ഷിയാസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ നിങ്ങള്‍ക്ക് എന്തവകാശം?

By Sunitha DevadasFirst Published Aug 14, 2018, 6:18 PM IST
Highlights

രഞ്ജിനിയാണ് യുദ്ധം തുടങ്ങി വച്ചത്. പിന്നീട് മറ്റെല്ലാവരും അത് ഏറ്റെടുക്കുകയായിരുന്നു. ആരും ഷിയാസിനെ പിന്തുണച്ചു രംഗത്ത് വന്നില്ല. മറിച്ചു അവനെ എല്ലാ തരത്തിലും തളര്‍ത്താനുള്ള എല്ലാ ആയുധവും ആ ആള്‍ക്കൂട്ടം പ്രയോഗിച്ചു. 

ഇന്നലെ ബിഗ് ബോസ് വീട്ടിലും നടന്നു ഒരു 'ആള്‍ക്കൂട്ടക്കൊല'. ആള്‍ക്കൂട്ടം കൂട്ടത്തില്‍ ദുര്‍ബലനായ ഒരുത്തനെ, ചിക്കന്‍ കറി വച്ചാലോ എന്ന് ചോദിച്ചു പോയ കുറ്റത്തിന് 'തല്ലിക്കൊന്നു'. വിവേകത്തിലോ പക്വതയിലോ വകതിരിവിലോ പ്രത്യേകിച്ചൊരു മെച്ചവും പറയാനില്ലാത്തവര്‍ കൂട്ടം ചേര്‍ന്ന്, ഷിയാസിനെ വളഞ്ഞിട്ട് ആക്രമിച്ചു. മറ്റുള്ളവര്‍ അതിനു കൈയടിച്ചു. അല്ലാത്തവര്‍ മിണ്ടാതെ കണ്ടുനിന്നു. അനേകം ക്യാമറകളിലൂടെ ഇതെല്ലാം നാട്ടുകാര്‍ കാണുന്നുണ്ടല്ലോ എന്ന ബോധം പെട്ടെന്ന് വന്നുപെട്ടതിനാലാവും, ആക്രമണം കഴിഞ്ഞ്, അതിന്റെ ഹരം വിടാതെ,  ബോധപൂര്‍വ്വം ഉണ്ടാക്കിയ വെളിവോടെ, സാരമില്ല, നീ അക്രമിക്കപ്പെടേണ്ടയാളാണ് എന്ന് ഷിയാസിന് ക്ലാസെടുക്കാന്‍ നോക്കി. 

അട്ടപ്പാടിയില്‍ മധു  എന്നൊരു ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച് തല്ലിക്കൊന്ന പ്രബുദ്ധ ജനതയാണ് നാം. കൊല്ലുന്നതിനു മുമ്പ്, തല്ലിപ്പതം വരുത്തിയ മധുവിനരികെ നിന്ന് തൊണ്ടിമുതല്‍ ചേര്‍ത്ത് ഫേസ് ബുക്കില്‍ ഇടാനുള്ള സെല്‍ഫി എടുക്കാന്‍ മറക്കാത്ത ബുദ്ധിമതികള്‍. നിത്യച്ചെലവിനു വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെ ആരോ ഫേസ്ബുക്ക് ലൈവില്‍ എന്തോ പറഞ്ഞുവെന്നും പറഞ്ഞ് കള്ളിയാക്കിയ നല്ല 'മനുഷ്യപ്പറ്റു'ള്ള ജനക്കൂട്ടം. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു പാവം ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന കൂട്ടം. പ്രണയിച്ച പെണ്‍കുട്ടിയോടൊപ്പം ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച ദളിതനായ കെവിനെ അടിച്ചു കൊന്ന തന്ത്രശാലികള്‍.

