സിപിഐ കളം മാറുമോ?

Published : Nov 21, 2017, 05:25 PM ISTUpdated : Oct 05, 2018, 12:25 AM IST
സിപിഐ കളം മാറുമോ?

Synopsis

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി പി ഐ കേരളത്തില്‍ ഏതു മുന്നണിയിലായിരിക്കും. നിലവിലുള്ള ഇടതുമുന്നണി സംവിധാനത്തില്‍ത്തന്നെ തുടരുമോ? അതോ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫിലായിരിക്കുമോ? ഈ ചര്‍ച്ച ഇരു മുന്നണികളിലും രാഷ്ട്രീയവൃത്തങ്ങളിലും മാത്രമല്ല സാധാരണജനങ്ങള്‍ക്കിടയിലും സജീവമാണ്. അതേ സമയം ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും നിലവിലുള്ള മുന്നണി സംവിധാനം ഇടതുമുന്നണി അതേ പടി തുടരുമെന്നു ചിന്തിക്കുന്നവരും കുറവല്ല . 

ഏറെക്കാലമായി ഇടതുമുന്നണിയിലെ മുഖ്യ ഘടകകക്ഷികളായ സി പി എമ്മും സി പി ഐയും തമ്മില്‍ തുടരുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുന്ന തലത്തിലേക്ക് അതു വളര്‍ന്നതുമാണ് മുന്നണിബന്ധത്തിന്റെ ശൈഥില്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കിയത് . 

ആട്ടും അപമാനവും അതിന്റെ സകലസീമകളും ലംഘിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയില്ലാത്തവനാണെങ്കില്‍ കൂടി ചെയ്തുപോകുന്നതേ സി പി ഐയും ചെയ്തുള്ളൂ എന്നു കരുതുന്നവര്‍ നിരവധിയാണ്. കുതിച്ചുചാടി ഒരെണ്ണം വച്ചുകൊടുത്തു; അതും കരണത്ത് മന്ത്രിസഭാബഹിഷ്‌കരണത്തിലൂടെ. കൊണ്ടവനും തല്ലിയവനും മാത്രമല്ല കണ്ടുനിന്നവനുമത് ആകസ്മികവും അമ്പരപ്പിക്കുന്നതുമായിരുന്നു. ഇരുകൂട്ടരും വാളും പരിചയുമെടുത്തതും താലത്തില്‍ ക്ഷണം വച്ചുനീട്ടി മുട്ടനാടുകള്‍ക്കിടയിലെ കുറുനരിയായി കോണ്‍ഗ്രസ് മാറിയതും ഈ സാഹചര്യത്തിലാണ് . 

ഭരണപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കി നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്ന വാക്കൗട്ടുപോലെയായി സി പി ഐയുടെ നടപടിയെന്നും അത് മുന്നണിമര്യാദയുടെയും കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണെന്നും സി പി എം തുടങ്ങി വച്ചു. കൂട്ടത്തില്‍ ചിലരതിനു ഭീഷണിയുടെ സ്വരം നല്‍കി. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുതല്‍ സി പി ഐയെയും റവന്യൂ ഉദ്യോഗസ്ഥരെയും നോട്ടമിട്ടുവച്ചിരുന്ന ചിലര്‍ മണിപ്രവാളത്തിനും ഒട്ടും വൈകിയില്ല . മണിപ്രവാളകാലത്തെ വാരനാരികളുടെ മുഖസ്തുതിവൃന്ദത്തെ നാണിപ്പിക്കുന്ന വിധത്തില്‍ ചില ചാവേര്‍പ്പടയാളികള്‍ സംഗതി ഏറ്റെടുക്കുക കൂടി ചെയ്തതോടെ മുന്നണിബന്ധത്തിലൂന്നിയ  സ്മാര്‍ത്തവിചാരം അതിരു കടക്കുകയും ചെയ്തു . 

ഭൂമി കയ്യേറിയ മന്ത്രിയ്ക്ക് അവസാനനിമിഷം വരെ സുരക്ഷാകവചമൊരുക്കിയതും, സ്വന്തം എം എല്‍ എ യുടെയും എം പി യുടെയും നൂറുകണക്കിനേക്കര്‍ വരുന്ന ഭൂമി കയ്യേറ്റങ്ങള്‍ക്കും മൂന്നാറിലെ വ്യാപക കയ്യേറ്റങ്ങള്‍ക്കും തണലൊരുക്കിയതും ഭരണമുന്നണിയിലെ മുഖ്യപാര്‍ട്ടി തന്നെയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്ന സാഹചര്യത്തില്‍ ആ പാപക്കറ കയ്യില്‍ പുരളാതിരിക്കാനുള്ള ശ്രമമാണ് സി പി ഐ നടത്തിയത് . ജനകീയ പക്ഷത്തുള്ള കമ്യൂണിസ്റ്റ് മുഖം തങ്ങളുടേതാക്കിയെടുക്കാന്‍ ഈ അവസരത്തെ അവര്‍ വിനിയോഗിക്കുകയും ചെയ്തു . എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെക്കുറിച്ചു വ്യാകുലപ്പെടുകയല്ല ; മറിച്ച് രാഷ്ട്രീയഎതിരാളികള്‍ക്കു നേട്ടമുണ്ടാക്കിക്കൊടുക്കുകയാണ് ആദര്‍ശത്തിന്റെ പൊയ്മുഖമെടുത്തണിഞ്ഞതിലൂടെ സി പി ഐ ചെയ്തതെന്ന ആക്ഷേപത്തോടെ ആ പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അവതരിപ്പിക്കാനാണ് സി പി എം ശ്രമിച്ചത് . 

