എം ഐ ഷാനവാസ്- പരാജയവഴികളിലൂടെ വിജയത്തിലേക്ക് നടന്ന തിരുത്തല്‍വാദി

By Shajahan KaliyathFirst Published Nov 21, 2018, 8:38 AM IST
Highlights

പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് തിരിച്ചുവരാന്‍ അസാമാന്യ മനക്കരുത്തുണ്ടായിരുന്ന രാഷ്ട്രീയക്കാരന്‍. 6 വര്‍ഷം മുന്പ് ഗുരുതരമായ ഉദരരോഗം പിടി പെട്ടപ്പോള്‍ പൊതു രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന് പലരും പ്രചരിപ്പിച്ചപ്പോഴും അടുത്ത തെരഞ്ഞെടുപ്പില്‍ ചിരിക്കുന്ന മുഖവുമായി ഷാനവാസെത്തിയിരുന്നു

പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് തിരിച്ചുവരാന്‍ അസാമാന്യ മനക്കരുത്തുണ്ടായിരുന്ന രാഷ്ട്രീയക്കാരന്‍. 6 വര്‍ഷം മുന്പ് ഗുരുതരമായ ഉദരരോഗം പിടി പെട്ടപ്പോള്‍ പൊതു രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന് പലരും പ്രചരിപ്പിച്ചപ്പോഴും അടുത്ത തെരഞ്ഞെടുപ്പില്‍ ചിരിക്കുന്ന മുഖവുമായി ഷാനവാസെത്തിയിരുന്നു - അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസിന്‍റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഷാജഹാന്‍ കാളിയത്ത് എഴുതുന്നു

മൂന്ന് പതിറ്റാണ്ടോളം കെപിസിസി ഭാരവാഹിയായിരുന്ന അപൂര്‍വ്വം നേതാക്കളിലൊരാളാണ് എം ഐ ഷാനവാസ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ തിരുത്തല്‍വാദത്തെ നയിച്ച ത്രിമൂര്‍ത്തികളിലൊരാളെന്ന പേരിലായിരിക്കും അദ്ദേഹത്തെ രാഷ്ട്രീയ ചരിത്രത്തില്‍  രേഖപ്പെടുത്തുക. കെ കരുണാകരന്‍ കോണ്‍ഗ്രസും നാടും ഭരിച്ചിരുന്ന കാലത്ത് ക്ലിഫ് ഹൗസിനെ നിയന്ത്രിച്ച ചെറുപ്പക്കാരനെയാണ് എം ഐ ഷാനവാസ് എന്ന് കേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസുകാരാദ്യം ഓര്‍ക്കുക. 

ഫറോക്ക് കോളജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി  യൂണിയനുകളുടെ ഭാരവാഹിയായി രാഷ്ട്രീയരംഗത്ത് ചുവട് വെച്ച ഷാനവാസ് ലീഡറുടെ കൈ പിടിച്ച് 1983ല്‍ കെപിസിസി സെക്രട്ടറിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ വരവറിയിച്ചു. ആന്റണിക്കൊപ്പം നിലയുറപ്പിച്ച യുവതുര്‍ക്കികളില്‍ പലരെയും  കരുണാകരന്റെ പാളയത്തില്‍ എത്തിച്ചതിന്റെ പ്രത്യുപകാരം കൂടിയായിരുന്നു ആ സ്ഥാനം. ലീഡറുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ പക്ഷെ കെ മുരളീധരന്റെ രാഷ്ട്രീയ ഉദയത്തോടെ അദ്ദേഹവുമായി അകന്നു. മുരളീധരന്റെ വരവോടെ  ലീഡറ്‍ വല്‍സലശിഷ്യരെ കൈയൊഴിഞ്ഞെന്ന് എ ഗ്രൂപ്പുകാര്‍ അടക്കം പറഞ്ഞു.

 പിന്നീട് ഷാനവാസിനെ കണ്ടത് തിരുത്തല്‍വാദികളുടെ നേതാവായാണ്. രമേശിനും കാര്‍ത്തികേയനുമൊപ്പം ഐ ഗ്രൂപ്പിലെ കൊട്ടാരവിപ്ലവം  കരുണാകരനെന്ന ചോദ്യം ചെയ്യപ്പെടാത്ത നേതാവിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു. കെ മുരളീധരനെ അപ്പോഴേക്കും ലീഡര്‍ പിന്‍ഗാമിയായി വാഴിച്ചിരുന്നു. എ ഗ്രൂപ്പ് കുടുംബകാര്യവുമായിരുന്നു. മുന്നാം ഗ്രൂപ്പെന്ന ചേരിയില്‍ ഷാനവാസായിരുന്നു നാവായി തിളങ്ങിയത്

ചെന്നിത്തലയും കൂട്ടരും മടങ്ങിയെങ്കിലും ഷാനവാസ് ആന്റണിയുടെ അടുപ്പക്കാരനായി എ ഗ്രൂപ്പിലേക്ക് ചേക്കേറി. പിന്നീട് പത്ത് വര്‍ഷക്കാലം എ ഗ്രൂപ്പില്‍ കരുണാകരനും മുരളീധരനും കൊണ്ടും കൊടുത്തും ഷാനവാസ് കഴിഞ്ഞു. ജനസമ്മിതിയേക്കാളേറെ തന്ത്രങ്ങള്‍ മെനയുന്നതിലായിരുന്നു ഷാനവാസിന്റെ മിടുക്ക്. എ ഗ്രുപ്പ് ഒ സി ഗ്രുപ്പായതോടെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി രമേശ് ചെന്നിത്തലയോടൊപ്പം നിലയുറപ്പിച്ചു.. പാര്‍ലിമെന്ററി ജീവിതം അന്യമായിരുന്ന ഷാനവാസിന് ആകാശമിടിഞ്ഞു വീണാലും കൂറ് മാറാത്ത വയനാട് നല്‍കി രമേശ്.എ കെ ആന്‍റണിയുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്.

