മുംബൈ ഭീകരാക്രമണം; 10 വര്‍ഷത്തിന് ശേഷവും സുരക്ഷിതമായ നഗരത്തിനായി ഇവര്‍ ഇപ്പോഴും പോരാടുകയാണ്

By Web TeamFirst Published Nov 26, 2018, 12:51 PM IST
Highlights

ആ രാത്രി വീട്ടിലേക്ക് വണ്ടിയോടിച്ച് മടങ്ങവെ, ദുസ്വപ്നത്തില്‍ പോലും അവര്‍ കരുതിയിരുന്നില്ല അതവരുടെ അവസാനത്തെ രാത്രിയായിരിക്കുന്നത്. ഒബറോയിയിലെ ടിഫിന്‍ റെസ്റ്റോറന്‍റിലുണ്ടായ ഭീകരാക്രമണത്തിന് ഇരയായിരുന്നു രേഷ്മയും സുനിലും. 
 

മുംബൈ: പത്തുവര്‍ഷം മുമ്പൊരു നവംബര്‍ 26-നാണ് മുംബൈ ഭീകരാക്രമണം നടന്നത്. 2008 നവംബര്‍ 26... മുംബൈ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം കണ്ട് വിറങ്ങലിച്ചു. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ഒരുപാട് കുട്ടികള്‍ പിന്നീട് തങ്ങളുടെ മാതാപിതാക്കളെ കണ്ടതേയില്ല. അതുപോലെ തന്നെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഒരുപാടുണ്ടായിരുന്നു. വയോധിക ദമ്പതികളായ സെര്‍ല, സെവന്തി ജെ പരേഖ് എന്നിവര്‍ക്കും ആ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 

ആ ശപിക്കപ്പെട്ട രാത്രിയിലാണ് അവര്‍ക്ക് അവരുടെ മകന്‍ സുനിലിനെയും മരുമകള്‍ രേഷ്മയേയും നഷ്ടപ്പെട്ടത്. പുറത്ത് നിന്നും ഡിന്നറും കഴിച്ച് ഷോപ്പിങ്ങും കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു അവര്‍.

ആ രാത്രി വീട്ടിലേക്ക് വണ്ടിയോടിച്ച് മടങ്ങവെ, ദുസ്വപ്നത്തില്‍ പോലും അവര്‍ കരുതിയിരുന്നില്ല അതവരുടെ അവസാനത്തെ രാത്രിയായിരിക്കുന്നത്. ഒബറോയിയിലെ ടിഫിന്‍ റെസ്റ്റോറന്‍റിലുണ്ടായ ഭീകരാക്രമണത്തിന് ഇരയായിരുന്നു രേഷ്മയും സുനിലും. 

അപ്രതീക്ഷിതമായി മകനെയും മരുമകളെയും നഷ്ടപ്പെട്ടതിന്‍റെ വേദനയില്‍ നിന്ന് അവര്‍ക്ക് പെട്ടെന്നൊന്നും കരകയറാനായില്ല. പക്ഷെ, കൊച്ചുമക്കളായ അനന്ദിതയ്ക്കും, അരുന്ധതിക്കും വേണ്ടി അവര്‍ ധൈര്യത്തോടെ നിന്നു. ആ സമയത്ത് അവര്‍ക്ക് പന്ത്രണ്ടും പത്തുമായിരുന്നു പ്രായം. 

അവരുടെ ആന്‍റി സുജാത അവരെ നന്നായി പരിചരിച്ചു. സെവന്തി ഒരിക്കല്‍ അവസാനിപ്പിച്ചിരുന്ന ഷിപ്പിങ് ബിസിനസ് കൊച്ചുമക്കളെ വളര്‍ത്താനായി വീണ്ടും തുടങ്ങി. പത്തുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവന്ദിതയും അരുന്ധതിയും യു.എസ്സില്‍ പഠിക്കുന്നു. പക്ഷെ, അപ്പോഴും സെര്‍ല തന്‍റെ കൊച്ചുമക്കളെ ശ്രദ്ധിക്കുന്നതില്‍ വിട്ടുവീഴ്ച കാണിച്ചില്ല. 

മകനെയും മരുമകളെയും നഷ്ടപ്പെട്ടുകഴിഞ്ഞപ്പോള്‍ അവര്‍ മുംബൈയിലെ സുരക്ഷാസംവിധാനങ്ങളുടെ പാകപ്പിഴകളെ കുറിച്ച് ഗൌരവത്തോടെ ചിന്തിച്ചു തുടങ്ങി. ലോകത്ത് വേറെ ഏതെങ്കിലും ഒരു നഗരമായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോയെന്ന് വരെ അവര്‍ ചിന്തിച്ചു തുടങ്ങി. 

അങ്ങനെയാണ് സുരക്ഷിതമായ ഒരു മുംബൈ എന്നതിന് വേണ്ടി അവര്‍ പോരാടാനുറച്ചത്. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാം. അത് മറ്റൊരാള്‍ക്ക് കൂടി സംഭവിക്കുന്നത് എനിക്കിഷ്ടമല്ല.' എന്നാണ് സെര്‍ല പറയുന്നത്. 

മുന്‍ പൊലീസ് കമ്മീഷണര്‍ ജൂലിയോ റിബെയ്റോയുടെ എന്‍.ജി.ഒ, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെയൊക്കെ സഹായത്തോടെ അവര്‍ പോരാട്ടം തുടങ്ങി. നഗരത്തില്‍ മികച്ച ക്യാമറാ നിരീക്ഷണവും, സുരക്ഷാ സംവിധാനവുമായിരുന്നു അവരുടെ ലക്ഷ്യം.

വിവരാവകാശനിയമത്തിലൂടെ എന്തുകൊണ്ടാണ് മുംബൈ നഗരത്തില്‍ ഇങ്ങനെയൊരു സുരക്ഷാ പാളിച്ച ഉണ്ടായതെന്ന് അവര്‍ ചോദ്യം ചെയ്തു. സുപ്രീം കോടതിയെ വരെ സമീപിക്കാനും അവര്‍ തയ്യാറായി. 

സെക്യൂരിറ്റി കാമറകള്‍ ഇത് പോരെന്നും, ഇനിയും സുരക്ഷാസംവിധാനം മെച്ചപ്പെടുത്തണമെന്നും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ, സുപ്രീം കോടതി, സര്‍ക്കാരിന്‍റെ പരിധിയിലാണ് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അപേക്ഷ തള്ളിക്കളഞ്ഞു. പക്ഷെ, സെര്‍ലയും സെവന്തി പരേഖും കാത്തിരിക്കുകയാണ്. നഗരത്തിന് കൂടുതല്‍ സുരക്ഷ ലഭിക്കുമെന്നും അവര്‍ക്ക് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കാതിരിക്കാനാവശ്യമായ കാര്യങ്ങള്‍ അധികൃതര്‍ ചെയ്യുമെന്നും. അതിനായി ഇന്നും അവര്‍ പോരാടുകയാണ്. 

click me!