പൊടുന്നനെയുണ്ടായ സംഭവവികാസങ്ങളാണ് മുന്നണിമാറ്റചര്‍ച്ചകളുടെ ഊഷ്മാവുയര്‍ത്തിയതെന്ന് കരുതുക മൗഢ്യമാണ് .

അതേ സമയം പൊടുന്നനെയുണ്ടായ സംഭവവികാസങ്ങളാണ് മുന്നണിമാറ്റചര്‍ച്ചകളുടെ ഊഷ്മാവുയര്‍ത്തിയതെന്ന് കരുതുക മൗഢ്യമാണ് . അക്കാരണത്താല്‍ത്തന്നെ മുന്നണിമാറ്റങ്ങള്‍ പുതുമയല്ലാത്ത സംസ്ഥാന രാഷ്ട്രീയത്തില്‍ പൂര്‍വ്വകാലാനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ആപേക്ഷികവ്യാഖ്യനത്തിനു മുതിരുന്നതും പന്തിയല്ല . ഇന്നത്തെ രാഷ്ട്രീയം ആവശ്യപ്പെടുന്നത് ഒരു  ഗുണനിലവാരപരിശോധനയാണ് . അത്തരത്തിലുള്ള പുനര്‍വായനയാണ്  സമകാലിക സംഭവങ്ങളോടു വേണ്ടത് . ആദര്‍ശരാഷ്ട്രീയം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനു വഴിമാറിയതുമുതല്‍ ആശയങ്ങള്‍ തമ്മിലല്ല ; ഈഗോകള്‍ തമ്മിലാണ് പോരാട്ടമെന്ന നില വന്നു . പാര്‍ലമെന്ററി മോഹമായിരുന്നു രാഷ്ട്രീയത്തില്‍ ഒരു കാലത്തു കേട്ടിരുന്ന ഏറ്റവും മോശം പരാമര്‍ശങ്ങളിലൊന്ന്. എന്നാലിന്ന് അവിടേക്ക് കയ്യേറ്റങ്ങളും കുംഭകോണങ്ങളും ലൈംഗികകേളികളും കൂട്ടുചേര്‍ന്നിരിക്കുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഭൂപരിഷ്‌കരണനിയമം കൊണ്ടുവരാന്‍ മുന്‍കൈയെടുത്ത പാര്‍ട്ടിക്കുതന്നെ അതു ബാധ്യതയായി മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഭൂമി കയ്യേറ്റം പോലെ തന്നെ മറ്റു പാര്‍ട്ടികളുടെ വകുപ്പുകളില്‍ കൂടി കയ്യേറ്റം തുടങ്ങിയതോടെ കാര്യങ്ങള്‍ ഇന്നത്തെ നിലയിലേക്കു കൂപ്പുകുത്തുകയായിരുന്നു. അവിടെയാണ് ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥര്‍ പ്രതീക്ഷയുടെ നാളം കൊളുത്തിയത്. കൃത്യമായ ബോധ്യപ്പെടുത്തലുകളില്ലാതെ വരയ്ക്കുന്ന വരയില്‍ നില്‍ക്കാനും ഇരിക്കാനുമൊന്നും അവരെ കിട്ടില്ല. ടി വി അനുപമയെയും ശ്രീരാം വെങ്കട്ടരാമനെയും അദീല അബ്ദുള്ളയെയും വി ആര്‍ പ്രേംകുമാറിനെയും ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും അംഗീകരിക്കുന്നതും അവര്‍ നല്‍കുന്ന ഈ പ്രതീക്ഷ കൊണ്ടാണ് . 

വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കേരളത്തില്‍ രണ്ടു മുന്നണികള്‍ക്കും പ്രധാനം തന്നെയാണ്; പ്രത്യേകിച്ച് മുന്നണി ഘടനയുടെ കാര്യത്തില്‍ . ഇരുമുന്നണികളിലും ഉടച്ചുവാര്‍ക്കലുകള്‍ പ്രതീക്ഷിക്കപ്പെടുന്നു. അക്കരപ്പച്ച കൊതിച്ചുനില്‍ക്കുന്ന പാര്‍ട്ടികള്‍ രണ്ടിടത്തും ഉണ്ടെന്നിരിക്കെ പിളര്‍പ്പുകള്‍ അനിവാര്യമാകുകയും ചെയ്യുന്നു. കുട്ടനാടന്‍ കായല്‍ കയ്യേറ്റവും കൊട്ടക്കാമ്പൂരും വാട്ടര്‍ തീം പാര്‍ക്കും മൂന്നാര്‍ കയ്യേറ്റവും ഇടതു മുന്നണിയില്‍ പുതിയ വില്ലനാകുമ്പോള്‍ വ്യാപകമായ അഴിമതി ആരോപണങ്ങളും ലൈംഗികാപവാദങ്ങളും യു ഡി എഫിന്റെ പ്രതിസന്ധികളാകുന്നു . ബി ജെ പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യമാണ് ഫലപ്രദമെന്ന നിലപാടാണ് ദേശീയതലത്തില്‍ സി പി ഐ യുടേത്. അല്ലാതെ കോണ്‍ഗ്രസ് മുന്നണിക്കും ബിജെപി മുന്നണിക്കും സമാന്തരമായി മറ്റൊരു സംവിധാനത്തിന് പ്രസക്തിയുണ്ടെന്ന് അവര്‍ കരുതുന്നില്ല . ഇതാണ് എഴുപതുകള്‍ കേരളം കണ്ട കോണ്‍ഗ്രസ് - സി പി ഐ ബാന്ധവത്തിന്റെ തനിയാവര്‍ത്തനത്തെക്കുറിച്ചുള്ള ആശങ്ക സി പി എമ്മില്‍ ശക്തമാക്കിയത് . എഴുപതില്‍ സി അച്യുതമേനോന്‍ മന്ത്രിസഭ രൂപീകരിക്കുമ്പോഴും പിന്നീട് എഴുപത്തേഴിലുമുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല ദേശീയതലത്തിലും സംസ്ഥാനത്തും ഉള്ളത് . എങ്കിലും ഒരു കരുതലിനുള്ള നീക്കമെന്ന മട്ടിലാണ് 'വെടക്കാക്കി തനിക്കാക്കു'ന്ന വിദ്യയിലൂടെ സി പി ഐയെ വരുതിക്കുനിര്‍ത്താന്‍ സി പി എം ശ്രമിക്കുന്നത് .  

ആരൊക്കെ ആര്‍ക്കൊക്കെ ഒപ്പമാവും?  കാത്തിരുന്നു കാണേണ്ടത് അതാണ്.  

ഇടതുമുന്നണിയിലെ ചലനങ്ങള്‍ കോണ്‍ഗ്രസും യു ഡി എഫും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിലും അവിടെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈവിട്ട നിലയിലാണ് . സോളാര്‍ കേസില്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതൃനിരയാണ് പിടലിയൊടിഞ്ഞ് കിടപ്പിലായത്. അത്ഭുതങ്ങളൊന്നൂും പ്രതീക്ഷിക്കേണ്ടതില്ലെന്നും എല്ലാമൊടുവില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിലേക്കു തന്നെ ചെന്നെത്തുമെന്നും സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എങ്കിലും താല്‍ക്കാലികമായിട്ടാണെങ്കിലും മുന്നണികളില്‍ പിളര്‍പ്പിന്റെ ഭീഷണി നിലനില്‍ക്കുകയാണ് . അധികാരവും അവസരവും ഒത്തുവരുന്നതുനോക്കി രണ്ടുവള്ളത്തിലും കാലിട്ടു നില്‍ക്കുന്ന ജനതാദള്‍ യുണൈറ്റഡും മുന്നണിബന്ധത്തെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായമുള്ള ആര്‍ എസ് പിയും യു ഡി എഫ് സംവിധാനത്തെ ഉലയ്ക്കുമെന്ന ആശങ്ക നിലവിലുണ്ട് . എങ്ങും ചേരാതെ നില്‍ക്കുമ്പോഴും എങ്ങോട്ടുവേണമെങ്കിലും പോകാന്‍ മനസ്സുള്ള മാണിയും മറ്റു ചില പാര്‍ട്ടികളും വേറെയുമുണ്ടുതാനും 

ചുരുക്കത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നണി സംവിധാനത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണകാലമാകുമെന്നതില്‍ ഒരു സംശയവുമില്ല. ആരൊക്കെ ആര്‍ക്കൊക്കെ ഒപ്പമാവും?  കാത്തിരുന്നു കാണേണ്ടത് അതാണ്.  

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!