Latest Videos

നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത്ത പ്രിയരഹസ്യം...

By My beloved SongFirst Published Dec 25, 2018, 4:59 PM IST
Highlights

ആ നിദ്രകളിൽ ഞാനും കണ്ടു ചില “പറയുവാനരുതാത്ത സ്വപ്‌നങ്ങൾ…” തുറന്നിട്ട ജനലിന്‍റെ ഓരത്തിരുന്ന് വേനൽമഴയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, മണ്ണിൽ നിന്നുമുയരുന്ന പുതുമണം ആവോളം നുകരുമ്പോൾ മനസ്സിലേക്കോടിയെത്തിയ പാട്ട്. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

“ചെമ്പകപ്പൂമൊട്ടിനുള്ളിൽ വസന്തം വന്നൂ 
  കനവിലെ ഇളംകൊമ്പിൽ 
  ചന്ദനക്കിളി അടക്കം ചൊല്ലീ...''
 ഒരു കൗമാരക്കാരിയുടെ കണ്ണിൽ വിടരുന്ന പ്രണയസ്വപ്‌നങ്ങൾ പോലെ മനോഹരമായ പാട്ട്… അത് ഹൃദയത്തിൽ ചേക്കേറിയത് എന്‍റെ കൗമാരസ്വപ്നങ്ങൾക്ക് കൂട്ടായി തന്നെയാണ്. ഡയറി മിൽക്ക് ചോക്ലേറ്റിന്‍റെ തിളങ്ങുന്ന വയലറ്റു നിറമുള്ള കവറും വെള്ളാരംകല്ലുകളും മഞ്ചാടിക്കുരുവും മയിൽപ്പീലിത്തുണ്ടുകളും കുപ്പിവളപ്പൊട്ടുകളും സൂക്ഷിച്ചു വച്ച ബാല്യകൗമാരകാലഘട്ടങ്ങൾ. മുഖം വ്യക്തമല്ലാത്ത ഒരു പ്രണയിതാവ് സ്വപ്നങ്ങളിൽ വന്നു തുടങ്ങിയ കാലം…

മണ്ണിൽ നിന്നുമുയരുന്ന പുതുമണം ആവോളം നുകരുമ്പോൾ മനസ്സിലേക്കോടിയെത്തിയ പാട്ട്

ആ നിദ്രകളിൽ ഞാനും കണ്ടു ചില “പറയുവാനരുതാത്ത സ്വപ്‌നങ്ങൾ…” തുറന്നിട്ട ജനലിന്‍റെ ഓരത്തിരുന്ന് വേനൽമഴയുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ, മണ്ണിൽ നിന്നുമുയരുന്ന പുതുമണം ആവോളം നുകരുമ്പോൾ മനസ്സിലേക്കോടിയെത്തിയ പാട്ട്. മുറ്റത്തെ തേൻമാവിന്‍റെ തണലിൽ പഞ്ചാരമണലിൽ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണൻമാരെയും കലപില കൂട്ടുന്ന അടയ്ക്കാകിളികളെയും നോക്കിയിരിക്കുമ്പോൾ അറിയാതെ മൂളിപ്പോകുന്ന പാട്ട്.  ചിത്രത്തിലെ ജാനുക്കുട്ടിയെ പോലെ ആരും കാണാതെ നൃത്തച്ചുവടുകൾ വച്ചപ്പോൾ അവയ്ക്ക് താളമേറ്റിയ വരികൾ… നിലാവ് പൊഴിഞ്ഞ രാവുകളിൽ,

 “കല്ലുമാലയുമായി വന്ന തിങ്കൾ തട്ടാനെ, 
    പണിഞ്ഞതാർക്കാണ് 
    മാനത്തെ തങ്കമണിത്താലി…” 

എന്നു ചോദിച്ച കവിയുടെ മൊഴിയഴക്… 

എന്‍റെ സ്വപ്നങ്ങളിലെ ഗന്ധർവ്വനു വേണ്ടി, ഞാൻ മനസ്സിൽ കൊണ്ടുനടന്ന പാട്ട്

ഋതുമതി ആയ ദിനങ്ങളിൽ, എനിക്കു തല ചായിച്ചിരിക്കുവാൻ ഒരാളെ സ്വപ്നം കണ്ട നാളുകളിൽ, മനസ്സിൽ ഓളം തല്ലിയ പാട്ട്. സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തി കാണിക്കുമ്പോഴും അമ്പലത്തിൽ പോയി തൊഴുതു മടങ്ങുമ്പോഴും ഒരു നിറപുഞ്ചിരിയുമായി എന്‍റെ മുന്നിൽ വരുമെന്ന് ഞാനാശിച്ച, എന്‍റെ സ്വപ്നങ്ങളിലെ ഗന്ധർവ്വനു വേണ്ടി, ഞാൻ മനസ്സിൽ കൊണ്ടുനടന്ന പാട്ട്. ആരും കാണാതെ, എന്തിനു വേണ്ടി എന്നറിയാതെ കരയുന്ന ചില രാത്രികളിൽ  മനസ്സിന് ആശ്വാസമാകുന്ന പാട്ട്. 

“കരളിലഴകിന്‍റെ 
 മധുരമൊഴുകിയ മോഹാലസ്യം” -പോലെ ഒരു സ്നേഹാലസ്യത്തിൽ വീണു മയങ്ങുവാൻ എന്നെ മോഹിപ്പിക്കുന്ന പാട്ട്… ഇപ്പോഴും ഒരു മയിൽ‌പ്പീലിത്തുണ്ടോ വളപ്പൊട്ടോ കാണുമ്പോൾ പഴയ കൗമാരക്കാരി മനസ്സിലുണരും. അപ്പോഴൊക്കെ “കണ്ണാടം പൊത്തി പൊത്തി കിന്നാരം തേടിപ്പോകും” മോഹപ്പൊൻമാനോട് ഞാനും ചോദിക്കുന്നു, “നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത്ത പ്രിയരഹസ്യം…” എന്ന്. 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!