
ബോധവല്‍ക്കരണം കാര്യമായി നടക്കുമ്പോള്‍ തന്നെ പലപ്പോഴും ഇരകള്‍ക്ക് നീതി കിട്ടുന്നത് വൈകുകയാണ്. നരണ്‍സിയ കേസില്‍ത്തന്നെ, ആദ്യം അവളെ പരിശോധിച്ച രണ്ട് ഡോക്ടര്‍മാര്‍ അവധിയെടുക്കുകയും പിന്നീട് അവരെ മാറ്റി പകരം രണ്ട് ഡോക്ടര്‍മാര്‍ വരികയും ചെയ്യുകയായിരുന്നു. ആഗസ്റ്റില്‍ കേസ് വീണ്ടും പരിശോധിച്ചു. അവളുടെ കുടുംബം ഗന്തുല്‍ഗയുടെ ശുക്ലം പുരണ്ട അടിവസ്ത്രങ്ങളടക്കം കോടതിക്കു മുമ്പാകെ ഹാജരാക്കി. എന്നാല്‍, പ്രതിഭാഗം അയാള്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മംഗോളിയയിലെ സരണ്‍സായ ചമ്പു എന്ന പെണ്‍കുട്ടിക്ക് ഒരു ഫോണ്‍കോള്‍ വന്നു. വിളിച്ചത് കൂട്ടുകാരിക്കൊപ്പം താമസിക്കുന്ന അനിയത്തി നരണ്‍സായയാണ്. കരഞ്ഞുകൊണ്ടാണ് നരണ്‍സായ ചേച്ചിയെ വിളിച്ചത്. ഒരാള്‍ തന്നെ ബലാല്‍സംഗം ചെയ്തു. അതായിരുന്നു അവള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ കൂടെ ഒരു ആണ്‍സുഹൃത്ത് അവര്‍ താമസിക്കുന്ന വീട്ടില്‍ വന്നു. കൂട്ടുകാരി ജോലിക്ക് പോയപ്പോള്‍ സുഹൃത്ത് അവിടെത്തന്നെ തുടര്‍ന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നരണ്‍സായ ചേച്ചിയെ വിളിച്ചത്. 'അയാള്‍ ആരാണ്? അയാളെന്നെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞു'-ഇതാണ് അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞത്.
നരണ്‍സായയെ ബലാല്‍സംഗം ചെയ്തത് ഭരണപക്ഷ എം.പി ഗന്തുല്‍ഗ ദോര്‍ദുഗര്‍ ആയിരുന്നു. അയാള്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നു. നരണ്‍സായയുടെ പരാതിയില്‍ കേസെടുത്തപ്പോള്‍ പക്ഷെ, 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു' അതെന്നാണ് അയാള്‍ വാദിച്ചത്. ഉള്‍പ്പെട്ടത് ശക്തനായൊരു രാഷ്ട്രീയ നേതാവ് ആയതിനാല്‍ത്തന്നെ, സംഭവം വലിയ ചര്‍ച്ചയായി. മംഗോളിയയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള തുടര്‍ചര്‍ച്ചകള്‍ക്കും ഇത് കാരണമായി. 32 വയസുകാരി സരണ്‍സായ സംഭവത്തില്‍ ശക്തമായ നിലപാടുകളെടുത്തു. മംഗോളിയയിലെ 'മീ ടൂ കാമ്പയിനി'ന്റെ തുടക്കം ഒരുപക്ഷെ ഇതായിരുന്നു. ദുര്‍ബലമായ നിയമങ്ങളും, ഇരയെ പഴിചാരുന്ന ശീലവുമായിരുന്നു മംഗോളിയയിലും. അതുകൊണ്ടുതന്നെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സമത്വത്തിനുമായി അവര്‍ക്കൊരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.
