
എന്റെ ചെവിയിലൂടെ തീ നാളങ്ങള്‍ പുറത്ത് കടന്നു.
ഇനിയെന്തെന്ന അമ്പരപ്പിലേക്ക് ഡോക്ടര്‍ പ്രതീക്ഷയുടെ ഒരു തിരി കത്തിച്ചു വെക്കാന്‍ ശ്രമിച്ചു.
'ചില മരുന്നുകളുണ്ട്. അതിലൊന്ന് വിന്‍ക്രിസ്റ്റീന്‍. കീമോ തെറാപ്പിയിലൊക്കെ ഉപയോഗിക്കുന്ന ഒന്നാണ്. നമ്മള്‍ക്കിപ്പോള്‍ അത് കൊടുത്തു നോക്കാം. മിക്കവാറും ഫലിക്കും. ഇല്ലാത്ത പക്ഷം മറ്റൊരു മരുന്നുണ്ട്. റിറ്റുക്‌സിമേബ് അതിന് OHIP (Ontario health insurance plan) കവറേജില്ല. നിങ്ങള്‍ക്ക് പ്രൈവറ്റ് ഇന്‍ഷൂറന്‍സുണ്ടോ?'
'ഉണ്ട്, എന്റെ കമ്പനി ഇന്‍ഷൂറന്‍സ് കവര്‍ ചെയ്യും' സ്‌റ്റെര്‍ലി വേഗം പറഞ്ഞു.
'എന്തെങ്കിലും കാരണവശാല്‍ ചെയ്തില്ലെങ്കിലോ. അതിന് 18,000 ഡോളറോളമാകും. വിഷമിക്കേണ്ട. എന്തായാലും ചികിത്സക്കായി വീണ്ടും അഡ്മിറ്റാകണം. വിന്‍ക്രിസ്റ്റീന്‍ ഫലിച്ചില്ലെങ്കില്‍ റിറ്റുക്‌സിമേബ് ശ്രമിക്കാം. ഇന്‍ പേഷ്യന്റിന്റെ ജീവന്‍ എങ്ങനെയും രക്ഷിക്കേണ്ട ബാധ്യത ആശുപത്രിക്കുണ്ട്. മരുന്ന് ഫ്രീയായി തരാതിരിക്കാനാവില്ല'
അത് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ആശ്വാസം തന്നെ.
എങ്കിലും എന്റെ പരോള്‍ അവസാനിച്ചിരിക്കുന്നു. മകളുടെ പഠനം, ഭര്‍ത്താവിന്റെ ജോലി...എന്റെ തലയ്ക്കകത്ത് എല്ലാം തിളച്ചു മറിഞ്ഞു. അതിന്റെ പൊള്ളല്‍ മുഖത്ത് തെളിഞ്ഞ് കാണും .
ഡോക്ടര്‍ പതുക്കെ പറഞ്ഞു: 'ഡോണ്ട് വറി, മായ. വറി ചെയ്യാനുള്ള സമയമല്ല ഇത്. ഇപ്പോള്‍ നമുക്ക് മുന്‍പില്‍ ഓപ്ഷന്‍സുണ്ട്. വറി ചെയ്യാന്‍ സമയമാകുമ്പോള്‍ ഞാന്‍ പറയാം'.
നഴ്‌സ് പാം കൊണ്ട് വന്ന വിന്‍ക്രിസ്റ്റീന്‍ ഡോ. ബാര്‍ത് എന്റെ ഞെരമ്പിലേക്ക് കടത്തി വിട്ടു.
'വിഷമിക്കേണ്ട വലുതായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. വിരല്‍ത്തുമ്പുകളൊക്കെ തരിപ്പും സ്പര്‍ശനക്കുറവും ഉണ്ടാകാം കുറച്ചു കാലം. ബട്ടണ്‍ ഇടുക, കോഫി കപ്പ് പിടിക്കുക, ഇതിനൊക്കെ പറ്റാതെ വരാം. മലബന്ധമുണ്ടാകാം. നല്ല ക്ഷീണമുണ്ടാകാം. നടക്കാന്‍ ബുദ്ധിമുട്ട് തോന്നാം'.
