മൺസൂൺ വെഡ്‌ഡിങ്, 'മീ ടൂ' വിനും മുമ്പേ പിറന്ന സിനിമ!

By Web TeamFirst Published Dec 25, 2018, 11:54 AM IST
Highlights

പോകെപ്പോകെ, കുടുംബത്തിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ വലവിരിച്ച് കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന ഒരു പഠിച്ച 'പെഡോഫൈൽ' ആണ് അങ്കിൾ തേജ് എന്നത് വെളിപ്പെട്ടു തുടങ്ങുന്നു. ഇനി അറിഞ്ഞവരിൽ പലരും തന്നെ തേജിന്റെ ഉദാരമായ സാമ്പത്തിക സഹായങ്ങൾ നിലനിർത്താനായി കണ്ടില്ലെന്നു നടിക്കുന്നതും കാണാം. 

2001 ഡിസംബർ 12ന് മീരാനായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഫാമിലി ഡ്രാമയാണ് 'മൺസൂൺ വെഡ്‌ഡിങ്ങ്'. അപ്പർ മിഡിൽ ക്ലാസ്സിന്റെ ജീവിതങ്ങളിലെ നാടകീയതയെ ആഴത്തിൽ പരിശോധിക്കുന്ന ഒരു ചിത്രമാണത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു  പഞ്ചാബി കൂട്ടുകുടുംബത്തിലാണ് കഥ നടക്കുന്നത്. കുടുംബത്തിലെ  അംഗങ്ങളെല്ലാം ഉന്നതവിദ്യാഭ്യാസം നേടിയവരാണ്.   കഴിവതും ഇംഗ്ലീഷിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവർ. പുറമേയ്ക്ക് സമ്പൽസമൃദ്ധമായ സന്തോഷകരമായ ജീവിതം നയിക്കുന്ന മനുഷ്യർ. എന്നാൽ ഉള്ളിന്റെയുള്ളിൽ, നിറഞ്ഞു തുളുമ്പുന്ന  ആഢ്യത്വവും, തൊഴുത്തിൽക്കുത്തും, നീരസങ്ങളുമൊക്കെയുള്ള വെറും സാധാരണക്കാർ.

  ദില്ലിയിൽ സ്ഥിരതാമസമാക്കിയ ആ പഞ്ചാബി കുടുംബത്തിലെ ഇളം തലമുറയാവട്ടെ  ഭൂഗോളത്തിൽ അങ്ങിങ്ങായി തൊഴിലെടുക്കുന്നവരാണ്. ഉള്ളിലുള്ള ഇന്ത്യൻ സംസ്കാരവും ജീവിക്കുന്ന നാട്ടിലെ രീതികളും തമ്മിലുള്ള വടം വലിയിൽ അസ്തിത്വം പോലും നഷ്ടമായിത്തുടങ്ങിയവർ. അവരെല്ലാവരും, അമ്മാവൻ ലളിത് വർമയുടെ ( നസിറുദ്ദീൻ ഷാ) മകളായ അദിതിയുടെ(വസുന്ധരാ ദാസ്) വിവാഹത്തിന്റെ ചടങ്ങുകൾക്കുവേണ്ടി  നാട്ടിൽ  ഒത്തുകൂടിയിരിക്കുകയാണ്, . പ്രതിശ്രുതവരൻ ഹർമന്ത് ടെക്‌സാസിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. അതൊരു 'അറേഞ്ച്ഡ് മാരേജ്' ആണ്. എന്നു വെച്ച്  അവർ രണ്ടുപേരും മുലകുടി മാറാത്ത ഇള്ളക്കുട്ടികളൊന്നുമല്ല. ഒരു ടെലിവിഷൻ ചാനലിൽ പ്രൊഡ്യൂസറായ അദിതി അവിടത്തെ സുമുഖനും വിവാഹിതനുമായ ഒരു അവതാരകനായി അടുപ്പത്തിലാണ്. ഹർമന്തോ, വിവാഹം എന്ന സങ്കല്പത്തിലേക്ക് ഒതുങ്ങിക്കൂടാൻ പണിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അപ് ബീറ്റ് ടെക്സനും. 