'പലരും ചോദിക്കുന്നത് എന്തിനാണ് ഇതിന്റെ പിറകെ നടക്കുന്നത്, എന്തിനു വേണ്ടിയാണ് പോരാടുന്നത് എന്നാണ്. എന്നാല്‍, മറ്റുള്ള സ്ത്രീകള്‍ക്കു കൂടി വഴി തെളിക്കുകയാണ് നമ്മള്‍. ഈ കേസില്‍ ജയിച്ചാല്‍, ഇരയ്ക്ക് നീതി കിട്ടിയാല്‍, നീതിന്യായ വ്യവസ്ഥ ശരിയാണെന്ന് തെളിയും. അത് മറ്റ് ഇരകള്‍ക്കും ആശ്വാസവും സഹായവുമാവും'-ഇതാണ് സരണ്‍സായയുടെ മറുപടി.
'പലരും ചോദിക്കുന്നത് എന്തിനാണ് ഇതിന്റെ പിറകെ നടക്കുന്നത് എന്നാണ്.'
പങ്കാളിയില്‍ നിന്നുള്ള പീഡനം
മംഗോളിയയില്‍, നാഷണല്‍ സ്്റ്റാറ്റിക്‌സ് ഓഫീസും യു.എന്‍.പോപുലേഷന്‍ ഫണ്ടും നടത്തിയ ആദ്യ ദേശീയ തല സര്‍വേ വെളിപ്പെടുത്തുന്നത് 31 ശതമാനം സ്ത്രീകള്‍ അവരുടെ പങ്കാളിയില്‍ നിന്നുതന്നെ ശാരീരികമായ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ്. ഓരോ ഏഴ് പേരെയെടുത്താല്‍ അതില്‍ ഒരു സ്ത്രീ (14 ശതമാനം) അന്യപുരുഷന്മാരില്‍ നിന്നും ലൈംഗികപീഡനങ്ങള്‍ക്കിരയാകുന്നു.
യു.എന്‍.പി.എഫ്.എ കണക്കുപ്രകാരം ഏഷ്യയിലെ മറ്റെവിടെ നടക്കുന്നതിലും കൂടുതലാണ് മംഗോളിയയില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ അവിടെ സ്ത്രീകളുടെ പോരാട്ടവും ശക്തി പ്രാപിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലോക വനിതാദിനത്തില്‍ നൂറുകണക്കിനാളുകള്‍ ചുവന്ന തൊപ്പിയണിഞ്ഞ് തലസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു. മേയ് മാസത്തില്‍, മാഗോളിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഈവ് എന്‍സ്ലറുടെ 'വജൈന മോണലോഗ്' നാടകത്തിന്റ അവതരണവും നടന്നു. (കേരളത്തില്‍ 'വജൈന മോണലോഗ്' എന്ന നാടകം അവതരിപ്പിക്കാനേ സമ്മതിച്ചില്ല എന്നത് ശ്രദ്ധേയം)
2016 -ല്‍ സാമൂഹ്യപ്രവര്‍ത്തകരുടേയും വനിതാ നിയമനിര്‍മ്മാണാംഗങ്ങളുടേയും നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗാര്‍ഹികപീഡനം ക്രിമിനല്‍ നിയമത്തിന്റെ പരിധിയിലായി. മംഗോളിയയില്‍ ആദ്യമായാണ് ഗാര്‍ഹികപീഡനം ക്രിമിനല്‍ കുറ്റമാക്കി ഉത്തരവിറങ്ങുന്നത്. നിലവില്‍, തൊഴിലിടങ്ങളിലെ ലൈംഗിക കയ്യേറ്റങ്ങള്‍ തൊഴില്‍നിയമത്തിനുള്ളില്‍ വരുത്തണമെന്ന് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. ബലാത്സംഗത്തിന് താഴെയുള്ള ശാരീരിക പീഡനങ്ങള്‍ മംഗോളിയയില്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷനാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ നമ്മുടെ മനുഷ്യാവകാശ കമ്മീഷനെപ്പോലെത്തന്നെ ഇവര്‍ക്കും കുറ്റക്കാര്‍ക്കെതിരെ ശിക്ഷ വിധിക്കാനോ, കൂടുതല്‍ നടപടിക്കോ കഴിയില്ല. നടപടിക്ക് ശുപാര്‍ശ ചെയ്യാനേ കഴിയൂ.