ഡോ. ബാര്‍തും പാമും മാറി മാറി പറഞ്ഞു.
ഇന്നലെ തോര്‍ന്ന മഴ വീണ്ടും ആര്‍ത്തലച്ചു വന്നു. അതില്‍ ഇന്നലെ കയ്യില്‍ വാരി പിടിച്ച നിറങ്ങളെല്ലാം ഒലിച്ചിറങ്ങിപ്പോയത് പോലെ.
ഞങ്ങള്‍ മൂന്നു പേര്‍ വീണ്ടും മൗണ്ട് സിനായില്‍ എത്തി. എമര്‍ജന്‍സിയിലെ നീണ്ട കാത്തിരുപ്പിന് തുടക്കമിട്ടു.
രാത്രി ഏറെയായി മുറി കിട്ടുമ്പോള്‍.
ക്ഷീണവും ഉറക്കവും അമ്പരപ്പും എല്ലാവരേയും പൊതിഞ്ഞിരുന്നു.
അന്ന് കഠിനമായൊരു ദിവസം തന്നെയായിരുന്നു. വീട്ടില്‍ നിന്നുള്ള യാത്ര തന്നെ എന്നെ വലച്ചിരുന്നു. പ്‌ളാസ്മഫെറസിസിന് ശേഷമുണ്ടാകുന്ന സ്വാഭാവിക തളര്‍ച്ചയും അസഹ്യമായ നെഞ്ചിടിപ്പും വിശ്രമമില്ലാത്ത കാത്തിരുപ്പുമൊക്കെ കൂടി കിടക്ക കാണാന്‍ കാത്തിരുന്നത് പോലെ ആയിരുന്നു ഞാന്‍. അസുഖത്തെ കുറിച്ചൊന്നും ഓര്‍ക്കാനും ആശങ്കപ്പെടാനും തോന്നിയില്ല. മകളുടെ മുഖത്തെ കണ്ണുനീര്‍ തുള്ളികളെ ഒപ്പിയെടുക്കാനും കഴിയുന്നില്ല.
'പൊയ്‌ക്കോളൂ, നാളെ കാണാം' എന്നു പറഞ്ഞു ഞാന്‍ മയക്കത്തിലേക്ക് വഴുതാന്‍ തുടങ്ങി.
അന്ന് കഠിനമായൊരു ദിവസം തന്നെയായിരുന്നു.
പിന്നെ വേഗം ഉറക്കം നഷ്ടപ്പെട്ട് ഉണര്‍ന്നു. ആ വലിയ മുറിയുടെ ഇരുട്ടില്‍ ഓരത്തൊരു കട്ടിലില്‍ ഞാന്‍ ഒറ്റയ്ക്ക് കിടന്നു. ഇന്നലെ രാത്രി എന്റെ നെഞ്ചില്‍ തിമര്‍ത്തിരുന്ന ആഹ്‌ളാദത്തിന്റെ ആരവങ്ങള്‍ എവിടെ? ജനാലയില്‍ വന്നു തട്ടി വീഴുന്ന മഞ്ഞിന്‍ തുമ്പികള്‍. കഴിഞ്ഞ മഞ്ഞു കാലത്ത് കുമിഞ്ഞ് കൂടിയ മഞ്ഞു മലയിലൂടെ മകളുടെ കുഞ്ഞു മിറ്റന്‍സണിഞ്ഞ കൈ പിടിച്ച് കഥ പറഞ്ഞ് നടന്നിരുന്ന സന്തോഷവതി ഞാന്‍ തന്നെയായിരുന്നോ? ചുമരുകള്‍ക്കപ്പുറം ശീതക്കാറ്റ് ചൂളം കുത്തിയെത്തുമ്പോല്‍ വീടിന്റെ ഇളം ചൂടിനുള്ളില്‍ സുഖമായി ചുരുണ്ടിരുന്ന് ആകസ്മികമായെത്തുന്ന മരണത്തിന്റെ കൈകളിലേക്ക് കഥാപാത്രങ്ങളെ എറിഞ്ഞു കൊടുത്തിരുന്ന നിര്‍ദ്ദയയായ കഥാകാരി ഞാനായിരുന്നുവോ ?