ഹർമന്തിന്റെ അച്ഛൻ,  ' സിംഗിൾ മാൾട്ട് ഓൺ ദി റോക്ക്സ്' മാത്രം അടിച്ചുകൊണ്ടേയിരിക്കുന്ന ഒരു കുലീനനാണ്. അദിതിയുടെ അച്ഛൻ ഒരു പാവം മനുഷ്യനാണ്. നിരന്തരം കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും,  തന്റെ 'ക്യാഷ് ഫ്ലോ' പ്രശ്ങ്ങളെക്കുറിച്ചുമൊക്കെ വിഷണ്ണനായി പായാരം പറഞ്ഞുകൊണ്ടിരിക്കുമെന്നു മാത്രം..  

സമാന്തരമായി പോവുന്ന ഒരു ഓഫ് ബീറ്റ് ലവ് സ്റ്റോറിയും കഥയിലുണ്ട്

             കഥാപാത്രങ്ങൾ തമ്മിലുള്ള ഇടപഴകലുകളുടെ ചിത്രീകരണം സിനിമയിൽ  സരസമായ ഒരുപാട് സീനുകൾക്ക് വഴിവെച്ചിട്ടുണ്ട്. മെഹന്ദി പാർട്ടിയിൽ സ്ത്രീകൾക്കിടയിൽ നടക്കുന്ന കൊച്ചു വർത്തമാനങ്ങളും അന്താക്ഷരിയും ഒക്കെയായി ഒരു മേളമാണ്.   കാറ്റും കോളുമുള്ളൊരു രാത്രിയിൽ ഒരു കുന്നിൻമുകളിൽ അദിതി തന്റെ കാമുകനുമൊത്ത് അയാളുടെ കാറിന്റെ പിൻസീറ്റിൽ  അവസാനമായൊരു വട്ടം സംഗമിക്കുന്നതിനിടെ ടോർച്ചടിച്ചുകൊണ്ടു വരുന്ന ബീറ്റ് പോലീസുകാർ അവരെ പൊക്കുന്നത്  പോലും  നമ്മളിൽ ചിരിയുണർത്തുന്ന ഒരു രംഗമാണ്.  ഇതിനൊക്കെ സമാന്തരമായി പോവുന്ന ഒരു 'ഓഫ് ബീറ്റ്' ലവ് സ്റ്റോറിയും കഥയിലുണ്ട്. വീട്ടിലെ ജോലിക്കാരിയായ ആലീസിനോട്(തിലോത്തമ ഷോമി), സദാ സങ്കടഗ്രസ്തനായ വെഡ്‌ഡിങ്ങ് അറേഞ്ചർ പി.കെ. ദുബേക്ക് (വിജയ് റാസ്)  തോന്നുന്ന പ്രണയം. 

                        എന്നാൽ ഈ സിനിമയുടെ കേന്ദ്രകഥാതന്തു, ഇതൊന്നുമല്ല.  പുറമേക്ക് ഏറെ കുലീനമെന്ന് തോന്നുന്ന പല കുടുംബങ്ങളുടെയും സ്വൈരജീവിതങ്ങളുടെ അലമാരകൾക്കുള്ളിൽ, പലപ്പോഴും പുറംലോകം കാണാതെ കിടക്കുന്ന ചൂഷണങ്ങളുടെ അസ്ഥികൂടങ്ങളുണ്ടാവും. അത്തരത്തിലൊന്നിനെ പാതിവഴിയിൽ  ഈ സിനിമ വലിച്ചുപുറത്തിടുന്നു.  അത്യന്തം ഉൽക്കടമായ ഒരു സീക്വൻസാണത്.  കുടുംബത്തിലെ സമ്പന്നനും ഉദാരമനസ്കനുമായ അമ്മാവൻ തേജ്(രജത് കപൂർ) ആണ് മേൽപ്പറഞ്ഞ കക്ഷി.  അകാലത്തിൽ അച്ഛൻ നഷ്ടമായ, നല്ലപ്രായം കഴിഞ്ഞിട്ടും  വിവാഹിതയാവാൻ കൂട്ടാക്കാത്ത, എനിക്ക്  സ്റ്റേറ്റ്സ്ൽ 'ക്രിയേറ്റീവ് റൈറ്റിംഗ്' പഠിക്കാൻ പോവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച റിയ(ഷെഫാലിഷാ)യുടെ പഠിത്തത്തിനുള്ള സർവ ചെലവുകളും  വഹിക്കാൻ സന്മനസ്സുപ്രകടിപ്പിക്കുന്ന അമ്മാവനാണ് ആദ്യ രംഗങ്ങളിൽ അയാൾ.   ആ സന്മനസ്സിൽ റിയ അസ്വസ്ഥയാവുന്നത് നമ്മൾ അപ്പോൾ തന്നെ ശ്രദ്ധിക്കും. 