കേരളത്തില്‍ 'വജൈന മോണലോഗ്' എന്ന നാടകം അവതരിപ്പിക്കാനേ സമ്മതിച്ചില്ല
നീതി വൈകുമ്പോള്‍
ബോധവല്‍ക്കരണം കാര്യമായി നടക്കുമ്പോള്‍ തന്നെ പലപ്പോഴും ഇരകള്‍ക്ക് നീതി കിട്ടുന്നത് വൈകുകയാണ്. നരണ്‍സിയ കേസില്‍ത്തന്നെ, ആദ്യം അവളെ പരിശോധിച്ച രണ്ട് ഡോക്ടര്‍മാര്‍ അവധിയെടുക്കുകയും പിന്നീട് അവരെ മാറ്റി പകരം രണ്ട് ഡോക്ടര്‍മാര്‍ വരികയും ചെയ്യുകയായിരുന്നു. ആഗസ്റ്റില്‍ കേസ് വീണ്ടും പരിശോധിച്ചു. അവളുടെ കുടുംബം ഗന്തുല്‍ഗയുടെ ശുക്ലം പുരണ്ട അടിവസ്ത്രങ്ങളടക്കം കോടതിക്കു മുമ്പാകെ ഹാജരാക്കി. എന്നാല്‍, പ്രതിഭാഗം അയാള്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
പത്ത് ശതമാനം സ്ത്രീകള്‍ ഗുരുതരമായ (മുറിവുകള്‍, പരിക്കുകള്‍ എന്നിവയേല്‍ക്കുന്ന തരത്തിലുള്ള) ശാരീരിക കയ്യേറ്റങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ദേശീയ സര്‍വേ ഫലം പറയുന്നു. അതില്‍ത്തന്നെ പങ്കാളിയെക്കൂടാതെ അന്യരില്‍ നിന്നുള്ള ബലാത്സംഗങ്ങളുമുണ്ട്. പലരും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ജെന്‍ഡര്‍ ഇക്വാലിറ്റി സെന്റര്‍ നടത്തിയ സര്‍വേയില്‍ 300പേര്‍ കോടതിയില്‍ പോയിട്ടുണ്ട്. പക്ഷെ, അതില്‍ 9.5 ശതമാനത്തിന് മാത്രമാണ് നഷ്ടപരിഹാരം കിട്ടിയത്. പല കേസുകളിലും വാദി പ്രതിയാവുകയും, പല കേസും സ്‌റ്റേഷനില്‍ നിന്നുതന്നെ പിന്‍വലിപ്പിക്കുകയുമാണുണ്ടാവുന്നത്.
മീ ടൂ കാമ്പയിന്‍
കഴിഞ്ഞ വര്‍ഷം, ബോളാര്‍ സാങ്ക്ഹു എന്ന 33-കാരിയാണ് മംഗോളിയയില്‍ 'മീ ടൂ കാമ്പയിന്‍ അക്കൗണ്ട്' തുടങ്ങിയത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഒരാള്‍ ബോളാര്‍ സാങ്ക്ഹുവിനെ അവരുടെ നാല് നില അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ വെച്ച് കടന്നുപിടിക്കുകയും, ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ലിഫ്റ്റിന്റെ വാതില്‍ തുറക്കുന്നതുവരെ ബോളാര്‍ ഭയക്കുകയും രക്ഷപ്പെടാന്‍ വെപ്രാളപ്പെടുകയും ചെയ്തു. വാതില്‍ തുറന്നയുടനെ തന്നെ അവര്‍ ഏറ്റവും താഴത്തെ നിലയിലേക്ക് സ്റ്റെപ്പ് വഴി ഓടിരക്ഷപ്പെട്ടു. പിന്നീട്, അച്ഛന്റെ കൂടെ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവള്‍ ധരിച്ച ടാങ്ക് ടോപ്പിന്റെ (നേരിയ സ്ട്രാപ്പോടുകൂടിയ ബനിയന്‍ പോലെയുള്ള വസ്ത്രം. വിദേശത്ത് വേനല്‍ക്കാലങ്ങളില്‍ സാധാരണയായി ധരിക്കുന്നതാണ്) പേരില്‍ പോലീസുകാര്‍ അവളെ അധിക്ഷേപിക്കുകയാണുണ്ടായത്. അത് വേനല്‍ക്കാലമായിരുന്നു എന്നിട്ടുപോലും ആ വസ്ത്രത്തിന്റെ പേരില്‍ പെട്ടെന്ന് തന്നെ പരാതിക്കാരിയായ ഞാന്‍ കുറ്റക്കാരിയായി എന്നും അവള്‍ ബ്ലോഗിലെഴുതിയിരുന്നു.