പല്ല് തേക്കാന്‍, പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍, മുടി ചീകിയൊതുക്കാന്‍, ഭക്ഷണം കഴിക്കാന്‍ മറ്റൊരാളെ ആശ്രയിക്കുന്ന, ഹൃദയത്തിന്റെ അപതാളത്തില്‍ മയങ്ങിയും ഉണര്‍ന്നും കിടക്കുന്ന, ഈ ഞാനും ആ ഞാനും തമ്മിലെന്ത് ബന്ധം!
വീട്ടിലെ കട്ടിലില്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞാവയേയും സ്‌റ്റെര്‍ലിയേയും കുറിച്ച് ഞാനോര്‍ത്തു. രണ്ട് പേരും ചേര്‍ന്ന് എനിക്ക് കിടക്കാന്‍ ഒരിത്തിരി ഇടം തരുന്നില്ലെന്നും രണ്ടുപേരും കയ്യും കാലും മേലേക്ക് കയറ്റി വെച്ചു എന്നെ ശ്വാസം മുട്ടിക്കുകയാണെന്നും എനിക്ക് പരാതി പറയേണ്ട. ഇപ്പോള്‍ ഈ കട്ടില്‍ മുഴുവനും എനിക്ക് സ്വന്തമാണ്. ഒരു മുറി മുഴുവനും എനിക്ക് സ്വന്തമാണ്. ഈ ഏകാന്തത മുഴുവനും എനിക്ക് സ്വന്തമാണ്.
'മായാ, ഐ ആം റിയലി സോറി' എനിക്ക് നിങ്ങളുടെ രക്തമെടുക്കണം.'
നെഞ്ചില്‍ കുറുകുന്ന ഏകാന്തതയുടെ സംഗീതം മുറിച്ച് കൊണ്ട് ചെറുപ്പക്കാരനായ ഫിലിപ്പിനോ നഴ്‌സ് കടന്നു വരുന്നു.തണുത്ത വിരലുകള്‍ കൊണ്ട് എന്റെ കൈത്തണ്ടയിലെ ഞെരമ്പുകള്‍ തിരയുന്നു. വീണ്ടും കുത്തിയുമെടുത്തും സോറികള്‍ വാരി വിതറിയും അയാള്‍ എനിക്കരികില്‍ ഇരിക്കുന്നു. പിന്നെ തോല്‍വി സമ്മതിച്ചെണീക്കുന്നു. 'എനിക്ക് പറ്റുന്നില്ല. മറ്റാരെയെങ്കിലും വിടാം'.
ആശുപത്രി മുറി പതുക്കെ വീടായി തീര്‍ന്നു.
പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്ന്് മരുന്നും ജ്യൂസും ആഹാരവും നീട്ടുന്ന നഴ്‌സുമാര്‍ വീട്ടുകാരായി തീര്‍ന്നു.
