അഞ്ച് മിനിറ്റ് നേരത്തെ ആനന്ദത്തിനായി, എന്തിനാണ് എന്‍റെ ജീവിതം മുഴുവന്‍ നശിപ്പിച്ചത്?

By Web TeamFirst Published Oct 17, 2018, 3:25 PM IST
Highlights

എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ ഒരു ഡേ കെയറിലാക്കി. അവിടെ വേറൊരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. ഞങ്ങളെ നോക്കുന്നവര്‍ ഉച്ചക്ക് ശേഷം കുറച്ച് നേരം ഉറങ്ങാന്‍ പോയപ്പോള്‍ അവരുടെ മകന്‍ ഞങ്ങളെ ലൈംഗികമായി അക്രമിച്ചു. 
 

മുംബൈ: മീ റ്റൂവിന്‍റെ കാലമാണ്. ഒരു കാലത്ത് അനുഭവിച്ച വേദനയും, അമര്‍ഷവും, രോഷവും അവര്‍ തുറന്ന് പറയുന്നു. അവര്‍ക്ക് വേണ്ടി മാത്രമല്ല. അവരുടെ ചുറ്റുമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടിക്കൂടി. അത്തരമൊരു അനുഭവമാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജില്‍ ഒരു പെണ്‍കുട്ടി പങ്കുവെച്ചിരിക്കുന്നത്. അഞ്ചാം വയസില്‍ തനിക്ക് നേരെ നടന്ന അതിക്രമം ഇപ്പോഴും ഉള്ളില്‍ മുറിവായി ശേഷിക്കുകയാണെന്ന് അവള്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: എന്‍റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം... ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ളതായിരുന്നു. അപ്പോഴാണ് സ്കൂളില്‍ ലൈംഗികതയെ കുറിച്ച് പഠിപ്പിക്കുന്നത്. ഞാനെന്‍റെ പഴയ കാലത്തേക്ക് പോയി. ഞാന്‍ ഒരു കുഞ്ഞായിരിക്കുമ്പോള്‍ ലൈംഗികാതിക്രമം നടന്നതിനെ കുറിച്ച് അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. 

എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ ഒരു ഡേ കെയറിലാക്കി. അവിടെ വേറൊരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. ഞങ്ങളെ നോക്കുന്നവര്‍ ഉച്ചക്ക് ശേഷം കുറച്ച് നേരം ഉറങ്ങാന്‍ പോയപ്പോള്‍ അവരുടെ മകന്‍ ഞങ്ങളെ ലൈംഗികമായി അക്രമിച്ചു. 

ചൂഷണം ചെയ്യപ്പെട്ടത് തിരിച്ചറിഞ്ഞതോടെ എന്‍റെ സ്വഭാവത്തില്‍ വ്യത്യാസം വന്നുതുടങ്ങി. എന്‍റെ ഗ്രേഡ് കുറഞ്ഞു തുടങ്ങി. ഞാന്‍ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു. ആളുകളില്‍ നിന്ന് പിന്‍വലിയാന്‍ തുടങ്ങി. ഞാനെന്നെ തന്നെ ശപിച്ചു തുടങ്ങി. വര്‍ഷങ്ങളായി തുടരുന്ന അരക്ഷിതാവസ്ഥയൊക്കെ ദൈവമെന്നെ ശിക്ഷിച്ചതായിരിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എന്‍റെ അമ്മ എന്നിലെ മാറ്റം ശ്രദ്ധിച്ചു തുടങ്ങി. അവസാനം ഞാന്‍ പത്താം ക്ലാസിലെത്തിയപ്പോള്‍ ഞാനിത് അമ്മയോട് പറഞ്ഞു. അവര്‍ തകര്‍ന്നുപോയി. ഒരുപാട് കരഞ്ഞു. അമ്മ അമ്മയെത്തന്നെ കുറ്റപ്പെടുത്തി. അവരെന്നെ വേണ്ട തരത്തില്‍ സംരക്ഷിക്കാത്തതിന് മാപ്പ് പറഞ്ഞു. 

ഞാനമ്മയോട് പറഞ്ഞു അത് അവരുടെ കുറ്റമല്ലെന്നും നമുക്ക് മുന്നോട്ട് നീങ്ങിയേ തീരൂവെന്നും. ഞാന്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാനായി കൊല്‍ക്കത്തയിലേക്ക് പോയി. അപ്പോള്‍ വീണ്ടും എനിക്ക് ഈ കാര്യങ്ങളെല്ലാം ഓര്‍മ്മ വന്നു. ഞാനും സുഹൃത്തുക്കളും നടന്നു പോകുമ്പോള്‍ ഒരു പുരുഷന്‍ കൂടെയുള്ള സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടു. ഞാന്‍ പേടിച്ചുപോയി. ഒരു ട്രാഫിക് പൊലീസുകാരന്‍റെ സഹായത്തോടെ നമ്മളവരെ രക്ഷിക്കാന്‍ ശ്രമിച്ചു. അയാളെത്തി അവരോട് സംസാരിച്ചപ്പോള്‍ അവര്‍ കരയാന്‍ തുടങ്ങി. ഒരു സ്ത്രീയുടെ പരാതിയില്‍ ആരും ഒരു നടപടിയുമെടുക്കില്ലെന്നും അവര്‍ പറഞ്ഞു. 

അതൊരു യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് മനസിലായി. സ്ത്രീകള്‍ വിചാരിക്കുന്നത് സ്ത്രീകളായതുകൊണ്ട് നമ്മള്‍ ബഹുമാനമില്ലായ്മക്ക് അര്‍ഹരാണ് എന്നാണ്. ഞാനും എല്ലാം മറക്കാനും മുന്നോട്ട് പോവാനും തീരുമാനിച്ചു. എല്ലാം മാറിയത് പെട്ടെന്നാണ്. ഞാന്‍ കോളേജില്‍ വെച്ച് ഒരു സുഹൃത്തിനെ പരിചയപ്പെട്ടു. അവനോട് എല്ലാം തുറന്ന് പറഞ്ഞു. അവനാണ് പറഞ്ഞത്, എന്‍റെ കഥ കൂടുതല്‍ പേര്‍ അറിയണമെന്നും എന്‍റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അവനെന്നോട് പറഞ്ഞു. പണ്ട് കഴിഞ്ഞത് ഉള്‍ക്കൊള്ളുക. പക്ഷെ, അതിന്‍റെ പേരില്‍ സ്വയം അപമാനം സഹിക്കേണ്ടതില്ല. 

'മീ റ്റൂ' മൂവ്മെന്‍റിന്‍റെ ഭാഗമായി ഞാനെന്‍റെ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കുറേപ്പേര്‍ സമാന അനുഭവം പങ്കുവെച്ചു. അപ്പോഴാണ് മിക്കവരും ഇത് അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായത്. 

പലരും തങ്ങളെ ചൂഷണം ചെയ്തവരെ പിന്നീട് കാണാന്‍ ആഗ്രഹിക്കാറില്ല. പക്ഷെ, എനിക്കയാളെ കാണണം. എന്നിട്ട്, എനിക്കയാളോട് പറയണം അയാളെന്നോട് ചെയ്തത് എങ്ങനെയാണ് എന്‍റെ ജീവിതത്തെ ബാധിച്ചതെന്ന്.  ആ കഴിഞ്ഞിട്ട് 15 വര്‍ഷമായി. ഇപ്പോഴും ഞാനാ മുറിവുണക്കാന്‍ കഷ്ടപ്പെടുകയാണ്. ഒരാളുടെ അഞ്ച് മിനിറ്റിന്‍റെ ആ സുഖം ഒരു ജീവിതകാലത്തെ വേദനയാവുകയാണ്. #metoo

click me!