'സ്നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്, എന്നെക്കാളേറെ സ്നേഹിച്ചത് രാജ്യത്തെയാണ്'; മേജർ ഠൗണ്ഡിയാലിന്റെ ഭാര്യ

By Web TeamFirst Published Feb 20, 2019, 11:13 AM IST
Highlights

'എന്നെ സ്നേഹിച്ചിരുന്നുവെന്ന് നിങ്ങളേന്നോട് കള്ളം പറഞ്ഞതാണ്, നിങ്ങളെന്നെക്കാളും സ്നേഹിച്ചത് രാജ്യത്തെയാണ്. അതിൽ ഞാൻ അസൂയപ്പെടുന്നു. എന്നാൽ അതിലെനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല', കണ്ണിൽനിന്ന് വീഴുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി നിതിക പറഞ്ഞു.

ഡെറാഡൂൺ: 'എന്നെ സ്നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്, എന്നെക്കാളേറെ സ്നേഹിച്ചത് രാജ്യത്തെയാണ്', വീരമൃത്യ വരിച്ച മേജർ വിഭൂതി ശങ്കർ ഠൗണ്ഡിയാലിന്റെ ഭാര്യ നിതിക കൗളിന്റെ വാക്കുകളാണിത്. അന്ത്യ ചുംബനം നൽകിയും സല്യൂട്ട് അടിച്ചും ഭർത്താവിനെ യാത്രയാക്കുന്നതിനിടെ ആ മുഖത്ത് നോക്കി അവസാനമായി നിതിക പറഞ്ഞ വാക്കുകൾ രാജ്യം നിറകണ്ണുകളോടെയാണ് കേട്ടത്. 
 
'എന്നെ സ്നേഹിച്ചിരുന്നുവെന്ന് നിങ്ങളേന്നോട് കള്ളം പറഞ്ഞതാണ്, നിങ്ങളെന്നേക്കാളും സ്നേഹിച്ചത് രാജ്യത്തെയാണ്. അതിൽ ഞാൻ അസൂയപ്പെടുന്നു. എന്നാൽ, അതിലെനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല', കണ്ണിൽനിന്ന് വീഴുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി നിതിക പറഞ്ഞു.

ഞങ്ങളെല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുണ്ട്. നിങ്ങൾ രാജ്യത്തിന് വേണ്ടി നിങ്ങളുടെ ജീവൻ ബലിയർപ്പിച്ചു. അത്രമാത്രം ധൈര്യശാലിയായ ഒരാളാണ് നിങ്ങൾ. നിങ്ങളെ എന്റെ ഭർത്താവായി കിട്ടിയതിൽ ഞാൻ ബഹുമാനിക്കുന്നു. എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ സ്നേഹിക്കും. നിങ്ങൾ വിട്ട് പോകുന്നത് വളരെ വേദനാജനകമാണ്. പക്ഷേ, എനിക്കറിയാം നിങ്ങൾ ഇവിടെ തന്നെ ഉണ്ടാകും. 

ആരും അനുതാപം കാണിക്കരുത്. പകരം നമ്മൾ വളരെ ശക്തരാവുകയാണ് വേണ്ടത്. എല്ലാവരും സല്യൂട്ട് ചെയ്യുക എന്ന് പറഞ്ഞ് ധീരനായ മേജർക്ക് മികച്ചൊരു സല്യൂട്ട് ചെയ്താണ് നിതിക ഭര്‍ത്താവിനെ യാത്രയാക്കിയത്. നികിതയുടെ വികാരനിർഭരമായ യാത്രയയപ്പ് കണ്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു. 

ഠൗണ്ഡിയാലിന്റെ ചിത്രങ്ങളും വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നെഴുതിയ പ്ലക്കാർഡുകൾ‌ പിടിച്ചും നൂറുകണക്കിന് ആളുകളാണ് മേജർക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. മേജറുടെ അമ്മ സരോജ്  ഠൗണ്ഡിയാൽ, സഹോദരിമാർ, മുഖ്യമന്ത്രി തിവേന്ദ്ര റാവത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെയാണ് ഠൗണ്ഡിയാലിന്റെ മ‍ൃതദേഹം ഡെറാഡൂണിലെ വസതിയിലെത്തിച്ചത്. പിന്നീട് പൊതുദർശനത്തിന് വച്ചതിനുശേഷം മൃതദേഹം അന്തിമ കർമ്മങ്ങൾക്കായി ഹരിദ്വാറിലേക്ക് കൊണ്ടുപോയി.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീർ താഴ്‌വരയിൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഠൗണ്ഡിയാൽ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ആക്രമണത്തിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡർ അടക്കം നാലു ഭീകരരാണ് കൊല്ലപ്പെട്ടത്. 17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. പോരാട്ടത്തിൽ മേജർ ഠൗണ്ഡിയാൽ അടക്കം നാല് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.    

Wife of Major VS Dhoundiyal (who lost his life in an encounter in Pulwama yesterday) by his mortal remains. pic.twitter.com/5HWD6RXwnO

— ANI (@ANI)
click me!