നിത്യവും കൂടുകയും കുറയുകയും ചെയ്യുന്ന അക്കങ്ങള്‍. അതിലൊരിക്കലും കുറയില്ലെന്ന് വാശി കാണിക്കുന്ന എല്‍ ഡി എച്ച്. 'അതെന്താ കൊളസ്‌ട്രോളാ' എന്നു വരുന്നവരും വിളിക്കുന്നവരും ചോദിക്കുമ്പോള്‍, അല്ല..അത് സെല്‍ ഡാമേജിനെ കാണിക്കുന്ന സംഗതിയാണെന്നൊക്കെ പറയാന്‍ ഞങ്ങളും പഠിച്ചു. കാതറ്റര്‍ ഇട്ടത് കൊണ്ടുണ്ടായ യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍, സ്റ്റിറോയ്ഡ് സമ്മാനിച്ച താല്‍ക്കാലിക ഡയബറ്റിക്‌സ്, ഷുഗര്‍ ടെസ്റ്റുകള്‍, ഇന്‍സുലിന്‍.
'സോറി..ആം ഗോയിങ് റ്റു പോക് യൂ' എന്ന ക്ഷമാപണത്തോടെ തുളഞ്ഞു കയറാന്‍ സൂചികള്‍ക്ക് ഓരോ കാരണങ്ങള്‍. എപ്പോഴും കുറയുന്ന പൊട്ടാസ്യത്തിന് വേണ്ടി വിഴുങ്ങേണ്ട നെടു നീളന്‍ ടാബ്ലറ്റുകള്‍. അവ മുറിച്ചു തരാന്‍ മാത്രമല്ല, കയ്‌പ്പേറിയ, മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ഒരു കഷായത്തിന് ശേഷം വായിലേക്ക് കല്‍ക്കണ്ടമിട്ടു തന്നിരുന്ന അമ്മയെ ഓര്‍മ്മിപ്പിക്കുന്ന പോലെ 'കൂടെ കഴിക്കാന്‍ ഓറഞ്ച് ജ്യൂസ് വേണോ, ആപ്പിള്‍ ജ്യൂസ് വേണോ' എന്ന് ഒരു കുഞ്ഞിനോടെന്ന വിധം ചോദിക്കാനും സുമനസ്സുള്ളവര്‍. മൂന്നു നേരവും കൃത്യമായി മുന്നിലെത്തുന്ന രുചിയുള്ള സിരിയലും പാലും പാല്‍ക്കട്ടിയും ബേക്ക്ഡ് ഫിഷും സാലഡുകളും ഡെസേര്‍ട്ടും.
ആശുപത്രി മുറി പതുക്കെ വീടായി തീര്‍ന്നു.
സ്‌നേഹമയികള്‍ 'കുളിക്കണ്ടേ' എന്ന് ചോദിച്ച് കൊണ്ട് അലക്കി തേച്ച ഗൗണും തോര്‍ത്തുമായി വന്നു. കരുതലോടെ നെഞ്ചിലെ ലൈന്‍ നനവ് കടക്കാത്ത പൊളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞു വെച്ചു. കുളിക്കാന്‍ നല്ല വ!ത്തിയുള്ള കുളിമുറികള്‍ കാത്ത് കിടന്നു. കുളിച്ചു വരുമ്പോഴേക്കും സ്‌നേഹക്കൈകള്‍ കിടക്കയില്‍ പുതിയ വിരികള്‍ വിരിച്ചു വെച്ചു. പുറത്ത് നിന്നും കിടക്കാവുന്ന ഒരു സോഫ എനിക്കരികില്‍ കൊണ്ടിട്ട് എന്റെ മകള്‍ക്ക് അമ്മയോടൊപ്പം ഉറങ്ങാന്‍ അവസരമുണ്ടാക്കി തന്നു അവര്‍. അങ്ങനെ ഭര്‍ത്താവും മകളും നടത്തിക്കൊണ്ടിരുന്ന ദീര്‍ഘയാത്രകളേയും എന്റെ ഏകാന്തതയേയും അനുതാപ പൂര്‍വ്വം വെട്ടിച്ചുരുക്കി.
