ടി നേതാവ് നീൽ കിന്നോക്കിന്റെ പ്രസംഗത്തിൽ നിന്ന് ഒരു ഭാഗം എടുത്തതായി ആരോപിക്കപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ശ്രമം പരാജയപ്പെട്ടു. 2008 -ൽ രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ബൈഡൻ. എന്നാൽ ആ തവണയും അദ്ദേഹം പരാജയം ഏറ്റുവാങ്ങി. എന്നിരുന്നാലും ഒബാമയുടെ വൈസ് പ്രസിഡന്റായി അദ്ദേഹത്തിന് പ്രവർത്തിക്കാനായി.  

ബൈഡനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ മകനായ ബ്യൂവും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. ഡെലവെയറിന്‍റെ അറ്റോർണി ജനറലായി അദ്ദേഹം. പക്ഷേ, ബ്യൂ ബ്രെയിൻ ക്യാൻസർ ബാധിച്ച് 2015 -ൽ 46 -ാം വയസ്സിൽ മരിച്ചു. 'ബ്യൂവിന്റെ മരണം എന്നുമൊരു വേദനയാണ്' എന്ന് ബൈഡൻ പറഞ്ഞു. ഈ ദുരന്തം 2016 -ൽ പ്രസിഡന്റ് മത്സരത്തിൽ നിന്ന് ബൈഡനെ തടഞ്ഞു. ബൈഡന്റെ മറ്റൊരു മകൻ ഹണ്ടറുമായി ബന്ധപ്പെട്ടും ഒരുപാട് ആരോപണങ്ങള്‍ ട്രംപ് അടക്കം ഉന്നയിക്കുകയുണ്ടായി. ഒരുപാട് ആരോപണങ്ങൾക്ക് വിധേയനായെങ്കിലും, ബൈഡന്‍റെ പെരുമാറ്റവും, കൈക്കൊണ്ട നടപടികളും അദ്ദേഹത്തെ ജനപ്രിയനാക്കി. സുപ്രധാനമായ പല നയങ്ങള്‍ക്കും അനുകൂലമായി അദ്ദേഹം വോട്ട് ചെയ്‍തിരുന്നു. അതിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനവും അദ്ദേഹത്തിന് നേരെയുണ്ടായി. 1994 -ലെ ക്രിമിനല്‍ ബില്‍, 1996 -ലെ മാര്യേജ് ആക്ട് എന്നിവയെല്ലാം അതില്‍ പെടുന്നു. 2012 -ല്‍ LGBTQ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഏതായാലും അമേരിക്ക പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ട്രംപിന്‍റെ കാലത്ത് പല സാമൂഹിക മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച അമേരിക്കയെ ബൈഡന്‍ ഉടച്ചുവാര്‍ക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. 

click me!