കണ്ണില്‍ മുളകുപൊടിയെറിഞ്ഞു; പക്ഷെ, 18 കിലോമീറ്റര്‍ ട്രെയിനോടിച്ച് ലോക്കോ പൈലറ്റ്

By Web TeamFirst Published Feb 20, 2019, 1:01 PM IST
Highlights

യാത്രക്കാരെ താന്‍ കാരണം വൈകാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സില്‍. പുലവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പലയിടത്തും ട്രെയിനുകള്‍ തടയപ്പെടുന്നുണ്ടായിരുന്നു. 

48 വയസ്സുകാരന്‍ ലക്ഷ്മണ്‍ സിങ് ലോക്കോ പൈലറ്റാണ്. യാത്രക്കാരെ സമയത്തിന് എത്തിക്കുക എന്നുള്ളതിനാണ് മറ്റെന്തിനേക്കാളും ആള് പ്രാധാന്യം കൊടുക്കുന്നത്. ഫെബ്രുവരി 16 -നാണ്. കുറച്ച് പേര്‍ ചേര്‍ന്ന് അദ്ദേഹത്തിന്‍റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞത്. സി എസ് ടി തിത്ത്വാല ട്രെയിന്‍ 3.35 -നാണ് കല്‍വ സ്റ്റേഷനില്‍ നിന്നുമെടുത്തത്. കണ്ണില്‍ മുളകുപൊടി വീണതിന്‍റെ നീറ്റലുണ്ടായിരുന്നുവെങ്കിലും 18 കിലോമീറ്റര്‍ അദ്ദേഹം ട്രെയിന്‍ ഓടിച്ചു. 

എമര്‍ജന്‍സി ബ്രേക്കിനോ, ലീവിനോ ഒന്നും തന്നെ അദ്ദേഹം അപേക്ഷിച്ചുമില്ല. ട്രെയിന്‍ മുംബ്ര സ്റ്റേഷനിലെത്തിയിട്ടേ നിര്‍ത്താനാകുമായിരുന്നുള്ളൂ. മുംബ്രയിലെത്തിയപ്പോഴാകട്ടെ, പകരം ആളുകളൊന്നും തന്നെ കയറാനില്ലായിരുന്നുവെന്നു വിവരം കിട്ടി. അതുകൊണ്ട് അദ്ദേഹം തന്നെ പോക്കോ പൈലറ്റായി തുടര്‍ന്നു. പകരം ആരെങ്കിലും കയറണമെങ്കില്‍ വണ്ടി അര മണിക്കൂറോ അതിലധികമോ വൈകുമായിരുന്നു. 

യാത്രക്കാരെ താന്‍ കാരണം വൈകാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സില്‍. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പലയിടത്തും ട്രെയിനുകള്‍ തടയപ്പെടുന്നുണ്ടായിരുന്നു. 

കല്ല്യാണ്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് പകരം ഒരു ലോക്കോ പൈലറ്റെത്തുന്നതും ലക്ഷ്മണ്‍ സിങ്ങിനെ ആശുപത്രിയിലെത്തിക്കുന്നതും. 

'കല്ല്യാണ്‍ സ്റ്റേഷനിലെത്തുന്നത് 4.12 നാണ്. അവിടെ വെച്ച് റെയില്‍വേ ഹോസ്പിറ്റലില്‍ എത്തിച്ചു. മുളകുപൊടി വീണ് കണ്ണുകളില്‍ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കല്‍വയ്ക്കും മുംബ്രയ്ക്കും ഇടയില്‍ വെച്ചാണ് ലോക്കോ പൈലറ്റിന്‍റെ കാബിനിലേക്ക് മുളകു പൊടി എറിഞ്ഞത്. കുറച്ച് നേരത്തേക്ക് എനിക്ക് കണ്ണേ തുറക്കാനായിരുന്നില്ല. പക്ഷെ, പരിചയം എന്നെ തുണച്ചു. കാര്യങ്ങള്‍ നിയന്ത്രിക്കാനായി' എന്നും ലക്ഷ്മണ്‍ സിങ് പറയുന്നു. 

ജോലിയോടുള്ള ആത്മാര്‍ത്ഥത ബോധ്യപ്പെട്ടതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അദ്ദേഹത്തിന് 1000 രൂപയും അനുമോദന പത്രവും നല്‍കി. സമയത്തിന്, സുരക്ഷിതമായി, എത്തേണ്ടിടത്ത് എത്തിച്ചതിന് യാത്രക്കാരും അദ്ദേഹത്തിന് നന്ദി പറയുന്നു. 
 

click me!