ബോളോര്‍ പിന്നീട് തന്നെ അക്രമിച്ചയാളെ തിരിച്ചറിഞ്ഞു. പക്ഷെ, ആ സംഭവത്തിനു ശേഷം ഭയം അവരെ വിട്ടുപോയില്ല. 'ലിഫ്റ്റിലോ പരിസരത്തോ ആണുങ്ങളാരുമില്ലെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് താന്‍ ലിഫ്റ്റില്‍ കയറാറ്. പത്തുവയസുള്ള മകളെ തനിച്ച് എവിടെയും വിടാറില്ല'- ബോളോറ പറയുന്നു. ഉലാന്‍ബാത്തറില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു സ്ത്രീ, തന്നെ മദ്യം നല്‍കി ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചുവെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി പിന്‍വലിക്കണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. അവര്‍ക്കവസാനം അത് ചെയ്യേണ്ടി വന്നു.
'എനിക്ക് സംഭവിച്ചതിനെ കുറിച്ച് കുറ്റബോധമില്ല. കാരണം, ഞാനെന്റെ മാനസികനില മെച്ചപ്പെടുത്തി. സ്ത്രീകള്‍ക്കാണ് കുറ്റബോധം വരാറ്. അവര്‍ മദ്യപിച്ചു, പാര്‍ട്ടിക്ക് പോയി, ഇതിനു പകരം വേറെന്തെങ്കിലും ധരിച്ചിരുന്നുവെങ്കില്‍ പീഡിപ്പിക്കപ്പെടുമായിരുന്നില്ല എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്.'- പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത സ്ത്രീ 'ഗാര്‍ഡിയനോ'ട് പറഞ്ഞു.
നരണ്‍സായയെ പീഡിപ്പിച്ചയാള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തതോടെ നിരവധി സ്ത്രീകള്‍ സരണ്‍സായയെ വിളിക്കാറുണ്ട്. അവര്‍ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് പറയാന്‍. പക്ഷെ, മീ ടൂ പോലെയുള്ള കാമ്പയിനില്‍ ആരും പങ്കെടുക്കുന്നില്ല. അവര്‍ക്കൊപ്പം പരസ്യമായി നില്‍ക്കാനും തയ്യാറാവുന്നില്ല. കാരണം, സരണ്‍സായയെയും അനിയത്തിയേയും പലരും വേശ്യകളെന്നും കള്ളികളെന്നുമാണ് വിളിക്കുന്നത്. ചിലര്‍ പറയുന്നതാകട്ടെ, സഹോദരിയെ എം.പിയുടെ കയ്യില്‍ നിന്നും പണം പിടിച്ചെടുക്കാനായി സരണ്‍സായ തന്നെ വിട്ടതാണെന്നാണ്. പക്ഷെ, നീതിക്കായുള്ള പോരാട്ടത്തില്‍ അതൊന്നും തന്നെ സരണ്‍സായയെ തളര്‍ത്തിയില്ല.
'സ്ത്രീകളുടെ നിശ്ശബതയും ഒരു പരിധിവരെ പീഡനം കൂടുന്നതിന് കാരണമാണ്.'
