സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

By ശ്രുതി രാജേഷ്First Published Jun 19, 2017, 3:16 PM IST
Highlights

ഇന്നലെ കടന്നു വന്നവന് വേണ്ടി മിഴിയും മനസ്സും എന്തിനെന്നറിയാതെ കാത്തിരിക്കുമ്പോള്‍, അതുവരെ സ്വന്തമെന്നു കരുതി കൂട്ടിവെച്ചവരെയെല്ലാം ഒരുവന് വേണ്ടി ത്യജിക്കാന്‍ തയ്യാറാകുമ്പോള്‍, നിനക്കും ഞാനും എനിക്ക് നീയും മാത്രം മതിയെന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള ധൈര്യം ആര്‍ജ്ജിക്കുമ്പോള്‍ പറയാം ഇതാണ് പ്രണയത്തിന്റെ ശക്തിയെന്ന്. പ്രണയത്തിനല്ലാതെ മറ്റെന്തിനു നല്‍കാനാകും ഇതെല്ലം ....

ഒരുപാട് പ്രണയിച്ചു ഒന്നായ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പ്രണയമെല്ലാം എന്നേ നശിച്ചു പോയെന്ന്. ഒന്ന് ചോദിക്കട്ടെ എവിടെയാണ് പ്രണയം നശിച്ചത്. പ്രണയമല്ല, നിങ്ങളുടെ മനസ്സിലെ പ്രണയമല്ലേ കൈവിട്ടു പോയത്. പ്രണയം ഒരിക്കലും തോല്‍ക്കുന്നില്ല, തോല്‍വി മനസ്സുകളുടെയാണ്. കാമുകന്റെ അല്ലെങ്കില്‍ കാമുകിയുടെ ഇഷ്ടങ്ങള്‍ക്ക്, ചിന്തകള്‍ക്ക് എന്ന് 'സ്വര്‍ണ്ണക്കൂട്' തീര്‍ക്കുന്നുവോ അന്ന് അവരിലെ പ്രണയം അകാലചരമടയുകയല്ലേ?

ഒരാളുടെ ഇഷ്ടങ്ങള്‍, മോഹങ്ങള്‍, സ്വാതന്ത്ര്യം, നീ എന്ത് ധരിക്കണമെന്ന്, ആരോട് സംസാരിക്കണമെന്ന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്തു പ്രണയത്തിനു കല്ലറയൊരുങ്ങുന്നു. അവിടെയാണ് പ്രണയം മരിച്ചു വീഴുന്നത്.

എല്ലാം നേടിക്കഴിഞ്ഞു ഒരുവളില്‍ അല്ലെങ്കില്‍ ഒരുവനില്‍ തീരുന്ന വികാരത്തെ പ്രണയമെന്നു വിളിക്കാമോ? അഭിനിവേശത്തിനു അവസാനമുണ്ട് പക്ഷെ പ്രണയത്തിന് അതില്ല. രണ്ടുപേരില്‍ ഒരാള്‍ക്ക് എന്ന് മടുപ്പ് തോന്നുന്നുവോ അന്ന് വഴിപിരിയുക എന്നത് കഠിനമാണ്. എന്നാല്‍ ഏതോ നിമിഷത്തില്‍, അല്ലെങ്കില്‍ പലപ്പോഴായി ചേര്‍ന്ന് കൂടിയ നിരവധി നിമിഷത്തിന്റെ പ്രേരണയില്‍ ഒരാള്‍ തന്റെ പ്രണയത്തെ ഉപേക്ഷിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക് അതിന് അവകാശം ഉണ്ടെന്ന് നമ്മള്‍ അറിയണമെന്നു നിഷ മഞ്‌ജേഷ് പറഞ്ഞതിനോട് ഞാനും ചേര്‍ന്ന് നില്‍ക്കുന്നു. കാണാചരടുകള്‍ കൊണ്ട് വരിഞ്ഞുകെട്ടിയിടേണ്ടതല്ലലോ ഒരാളുടെ വ്യക്തിത്വം. പ്രണയം, ആനന്ദം , സൗഹൃദം ഇതെല്ലം ഒരു ബന്ധത്തിന് നല്‍കാനായാല്‍ മാത്രം ചേര്‍ന്ന് പോകാം. ഇല്ലാത്ത പക്ഷം ഒരേ കൂടാരത്തില്‍ അപരിചിതരായി കഴിയുക എന്നത് എത്ര മടുപ്പാകും ഇരുവര്‍ക്കും നല്‍കുക..

എന്നാല്‍ മരണക്കിടക്കയില്‍ പോലും, നിന്നോടൊത്തു എനിക്ക് ആദ്യം മുതല്‍ ഒന്ന് കൂടി ജീവിക്കണമെന്ന്, ആദ്യമായി നാം പ്രണയം പങ്കിട്ട ആ ദിനങ്ങള്‍ ഒന്നരികില്‍ വീണ്ടും വന്നിരുന്നെങ്കിലെന്ന്, നടന്നു തീര്‍ത്ത വഴികളിലൂടെ ഒന്നുകൂടി കൈകള്‍കോര്‍ത്തു നടന്നു തീര്‍ക്കണമെന്ന്, വെറുതെയെന്നറിയാമെങ്കിലും നിസ്സഹായതയിലും മോഹിക്കുന്നിടത്തല്ലേ വിശുദ്ധ പ്രണയം.

ഇനിയുള്ള ജന്മവും ഞാന്‍ നിനക്ക് സ്വന്തമാകണമെന്ന പ്രാര്‍ഥനയിലുണ്ട് ആളിക്കത്തുന്ന പ്രണയം. കെട്ടുപാടുകള്‍ തീര്‍ക്കാത്ത, നിന്റെ സ്വതന്ത്രവും കാഴ്ചപാടുകളും നിന്റെ അവകാശമെന്ന് പറയുന്ന, ചിറകുകള്‍ കെട്ടിയിടാത്ത പ്രണയം.ആ വിശ്വാസമാണ് യഥാര്‍ഥപ്രണയത്തിന്റെ ജീവശ്വാസം. അതിനു സമയമെടുക്കും. ചിലപ്പോള്‍ മാസങ്ങള്‍, വര്‍ഷങ്ങള്‍.അതില്‍ വിജയിച്ചാല്‍ ഒഴുകിയെത്തുക വിശുദ്ധ പ്രണയത്തിന്റെ സാഗരത്തിലാകും. അതുവരെയുള്ള യാത്രകള്‍ നിന്റെ പ്രണയത്തിലേക്കുള്ള വഴിത്താരകള്‍ മാത്രം.

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​


 

click me!