താമരശ്ശേരി ചുരവും കോഴിക്കോടും കടന്ന്, പൊന്നാനിയിലെ വീട്ടില്‍ ഉമ്മാന്‍റെ അടുത്തെത്തിക്കുന്ന പാട്ട്

By My beloved SongFirst Published Jan 13, 2019, 5:28 PM IST
Highlights

വല്ലാത്ത സങ്കടം വരുമ്പോള്‍ വെറുതെ കണ്ണടച്ച് ഈ പാട്ടിന്റെ വരികളിലേക്കൊന്ന് ശ്രദ്ധിച്ച് കേട്ട് നോക്കൂ. നമ്മളെ അത്രത്തോളം കെയര്‍ ചെയ്യുന്നൊരാള്‍ ആ വിഷമങ്ങളില്‍ നിന്നൊക്കെയും നമ്മളെ ഉയര്‍ത്തിക്കൊണ്ട് വരുന്ന പോലെ തോന്നും. എനിക്കെപ്പോഴും അത് ഉമ്മയായാണ് തോന്നാറ്‌.

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

''തനിയേ മിഴികള്‍ തുളുമ്പിയോ...'' എന്തോ ഈ പാട്ട് എപ്പോള്‍ കേട്ടാലും എനിക്ക് ഉമ്മാനെയാണ് ആദ്യം ഓര്‍മ്മ വരിക. പഴയ ഓര്‍മ്മകളിലേക്ക് തിരിച്ച് നടത്താന്‍ തോന്നിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ടെന്ന് തോന്നും. ജോണ്‍പോള്‍ ജോര്‍ജിന്റെ 'ഗപ്പി' എന്ന മനോഹരമായ പടത്തിലെ പാട്ട്...

ഹോസ്റ്റലില്‍ എല്ലാവരും ഈ പാട്ടിനോട് അഡിക്ടായ പോലെ

വയനാട്ടിലെ കോളേജില്‍  ഡിഗ്രി ചെയ്യുന്ന സമയത്താണ് ആദ്യമായി ഈ പാട്ട് കേള്‍ക്കുന്നത്. പിന്നെയങ്ങോട്ട് റിപ്പീറ്റ് മോഡില്‍ ഞാന്‍ വെക്കുന്ന വളരെ ചുരുക്കം പാട്ടുകളുടെ ലിസ്റ്റിലേക്ക് ഈ പാട്ടും ചേര്‍ന്നു. ഹോസ്റ്റലില്‍ എല്ലാവരും ഈ പാട്ടിനോട് അഡിക്ടായ പോലെ. ചില വൈകുന്നേരങ്ങളില്‍ റൂം മേറ്റ്സ് ഒന്നിച്ചിരിക്കുമ്പോള്‍ ഈ പാട്ട് വെക്കും. പിന്നെയെല്ലാവരും നിശ്ശബ്ദരാവും. ഞാനപ്പോള്‍ താമരശ്ശേരി ചുരവും കോഴിക്കോടും കടന്ന് പൊന്നാനിയിലെ വീട്ടില്‍ ഉമ്മാന്‍റെ അടുത്തെത്തിയിട്ടുണ്ടാവും...

''കാവലായ് വഴി തേടണം..'' എന്ന് തുടങ്ങുന്ന വരികളാണ് ഇപ്പോഴും ഉമ്മ വിളിക്കുമ്പോള്‍ എന്റെ ഫോണിലെ റിംഗ്ടോണ്‍. ''കുഞ്ഞോമല്‍ കണ്ണോരം കണ്ണീരും മായേണം...'' എന്ന് കേള്‍ക്കുമ്പോള്‍ അത്രയും പ്രിയ്യപ്പെട്ട ഒരാള്‍ അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കുന്ന പോലെയാണ്. വല്ലാത്ത സങ്കടം വരുമ്പോള്‍ വെറുതെ കണ്ണടച്ച് ഈ പാട്ടിന്റെ വരികളിലേക്കൊന്ന് ശ്രദ്ധിച്ച് കേട്ട് നോക്കൂ. നമ്മളെ അത്രത്തോളം കെയര്‍ ചെയ്യുന്നൊരാള്‍ ആ വിഷമങ്ങളില്‍ നിന്നൊക്കെയും നമ്മളെ ഉയര്‍ത്തിക്കൊണ്ട് വരുന്ന പോലെ തോന്നും. എനിക്കെപ്പോഴും അത് ഉമ്മയായാണ് തോന്നാറ്‌.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ സിനിമക്കും പാട്ടിനും അതിന്റെ കൗതുകം നഷ്ടപ്പെട്ടിട്ടില്ല

കേള്‍ക്കുന്നവരെ ഓര്‍മ്മകളില്‍ ജീവിപ്പിക്കാന്‍ വിനായക് ശശികുമാര്‍ സ്നേഹത്തിന്റെ എന്തോ എലമെന്റ് ഈ വരികളില്‍ നിറച്ചിട്ടുണ്ട്. ഈ പാട്ട് പാടുമ്പോള്‍ സൂരജ് സന്തോഷ് അതിലെന്തോ മാജിക് ചേര്‍ത്ത് വെച്ച പോലെ. വിഷ്ണു വിജയ് ചെയ്ത സംഗീതത്തിന് എന്തൊരു ഭംഗിയാണ്.. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ സിനിമക്കും പാട്ടിനും അതിന്റെ കൗതുകം നഷ്ടപ്പെട്ടിട്ടില്ല...

''ഇരുകണ്ണിലും മിഴിവേറണം...'' ഫോണില്‍ സൂരജ് പാടിക്കൊണ്ടേയിരിക്കുന്നു... സ്നേഹത്തിന്റെ മഴ പോലെ..

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

click me!