അവള്‍, ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍റെ മകളായിരുന്നു

By My beloved SongFirst Published Dec 10, 2018, 3:28 PM IST
Highlights

ചുരുട്ടിപ്പിടിച്ച വലംകൈയുടെ അഞ്ചു വിരല്‍ മുട്ടുകളിലും പന്ത്രണ്ടിഞ്ചു നീളമുള്ള തടി സ്‌കെയിലു കൊണ്ട് ഉഗ്രപ്രഹരം. എനിക്ക് ശിക്ഷ ഇരട്ടിയായിരുന്നു. ഇടതു കൈയുടെ അഞ്ചു വിരല്‍ മുട്ടുകളില്‍ കൂടി പ്രഹരം ഏറ്റുവാങ്ങണമായിരുന്നു. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

സ്‌കൂള്‍ ആനിവേഴ്‌സറിയായിരുന്നു. കലാപരിപാടികള്‍ സമാരംഭിക്കുന്ന സന്ധ്യ. പത്താം ക്ലാസ്സിന്‍റെ കൗമാര തീക്ഷ്ണതകള്‍ ഇരമ്പി നിന്ന ഓഡിറ്റോറിയം. സിനിമാ പാട്ടുകള്‍ ഉച്ചഭാഷിണിയിലൂടെ ഒന്നിനു പിറകെ മറ്റൊന്നായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് അതുവരെ കേട്ടുകൊണ്ടിരുന്നതില്‍ നിന്നെല്ലാം വിഭിന്നമായി ഒരു പാട്ട്.

'ശ്രാവണ പൗര്‍ണ്ണമി സൗന്ദര്യമേ 
എന്‍റെ സൗഭാഗ്യമേ ജന്മസാഫല്യമേ
നിന്‍റെ സിന്ദൂരാരുണ വദനം നിറയെ
പരിഭവമോ, പരിഹാസമോ...'

ആദ്യമായി കേള്‍ക്കുകയായിരുന്നു ആ പാട്ട് ഞാന്‍.

പ്രണയത്തിലും വിരഹത്തിലും കുതിര്‍ന്നു പോയ ഘന നാദം. ലൗഡ് സ്പീക്കറില്‍ നിന്ന്  തേനൊഴുകി വരുന്നതു പോലെ. ഒരു പുരുഷന്‍റെ തൊണ്ടയ്ക്കല്ലാതെ ഈ പാട്ടു വഴങ്ങില്ല, തീര്‍ച്ച. എന്‍റെ കണ്ണുകള്‍ വിജയലക്ഷ്മിയെ തിരഞ്ഞു. ഇടതു വശത്ത് മൂന്നാം നിരയില്‍ സഖികള്‍ക്കു നടുവിലായി രാജ്ഞിയെപ്പോലെ അവളുണ്ട്. എന്തിനാണ്  അവളുടെ കണ്ണുകളില്‍ ഒരാവശ്യവുമില്ലാതെ ഇങ്ങനെ പൂവമിട്ടുകള്‍ പൊട്ടി വിടര്‍ന്നുകൊണ്ടിരിക്കുന്നത്.

സഖികള്‍ക്കു നടുവിലായി രാജ്ഞിയെപ്പോലെ അവളുണ്ട്

ആദ്യ കാമുകിയായിരുന്നു വിജയലക്ഷ്മി. ക്ലാസ് അധ്യാപകന്‍റെ മകള്‍. 'കൊള്ളിയാന്‍' എന്ന ഇരട്ടപ്പേരായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ യോജിച്ചിരുന്നത്. ക്ഷമിക്കുക, ബാല്യകൗമാരങ്ങളുടെ നിഷ്‌കളങ്കതകളെ നോവിച്ചിട്ടുള്ളവരോട്  ഒരു കുട്ടിക്കും പൊറുക്കാനാവില്ല.

സ്വന്തം മകള്‍ കൂടി വിദ്യാര്‍ത്ഥിനിയായിട്ടുള്ള ക്ലാസ്സില്‍ അണ്ഡോല്‍പാദനവും ബീജസങ്കലനവും പഠിപ്പിക്കേണ്ട ഗതികേടു വന്നുപെട്ട ബയോളജി ടീച്ചര്‍ കൂടിയായിരുന്നു അദ്ദേഹം. അപ്പോള്‍ ഊറിച്ചിരിച്ച ആണ്‍കുട്ടികളെയൊക്കെ അദ്ദേഹം കരുണയില്ലാതെ ശിക്ഷിച്ചു. ചുരുട്ടിപ്പിടിച്ച വലംകൈയുടെ അഞ്ചു വിരല്‍ മുട്ടുകളിലും പന്ത്രണ്ടിഞ്ചു നീളമുള്ള തടി സ്‌കെയിലു കൊണ്ട് ഉഗ്രപ്രഹരം. എനിക്ക് ശിക്ഷ ഇരട്ടിയായിരുന്നു. ഇടതു കൈയുടെ അഞ്ചു വിരല്‍ മുട്ടുകളില്‍ കൂടി പ്രഹരം ഏറ്റുവാങ്ങണമായിരുന്നു. എന്‍റെ കാമുകക്കണ്ണുകള്‍ വിജയലക്ഷ്മിയുടെ മേല്‍ പതിയുന്നത് അവളുടെ അച്ഛനായ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ്.

ആ ഘനനാദം മാത്രം വഞ്ചിക്കാതെ ഒപ്പം നിന്നു

പിന്നീട് കോളജ് തീരും വരെ എത്രയോ കാമുകിമാര്‍. ഓരോ തവണ തിരസ്‌കൃതനാവുമ്പൊഴും പ്രണയവും വിരഹവും കുതിര്‍ത്ത ആ ഘനനാദം മാത്രം വഞ്ചിക്കാതെ ഒപ്പം നിന്നു.

'ശ്രാവണ പൗര്‍ണ്ണമി സൗന്ദര്യമേ 
എന്‍റെ സൗഭാഗ്യമേ ജന്മസാഫല്യമേ
നിന്‍റെ സിന്ദൂരാരുണ വദനം നിറയെ
പരിഭവമോ, പരിഹാസമോ...'

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!