ജിന്നിന് എഴുതിയ കത്തുകള്‍

By മോളി ജബീനFirst Published Nov 4, 2017, 5:16 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

കുറച്ചുകാലം ഞാനുമൊരു ടീച്ചറായിരുന്നു..

രണ്ടും മൂന്നും ക്ലാസ്സുകളിലെ മൂന്നോ നാലോ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും നഴ്‌സറിയില്‍ ചിലപ്പോഴൊക്കെ കുഞ്ഞിപ്പൂവുകള്‍ക്ക് കൂട്ടിരുന്നും ടീച്ചറാവണമെന്ന മോഹം വെറും പ്രീഡിഗ്രിക്കാരിയായിരുന്ന ഞാന്‍  കുറച്ചെങ്കിലും പൂര്‍ത്തീകരിച്ചിരുന്നു.

പുറത്തു പോവുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരു കുഞ്ഞിക്കുരുന്ന് ഒട്ടും മയമില്ലാതെ 'എടീ ടീച്ചറേ' എന്നൊരു വിളിയുണ്ട്. അത് കേള്‍ക്കാത്ത മട്ടില്‍ ഞാനാ കുറുമ്പുകാരിയെ കടന്നുപോകും.

എഴുതാന്‍ വന്നത് ഇതൊന്നുമല്ല.

ഓര്‍മ്മയില്‍ നിറം കൂട്ടിവെച്ച രണ്ട് ഗുരുനാഥന്മാര്‍. അവരെപ്പറ്റിയാണ്.

എംടി യുടെ 'അസുരവിത്ത്' വായിച്ച് ഗോവിന്ദന്‍ കുട്ടിയെ പ്രണയിച്ചുനടക്കുന്ന കാലം. നിത്യവായനയിലൂടെ ഗോവിന്ദന്‍കുട്ടിയെയും അയാളുടെ സാഹചര്യങ്ങളെയും അത്രമേല്‍ നെഞ്ചേറ്റി തുടങ്ങിയിരുന്നു. സഹതാപം കൊണ്ടു മാത്രമല്ല നിഷ്‌കളങ്കതയോടുള്ള ഇഷ്ടം കൊണ്ടുകൂടിയാവാം.

എംടി യുടെ 'അസുരവിത്ത്' വായിച്ച് ഗോവിന്ദന്‍ കുട്ടിയെ പ്രണയിച്ചുനടക്കുന്ന കാലം.

'സിതാര,കൊട്ടാരം റോഡ്,കോഴിക്കോട' എന്നവിലാസത്തില്‍ 'എംടി'ക്ക്  അയക്കാന്‍ എഴുതിവെച്ച കുറേ കത്തുകള്‍ക്കിടയില്‍ നിന്നാണ് കഥാമത്സത്തിന് പങ്കെടുക്കാന്‍ യോഗ്യതയുണ്ടെന്നും പറഞ്ഞ് പുരുഷോത്തമന്‍ മാഷ് എന്നെയും എന്റെ അക്ഷരങ്ങളെയും ചെവിക്കുപിടിച്ചു പുറത്തിടുന്നത്.

എഴുത്തിന്റെ രീതികളെക്കുറിച്ച് കുറെയേറെ പറഞ്ഞു തന്നു. കിട്ടിയ സമയങ്ങളിലൊക്കെ തെറ്റുകള്‍ തിരുത്തി തന്നു.

ഇപ്പോഴെവിടെയാണ് എന്നെനിക്കറിയില്ല. എങ്കിലും ഞാനെഴുതിയത് വായിച്ച് ഓരോരുത്തരും  പറയുന്ന വാക്കുകളിലൊക്കെ പുരുഷോത്തമന്‍
മാഷുണ്ട്. പത്ത് എ യുടെ വരാന്തയില്‍ മെറൂണ്‍ യൂണിഫോമില്‍ കണ്ണുനഞ്ഞുനില്‍ക്കും ഞാനപ്പോഴൊക്കെ.

പ്രീഡിഗ്രിക്ക് മലയാളം പഠിപ്പിച്ച മുരളിമാഷ്, മാഷച്ഛന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന ശ്രീയുടെ അച്ഛന്‍ കുമാരന്‍മാഷ്, ഓര്‍ത്തെടുക്കാന്‍ കുറെ മുഖങ്ങളുണ്ട്.