 

        പോകെപ്പോകെ, കുടുംബത്തിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ വലവിരിച്ച് കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന ഒരു സീസൺഡ്  'പെഡോഫൈൽ' ആണ് അങ്കിൾ തേജ് എന്നതിന്റെ സൂചനകൾ വരുന്നു.  ഇതേപ്പറ്റി അറിവുള്ളവരിൽ  പലരും തന്നെ തേജിന്റെ ഉദാരമായ സാമ്പത്തിക സഹായങ്ങൾ നിലനിർത്താനായി ആ സൂചനകളെ അവഗണിക്കുന്നതും കാണാം. ഇപ്പോൾ നടക്കാൻ പോവുന്ന കല്യാണത്തിനു പോലും നല്ലൊരു ഭാഗം ചെലവും നടന്നു പോവാനിരിക്കുന്നത് തേജ് നൽകാനിരിക്കുന്ന കടത്തിന്മേലാണ്.  
   

          അങ്ങനെയിരിക്കെയാണ് ആലിയ എന്നുപേരുള്ള ഒരു പെൺകുട്ടി കല്യാണത്തലേന്ന് തനിക്ക് ഉറക്കം വരുന്നുണ്ട് എന്ന് ചിണുങ്ങുന്നത്.  അവളോട് അടുപ്പം കാണിക്കുന്ന തേജ്, തന്റെ കാറിൽ കേറ്റി ആളില്ലാത്ത ഒരിടത്തേക്ക് അവളെ ആരുമറിയാതെ കൊണ്ടുപോവാൻ ശ്രമിക്കുമ്പോൾ,  റിയ  കാറിനുമുന്നിലേക്കെടുത്തുചാടി  അയാളെ തടുക്കുന്നു. തുടർന്നുണ്ടായ ബഹളത്തിൽ തേജിന്റെ മുഖം മൂടി വലിച്ചുകീറിക്കൊണ്ട്, റിയ  തന്നെ പണ്ട് കുട്ടിക്കാലത്ത് പീഡനത്തിനിരയാക്കിയ നിഷ്ഠുരനാണയാൾ എന്ന അണുബോംബ്  അവിടെ സന്നിഹിതരായിരുന്ന സകലർക്കും മുന്നിൽ പൊട്ടിക്കുന്നു. തന്റെ കുട്ടിക്കാലത്ത് അയാൾ തന്നെ മുലകിളിർത്തിട്ടില്ലാത്ത തന്റെ മാറിടങ്ങളിൽ  സ്പർശിച്ചതിനെപ്പറ്റി, വലിയ ആളുകൾ ഉമ്മവെക്കുന്നതെങ്ങനെയെന്ന് തന്നെ പഠിപ്പിച്ചതിനെപ്പറ്റി,  തന്നെ വിവസ്ത്രയാക്കി ബലാൽ ഭോഗിച്ചതിനെപ്പറ്റി.. ഒറ്റവീർപ്പിൽ അത്രയും പറഞ്ഞ്, "എന്നെ അന്നുനിങ്ങൾ പഠിപ്പിച്ചത് പോരേ,  ഇനി ഈ മോളെക്കൂടി ഇതിക്കെ പഠിപ്പിക്കണോ..? "എന്ന് ചോദിക്കുന്ന അവൾക്ക് ആദ്യം കിട്ടുന്ന മറുപടി, കരണം പുകയുന്ന  ഒരു അടിയാണ്. വീട്ടിൽ ആരും തന്നെ വിശ്വാസത്തിലെടുക്കാത്തതിൽ സങ്കടപ്പെട്ട് അവൾ അവിടെനിന്നും  ഇറങ്ങിപ്പോവുന്നു. 