ശരിയാണ്, നാം വളരെ പരിഷ്‌കൃതരാണ്. എല്ലാത്തരത്തിലും ബുദ്ധിശാലികളും സംസ്‌ക്കാരസമ്പന്നരും കൗശലക്കാരും പരിഷ്‌കൃതരുമാണ്.  ആ നമ്മളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ബിഗ് ബോസ് വീടിനകത്തും ഉള്ളത്. ആ നമുക്ക് അല്ലെങ്കില്‍ നമ്മുടെ പ്രതിനിധികള്‍ക്ക് ദുര്‍ബലരെയും മനശക്തി കുറഞ്ഞവരെയും സഹന ശക്തി കുറഞ്ഞവരെയും പച്ച മനുഷ്യരെയും അഭിനയിക്കാന്‍ അറിയാത്തവരെയും വിദ്യാഭ്യാസവും വിവരവും കുറവുള്ളവരെയും ഒക്കെ പുച്ഛമാണ്. അവസരം കിട്ടിയാല്‍ നാം ആരെയും ആ ആള്‍ക്കൂട്ടത്തില്‍ ഇട്ട് തല്ലിക്കൊല്ലും. ബിഗ് ബോസ് നമുക്ക് നമ്മളെ തന്നെ കാണാനും വിലയിരുത്താനുമുള്ള ഒരു കണ്ണാടിയാണ്. 

ഇന്നലെ ബിഗ് ബോസ് വീട്ടിലും നടന്നു ഒരു 'ആള്‍ക്കൂട്ടക്കൊല'. ആള്‍ക്കൂട്ടം കൂട്ടത്തില്‍ ദുര്‍ബലനായ ഒരുത്തനെ, ചിക്കന്‍ കറി വച്ചാലോ എന്ന് ചോദിച്ചു പോയ കുറ്റത്തിന് 'തല്ലിക്കൊന്നു'. വിവേകത്തിലോ പക്വതയിലോ വകതിരിവിലോ പ്രത്യേകിച്ചൊരു മെച്ചവും പറയാനില്ലാത്തവര്‍ കൂട്ടം ചേര്‍ന്ന്, ഷിയാസിനെ വളഞ്ഞിട്ട് ആക്രമിച്ചു. മറ്റുള്ളവര്‍ അതിനു കൈയടിച്ചു. അല്ലാത്തവര്‍ മിണ്ടാതെ കണ്ടുനിന്നു. അനേകം ക്യാമറകളിലൂടെ ഇതെല്ലാം നാട്ടുകാര്‍ കാണുന്നുണ്ടല്ലോ എന്ന ബോധം പെട്ടെന്ന് വന്നുപെട്ടതിനാലാവും, ആക്രമണം കഴിഞ്ഞ്, അതിന്റെ ഹരം വിടാതെ,  ബോധപൂര്‍വ്വം ഉണ്ടാക്കിയ വെളിവോടെ, സാരമില്ല, നീ അക്രമിക്കപ്പെടേണ്ടയാളാണ് എന്ന് ഷിയാസിന് ക്ലാസെടുക്കാന്‍ നോക്കി. തങ്ങളുടെ വിശാലമനസ്‌കതയും മനുഷ്യപ്പറ്റും കാണിക്കാന്‍ മല്‍സരിച്ചു. അവനെ കരയിപ്പിച്ചു. അതോടെ, പണി പാളിയെന്ന തിരിച്ചറിവോടെ, എല്ലാവരും ചേര്‍ന്ന്‌ സംസ്‌ക്കാരസമ്പന്നരായി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു വലിയ മനുഷ്യരായി. മമ്മൂട്ടിയുടെ രാജമാണിക്യത്തിലെ ഡയലോഗ് പോലെ, എല്ലാരും കൂടി ജോയന്‍റായ സ്ഥിതിക്ക് ഒരു കുടുംബ ഫോട്ടോയെടുത്ത് പോടെ, എന്ന മട്ട്. 

അതെ, നമ്മള്‍ എന്നും അങ്ങനെയാണല്ലോ. മധുവിനെ തല്ലിക്കൊന്ന ശേഷം ആഞ്ഞു ഞെട്ടിയതും സഹതപിച്ചതും നമ്മള്‍ തന്നെയാണ്. ഹനാനെ കള്ളിയെന്നു വിളിച്ചു കരയിപ്പിച്ചശേഷം ആദരിച്ചു. കുഴപ്പമെല്ലാം മറ്റാരോ ഉണ്ടാക്കിയതാണ് എന്ന മട്ടില്‍ നൈസായി മാന്യരായി. കെവിനെ തല്ലി കൊന്നിട്ട് നീനുവിനെ ചേര്‍ത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു. ബിഗ് ബോസ വീട്ടിലും നടന്നത് ഇതൊക്കെത്തന്നെ. 
 