കണ്ണുകളില്‍ നിന്നും കാഴ്ച മങ്ങി മങ്ങി പോകുന്നു. അക്ഷരങ്ങള്‍ പിടിതരാതെ പറ്റിച്ചോടുന്നു. മുന്നില്‍ നില്‍ക്കുന്ന മുഖങ്ങളില്‍ നേര്‍ത്ത മൂടുപടം വന്നു നിറയുന്നു. വലതു ഭാഗം മുഴുവനും വിങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന ഹോട് ഫ്‌ളാഷസില്‍ ശരീരത്തിലേക്കാരോ ചൂട് വെള്ളം കോരിയൊഴിച്ചത് പോലെ ഞാന്‍ ഞെട്ടുന്നു. അറിയാതെ മൂത്രം പോയോ എന്ന തോന്നലില്‍ ഞാന്‍ വെറുതെ പേടിക്കുന്നു. കാലുകളിലേക്ക് വേദനയിറങ്ങുന്നു. വിരല്‍ത്തുമ്പുകള്‍ക്ക് സ്പര്‍ശനം നഷ്ട്ടപ്പെടുന്നു. സദാ സമയവും അതിദ്രുതം മിടിക്കുന്ന ഹൃദയത്തിന്റെ താളം മാത്രം കൂട്ടിന്.
എന്നാലെന്ത്?
ഞാനിപ്പോള്‍ രാജ്ഞിയാണ്. എനിക്ക് ചുറ്റും പരിചാരകര്‍. ആജ്ഞാനുവര്‍ത്തികള്‍. എല്ലാ പെണ്ണുങ്ങളും മോഹിക്കുന്ന ഒരു വിശ്രമകാലം ഞാന്‍ സ്വന്തമാക്കിയിരിക്കുന്നു.
പതുക്കെ മൗണ്ട് സിനായിയെയും ടൊറന്‍േറാ ജനറല്‍ ആശുപത്രിയേയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കത്തിലൂടെ യാത്ര ചെയ്ത് എഫരസീസ് യൂണിറ്റിലെത്തുന്നത് എനിക്ക് ശീലമായി. എന്നെ കൊണ്ട് പോകാന്‍ പല മുഖമുള്ള പോര്‍ട്ടര്‍മാര്‍ വരും. അവരില്‍ചിലര്‍ക്ക് മുട്ടത്തലയും പരുക്കന്‍ മുഖവും പച്ചക്കുത്തിയ ദേഹവുമുണ്ടാകും. അവരെ തെരുവില്‍ വെച്ചു കണ്ടാല്‍ മാറി നടക്കണമെന്ന് എനിക്ക് തോന്നിയേനെ. പക്ഷെ അവരെല്ലാം അതീവ ശ്രദ്ധയോടെ ഒരു പളുങ്കു പാത്രം പോലെ തട്ടിയുടയാതെ എന്നെയും കൊണ്ട് യാത്രയാകും.മനുഷ്യരെ വിശ്വസിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു.
പ്ലാസ്മാഫെറസിസ്
ആദ്യം സ്‌ട്രെച്ചറില്‍ കിടന്നും പിന്നെ വീല്‍ ചെയറില്‍ ഇരുന്നും ഞാന്‍ യാത്ര ചെയ്തു. എഫരസിസ് യൂണിറ്റ് ഞങ്ങള്‍ക്ക് കുടുംബം പോലെയായി. അവിടെയുള്ള ഓരോരുത്തരും നല്ല വെണ്ണക്കട്ടകളായിരുന്നു. നഴ്‌സുമാരായ മെര്‍മ്മയും റോസിയും ബാര്‍ബയും ഫെര്‍ണാണ്ടസും ലീയും ലെനിയും പാമും...എല്ലാവരും. കാരുണ്യം കൊണ്ട് അവരെന്നെ ആശ്ലേഷിച്ചു. പ്ലാസ്മഫെറസിസ് ചെയ്യുന്ന യന്ത്രത്തിനരികിലൊരു റിക്ലൈനിങ് ചെയറില്‍ ചൂടുള്ള ബ്ലാങ്കറ്റുകള്‍ കൊണ്ട് പൊതിഞ്ഞ് ഞാന്‍ കിടന്നു.എന്റെ ശരീരം ഭൂമിയില്‍ മയങ്ങി കിടക്കുകയും മനസ്സ് വെള്ളിവെളിച്ചത്തിലേക്ക് പൊന്തി പറക്കുകയും ചെയ്തു.