പക്ഷെ, മൂന്നുവര്‍ഷം ചിത്രംവരയ്ക്കാന്‍ പഠിപ്പിച്ച ആര്‍ട്ട് മാഷോളം (ശിവന്‍ മാഷ്)പ്രിയവും പേടിയും മറ്റാരോടും തോന്നിയിട്ടില്ല. കാഴ്ചയിലും,പെരുമാറ്റത്തിലും പരുക്കന്‍ മുഖമായിരുന്നു. പക്ഷെ കൂടെനിന്ന കുറച്ചുസമയങ്ങളില്‍ വരയ്ക്കപ്പുറം ചിത്രകാരന്മാരുടെ ജീവിതത്തെ വാക്കുകള്‍ കൊണ്ട് വരച്ചുകാണിച്ചു തന്നിട്ടുണ്ട് മാഷ്. കഥതേടിനടക്കുന്നവള്‍ക്ക് കാതുനിറയെ കുറെയേറെ കഥകള്‍..

അന്നാണ് വാന്‍ഗോഗിനെപറ്റിയും, പെയിന്റിംഗ്‌സുകളെക്കുറിച്ചും ഞാനാദ്യമായി ആഴത്തില്‍അറിയുന്നത്.

ഒരു യുവജനോത്സവക്കാലത്ത് തിരുവാതിരയ്ക്ക് മേയ്ക്കപ്പിടാന്‍ മാഷിനുമുന്നിലിരിക്കുമ്പോള്‍ നാടന്‍കലകളെപ്പറ്റി ഏറെ സംസാരിച്ചു. ഊഴം കഴിഞ്ഞിട്ടും ചുറ്റിപ്പറ്റിനിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍. പരുക്കന്‍ മുഖപടവുമണിഞ്ഞു  നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്ല പേടിയുള്ള ആര്‍ട്ട് മാഷിന്റെ കലയോടുള്ള സ്‌നേഹത്തെക്കുറിച്ച്,ആത്മാര്‍ത്ഥതയെക്കുറിച്ച് ഒട്ടൊരു അത്ഭുതത്തോടെ നോക്കിക്കണ്ട ദിവസമായിരുന്നു അത്.

സബ്ജില്ലാകലോത്സവം നടക്കുമ്പോള്‍ കഥാമത്സരത്തിന് കടുങ്ങപുരം സ്‌കൂളിലേക്ക് കൂട്ടുവന്നത് ആര്‍ട്ട് മാഷായിരുന്നു. അന്നാണ് വാന്‍ഗോഗിനെപറ്റിയും, പെയിന്റിംഗ്‌സുകളെക്കുറിച്ചും ഞാനാദ്യമായി ആഴത്തില്‍അറിയുന്നത്. കേട്ടുകൊതി തീരാത്ത കഥകള്‍!

ഇപ്പോഴും സ്‌കൂള്‍ കടന്നുപോരുമ്പോള്‍ എഴുതിയാലും പറഞ്ഞാലും തീരാത്ത ഓര്‍മകളുടെ ഒരു കടല്‍ വന്നുനിറയാറുണ്ട് മാഷെ. എന്റെ ചുവന്ന നിറമുള്ള ജിന്നിനെഴുതിയ കത്തുകള്‍ വായിച്ചു ഉറക്കെച്ചിരിച്ച മാഷിന്റെ മുഖം തേടി ജിഎച്ച്എസ്എസിന്റെ വരാന്തയിലേക്ക് വെറുതെ കണ്ണുകള്‍ നീളും, ഇത്തിരി നനവോടെ അപ്പോഴൊക്കെ.

മാഷേ, 
നമുക്കിടയിലെ ദൂരം ഒരൊറ്റശ്വാസത്തിലേക്ക് മാത്രമായി മാറിയത് അറിഞ്ഞപ്പോള്‍ ഓടിവരാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് ഞാന്‍ ചുരുങ്ങിപ്പോയിരുന്നു. അല്ല ആരൊക്കെയോ ചുരുക്കിയിരുന്നു. എങ്കിലും കുറെ ദൂരത്തിരുന്ന് ഞാനന്ന് വീണ്ടും പഴയ കുട്ടിയായി. ഒരിക്കല്‍ കൂടി മാഷിന്റെ  കൈപിടിച്ച് കടുങ്ങപുരം സ്‌കൂളിലേക്ക് കണ്ണടച്ചിരുന്നൊരു യാത്ര പോവാന്‍. 

താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'
 

click me!