ഇന്നലത്തെ എപ്പിസോഡ് കഴിഞ്ഞതിനു ശേഷം കൂടുതല്‍ പേര്‍ ഷിയാസിനെ പിന്തുണച്ചാണ് മുന്നോട്ട് വന്നത് എന്നത് മാത്രമാണ് ആശ്വാസമായി തോന്നുന്നത്.  നടന്നത് വളഞ്ഞിട്ട് തല്ലാണ് എന്ന കാര്യം അംഗീകരിച്ചു എന്നതാണ് സമാധാനകരം. മനുഷ്യരുടെ ഉള്ളിലെ നന്മ പൂര്‍ണമായി വറ്റിയിട്ടില്ലെന്നും ദുര്‍ബലരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യര്‍ ചുറ്റും അവശേഷിക്കുന്നുണ്ടെന്നുള്ളതും ആശ്വാസകരമാണ്. 

കഴിഞ്ഞ ആഴ്ച പേളി മാണി ഇതേ പോലെ ഷിയാസിനെ അങ്ങോട്ട് പോയി പ്രകോപിപ്പിച്ചു വഴക്കിട്ടിരുന്നു. അന്നും അങ്ങേയറ്റം മോശമായ സാഹചര്യം ഉണ്ടായിരുന്നു. അതേക്കുറിച്ച് കിരണ്‍ തോമസ് പറയുന്നു: 'ഷിയസ് കരീമിനെപ്പോലെയുള്ള ഒരു പോലെ ഒരു ദുര്‍ബലനായ മത്സരാര്‍ത്ഥിയുടെ പുറകെ നടന്ന് ഇമോഷണല്‍ ആക്രമണം നടത്തുന്ന പേളിയെക്കണ്ട് ഞാന്‍ ഞെട്ടിപ്പോയി. സുരേഷിന്റെ മുകളിലൊക്കെ വലിയ സൈക്കോളജിക്കല്‍ പരീക്ഷണമൊക്കെ നടത്തുന്ന പേളിക്ക് ഷിയാസിനെ മനസിലാക്കാന്‍ കഴിഞ്ഞില്ലാന്ന് പറഞ്ഞാല്‍ അത് വിശ്വസനീയമല്ല. മറ്റ് മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് ഒരുപാട് ലോ പ്രൊഫൈലാണ് ഷിയാസ് എന്ന് മാത്രമല്ല വന്‍തോക്കുകളായ പലരും ഷിയാസിനെ പുച്ഛിച്ച് അവഗണിച്ചിട്ടിരിക്കുകയാണ്. ആകെ ഷിയാസിനോട് അനുഭാവം കാട്ടുന്നത് ശ്രീനിഷും അതിഥിയും മാത്രമാണ്. അങ്ങനെ ഒരു ഗ്രൂപ്പ് ബുള്ളിങ്ങിന്റെ ഇരയായി ഒരു കുഞ്ഞാപ്പു ഇമേജില്‍ നീറി നില്‍ക്കുന്ന ഷിയാസിനെ പുറകെ നടന്ന ആക്രമിക്കുകയായിരുന്നു പേളി'.

25 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറോളം പേര്‍ക്കൊപ്പം ഇന്ത്യയെ പ്രധിനിധീകരിച്ചു പങ്കെടുക്കുകയും, ബള്‍ഗേറിയയില്‍ വെച്ച് ഒരാഴ്ച നീണ്ടു നിന്ന കോമ്പറ്റീഷനില്‍ ടോപ് ഫൈവില്‍ എത്തുകയും രണ്ടു സബ് ടൈറ്റിലുകള്‍ നേടുകയും ചെയ്തിരുന്നു ഷിയാസ്. അങ്ങനെയാണ് ഷിയാസ് ബിഗ് ബോസ് വീട്ടിലേക്ക് സെലക്ഷന്‍ നേടുന്നത്. ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന കൂട്ടക്കൊലക്കിടെ സാബു ഷിയാസിന് കിട്ടിയ ബഹുമതിയെയും പുച്ഛിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. 