അങ്കലാപ്പോടെ വരുന്ന സന്ദര്‍ശകരെയൊക്കെ ചിരിയോടെ ഞങ്ങള്‍ സ്വീകരിച്ചു. എന്തു പറയണമെന്ന് വാക്കുകള്‍ ഇല്ലാതെ നിന്നവര്‍ക്ക്, നോക്കൂ എനിക്കൊന്നുമില്ല, ഞാന്‍ സന്തോഷവതിയാണെന്ന് ധൈര്യം നല്‍കി. 'സാമ്പത്തിക സഹായം വേണോ, മകളെ കൊണ്ട് പോയി നോക്കണോ, ഭക്ഷണം എത്തിക്കണോ, എന്ത് വേണമെങ്കിലും പറയാന്‍ മടിക്കരുതെന്ന് മുന്നോട്ട് വന്നു, അന്യനാട്ടിലെ സ്‌നേഹബന്ധങ്ങള്‍. സുഹൃത്തുക്കള്‍ നന്മക്കൈകള്‍ കൊണ്ട് ഭക്ഷണം പാകം ചെയ്തു കൊണ്ടു വരുന്നു. മകള്‍ക്കും ഭര്‍ത്താവിനും പിന്നെ ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ കുഴഞ്ഞു പോകുന്ന എനിക്കും വയര്‍ നിറയ്ക്കാന്‍ അവരുടെ സ്‌നേഹവായ്പ് ധാരാളം. എല്ലാവരും മകള്‍ക്ക് എന്തെങ്കിലുമൊക്കെ കരുതലോടെ കൊണ്ടു വന്നു. ചോക്കലേറ്റും സ്റ്റിക്കര്‍ പുസ്തകങ്ങളും അവളെ സന്തോഷിപ്പിച്ചു.
മെര്‍മയുടെയും റോസിയുടെയും കരുതലില്‍
അയല്‍ക്കാരികള്‍
ഞാന്‍ ഭാഗ്യവതിയാണെന്ന് എനിക്ക് ഓരോ നിമിഷവും തോന്നി. അതെന്നെ ഓര്‍മ്മപ്പെടുത്താന്‍ പല ദിവസങ്ങളിലായി എനിക്ക് രണ്ട് അയല്‍ക്കാരികളെ കിട്ടി. രണ്ടു പേര്‍ക്കുള്ള വിശാലമായ മുറിയില്‍ കട്ടി കര്‍ട്ടനപ്പുറം അവരുടെ വേദനകള്‍ എന്നെ വന്നു തൊട്ടു. രണ്ടു പേരും മധ്യവയസ്‌കരായിരുന്നു. ഒരാളുടെ കിഡ്‌നി തകരാറിലാണ്. അവര്‍ കടുത്ത നിരാശയിലാണ്. അവരുടെ ഭര്‍ത്താവ് അവരെ കാണാന്‍ വന്നും പോയുമിരുന്നു. അയാള്‍ സ്‌റ്റെര്‍ലിയോട് നിസ്സംഗമായൊരു ശബ്ദത്തില്‍ ഭാര്യയുടെ അസുഖത്തെ കുറിച്ച് പറഞ്ഞു. ഭാര്യയുടെ അസുഖം അയാള്‍ എറെ കുറെ അംഗീകരിച്ചിരിക്കുന്നു. ഭാര്യക്ക് വലിയ വിഷമമാണെന്നും വിഷമിച്ചിട്ട് എന്താണ് ഫലമെന്നും അയാള്‍ ചോദിച്ചു. എത്ര വര്‍ഷങ്ങള്‍ അവര്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ട് ജീവിച്ചു കാണുമെന്ന് ഞാനോര്‍ത്തു. എത്ര വര്‍ഷങ്ങള്‍ വെച്ചും വിളമ്പിയും കുട്ടികളെ പോറ്റി വളര്‍ത്തിയും.