ഗുരുതരമായ കയ്യേറ്റങ്ങള്‍
ഗവേഷകരും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരും പറയുന്നത് ഇങ്ങനെയാണ്: 'പീഡനനിരക്ക് കൂടുന്നത് മാത്രമല്ല തങ്ങളെ ഭയപ്പെടുത്തുന്നത്. തങ്ങള്‍ നടത്തിയ സര്‍വേ പ്രകാരം 72 ശതമാനം സ്ത്രീകള്‍ക്ക് തങ്ങളുടെ പങ്കാളികളില്‍ നിന്ന് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വരുന്നുണ്ട്. ഞരമ്പ് മുറിയുക, തല പൊട്ടുക, ഗര്‍ഭഛിദ്രം ഇവയെല്ലാം സംഭവിക്കാറുണ്ട്.
അക്രമത്തിനിരയാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'വണ്‍ സ്റ്റോപ് സര്‍വീസ് സെന്ററി'ല്‍ പലരും അഭയം തിരഞ്ഞെത്താറുണ്ട്. അക്രമമേല്‍ക്കുന്നവര്‍ക്ക് ആരോഗ്യ പരിചരണവും, തെറാപ്പിയും, നിയമോപദേശവും അവര്‍ നല്‍കാറുണ്ട്. വണ്‍ സ്‌റ്റോപ് സെന്ററിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. 2008 -ല്‍ സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ 300 സ്ത്രീകളാണ് ഒരു വര്‍ഷം അഭയം തേടിയെത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 960 പേര്‍ വന്നു. അവധി ദിവസങ്ങളിലും ആഘോഷദിവസങ്ങളിലുമാണ് കൂടുതല്‍ സ്ത്രീകള്‍ പരിക്കുമായെത്തുന്നത്. മാര്‍ച്ച് 18 സേനാദിനത്തില്‍ (soldier day) 15 പേരാണ് പരിക്കോടുകൂടി സെന്ററിലെത്തിയത്.
സ്ത്രീകള്‍ കൂടുതലായും ഇപ്പോള്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസ് നല്‍കാനും പീഡനം തുറന്നുപറയാനും ധൈര്യം കാണിക്കുന്നുണ്ടെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. നേരത്തെ പലരും ഭര്‍ത്താവിനെ ഭയന്ന് കേസ് പിന്‍വലിക്കാറായിരുന്നു പതിവ്. ഇവിടെ വരുന്ന പല സ്ത്രീകളും കുടുംബം തകരാന്‍ ആഗ്രഹിക്കുന്നില്ല. പലരും ഭര്‍ത്താക്കന്മാരെ ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്നും അവര്‍ പറയുന്നു. അതും കോടതി വരെ പോകുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നുണ്ട്.
ചിലര്‍ മംഗോളിയയിലെ സംസ്‌കാരത്തെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നു, മറ്റുചിലര്‍ 'വിപരീത ലിംഗവിവേചനത്തെ' ചൂണ്ടിക്കാണിക്കുന്നു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങളായി മംഗോളിയന്‍ കുടുംബങ്ങള്‍ അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കുന്നതിനാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. ആണ്‍മക്കളെ വീട്ടിലിരുത്തുകയും ചെയ്തു.
അതിനാല്‍ത്തന്നെ വിദ്യാഭ്യാസ കാര്യത്തില്‍ മംഗോളിയന്‍ യുവതികള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണിപ്പോള്‍. ആരോഗ്യകാര്യത്തിലും, ജോലിക്കാര്യത്തിലും അങ്ങനെത്തന്നെ. പുരുഷന്മാര്‍ തൊഴിലില്ലാത്തവരും മദ്യപിക്കുന്നവരുമായി. അവരുടെ ഏകദേശ ജീവിത കാലയളവ് സ്ത്രീകളേക്കാള്‍ പത്തുവര്‍ഷം കുറവുമായി.
