
കൊല്‍ക്കത്ത: അജയ് നസ്കര്‍, ജലാല്‍ അലി മൊഹമ്മദ്, സബേദ് അലി എന്നിവര്‍ ശരിക്കും ഹീറോസ് ആണ്. ഓട്ടോയില്‍ വരികയായിരുന്ന സ്ത്രീയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂവരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മാത്രമല്ല പൊലീസിനേയും വിവരമറിയിച്ചു. കൊല്‍ക്കത്തയിലായിരുന്നു സംഭവം.
ഒരു വൈകുന്നേരം നഗരത്തിലൂടെ നടക്കുകയായിരുന്നു മൂന്നുപേരും. അപ്പോഴാണ് ഒരു സ്ത്രീയുടെ നിസ്സഹായമായ കരച്ചില്‍ കേട്ടത്. അതൊരു ഇരുപത്തിയെട്ടുകാരിയായിരുന്നു. ഓട്ടോയില്‍ നിന്നായിരുന്നു കരച്ചില്‍. ഓട്ടോ ഡ്രൈവര്‍ ആ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് മൂന്ന് യുവാക്കളും അവളുടെ കരച്ചില്‍ കേട്ടത്. നസ്കര്‍ ശബ്ദം കേട്ടയിടത്തേക്ക് നടന്നു. ഒരു ഓട്ടോ ആളൊഴിഞ്ഞ ഇരുട്ടുള്ള സ്ഥലത്ത് ഒരു ഓട്ടോ അയാള്‍ കണ്ടു. ഓട്ടോയിലിരിക്കുന്ന യുവതി സഹായത്തിനു വേണ്ടി കരയുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ ചായക്കടയിലെത്തി, ചായക്കടയിലിരിക്കുകയായിരുന്ന സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞു.
അവര്‍ ഓട്ടോയുടെ അടുത്ത് ചെന്ന് പരിശോധിച്ചു. ഓട്ടോ ഡ്രൈവര്‍ യുവതിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ തള്ളി പുറത്തിട്ടു. പിന്നീട് മുറുക്കെ പിടിച്ച് 'ഓടിരക്ഷപ്പെടാന്‍ നോക്കേണ്ട' എന്നും പറഞ്ഞു.
ആ യുവതി വളരെ മോശം അവസ്ഥയിലായിരുന്നു. അവളുടെ കഴുത്ത് പിടിച്ച് ഞെരിക്കപ്പെട്ടിരുന്നു. അവള്‍ അവളുടെ അവസ്ഥ മൂന്നുപേരോടും പറഞ്ഞു. മൂന്ന് സുഹൃത്തുക്കളും അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യം പറയുകയായിരുന്നു.
കൂട്ടുകാര്‍ പറയുന്നത്, 'ഞങ്ങള്‍ പാവങ്ങളായിരിക്കാം, പക്ഷെ, ഞങ്ങള്‍ നിയമത്തെ ബഹുമാനിക്കുന്നു.' എന്നാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നും സബ് ഇന്‍സ്പെക്ടറും എ എസ് ഐയും എത്തി. അവരോട് ദൃസാക്ഷികളാകാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചു. 'ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്' എന്നും ഈ കൂട്ടുകാര്‍ പറയുന്നു.