അടുത്തയാള്‍ കാന്‍സര്‍ രോഗി. കീമോ തെറാപ്പിയുടെ ഭാഗമായി നിരന്തരം ചര്‍ദ്ദിച്ചുകൊണ്ടിരുന്നു. അവര്‍ക്കൊന്നും കഴിക്കാന്‍ വയ്യ. ചര്‍ദ്ദിച്ച് ചര്‍ദ്ദിച്ച് അവര്‍ അവശയായി. അസഹ്യമായ തലവേദനയില്‍ അവര്‍ നിരതരം നിലവിളിച്ചു. അമേരിക്കയില്‍ നിന്നെത്തിയ സഹോദരി പകലൊക്കെ അവര്‍ക്ക് കാവലിരുന്നു. ജീവിതം കൊടുത്ത ക്ഷതങ്ങളില്‍ തളര്‍ന്നു പോയ ഭര്‍ത്താവ് രാത്രിയിലും. അവര്‍ ചര്‍ദ്ദിക്കാന്‍ ഓങ്ങുമ്പോഴേക്കും പാത്രവുമായി ഓടി ചെന്നു. അവരുടെ പ്രായവും അവസ്ഥയും എന്നെ അമ്മയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. അവര്‍ക്കും രണ്ട് പെണ്‍ മക്കളുണ്ട്. മുതിര്‍ന്നവര്‍. അവിവാഹിതര്‍. ജോലിക്കാരികളായ അവര്‍ എന്നും അമ്മയെ കാണാന്‍ വന്നു. അവരുടെ വിവാഹമെന്ന സ്വപ്നത്തിലേക്ക് തുഴഞ്ഞെത്താന്‍ ഈ അമ്മക്ക് ആകുമോ?
എനിക്ക് വീട്ടില്‍ പോകാന്‍ അനുമതി കിട്ടി.
രണ്ടാമത്തെ തവണയാണ് കാന്‍സര്‍ അവരില്‍ പിടിമുറിക്കിയിരിക്കുന്നത്. ഭക്ഷണരീതിയിലൂടെ, .ജീവിതക്രമത്തിലൂടെ അവരെല്ലാം ചേര്‍ന്ന് അതിന്റെ രണ്ടാം വരവ് പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ്. മുമ്പ് കണ്ട ഭര്‍ത്താവിനെ പോലെ മരിക്കാനാണ് വിധിയെങ്കില്‍ മരിക്കും എന്ന് നിസ്സംഗനായി വിധിക്ക് കീഴടങ്ങാന്‍ തയ്യാറല്ല ഈ ഭര്‍ത്താവ്. ഭാര്യയുടെ അസുഖം ഭേദമാക്കാന്‍ അയാള്‍ വെപ്രാളപ്പെട്ട് ഓടുക തന്നെയാണ്.
തലപൊട്ടിപ്പിളരുന്ന വേദനയെ കുറിച്ച് അവര്‍ പരാതിപ്പെട്ടപ്പോള്‍ ഒരു പരുപരുത്ത ശബ്ദം ഇപ്രകാരം പറഞ്ഞു. ' തലവേദനക്ക് രണ്ട് കാരണങ്ങളാണ് കാണുന്നത്. ഒന്നു ചര്‍ദ്ദിച്ചുണ്ടാകുന്ന സ്‌ട്രെസായിരിക്കാം. അല്ലെങ്കില്‍ രോഗം തലച്ചോറിലേക്ക് വ്യാപിച്ചതാകാം. ഇത് ചര്‍ദ്ദിലില്‍ നിന്നുണ്ടാകുന്നത് തന്നെയാകാനാണ് സാധ്യത'.