 

                 അടുത്തദിവസം,  ലളിത്, തന്റെ അറിവോടെയല്ലെങ്കിലും മരുമകൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ  തനിക്കുള്ള ഒരിക്കലും തീരാത്ത വിഷമത്തെപ്പറ്റി ഏറ്റുപറഞ്ഞ്, അവളെ സംരക്ഷിക്കാനുള്ള തന്റെ കടമ നിർവഹിക്കാതെ പോയതിൽ അവളോട് മാപ്പുപറയുന്ന  ഒരു രംഗമുണ്ട്. ഒരുപാട് കാലം അത് നിങ്ങളെ പിന്തുടരും. 

വൈകിയാണെങ്കിലും തുറന്നുപറയുമ്പോൾ ഒരാൾ അനുഭവിക്കുന്ന ആശ്വാസവും നമ്മളെ അനുഭവിപ്പിക്കും

 " വാട്ട് എ ലവ്‌ലി ഫാമിലി " എന്ന് കുടുംബഫോട്ടോ ക്ലിക്ക് ചെയ്ത ശേഷം ഫോട്ടോഗ്രാഫർ പറയുന്നിടം വരെയുംഒരു 'മോറൽ ക്ലിഫ് ഹാങ്ങർ' ആയി തുടരും ഈ സിനിമ.   അതുകഴിഞ്ഞ് തേജ് എന്ന പെഡോഫൈലിന്റെ യാതൊരുവിധ സഹായവും  ഈ വിവാഹത്തിൽ തനിക്കാവശ്യമില്ലെന്നും തന്റെ വീട്ടിൽ നിന്നും ഈ നിമിഷം ഇറങ്ങിപ്പോവണമെന്നും ലളിത് ആവശ്യപ്പെടുമ്പോൾ വൈകിയെങ്കിലും റിയയുടെ ആരോപണങ്ങൾക്ക് സാധുത കൈവരുന്നു. 

അത്രയും കാലം അവൾ മനസ്സിലടക്കിപ്പിടിച്ചത് എത്ര വലിയ വേദനയാണ്. തന്നെ പീഡിപ്പിച്ച വ്യക്തി, അതേ ഉദ്ദേശ്യങ്ങൾ മനസ്സിൽ വെച്ച്, കുടുംബത്തിലെ മറ്റുള്ളവരുമായി ഇടപഴകുന്നത് കാണുമ്പൊൾ അവൾക്കുണ്ടാവുന്ന വീർപ്പുമുട്ടൽ ഒക്കെ പിന്നീടാലോചിക്കുമ്പോഴാണ് നമുക്ക് കൂടുതൽ മിഴിവുള്ളതായി അനുഭവപ്പെടുന്നത്. 

          ഇന്നത്തെ " മീ ടൂ..  " ആരോപണങ്ങളിൽ പ്രതികൾക്ക് സഹായകമായി ഒരു മോറൽ കേസായി പറയുന്ന കാരണങ്ങളിൽ ഒന്ന്, " എന്തുകൊണ്ടിവൾ ഇത്രയും കൊല്ലം പറഞ്ഞില്ല.. " എന്ന ചോദ്യമാണ്. ഈ സിനിമ കണ്ടാൽ, കാലങ്ങളോളം മനസ്സിൽ കല്ലിച്ചുകിടന്നിട്ടും പലപ്പോഴും പലർക്കും ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയാൻ പറ്റാത്ത എന്തുകൊണ്ടാണെന്നതിൽ വ്യക്തത വരും. വൈകിയാണെങ്കിലും തുറന്നുപറയുമ്പോൾ ഒരാൾ അനുഭവിക്കുന്ന ആശ്വാസവും നമ്മളെ അനുഭവിപ്പിക്കും അത്.   അതുകൊണ്ട്,  2017  ഒക്ടോബർ മാസത്തിലാണ് #MeToo എന്ന ഹാഷ് ടാഗിൽ വന്ന വെളിപ്പെടുത്തലുകൾ നമ്മുടെ സമൂഹത്തിൽ ഒരു സുനാമി പോലെ അടിച്ചുകേറി പല പല പൂജിത ബിംബങ്ങളും ഉടച്ചുകളഞ്ഞത്. ആ ' കാംപെയ്നിനും പതിനാറുകൊല്ലം മുമ്പേ പിറന്ന ഒരു പ്രവചനസ്വഭാവമുള്ള  സിനിമയാണിത് എന്നുവേണം പറയാൻ 

click me!