രഞ്ജിനിയാണ് യുദ്ധം തുടങ്ങി വച്ചത്. പിന്നീട് മറ്റെല്ലാവരും അത് ഏറ്റെടുക്കുകയായിരുന്നു. ആരും ഷിയാസിനെ പിന്തുണച്ചു രംഗത്ത് വന്നില്ല. മറിച്ചു അവനെ എല്ലാ തരത്തിലും തളര്‍ത്താനുള്ള എല്ലാ ആയുധവും ആ ആള്‍ക്കൂട്ടം പ്രയോഗിച്ചു. ഷിയാസ് തന്റെ വീട്ടിലെ അവസ്ഥ അനൂപിനോട് പറഞ്ഞിരുന്നു. അത് അനൂപ് വീട്ടിലെ എല്ലാരോടും പറയുകയും ചെയ്തു. ഇന്നലെ ബഹളമുണ്ടായപ്പോള്‍ അവനെ അവഹേളിക്കുന്നത് പോലെ അതും എടുത്ത് സാബു പ്രയോഗിച്ചു. അതിന്റെ ധ്വനി 'നിനക്ക് കടമുണ്ടല്ലോ, പൈസക്ക് ആവശ്യമുണ്ടല്ലോ, ഉമ്മയുടെ കടം വീട്ടാന്‍, ഉമ്മാക്ക് വേണ്ടി നീ ഇതൊക്കെ സഹിച്ചു ഇവിടെ നില്‍ക്ക്' എന്നായിരുന്നു.  അതോടെ ഷിയാസ് എനിക്ക് ആരുടെയും സഹതാപം വേണ്ട എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. 

അഭിജിത് ജിത്തു ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: 'ജീവിതത്തില്‍ ഉടനീളം കഷ്ടപ്പാടുകളും ,സങ്കടങ്ങളും മാത്രം ആണ് ഷിയാസിന് ലഭിച്ചിട്ടുള്ളത്. ഇന്ന് സാബു നിസാരമായി പറയുന്ന ആ ബഹുമതി നേടാന്‍ അവന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരുപാടാണ്. പല സ്ഥലത്തു നിന്നും കടം വാങ്ങിയും പല സ്ഥലത്ത് നിന്നു പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയും ആണ് അവന്‍ ആ ബഹുമതി നേടാന്‍ പോയത്. ഉള്ളില്‍ ഒരുപാട് സങ്കടങ്ങള്‍ ഒളിപ്പിച്ചു വെക്കുമ്പോഴും പുറത്ത് അതൊന്നും പ്രകടിപ്പിക്കാതെ ആണ് അവന്‍ ജീവിക്കുന്നത്. അവന് ലഭിച്ച ബഹുമതിക്ക് അവന്‍ കൊടുക്കുന്ന വില വളരെ വലുതാണ്. മറ്റുള്ളവര്‍ അതിന് ഒരു പരിഗണന കൊടുക്കണം എന്നു ഞാന്‍ പറയുന്നില്ല അത് അവരുടെ ഇഷ്ടം ആണ്. പക്ഷെ നിങ്ങള്‍ക്ക് അവന്റെ നേട്ടത്തെ പുച്ഛിക്കാതിരിക്കാം. എന്നെ പോലെ ഉള്ള അവന്റെ അടുത്ത ചില കൂട്ടുകാരോട് മാത്രമേ അവന്റെ സങ്കടങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളൂ. മറ്റുള്ളവരുടെ മുന്നില്‍ ഒന്നും അറിയിക്കാന്‍ താത്പര്യപ്പെടാതെ ചിരിച്ചും കളിച്ചും അഭിനയിച്ച് ആണ് അവന്‍ നടക്കുന്നത്. എന്റെ കൂട്ടുകാരന്റെ കണ്ണീരും നിസ്സഹായ അവസ്ഥയും അവന്‍ നേരിടുന്ന ഒറ്റപ്പെടലും എനിക്ക് സഹിക്കുന്നില്ല'.

ബിഗ് ബോസ് അന്‍പത് എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴേക്കും ആള്‍ക്കൂട്ട കൊലയ്ക്ക് വരെ നാം സാക്ഷികളായി. ഇനിയും നമ്മുടെയൊക്കെ ഉള്ളിലെ എന്തെല്ലാമായിരിക്കും ആ വീട്ടിലെ മനുഷ്യര്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്നത്? 
 

click me!