ആ ശബ്ദം കട്ടിയുള്ള കര്‍ട്ടണ്‍ തുളഞ്ഞ് എന്റെ ചെവിയില്‍ വന്നു വീണ് പൊള്ളിച്ചു. ആദ്യത്തെ വാചകം കേട്ടമാത്രയില്‍ അവരുടെ അടിവയറ്റില്‍ നിന്നും മേല്‍പ്പോട്ട് പാഞ്ഞു കയറിയ ഭയത്തിന്റെ മിന്നല്‍പ്പിണര്‍ എപ്രകാരമായിരുന്നിരിക്കും എന്നോര്‍ത്ത് ഞാന്‍ കിടന്നു. ഞാനെത്ര ഭാഗ്യവതി. ഇന്നല്ലെങ്കില്‍ നാളെ അസുഖം പൂര്‍ണ്ണമായും ഭേദപ്പെടുമെന്ന വിശ്വാസവും പ്രതീക്ഷയും എന്നോടൊപ്പമുണ്ട്. പിന്നെ എനിക്ക് ആഹാരം കഴിക്കാം. ആഹാരം കഴിക്കുന്നതിനേക്കാള്‍ വലിയൊരു ആനന്ദം എന്താണ്?
പതുക്കെ അവരുടെ നിലവിളികള്‍ മാഞ്ഞു. അവര്‍ ആഹാരം കഴിച്ചു തുടങ്ങി. പാട്ട് കേട്ടു തുടങ്ങി. ലീവില്‍ പോയ ഡോക്ടര്‍ മടങ്ങിയെത്തിയാലുടന്‍ ഡിസ്ചാര്‍ജാകാമെന്ന പ്രതീക്ഷയില്‍ വീട് എന്ന ആനന്ദത്തെ സ്വപ്നം കണ്ട് അവര്‍ കഴിഞ്ഞു.
എനിക്ക് വീട്ടില്‍ പോകാന്‍ അനുമതി കിട്ടി. ഇനി പ്ലാസ്മഫെറസിസിന് വീട്ടില്‍ നിന്നു വന്നു പോകാം. വീട് എന്ന ആനന്ദത്തിലേക്ക് മടങ്ങും മുന്‍പ് യാത്ര ചോദിക്കാന്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ നിന്നു. 'ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും'-ഞാന്‍ പറഞ്ഞു.
'സന്തോഷമായി പോകൂ. ദൈവം അനുഗ്രഹിക്കട്ടേ'- അവര്‍ ആശംസിച്ചു.
വീട് എന്ന സന്തോഷം അവരോടൊപ്പം എത്ര കാലമുണ്ടാകുമെന്നെനിക്കറിയില്ല. അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഞാന്‍ കേള്‍ക്കുകയുമില്ല. പക്ഷെ അവരുടെ നിലവിളി അതെന്നോടൊപ്പം ഉണ്ടാകും. ഏറെ കാലം.
(അവസാന ഭാഗം നാളെ)
ഒന്നാം ഭാഗം: നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!
രണ്ടാം ഭാഗം: ചോരച്ചുവപ്പുള്ള ദിവസങ്ങള്‍!
മൂന്നാംഭാഗം: ആംബുലന്‍സിലെ മാലാഖമാര്‍
നാലാം ഭാഗം: അരികെ നില്‍ക്കുന്നത് മരണമാണോ?
അഞ്ചാം ഭാഗം: ഐസിയുവിലെത്തിയ ദൈവം!
ആറാം ഭാഗം: സമാധാനത്തോടെ ഞാനുറങ്ങി; വരാനിരിക്കുന്നത് എന്തെന്നറിയാതെ!
(കടപ്പാട്: സംഘടിത)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം