കേരളത്തിന്റെ അതിജീവനത്തിനൊപ്പം ചേരാൻ, മുംബൈ വനിതാ പൊലീസിന്റെ 'രാഖി വിത്ത് കാക്കി'

By Web TeamFirst Published Aug 28, 2018, 12:20 PM IST
Highlights

ഹെൽമറ്റ് ധരിക്കാതെയും ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും സഞ്ചരിച്ചു കൊണ്ടിരുന്ന എല്ലാ വാഹനങ്ങളെയും തടഞ്ഞു നിർത്തി ഡ്രൈവർമാരുടെ കൈയിൽ ഒരു രാഖി കെട്ടിക്കൊടുത്തു. പിന്നീട് പിഴ അടയ്ക്കാൻ നിർദ്ദേശിക്കുന്നതിന് പകരം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയാണ് ആവശ്യപ്പെട്ടത്. അത് എത്ര വലിയ തുകയായാലും ചെറുതായാലും കുഴപ്പമില്ലെന്നും അറിയിച്ചു. 

കേരളത്തിന്റെ ദുരിതത്തിൽ കൈത്താങ്ങാകാൻ വ്യത്യസ്തമായി രക്ഷാബന്ധൻ ആഘോഷിച്ച് മുംബൈയിലെ പൽഖാർ ജില്ലയിലെ വനിതാ ട്രാഫിക് പൊലീസുകാർ. രക്ഷാബന്ധൻ ദിന ആഘോഷങ്ങൾക്ക് അവർ ഒരു പേരും നൽകി. 'രാഖി വിത്ത് കാക്കി'. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ ഈ ഉദ്യമം. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുകയിൽ തമിഴ്നാട്ടിലെ കുഞ്ഞുങ്ങൾ തങ്ങളുടെ പണക്കുടുക്ക പൊട്ടിച്ച് നൽകിയ പണം വരെയുണ്ടായിരുന്നു. 

ഈ ട്രാഫിക് പൊലീസുകാരികൾ രക്ഷാബന്ധൻ ആഘോഷിച്ചത് ഇങ്ങനെയാണ്. മുംബൈ ന​ഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളിലായി ചെക്കിം​ഗ് ഏർപ്പെടുത്തി. ഹെൽമറ്റ് ധരിക്കാതെയും ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും സഞ്ചരിച്ചു കൊണ്ടിരുന്ന എല്ലാ വാഹനങ്ങളെയും തടഞ്ഞു നിർത്തി ഡ്രൈവർമാരുടെ കൈയിൽ ഒരു രാഖി കെട്ടിക്കൊടുത്തു. പിന്നീട് പിഴ അടയ്ക്കാൻ നിർദ്ദേശിക്കുന്നതിന് പകരം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയാണ് ആവശ്യപ്പെട്ടത്. അത് എത്ര വലിയ തുകയായാലും ചെറുതായാലും കുഴപ്പമില്ലെന്നും അറിയിച്ചു. യാത്രികർ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉദാരമായി തന്നെ സംഭാവന നൽകി. അങ്ങനെ ഒറ്റദിവസം കൊണ്ട് ഇവർ സമാഹരിച്ചത് എഴുപതിനായിരം രൂപയാണ്.

മുംബൈ ന​ഗരത്തിലെ ബഹോള, അമ്പാടി, പഞ്ചവടി, ടിപോയിന്റ്, എവർഷൈൻ സിറ്റി എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇത്രയും വലിയൊരു തുക സമാഹരിച്ചത്. ഓരോ സ്ഥലങ്ങളിലും രണ്ട് മണിക്കൂർ മാത്രമേ ചെലവഴിച്ചുള്ളൂ എന്ന് ഇവർ പറയുന്നു. ബൈക്കിലെത്തിയ മിക്കവർക്കും ഹെൽമറ്റ് ഉണ്ടായിരുന്നില്ല. അതുപോലെ മിക്ക വാഹനങ്ങളും അമിതവേ​ഗത്തിലുമായിരുന്നു. വനിതാ യാത്രികർക്ക് രാഖിയ്ക്ക് പകരം ചോക്കലേറ്റുകളും റോസാപ്പൂവുകളുമാണ് നൽകിയത്. അവർക്കിഷ്ടമുള്ളത് സംഭാവന ചെയ്യാൻ മാത്രമേ അവരോട് ആവശ്യപ്പെട്ടുള്ളൂ. 

''വാസെ നാക എന്ന സ്ഥലത്ത് വച്ചാണ് പൊലീസ് എന്നെ തടഞ്ഞുനിർത്തിയത്. ഞാൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. രാഖി കെട്ടിത്തന്നതിന് ശേഷം എന്നൊട് ഫൈനടയ്ക്കാൻ ആവശ്യപ്പെട്ടു. സാധാരണ രസീതിന് പകരം ഒരു ബോക്സാണ് എനിക്ക് നേരെ നീട്ടിയത്. ചോദിച്ചപ്പോൾ കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കാണെന്ന് പറഞ്ഞു. വളരെ അഭിനന്ദനമർഹിക്കുന്ന പ്രവർത്തിയാണ് അവരുടെ ഭാ​ഗത്തു നിന്നുണ്ടായിരിക്കുന്നത്.'' ബൈക്ക് യാത്രികനായ അസ്ലം ആഷിഖ് പറയുന്നു. 

ട്രാഫിക് നിയമങ്ങൾ തെറ്റിക്കാത്ത, ചെക്കിം​ഗിന്റെ ലക്ഷ്യം മനസ്സിലാക്കിയ മറ്റ് ചിലരും സംഭാവന നൽകാൻ തയ്യാറായി. ''ഞാൻ അതുവഴി കടന്നു പോകുമ്പോഴാണ് വനിതാ പൊലീസുകാർ യാത്രക്കാരെ പരിശോധിച്ച് രാഖി കെട്ടിക്കൊടുക്കുന്നത് കണ്ടത്. കൗതുകത്തിനായി ഞാനും കൈനീട്ടി. കേരളത്തിന് വേണ്ടി ഒരു തുക സംഭാവന നൽകുകയും ചെയ്തു. പേൽഖാർ പൊലീസിന്റെ ഭാ​ഗത്തു നിന്ന് ഉണ്ടായ വളരെ പ്രശംസനീയമായ നടപടിയാണിത്.'' പ്രദേശവാസിയായ നിതേഷ് ബലേറോ പറയുന്നു.

രാവിലെ പത്ത് മണി മുതൽ 1 മണി വരെയുള്ള സമയം കൊണ്ടാണ് രാഖി വിത്ത് കാക്കി എഴുപതിനായ‌ിരം രൂപ സമാഹരിച്ചത്. ഉടൻ തന്നെ ഈ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. മുംബൈ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് വിജയകാന്ത് സാ​ഗർ പറയുന്നു. കേരളത്തിന്റെ ദുരിതത്തിൽ പല സംസ്ഥാനങ്ങളും പല രീതിയിലാണ് സഹായമെത്തിക്കാൻ കൈ കോർത്തിരിക്കുന്നത്. 'രാഖി വിത്ത് കാക്കി' അതിനൊരു ഉദാഹരണം മാത്രം.

click me!