സ്ത്രീകള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതും ജോലിക്ക് പോവുന്നതുമാണ് പീഡനങ്ങള്‍ക്ക് കാരണമാകുന്നതെന്ന പിന്തിരിപ്പന്‍ വാദം മംഗോളിയയിലും ഉയരുന്നുണ്ട്. 'പുരുഷന്മാരോടുള്ള ബഹുമാനം കുറയുന്നത് അവരില്‍ സ്ത്രീകളോട് ദേഷ്യമുണ്ടാക്കുന്നുണ്ട്. അതാണ് അക്രമത്തിലേക്ക് നീങ്ങുന്നത്.' ഗോബിസുമ്പര്‍ പ്രവിശ്യയിലെ മെന്‍സ് അസോസിയേഷന്‍ പ്രതിനിധി ബോള്‍ഡ്ബാത്തര്‍ ടുമുര്‍ പറയുന്നത് അങ്ങനെയാണ്.
'സ്ത്രീകളുടെ നിശ്ശബതയും ഒരു പരിധിവരെ പീഡനം കൂടുന്നതിന് കാരണമാണ്. പലരും 'മീ ടൂ' എന്ന് തുറന്നു പറയാന്‍ മടിക്കുകയാണ്. വളരെ കുറച്ചുപേരെ തുറന്ന് സംസാരിക്കൂ.' ഗാര്‍ഹികപീഡനം ക്രിമിനല്‍ നിയമപരിധിയിലെത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എം.പി ഒയുങ്കറല്‍ സെഡവാംബെ പറയുന്നു.
'വുമണ്‍ ഫോര്‍ ചെയ്ഞ്ച്' പ്രവര്‍ത്തക ഗെര്‍ലീ ഒഡോചിംഡ് പറയുന്നത് ഇങ്ങനെ:'ചിലപ്പോള്‍, കൂടുതല്‍ ക്ഷമ കാണിക്കേണ്ടി വരും. മെല്ലെയേ സ്ത്രീകളുടെ അവകാശങ്ങള്‍ മുഴുവനും നേടിയെടുക്കാന്‍ സാധിക്കൂ. പക്ഷെ, അവര്‍ക്ക് നീതി ലഭിക്കാതിരിക്കില്ല. കാത്തിരിക്കണം. മനുഷ്യരുടെ മനസിലാണ് മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് മതിലുകളിലല്ല' എന്നാണ്'
സരണ്‍സായയുടെയും, നരണ്‍സായയുടെയും ജീവിതവും പഴയതുപോലെ ആയിത്തുടങ്ങി. 26 വയസുകാരി നരണ്‍സായ ഇപ്പോള്‍ അധ്യാപകപരിശീലനം നേടുന്നു. 'അവള്‍ ഓക്കെയായിത്തുടങ്ങി' എന്ന് സഹോദരി സരണ്‍സായ.
ഗന്തുല്‍ഗ എം.പി സ്ഥാനം രാജിവെച്ചു. 'കേസ് വീണ്ടും ശ്രദ്ധ നേടുമ്പോള്‍, അതൊക്കെ ചര്‍ച്ചയാകുമ്പോള്‍ സഹോദരി വീണ്ടും വിഷാദത്തിലേക്ക് നീങ്ങുന്നുണ്ട്. അതുകാണുമ്പോള്‍ നമുക്ക് വേണമെങ്കില്‍ കേസ് അവസാനിപ്പിക്കാം എന്നു ഞാന്‍ പറയും. പക്ഷെ അവള്‍ പറയുന്നത് എത്ര കഷ്ടപ്പാട് സഹിച്ചാലും നീതിവേണം. അതിനായി നമ്മള്‍ ഒരുമിച്ച് പോരാടും എന്നാണ്.' സരണ്‍സായയുടെ പോരാട്ടം സഹോദരിക്കുവേണ്ടി മാത്രമല്ല മംഗോളിയയിലെ എല്ലാ സ്ത്രീകള്‍ക്കും കൂടിവേണ്ടിയാണ്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.