പണ്ട് വയലാര്‍ രവിക്കായി ആന്‍റണിയെ തോല്പിക്കാന്‍ ഷാനവാസ് നടത്തിയ കളികള്‍ ഉദാരവാനായ ആന്‍റണി അപ്പോഴേക്കും മറന്നിരുന്നു. മതനേതാക്കളുമായി ബന്ധമില്ലാത്ത എം എം ഹസ്സനും ആര്യാടനും നേടാനാകാത്ത ന്യൂനപക്ഷ മുഖം ഷാനവാസ് നേടിയെടുത്തു. എ പി സുന്നി. ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതസംഘടനകളുമായുള്ള ബന്ധം  ഷാനവാസിനെക്കാലത്തും തുണയായി. ഇടത്തോട്ട് ചെരിഞ്ഞു നിന്ന എ പി സുന്നികളുടെ വോട്ടു ഷാനവാസിന്റെ പെട്ടിയില്‍ നിരന്തരം വീണത് ലീഗുകാരെ അമ്പരപ്പിച്ചിരുന്നു.യുഡിഎഫ് ഭരിക്കുമ്പോള്‍ ലീഗിന്റെ തടസ്സം മറികടന്ന് തിരിച്ച് സഹായിച്ച് പ്രത്യുപകാരം ചെയ്യുമായിരുന്നു ഷാനവാസ്. 

 ചിറയിന്‍ കീഴ് പാര്‍ലിമെന്റ് സിറ്റില്‍ നിന്നടക്കം 5 തവണ മല്‍സരിച്ച് തോറ്റ ഷാനവാസിനെ  തുണച്ചത് വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാലത്തെ  തട്ടകമായ മലബാര്‍. പട്ടാമ്പിയിലും വടക്കേക്കരയിലമൊക്കെ മാറിമാറി മല്‍സരിച്ചെങ്കിലും ഷാനവാസിന് പച്ച തൊടാനായിരുന്നില്ല. 2009ല്‍ വയനാട്ടില്‍ നിന്ന് ഷാനവാസ് ജയിച്ച് കയറിയത് ഒന്നരലക്ഷത്തിലേറെ വോട്ടിനാണ്. കെ മുരളീധരന്‍ എന്‍സിപിയില്‍ ചേര്‍ന്ന് ഒരുലക്ഷത്തോളം വോട്ട് പിടിച്ചിട്ടും ഷാനവാസിന്റെ റെക്കോഡ് ഭൂരിപക്ഷ വിജയം തടയാനായില്ല 2014ല്‍ പക്ഷേ ഭൂരിപക്ഷം 20870 ആയത് സ്വന്തം പാര്‍ട്ടിയിലെ എതിര്‍പ്പ് വര്‍ദ്ധിച്ചതോടെ. മുന്നാതരൊങ്കത്തിനു കൂടി തയ്യാറെടുക്കുകയായിരുന്നു ഷാനവാസ്. 

മൂന്നര പതിറ്റാണ്ടിനിടെ  വിഎം സുധിരന്റെ കെപിസിസി കമ്മറ്റിയില്‍ മാത്രമാണ് ഷാനവാസിന് ഭാരവാഹിത്തമില്ലാതെ പോയത്. കോണ്‍ഗ്രസിലെ  ഏത് മാറുന്ന സമവാക്യങ്ങളിലും നില തെറ്റാതെ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള നേതാവായിരുന്നു ഷാനവാസ്, പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് തിരിച്ചുവരാന്‍ അസാമാന്യ മനക്കരുത്തുണ്ടായിരുന്ന രാഷ്ട്രീയക്കാരന്‍. 6 വര്‍ഷം മുന്പ് ഗുരുതരമായ ഉദരരോഗം പിടി പെട്ടപ്പോള്‍ പൊതു രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന് പലരും പ്രചരിപ്പിച്ചപ്പോഴും അടുത്ത തെരഞ്ഞെടുപ്പില്‍ ചിരിക്കുന്ന മുഖവുമായി ഷാനവാസെത്തിയിരുന്നു. ഇത്തവണ പക്ഷേ ആ മനക്കരുത്തിന് ശരീരം വഴങ്ങിയില്ല. പാര്‍ട്ടിയില്‍ ഇനി പുതുതലമുറയുടെ കാലമെന്ന് പ്രചാരണം നടക്കുമ്പോഴാണ് ഷാനവാസ് കെ പിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായി പലരെയും ഞെട്ടിച്ചത്. നേതാവായിരിക്കാന്‍ അസാമാന്യമായ മിടുക്ക് വേണ്ട ഒരു പാര്‍ട്ടിയുടെ തലപ്പത്ത് മുന്നരപതിറ്റാണ്ടു കസേര വലിച്ചിട്ടിരുന്ന ഷാനവാസിനെ കേരളത്തിന് മറക്കാനാവില്ല.
 

click me!